ജി.എച്ച്.എസ്. തലച്ചിറ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്‍ട്ര സേവന സംഘടനയാണ് റെഡ്ക്രോസ്സ് സൊസൈറ്റി. ലോകത്ത്ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ജീവകാരുണ്യപ്രസ്ഥാനമാണ്. മൂന്ന് പ്രധാനലക്ഷ്യങ്ങൾഅടിസ്ഥാനമാക്കിയാണ് റെഡ്ക്രോസ്സ് സൊസൈറ്റി പ്രവർത്തിക്കുന്നത്. ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക,അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടമാക്കുക എന്നീ ഉൽകൃഷ്ടാദർശങ്ങൾക്ക് ഊന്നൽ നൽകിയാണ് 179 രാജ്യങ്ങളിൽ റെഡ്ക്രോസ്സ് സൊസൈറ്റികൾപ്രവർത്തിക്കുന്നത്.ആതുരസേവനം,ഹോംനഴ്സിംഗ്,ഫസ്റ്റ് എയ്ഡ്,രക്തദാനം, നേത്രദാനം എന്നീ വിഷയങ്ങളിൽ റെഡ്ക്രോസ്സ് സൊസൈറ്റികൾ അതീവ താൽപര്യം കാണിക്കുന്നുണ്ട്. പേമാരി, വരൾച്ച, ഭൂചലനം(തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ) പകർച്ചവ്യാധികൾ, പട്ടിണിമരണം എന്നിവയ്ക്കെതിരെ റെഡ്ക്രോസ്സ് പ്രവർത്തകർ ജാഗ്രത പുലർത്തുന്നുണ്ട്. പോഷകാഹാരക്കുറവുകൊണ്ടുള്ള രോഗങ്ങളും മരണവും ഉണ്ടാകാതിരിക്കാൻഅനേകം കോളനികൾ ദത്തെടുത്ത്പോഷകാഹാരം എത്തിച്ചു കൊടുക്കുന്ന ചുമതലIRCSകേരള ഘടകം ഏറ്റെടുത്ത് നടത്തുന്നുണ്ട്.

ബന്ധുക്കളാൽ ശ്രദ്ധിക്കപ്പെടാതെജീവീത സായാഹ്നത്തിൽ ഒരിറ്റു സ്നേഹത്തിനായി കേഴുന്ന വൃദ്ധജനങ്ങൾക്ക്, സ്നേഹവും സേവനവുംവേണ്ടുവോളംനല്കന്നവെള്ളരിപ്രാവുകളാണ് റെഡ്ക്രോസ്സ് സൊസൈറ്റിയുടെ ഹോംനഴ്സുകൾ. അവർക്ക്സേവനത്തോടൊപ്പം ഉപജീവനമാർഗ്ഗവുമാണത്. ലഹരി പദാർത്ഥങ്ങളുടെ ഉപയോഗംമാനവരാശിക്ക് വരുത്താവുന്നനവിപത്തുക്കളെക്കുറിച്ച് ബോധവല്ക്കരണം നടത്തുക,റെഡ്ക്രോസ്സിന്റെയും ജൂനിയർ-യൂത്ത് റെഡ്ക്രോസ്സിന്റേയും പ്രഖ്യാപിത ലക്ഷ്യങ്ങളിൽപ്പെടുന്നു.ജീവിതത്തിന്റെ സമസ്തമേഖലകളിലും കടന്നെത്തി സേവനമെത്തിക്കാൻ സദാസന്നദ്ധതയുള്ള സംസ്ഥാന-ജില്ലാ നേതൃത്വവുംചുറുചുറുക്കുള്ളവോളന്റിയർസംഘവുംകേരളത്തിലെറെഡ്ക്രോസ്സിനുണ്ട്.

