ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/അമ്മയെ കൊല്ലുന്ന മക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയെ കൊല്ലുന്ന മക്കൾ


പരിസ്ഥിതി നമ്മുടെ അമ്മയാണ്, ജനനിയാണ്. ഈ അമ്മയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പരിസ്ഥിതിയിലൂടെ നമ‍ുക്ക് അൽപദൂരം ഒന്ന് സഞ്ചരിക്കാം. വന്നാലും.

പരിസ്ഥിതിയുടെ മനോഹാരിത

നാം പരിസ്ഥിതിയുടെ മനോഹാരിതയിലും അത് നമ്മിലും വസിക്കുന്നു. നമ‍ുക്ക് ചുറ്റും നിരവധി പ്രപഞ്ച രഹസ്യങ്ങൾ ഒളി‍ഞ്ഞ് കിടപ്പുണ്ട്. പരിസ്ഥിതിയിലെ ഏറ്റവും മനോഹരമായ ഒന്നാണ് സൂര്യോദയം. ഒരു ദിവസത്തിൽ തന്നെ എത്രയെത്ര കാഴ്ചകളാണ് നമ‍ുക്ക് മുന്നിൽ മാറിമാറി തെളിയുന്നത്? നിലാവുദിച്ച് രാത്രി, പൂക്കളും പുമ്പാറ്റകളും സസ്യലതാദികളും നിറഞ്ഞ പ്രകൃതി, കളകളനാദം പുറപ്പെടുവിച്ച് ഒഴുകുന്ന ജലാശയങ്ങൾ, കണ്ണിന് കുളിർമയേകുന്ന സൗന്ദര്യവും കാതുകൾക്കിമ്പമാർന്ന ഗാനങ്ങളും സമ്മാനിക്കുന്ന പറവകൾ, അനവധി ജീവജാലങ്ങൾ. പരിസ്ഥിതിയിലൂടെ കണ്ണോടിക്കമ്പോൾ നമ്മെ തേടിയെത്തുന്ന ദൃശ്യങ്ങളാണിവ.

പരിസ്ഥിതി നാശത്തിൻ‍ വക്കിൽ

പരിസ്ഥിതിയുടെ ഭാഗം മാത്രമായ മനുഷ്യൻ അതിൻറെ അതിനാഥനായി വർത്തിച്ച്, പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു. അതിൻ്റെ സന്തുലിതാവസ്ഥ താറുമാറാക്ക‍ുന്നു. മനുഷ്യൻ പരിസ്ഥിതിയെ മലീമസമാക്കുന്നതിലൂടെ മറ്റ് ജീവജാലങ്ങൾക്ക് സംഭവിക്കുന്ന ദുരന്തങ്ങൾ റേച്ചൽ കഴ്സൺ തൻറെ 'നിശബ്ദ വസന്തം ’എന്ന കൃതിയിൽ ലോകശ്രദ്ധ ആകർഷിക്കാൻ സാധിക്കത്തക്ക വിധം ചിത്രീകരിക്കുന്നണ്ട്. മനുഷ്യൻ്റെ അമിതമായ ദ്രവ്യാഗ്രഹവും അധികാരമോഹവുമാണ് പരിസ്ഥിതിനാശത്തിലേക്ക് വഴി തെളിയിക്കുന്നത്. "മനുഷ്യൻറെ ആവശ്യത്തിനുളളത് പ്രകൃതിയിലുണ്ട്. അത്യാഗ്രഹത്തിനുളളത് ഇല്ല താനും ” എന്ന ഗാന്ധിജിയുടെ വാക്കുകൾ മനസ്സിൽ സൂക്ഷിച്ച് പരിസ്ഥിതി സംരക്ഷിക്കാം.

പരിസ്ഥിതി സംരക്ഷണം എന്തിന്?