റെഡ്ക്രോസ്സിന്റെ ഉത്ഭവംസ്വിറ്റ്സർലണ്ടിലെമനോഹരമായ ഒരു പട്ടണമാണ് ജനീവ.1828മേയ് മാസം എട്ടാം തീയതി ജീൻ ‍ജാക്വസ്-അന്റായിനെറ്റദമ്പതികളുടെ പുത്രനായി ജീൻ ഹെൻട്രിട്യൂനന്റ്ജനിച്ചു. ജനീവാപട്ടണത്തിലെ അറിയപ്പെടുന്ന വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായിരുന്നു പിതാവ്. ജയിൽപ്പുള്ളികളുടെ ക്ഷേമകാര്യങ്ങളിൽ ഏറെ ശ്രദ്ധപതിച്ചവ്യക്തിയുമാണ്. ശാന്തശീലയും ദയാവായ്പുമുള്ള അമ്മ അനാഥരായകുട്ടികൾക്ക് ദത്തിടംകണ്ടെത്തുവാനും അവരുടെ ക്ഷേമകാര്യങ്ങളിൽ ബന്ധപ്പെടുന്നതിനും സമയം കണ്ടെത്തിയിരുന്നു. ബുദ്ധിമാനും കഠിനാദ്ധ്വാനിയും വായനാശീലവുമുള്ളവനുമായിരുന്നു ജീൻ.ക്രിമിയൻ യുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളക്കാരുടെ ശിശ്രൂഷാസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ പാടുപെട്ട ഫ്ളോറൻസ് നൈറ്റിംഗേളിനേയും,യൂറോപ്പിൽ ജയിൽ പരഷ്കരണത്തിന് ശ്രമിച്ച എലിസബത്ത് ഫ്രൈയേയും പറ്റി ഇദ്ദേഹം വായിച്ചു. അമേരിയ്ക്കയിൽ അടിമത്ത നിർമ്മാർജ്ജനത്തിന് സഹായിച്ച ഹാരിയറ്റ്ബീച്ചർ സ്റ്റൗ എന്ന ഗ്രന്ഥകാരിയുടെ അങ്കിൾ ടോംസ് കാബിൻ എന്ന പുസ്തകം ഡ്യ‍ൂനന്റിന്റെ പ്രവർത്തനങ്ങളെ ഏറെ ഉത്തേജിപ്പിച്ചു.യൗവ്വനമായപ്പോൾ ജീവകാരുണ്യപ്രവർത്തനത്തിനായി ധാരാളം സമയം കണ്ടെത്തി. ദരിദ്രരേയും രോഗികളേയും സഹായിക്കുന്ന പല സംഘടനകളിലും അംഗമായി പ്രവർത്തിച്ചു.പഠനശേഷം 1853 ൽ ബാങ്ക് മാനേജരായി ജോലിയിൽ പ്രവേശിച്ചു.ഏറെ വൈകാതെ ഉദ്യോഗം രാജിവച്ച്സ്വന്തമായി വ്യവസായം ആരംഭിച്ചു. വ്യാപാരവുമായി ബന്ധപ്പെട്ട് 1859 ജൂണിൽ അദ്ദേഹം വടക്കേ ഇറ്റലിയിലെ ലോംബാർഡി സമതലത്തിൽ എത്തി.നെപ്പോളിയൻ മൂന്നാമനെ കണ്ട് വ്യാപാര സംബന്ധമായ അനുവാദംവാങ്ങുകയായിരുന്നു യാത്രാ ലക്ഷ്യം.ഫ്രഞ്ച് ചക്രവർത്തിയായ നെപ്പോളിയൻ മൂന്നാമൻസാർഡീനിയാ രാജാവിന്റെ സഹായത്തോടുകൂടി ഓസ്ട്രിയയുമായി യുദ്ധത്തിലേർപ്പെട്ടകാലമായിരുന്നു അത്. നെപ്പോളിയനെ കാണാൻ സാധിച്ചില്ല. വടക്കേ ഇറ്റലിയിലെ കാസ്റ്റിക്ലിയോൺ മെലാപിയേവ് പട്ടണത്തിലെ ഒരു സത്രത്തിൽ അന്തിയുറങ്ങി.വെളുപ്പിന് 3 മണിയോടടുത്ത സമയം.പീരങ്കി പൊട്ടുന്ന ശബ്ദം കേട്ട് അദ്ദേഹം ‍‍ഞെട്ടിയുണർന്നു. അടുത്തുള്ള സോൾഫറിനോ ഗ്രാമത്തിലായിരുന്നു ആ ശബ്ദം. അദ്ദേഹം കിടക്കവിട്ട്സോൾഫറിനോ ലക്ഷ്യമാക്കി നീങ്ങി.വഴിയിലുള്ള പാലം തകർക്കപ്പെട്ടതിനാൽ നദി നീന്തിക്കടന്ന് അക്കരെ എത്തേണ്ടി വന്നു.ഒരു കുന്നിൻപുറത്തു നിന്ന് യുദ്ധരംഗംവ്യക്തമായി കണ്ടു.ഒരു ഭാഗത്ത്ഫ്രഞ്ചും സാർഡീനിയയും മറുഭാഗത്ത് ഓസ്ട്രിയയുമായുള്ള യുദ്ധം15മണിക്കൂർനീണ്ടു നിന്നു. മൂന്ന് ലക്ഷം ഭടൻമാരാണ് യുദ്ധത്തിൽ പങ്കെടുത്തത്.സോൾ ഫെറിനോ10മൈൽ നീണ്ടുകിടന്ന ഒരു സമതല പ്രദേശമായിരുന്നു. എതിർസേനകൾകാട്ടുമൃഗങ്ങളെപ്പോലെ പരസ്പരം കുതിച്ചടുത്തു.ഗ്രനേഡുകളും ബോംബുകളുംചീറിപ്പാ‍ഞ്ഞു കൊണ്ടിരുന്നു. അതിൽ നിന്നു രക്ഷപ്പെട്ടവർ ബയണറ്റുകൾക്കും വെടിയുണ്ടകൾക്കുംകുതിരച്ചവിട്ടിനും ഇരയായി.കുന്തമുനകൾ സൂര്യരശ്മിയിൽ വെട്ടിത്തിളങ്ങിയതോടെ നേരം പുലർന്ന വിവരം ജീൻ അറിഞ്ഞു. പീരങ്കി വണ്ടികൾക്കിടയിൽപ്പെട്ട്കുറേപേർ മരിച്ചു.15മണിക്കൂർ ആയപ്പോഴേയ്ക്കും ആകാശം മേഘാവൃതമായി.പീരങ്കി ശബ്ദത്തിനും മുറിവേറ്റ്മരിച്ചു കൊണ്ടിരിക്കുന്നവരുടെ ദീനരോദനത്താലുള്ള ഇടിനാദം കേട്ടുതുടങ്ങി.മിന്നൽപിണരുകൾ ആകാശത്തെ കുത്തിക്കീറി. ഭയങ്കരമായ കൊടുങ്കാറ്റ് വീശിയടിച്ചു. യുദ്ധത്തിന്അനുകൂലമല്ലാത്ത സാഹചര്യം സംജാതമായി. ഓസ്ട്രിയ യുദ്ധത്തിൽ നിന്നും പിൻമാറി.അതോടെ സോൾഫെറിനോ യുദ്ധം സമാപിച്ചു.

അടുത്ത സൂര്യോദയം കണ്ട കാഴ്ച ഭയാനകമായിരുന്നു. രണാങ്കണംമുടുംവിധം ഭടൻമാരുടേയും കുതിരകളുടേയും പിണങ്ങൾ‍ ചിതറിക്കിടന്നു. വാടിക്കരിഞ്ഞ

വയലേലകൾ,വെണ്ണീറായ മുന്തിരിത്തോപ്പുകൾ, തകർന്നവേലികൾ. അരപ്പട്ടകളും തോക്കുകളും ഉണ്ടപ്പെട്ടികളും പടക്കളത്തിലും സോൾഫറിനേയിലേയ്ക്കുള്ള നിരത്തുകളിലുംനിരന്നുകിടന്നുആയിരം ഉദ്യോഗസ്ഥരടക്കം,അരലക്ഷം ഭടൻമാർ 15 മണിക്കൂർകൊണ്ട് മരിച്ചുവീഴുക, മുറിവേറ്റവരും അംഗവൈകല്യം വന്നവരുമായി അമ്പതിനായിരത്തിലധികം ഭടൻമാർ,കൈകാലുകൾ നഷ്ടപ്പെടും മറ്റുംവിധത്തിൽ അംഗവൈകല്യം സംഭവിച്ചു. മരണവക്ത്രത്തിൽ പിടയുന്ന അതിദയയനീയദൃശ്യം. ആദ്യമൊക്കെ നിസ്സഹായതാബോധത്തോ‍ടെ ജീൻ നോക്കിനിന്നെങ്കിലും പെട്ടെന്ന് കർമ്മനിരതനായി. ഇതിനകം അയൽനഗരങ്ങളിൽപ്പെടുന്ന ആശുപത്രികൾപോലും മുറിവേറ്റ ഭടൻമാരെക്കൊണ്ട്നിറഞ്ഞു. കിട്ടാവുന്ന സിവിൽ ഡോക്ടർമാരെയും സന്നദ്ധഭടൻമാരെയും ഏകോപിപ്പിച്ച്കാസ്റ്റിഗ്ലിയോൺ പള്ളികേന്ദ്രമാക്കി അദ്ദേഹം പ്രവർത്തിച്ചു. ദാഹാർത്തരായ ഭടൻമാർക്ക് ജലം നൽകി. മുറിവുകൾ വൃത്തിയാക്കി മരുന്ന് വച്ച്കെട്ടി. വീടുകൾ തോറും കയറി സൂപ്പ് ശേഖരിച്ച് ഭടൻമാർക്ക് നൽകി.മുറിവേറ്റവരെ വരിവരിയായി വയ്ക്കോൽ കിടക്കയിൽ കിടത്തി. മൃതപ്രായരായ പട്ടാളക്കാർക്ക് വീട്ടിലേയ്ക്ക് കത്തെഴുതി.ഡ്യൂനന്റിനൊപ്പമുണ്ടായിരുന്ന പ്രവർത്തകർ ഫ്രഞ്ചുംസാർഡിയനും പട്ടാളക്കാരെ മാത്രമേ ശുശ്രൂഷിച്ചുള്ളൂ.

ജീൻ മാത്രമാണ് എല്ലാവരേയും ഒരുപോലെ ശുശ്രൂഷിച്ചത്.ഒരു ഓസ്ട്രിയൻ ഭടനെ ശുശ്രൂഷിക്കാൻ ഡുനന്റ് തുടങ്ങവേ ശത്രുവാണവൻ എന്ന് ഒരു സ്ത്രീ വിളിച്ചു പറഞ്ഞു.ഡുനന്റ് അവരുടെ നേരെ തിരി‍ഞ്ഞ് അവളുടെ ചുമലിൽ കൈവച്ച് കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ട് ശാന്തനായി പറഞ്ഞു. ശത്രുവും മനുഷ്യനാണ് ഡുനന്റിന്റെ വാക്കുകളും മട്ടും ഭാവവും മറ്റ് സേവകരെ ആകർഷിച്ചു.അങ്ങനെഓസ്ട്രിയൻ ഭടൻമാരേയും മറ്റുള്ളവരെപ്പോലെ ശുശ്രൂഷിക്കാൻ തു‍ടങ്ങി. ഏറെ നാളുകൾക്ക്ശേഷം യുദ്ധത്തടവുകാരായ ഡോക്ടർമാരെ നെപ്പോളിയൻ വിട്ടയയ്ക്കാമെന്ന് സമ്മതിച്ചശേഷമാണ് ജീൻ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചത്.

നാട്ടിലെത്തിയ ജീൻ ചിന്താമഗ്നൻ ആയിരുന്നു. അദ്ദേഹത്തിൻറെ മനസ്സിൽ സോൾഫെറിനോ യിലെ രണാങ്കണത്തിൽ ഭീകരമുഖം ആയിരുന്നു ആ മൃദുല ഹൃദയന് വിസ്മരിക്കാൻ കഴിയാത്തത്ര ദുരിതങ്ങളാണ് കാണേണ്ടി വന്നത്.പരിചയ സമ്പന്നരും പരിശീലനം ലഭിച്ചവരും ആയ കുറേ വോളണ്ടിയർമാരും നേഴ്സുമാരും സഹായിക്കാൻ ഉണ്ടായിരുന്നെങ്കിൽ. അദ്ദേഹത്തിൻറെ ദീർഘകാലത്തെ ആലോചനയ്ക്ക് ശേഷം സ്വന്തം ആശയ പ്രചാരണത്തിനായി ഒരു പുസ്തകം എഴുതി .സോൾഫെറിനോ സുവനീർ എന്ന് നാമകരണം ചെയ്ത പുസ്തകം 1862 ൽ പ്രസിദ്ധീകരിച്ചു സോൾഫെറിനോ യുദ്ധവും യുദ്ധാനന്തര പീഡാനുഭവങ്ങളുമായിരുന്നു പ്രതിപാദ്യം. യുദ്ധമുണ്ടായാൽ അതിനിരയാകുന്നവരെ മതം, ജാതി, നിറം എന്നിവ പരിഗണിയ്ക്കാതെ സഹായിക്കാൻ തക്കവിധം എല്ലാ രാജ്യങ്ങളിലും സന്നദ്ധസേവ സംഘങ്ങൾ ഉണ്ടാക്കുക, മുറിവേറ്റവരുടെ സംരക്ഷണത്തിന് അന്തർദേശീയ കരാർഉണ്ടാക്കുക തുടങ്ങിയ ആശയങ്ങൾ എല്ലാം ടി സ്മരണികയിൽ ഉണ്ടായിരുന്നു .

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ലക്ഷ്യ ബോധത്തിന്റെ ആവേശം ബാധിച്ച ജീൻ പുസ്തകത്തിൻറെ നൂറ് കണക്കിന് പ്രതികൾ എല്ലാ യൂറോപ്യൻ നഗരങ്ങളിലും സൗജന്യ വിതരണം നടത്തി . അന്യന്റെവേദനയിൽ സഹതാപവും യുദ്ധത്തിന്റെ കെടുതികളെപ്പറ്റിയുള്ള ബോധവും വളർന്നുവന്നു വന്നു .പണമായും ആളായും മനുഷ്യദുരിതമായും യുദ്ധത്തിനുവേണ്ടി വരുന്ന ഭയങ്കരമായ ചെലവിനെ കുറിച്ച് യൂറോപ്പ്യൻ രാഷ്ട്രത്തലവന്മാരും മനസ്സിലാക്കി ഡ്യൂനന്റിന്റെ പുസ്തകത്തിലുള്ള നിർദ്ദേശങ്ങളോട് എല്ലാവർക്കും ആനുകൂല്യം തോന്നി 1863 ൽ ഡ്യൂനന്റിന്റെ ആശയങ്ങൾ ചർച്ച ചെയ്യുന്നതിനായി നടന്ന സമ്മേളനത്തിൽ അദ്ദേഹം നിർദേശിച്ച തരം ദുരിതാശ്വാസ സംഘങ്ങൾ ഉണ്ടാക്കുവാൻ ഉടൻതന്നെ സമിതികൾ രൂപീകരിച്ചു. സ്വിസ് സേനാധിപനും സർവ്വസമാരാധ്യനും ആയ ജനറൽ വില്ല്യം ഓഫോർ സമിതി അധ്യക്ഷനും ഡോക്ടർ ലൂയി ആപ്പിയ തിയോഡോർ മൗനോയ്ർ ദ ഗുസ്റ്റാവ്സ്വ്മോയ്നീർ എന്നിവർ അംഗങ്ങളും ജീൻ ഹെൻറി ഡ്യൂനൻറ് കാര്യദർശിയുമായി ഒരു കമ്മിറ്റി രൂപീകരിച്ചു . ഡൂനന്റിന്റെ നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ കൂടുന്ന സമ്മേളനത്തിലേക്ക് പ്രതിനിധികളെ അയയ്ക്കാൻയൂറോപ്യൻ ഗവൺമെൻറ്കളോട് സമിതി അഭ്യർത്ഥിച്ചു. 1863ഒക്ടോബർ 26ന് നടന്ന സമ്മേളനത്തിലേക്ക്14 രാജ്യങ്ങൾ 36 പ്രതിനിധികളെ അയച്ചു.രണ്ടാമത് സമ്മേളനം1864 ആഗസ്റ്റ് 8 ന് നടന്നു. സ്വിസ് ഫെഡറൽ ഗവൺമെന്റ് വിളിച്ചുകൂട്ടിയ സമ്മേളനത്തിലേയ്ക്ക് 15 യൂറോപ്യൻരാജ്യങ്ങൾ‍ പ്രതിനിധികളെ അയച്ചു.രണ്ടു ദിവസത്തെ ചർച്ചകൾക്ക് ശേഷം ഒന്നാമത് ജനീവാ കൺവെൻഷന്റെ കരടു തയ്യാറാക്കി.പ്രമാണത്തിൽ ഒപ്പുവയ്ക്കുന്ന രാജ്യങ്ങൾ യുദ്ധകാലത്ത് മുറിവേൽക്കുകയും രോഗം ബാധിക്കുകയും ചെയ്യുന്നസൈനികരുടെ കാര്യം നോക്കാൻ ബാധ്യസ്ഥരാണ്.പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നവർക്ക് സംരക്ഷണം നൽകുക, ആശുപത്രികളെയും ആശുപത്രി ഉപകരണങ്ങളേയും ആംബുലൻസുകളെയും ആക്രമിക്കാതിരിക്കുക, കഴിയുമ്പോഴെല്ലാം യുദ്ധത്തടവുകാരെ കൈമാറുക. വെള്ള പശ്ചാത്തലത്തിൽ ചുവന്ന കുരിശ് നിഷ്പക്ഷതയുടെ ചിഹ്നമായി അംഗീകരിക്കുക എന്നിവ ജനീവാ പ്രമാണത്തിൽ പ്രധാനപ്പെട്ടവയാണ് . യുദ്ധകാലത്ത് പരിക്കേറ്റവരെയും രോഗികളെയും സഹായിക്കാൻ സന്നദ്ധസേവാ സംഘങ്ങൾ രൂപീകരിക്കാനും എല്ലാ എ രാജ്യങ്ങളോടും സമ്മേളനം അഭ്യർത്ഥിച്ചു. ഈ ഘടകങ്ങളാണ് ഇന്നത്തെ റെഡ് ക്രോസ് സൊസൈറ്റികൾ. 1864 ആഗസ്റ്റ് 22ന് 15 രാജ്യങ്ങളുടെ പ്രതിനിധികൾ ഒപ്പുവച്ച പ്രസ്തുത പ്രമാണം ലോകത്തിൻറെ മഹാഭാഗ്യമായി മാറി. അന്നുമുതൽ യുദ്ധത്തിൽ പരിക്കേറ്റുു വീഴുന്നവരെ ഉപേക്ഷിക്കുകയോ യുദ്ധത്തടവുകാരാക്കി കൊല്ലുുകയോ ചെയ്തിട്ടില്ല.

പത്തൊൻപതാം നൂറ്റാണ്ടിൽപലരാജ്യങ്ങളുംഈകരാറിന്റെ അടിസ്ഥാനത്തിൽ തദ്ദേശീയ റെഡ്ക്രോസ് സംഘങ്ങളുണ്ടാക്കി .1867 ൽ ഔദ്യോഗികമായി അംഗീകരിച്ചപ്പോഴാണ് റെഡ്ക്രോസ്സ് സൊസൈറ്റി എന്ന പേര് ലഭിച്ചത്. യുദ്ധമദ്ധ്യത്തിലെ കാരുണ്യം എന്നത് റെഡ്ക്രോസ്സ് സംഘത്തിന്റെ മുദ്രാവാക്യമായി. കാലക്രമേണ ഒന്നിനുപുറകെ ഒന്നായി മിക്ക രാജ്യങ്ങളിലും റെഡ്ക്രോസ്സ് സൊസൈറ്റികൾ സ്ഥാപിച്ചു .ആഗോളതലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുക എന്നതാണ് റെഡ് ക്രോസ്സിന്റെ ലക്ഷ്യം. ഏഴ് അടിസ്ഥാന പ്രമാണങ്ങളാണ് റെഡ്ക്രോസ്സിനുള്ളത് .

1.ദീനികാരുണ്യം(Humanity )

2.ചേരിചേരായ്മ(Impartiality )

3.നിഷ്‍പക്ഷത(Neutrality )

4. സ്വാതന്ത്ര്യം(Independence),

5.സന്നദ്ധസേവനം(Voluntary Service ),

6.ഐകമത്യം(Unity ),

7.സാർവലൗകികത(Universality)

എന്നിവയാണ് റെഡ്ക്രോസ്സ് തത്വങ്ങൾ

ആഗോളതലത്തിൽ റെഡ്ക്രോസ്സ് പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിന് മൂന്നു ഘടകങ്ങളിലായി കമ്മിറ്റികളുണ്ട് .അന്താരാഷ്ട്ര റെഡ് ക്രോസ്സ് സമിതി, റെഡ്ക്രോസ്സ് സൊസൈറ്റി ലീഗ്, നാഷണൽ സൊസൈറ്റികൾ എന്നിവയാണവ.

ബോബർയുദ്ധകാലത്ത് ഗാന്ധിജി റെഡ്ക്രോസ്സ് സൊസൈറ്റിയുടെ ഉത്സുകനായ ഒരു വോളന്റിയറായി പ്രവർത്തിക്കുകയുണ്ടായി. അന്ന് 37 വയസ്സുണ്ടായിരുന്ന അദ്ദേഹം റെഡ്ക്രോസ്സ് ചിഹ്നവും പട്ടാളതൊപ്പിയും ധരിച്ച് ഒരു സ്ട്രെച്ചർ വാഹകന്റെ വേഷത്തിൽ നിൽക്കുന്ന രേഖാചിത്രമുണ്ട്.

ജീൻ ഹെൻട്രി ഡുനന്റിനോടും ലോകം അതിന്റെ തനതായ മുഖം തന്നെ കാട്ടി; നന്ദികേട്. കോടീശ്വരനായി ജനിച്ച ജീൻ ഇല്ലായ്മയുടെ പടുകുഴിയിൽ വീണ് നട്ടംതിരിഞ്ഞു. ജീവിതസായാഹ്നത്തിൽ പട്ടിണിയും പരിവട്ടവുമായി കടത്തിണ്ണയിൽ അന്തിയുറങ്ങി. താൻ ജന്മം കൊടുത്ത പ്രസ്ഥാനത്തിലന്റെ വളർച്ച ഒളിഞ്ഞുനിന്ന് കണ്ടു സന്തോഷിച്ചു. സാമ്പത്തികമായി തകർന്ന അദ്ദേഹത്തെ ഇടപാടുകാർ വളഞ്ഞു. റെഡ് ക്രോസ്സിന്റെ ഔദ്യോഗിക സ്ഥാനം നഷ്ടമായ അദ്ദേഹം നാടും വീടും ത്യജിച്ച്പാരീസി ലേക്ക് സ്ഥലം വിട്ടു. വിശന്നു പൊരിഞ്ഞ് സ്വിറ്റ്സർലൻഡിലെ ഹെയ്ഡൻ എന്ന ഗ്രാമത്തിൽ എത്തി. ദുരിതപൂർണ്ണമായ ജീവിതം അദ്ദേഹത്തെ രോഗിയും വൃദ്ധനുമാക്കി.

ഹെയ്ഡനിലെ കൊച്ചു കുടിലിൽലളിത ജീവിതം നയിച്ചു. 1901-ൽലോകസമാധാനത്തിനുള്ള നോബൽസമ്മാനം ഫ്രഡറിക് പാസ്സിയോടൊപ്പം ജീൻ ഹെൻട്രി ഡുനന്റിന് ലഭിച്ചു.

ഹെയ്ഡനിലെ അജ്ഞാതവാസത്തിനിടയ്ക്ക് ഒരു പർവ്വതാരോഹണ സംഘത്തോടൊപ്പം വന്ന യുവപത്രപ്രവർത്തകൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. ദരിദ്രനും രോഗിയുമായി ജീവിതം തള്ളിനീക്കുന്ന വാർത്ത ലോകത്തെ അറിയിച്ചു. പത്രവാർത്ത കണ്ട മനുഷ്യസ്നേഹികൾ ധാരാളം പണം അയച്ചു കൊടുത്തു. ഒന്നും അദ്ദേഹം സ്വീകരിച്ചില്ല .ലളിതജീവിതം ശീലമാക്കിയ ജീൻ 1910 ഒക്ടോബർ 30 ന് ഞായറാഴ്ച എൻപത്തി രണ്ടാം വയസ്സിൽ അന്തരിച്ചു. വിൽപത്രത്തിൽ വ്യവസ്ഥ ചെയ്തതുപോലെ ആഡംബരമില്ലാത്ത ശവസംസ്കാര ചടങ്ങ് (ഒരു പട്ടിയെ കുഴിച്ചിടുന്നത് പോലെ) പോലെ നടന്നു. സ്മരണ നിലനിർത്തത്തക്കതൊന്നും അവശേഷിക്കാതെ, എന്നിട്ടും അദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 8 ലോകമെമ്പാടുംറെഡ്ക്രോസ്സ് ദിനമായി ആഘോഷിക്കുന്നു.

* * * * * * * *

1920 ൽ ഇന്ത്യൻ പാർലമെൻറ് പാസ്സാക്കിയ ആക്ട് 15 അനുസരിച്ചാണ് ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി സ്ഥാപിച്ചത്. ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി പ്രസിഡൻറ് രാഷ്ട്രപതിയും സംസ്ഥാനതലത്തിൽ ഗവർണറുമാണ്. ദേശീയ ചെയർമാൻ പ്രധാനമന്ത്രിയോ ആരോഗ്യമന്ത്രിയോ ആയിരിക്കണമെന്ന് ആക്ടിൽ പറയുന്നു. മാതൃകാപരമായപ്രവർത്തനങ്ങൾ നടത്തുന്നതിൽ ഭാരതശാഖ എന്നും മുൻപന്തിയിലാണ്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ആതുരസേവനം , മാതൃശിശു സംരക്ഷണം ,രക്തസംഭരണവും ദാനവും, ഹോംനഴ്സിംഗ് ,ജൂനിയർറെഡ്ക്രോസ്സ്, യൂത്ത്റെഡ്ക്രോസ്സ് പ്രവർത്തനങ്ങൾ തുടങ്ങിയ രംഗങ്ങളിൽ പ്രശംസനീയമായ പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.

ജീവിതത്തിന്റെ നാനാതുറകളിലും കടന്നുചെന്ന് ആശ്വാസത്തിന്റെയും സേവനത്തിന്റെയും മഹത്വമെത്തിക്കാൻ പോരുംവിധം ഇന്ന് കേരളാ റെഡ്ക്രോസ്സ് വളർന്നുകഴിഞ്ഞു. ജില്ലാകളക്ടർ ചെയർമാനായുള്ള ജില്ലാ ബ്രാഞ്ചുകളും കേരളത്തിൽ പ്രവർത്തിക്കുന്നു. ഐ. ആർ. സി. എസ്. ജില്ലാ ബ്രാഞ്ചുകളുടെ ചുമതലയിൽ ജൂനിയർ റെഡ്ക്രോസ്സ് അതാത് ജില്ലയിൽ പ്രവർത്തിക്കുന്നു. മാതൃകാസംഘടനയോട്പൂർണ്ണമായും കൂറുപുലർത്തിയാണ് ജെ. ആർ. സി. പ്രവർത്തനം നടത്തുന്നത് .

ജെ ആർ സി യുടെ ഉത്ഭവം

ഒന്നാം ലോക മഹായുദ്ധകാലത്തെ മനുഷ്യക്കുരുതിയുടെ കഥ ക്യാനഡയിലെ ക്യൂബക് സംസ്ഥാനത്തെ കുട്ടികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടുംവിധമായിരുന്നു. യുദ്ധത്തിൽ മുറിവേറ്റുുവീണ ഭടന്മാരെ ശത്രുമിത്ര ഭേദമന്യേ സഹായിക്കുന്ന റെഡ്ക്രോസ്സിന്റെ പ്രവർത്തനങ്ങൾക്ക് ക്യൂബക്- കുട്ടികൾ മികച്ച സംഭാവന നൽകി. മുറിവേറ്റ ഭടന്മാർക്ക് വേണ്ടി ബാൻഡേജും പ്രഥമശുശ്രൂഷയ്ക്ക് ആവശ്യമായ മറ്റ് സാമഗ്രികളും സംഭരിച്ച് സംഭാവന ചെയ്യാൻ ചെറിയവർ കാണിച്ച സേവനസന്നദ്ധത വലിയവരെ അതിശയിപ്പിച്ചു .1914-ലെ തുടക്കം ജൂനിയർ റെഡ്ക്രോസ്സ് എന്ന മഹാപ്രസ്ഥാനം ജന്മ മെടുക്കാൻ കാരണമായി. യുവതലമുറയെ പ്രയോജനപ്പെടുത്താൻ അമേരിക്കയിലെയും യൂറോപ്പിലെയും റെഡ്ക്രോസ്സ് ഭാരവാഹികൾ വിദ്യാഭ്യാസ വിചക്ഷണൻമാരുമായി ചർച്ചചെയ്യുകയും തൽഫലമായി 1920 -ൽ ജൂനിയർ റെഡ്ക്രോസ്സ് ജന്മമെടുക്കുകയും ചെയ്തുു.