പരിസ്ഥിതിയാണ് മനുഷ്യജീവൻ്റെ നിലനിൽപ്പിനാധാരം. പരിസ്ഥിതിയില്ലെങ്കിൽ മനുഷ്യനും ഇല്ല.

ഇന്ന് ലോകം നേരിട്ട് കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിൻറെ പ്രധാന കാരണം മനുഷ്യൻ പരിസ്ഥിതിയോട് ചെയ്യുന്ന ക്രൂരതകൾ തന്നെയാണ്. ഭൂമിയുടെ അന്തരീക്ഷത്തിൽ ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കൂടുന്നതാണ് അന്തരീക്ഷ താപനില ഉയരാൻ പ്രധാന കാരണം. താപനിലയിലെ മാറ്റം നമ്മുടെ കാലാവസ്ഥയെ ആകെ മാറ്റിമറിക്കുന്നു. നിനച്ചിരിക്കാതെ പെരുമഴയുണ്ടാകുന്നു. വെളളപ്പൊക്കവും കൊടുങ്കാറ്റും ആവർത്തിക്കുന്നു. മഴ കിട്ടേണ്ട കാലത്ത് ഒരു തുളളി മഴയില്ലാതാകുന്നു. കടുത്ത വരൾച്ച കുടിവെളള ക്ഷാമത്തിനിടയാക്ക‍ുന്നു. കർഷകർ പ്രതിസന്ധിയിലാകുന്നു. ഭക്ഷ്യ സുരക്ഷ നഷ്ടമാവുന്നു. ആഗോള താപനം മൂലം കടൽ ജലനിരപ്പുയരുന്നു. ചെറുദ്വീപുകൾ മുങ്ങിപ്പോകുമോയെന്ന ആശങ്കയുയരുന്നു. കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. കഴിഞ്ഞ രണ്ട് വർഷങ്ങളായി മഴയുടെ അളവിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. വെളളപ്പൊക്കവും അതോടൊപ്പം കടുത്ത വേനലും ഒരു പോലെ പ്രശ്നമാകുകയും ചെയ്യുന്നു. ഇവയെല്ലാം പരിസ്ഥിതിയെ മാത്രമല്ല, അതിനെയാശ്രയിച്ച് ജീവിക്കുന്ന മനുഷ്യനടക്കമുളള സർവ ജീവജാലങ്ങളെയും സാരമായി തന്നെ ബാധിക്കും

എന്താണിതിനു കാരണം ?

കാടും പുഴയും വയലും കുന്നും കായലും കുറയുന്നത് കേരളത്തിലെ കാലാവസ്ഥാമാറ്റത്തിന് കാരണമാണ്. തീരക്കടലും ആഴക്കടലും അടക്കം മലിനീകരണ ഭീഷണിയിലാണ്. ഇതൊക്കെയും ശുദ്ധവായുവിൻ്റെയും ശുദ്ധജലത്തിൻ്റെയും ലഭ്യതയെ ബാധിച്ച് കഴിഞ്ഞു. ഇത്തരം പാരിസ്ഥിതിക മാറ്റങ്ങൾ കാർഷിക മേഖലയ്ക്കും ദോഷമായി. അത് ഭക്ഷ്യ ലഭ്യത കുറക്കുകയും ചെയ്തു. മലിനീകരണത്തിൻ്റെ സ്ഥിതിയും വ്യത്യസ്തമല്ല. മാലിന്യം പെരുകിയാൽ രോഗങ്ങളും പെരുകും. 'വൃത്തിയാണ് ശക്തി' എന്നാണല്ലോ. നിർമാർജനം ചെയ്തുവെന്ന് നമ്മൾ കരുതിയിരുന്ന ചില രോഗങ്ങൾ തിരിച്ചു വരുന്നു എന്നതും ഗൗരവത്തോടെ കാണേണ്ടതാണ്. ഒപ്പം പുതിയ രോഗങ്ങൾ പുതിയ ഭീഷണി ആവുകയും ചെയ്യുന്നു.. രോഗശമനത്തേക്കാൾ രോഗപ്രതിരോധം ആണല്ലോ നല്ലത്.

എന്താണിതിനുള്ള പരിഹാരം?

ഇത് പേടിക്കേണ്ട അവസ്ഥയാണ്. പക്ഷേ പേടിച്ചിരുന്നിട്ട് കാര്യമില്ല. ഈ സ്ഥിതിയെ മറികടക്കാൻ കഴിയണം. അത് അസാധ്യമൊന്നുമല്ല. പരിസ്ഥിതിയിലേക്ക് കണ്ണു തുറന്നാൽ മതി. കാടിൻറെ ഇരുണ്ട സൗന്ദര്യം കാണുക, പുഴയുടെ തെളിഞ്ഞ ഒഴുക്ക് ആസ്വദിക്കുക, കുന്നിൻ മുകളിലെ ആകാശം എത്ര മനോഹരമായിരിക്കുന്നുവെന്ന് ആശ്ചര്യപ്പെടുക, പക്ഷികളെ വീക്ഷിക്കുക, മണൽ പരപ്പിലൂടെ നടക്കുക, കടലിരമ്പം കേൾക്കുക, പൂക്കളോടും പൂമ്പാറ്റകളോടും കിന്നാരം പറയുക, വിളഞ്ഞ നെൽക്കതിർ കയ്യിലെടുക്കുക, പാടവരമ്പിലൂടെ സഞ്ചരിക്കുക. അങ്ങനെയൊക്കെയാണ് പരിസ്ഥിതിയെ സ്നേഹിച്ച് തുടങ്ങുന്നത്. എന്നാൽ ഇപ്പോൾ പാടങ്ങൾ എവിടെ? പരിസ്ഥിതി സ്നേഹം തീർച്ചയായും മലിനീകരണത്തിന്റെ തോത് കുറയ്ക്കും. ഒരാൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വലിയ വാഹനങ്ങളേക്കാൾ നിറയെ ആളുകളെ കയറ്റാവുന്ന പൊതു വാഹനങ്ങൾ ശീലമാക്കണം. മരങ്ങൾ ധാരാളമായി നട്ടുവളർത്തിയാൽ എയർകണ്ടീഷണറുകളെ ആശ്രയിക്കുന്നത് കുറക്കാം. മറ്റൊരു പരിഹാരമാർഗമാണ് കാറ്റും വെളിച്ചവും കടക്കുന്ന വീടുകളുടെ നിർമ്മാണം. ഓരോ വീട്ടിലും പച്ചക്കറി തോട്ടം ഒരുക്കിയാൽ റഫ്രിജറേറ്റർ ഉപയോഗവും കുറക്കാം. വരുംതലമുറയെ കൂടി മുന്നിൽ കണ്ടുകൊണ്ടു വേണം നമ്മുടെ ഓരോ പ്രവർത്തനങ്ങളും. വൈക്കം മുഹമ്മദ് ബഷീർ ഭൂമിയുടെ അവകാശികൾ എന്ന കൃതിയിൽ പറയുന്നു: 'ജീവികളായ സർവ്വ ജീവികളും ഭൂമിയുടെ അവകാശികൾ'. ഈ അവകാശത്തെ ഹനിക്കാൻ മനുഷ്യന് എന്തധികാരമാണ് ഉള്ളത്? അതിനാൽ പരിസ്ഥിതിയുടെ ഘാതകരായി തീരാതെ സംരക്ഷകരായി മാറാം. "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ...?" എന്ന ഇഞ്ചക്കാട് ബാലചന്ദ്രൻ്റെ വരികൾ അന്വർത്ഥമാകാതിരിക്കാൻ ശ്രമിക്കാം.