1920 ൽ‍ രൂപംകൊണ്ട പ്രസ്ഥാനം ഇന്ന് വളർന്ന് പന്തലിച്ച് 179 അംഗരാജ്യങ്ങളിൽ നിലകൊള്ളുന്നു. ലക്ഷക്കണക്കിന് ബാലികാ ബാലന്മാർ റെഡ്ക്രോസ്സിന്റെ കൊടിക്കീഴിലണിനിരന്ന് കർമ്മനിരതരായി മുന്നേറുകയാണ് .JRC രൂപീകരിക്കുന്നതിന് ഏറെമുൻപ് 1884 ൽ‍ അമേരിക്കയിലെ പെൻസിൽവേനിയയിലെ വാട്ടർഫോഡ് നഗരത്തിലുള്ള 6 ബാലികാ ബാലന്മാർ ഒരു കലാപരിപാടി അവതരിപ്പിച്ചു കിട്ടിയ തുക 51.25 ഡോളറായിരുന്നു.ഈ തുക പ്രളയ ദുരിതാശ്വാസത്തിനായി ക്ലാരാ ബർട്ടിന് അയച്ചുകൊടുത്തു. കാരുണ്യദേവത എന്നറിയപ്പെട്ടിരുന്ന ക്ലാരബർട്ടനാണ് അമേരിക്കയിൽ റെഡ്ക്രോസ്സ് സ്ഥാപിച്ചത്. അമേരിക്കയിലെ ഓഹിയോ നദിയിൽ വെള്ളപ്പൊക്കമുണ്ടായ അവസരമായിരുന്നു അത്. അയച്ച പണത്തോടൊപ്പം ഉണ്ടായി രുന്ന കത്തിൽ തുക പരമാവധി നന്മകിട്ടത്തക്കയിടത്ത് ഉപയോഗിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ആറു ചെറിയവർക്കും ആ കത്തിൽ പേരെഴുതി ഒപ്പിട്ടിരുന്നു. 1.ജോ ഫാദർ (12)2.ഫ്ളോറൻഹോ (11) 3.മേരി ബാർട്ടൻ (2) 4.ബെർട്ടി എയൻസ‍് വർത്ത് (10)ലോയിസ് ബാർട്ടൺ (7)എന്നിവരായിരുന്നു ആ ആറു ചെറിയവർ.

പോകാനും വരാനും ഓടാനും ശേഖരിക്കാനും സംഭാവന പിരിക്കാനും സാധനങ്ങൾ വാങ്ങാനും അനേകമനേകം സന്ദർശനങ്ങൾ നടത്താനും തയ്യാറുള്ള കാലുകൾ തനിക്കാവശ്യമുണ്ടെന്ന് ഒരിക്കൽ ക്ലാരാബർട്ടൺ പറഞ്ഞിട്ടുണ്ട്. കാലക്രമേണ ഈ ആവശ്യം ഏറിവരികയാണ്. ഈ സാഹചര്യത്തിലാണ് ജൂനിയർ റെഡ്ക്രോസ്സ് പ്രസക്തിയേറുന്നത്. നേതൃത്വം നൽകാൻ മുതിർന്നവർക്ക് കഴിയും. പ്രവർത്തനത്തിന് ചൊടിയും പ്രസരിപ്പുമുള്ള യുവജനങ്ങളെ ഏതു പ്രസ്ഥാനത്തിന് ആവശ്യമാണ്

ഓഹിയോൺ കരകവിഞ്ഞൊഴുകിയ അവസരത്തിൽ ക്ലാരാബർട്ടൺ ഒരു കപ്പൽ വാടകയ്ക്കെടുത്ത് ദുരിതാശ്വാസ സാമഗ്രികൾ കയറ്റി ഓഹിയോ നദിയിലൂടെ സഞ്ചരിക്കുകയായിരുന്നു. കോവ് ഇൻ റോക്ക് എന്നറിയപ്പെട്ടിരുന്ന ഒരു വിജന സ്ഥലത്ത് മെലിഞ്ഞ് പൊക്കമുള്ള ഒരു സ്ത്രീയും അവരോടൊപ്പം ചെറിയൊരു പെൺകുട്ടിയെയും കണ്ടു .കപ്പൽ തീരത്ത് അടുപ്പിച്ചു. ക്ലാരാബർട്ടൻ ആ സ്ത്രീയുടെ അടുത്തു ചെന്ന് വിവരം അന്വേഷിച്ചു .ആ നദിയിലെ വാട്ടർ ട്രാൻസ്പോർട്ടിലെ ഉദ്യോഗസ്ഥനായ മിസ്റ്റർ പ്ള്യൂവിന്റെ ഭാര്യയാണവർ. വെള്ളപ്പൊക്കത്തിൽ അദ്ദേഹം മരിച്ചു .6 പെൺമക്കളാണുള്ളത് .സമ്പാദ്യമെല്ലാം വെള്ളപ്പൊക്കത്തിൽ നഷ്ടമായി. കൊടുങ്കാറ്റിൽ വീട് തകർന്നു. 6 കുട്ടികളുടെ കഥ കേട്ടപ്പോൾ ക്ലാരാബർട്ടിന് ഓർമ്മ വന്നത് 6 ചെറിയവർ അയച്ചുകൊടുത്തു തുകയായിരുന്നു .വാട്ടർഫോർഡിലെ 6 ചെറിയവരുടെ സംഭാവനയ്ക്കൊപ്പം ബാക്കി തുക ചേർത്ത് 100 ഡോളർ ആക്കി മിസ്സിസ് പ്ള്യൂവിന് സമ്മാനിച്ചു. ആ തുക കൊണ്ട് അവർ ഒരു വീടുപണിതു. ലിറ്റിൽഫ്ലവർ എന്ന് ആ ഭവനത്തിന് പേരിട്ടു. പലകയിൽ ഒരു ബോർഡ് എഴുതി വീടിനുമുന്നിൽ സ്ഥാപിച്ചു. ലിറ്റിൽ സിക്സ് -റെഡ്ക്രോസ്സ് ലാൻഡിംഗ്.