പരിസ്ഥിതി സംരക്ഷണം; വിദ്യാലയങ്ങളുടെ പങ്ക്

പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുന്നതിൻറെ ഗുണങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങേണ്ടത് വിദ്യാലയങ്ങളിൽ നിന്നാണ്. "പ്രകൃതി ഈശ്വരന്റെ സജീവവും ദൃശ്യവുമായ വസ്ത്രമാണ് " എന്ന ഗെഥേയുടെ വാക്കുകൾ വിദ്യാർത്ഥികൾ മനസ്സിലുറപ്പിച്ചു ആ ആശയത്തിലൂന്നി കൊണ്ട് പ്രവർത്തിക്കണം. ഇത്തരം ആശയങ്ങൾ പഠിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനും വിദ്യാലയങ്ങളിൽ ധാരാളം അവസരങ്ങളുണ്ട്. ക്ലാസ് മുറിയിൽ ഇരുന്ന് പാഠങ്ങൾ കാണാപാഠം പഠിക്കേണ്ടവരല്ല കുട്ടികൾ. പരിസ്ഥിതിയിലേക്ക് ഇറങ്ങിച്ചെന്ന് അതിനെ ആസ്വദിക്കുകയും നിരീക്ഷിക്കുകയും ചെയ്യണം. പരിസ്ഥിതി സംരക്ഷണത്തെ പഠനത്തിൽനിന്ന് വേറിട്ടൊരു വസ്തുതയായല്ല വിദ്യാർത്ഥികൾ കാണേണ്ടത്. പഠനത്തോട് ഇഴുകിച്ചേർന്ന ഒന്നാണ് പരിസ്ഥിതി എന്ന മനോഭാവം കുട്ടികളിൽ വളർത്തിയെടുക്കുന്നതിലും വിദ്യാലയങ്ങൾ പ്രധാന പങ്കു വഹിക്കുന്നു. നമ്മുടെ കാർഷിക സംസ്കാരം പുതുതലമുറയിൽ വളർത്തിയെടുക്കുക പ്രാധാന്യം അർഹിക്കുന്നതാണ്. മാലിന്യ മുക്ത ക്യാമ്പസ് വിദ്യാലയങ്ങളിൽ സൃഷ്ടിക്കുക, ക്യാമ്പസ് തന്നെ പാഠപുസ്തകം എന്ന ആശയം വികസിപ്പിക്കുക, പച്ചക്കറി തോട്ടങ്ങളും ജൈവ വൈവിധ്യ പാർക്കുകളും സ്ഥാപിക്കുക മുതലായ നിരവധി പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തിയാൽ മാത്രമേ വളർന്ന് വരുന്ന തലമുറ പരിസ്ഥിതിയെ ആഴത്തിൽ അറിഞ്ഞ് അതിനെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും മുന്നിട്ടിറങ്ങുകയുള്ളൂ..

"പ്രകൃതിയെ ഭരിക്കേണ്ടത് അതിനെ അനുസരിച്ച് കൊണ്ടാണ്" എന്ന ബേക്കണിൻറെ വാക്കുകൾ പരിസ്ഥിതി സംരക്ഷണത്തിൽ നമുക്ക് മുതൽക്കൂട്ടാവട്ടെ.. നമ്മുടെ പൂർവികന്മാർ ഈ ഭൂമിയിൽ ജീവിച്ചു. പരിസ്ഥിതി നിയമങ്ങൾ ആദരിച്ചു. ഇന്നുള്ള നാമാകട്ടെ അവ ചവിട്ടി മെതിക്കുന്നു. പരിസ്ഥിതിയുടെ ക്യാൻസർ എന്നറിയപ്പെടുന്ന മനുഷ്യന് തൻറെ അമ്മയാകുന്ന പ്രകൃതിയുടെ ജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യത്തിനെതിരെ കണ്ണടക്കുവാൻ കഴിയുമോ?


ദിയ ബിജു
8 L ജി. എച്ച്. എസ്. എസ് ഒതുക്കുങ്ങൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം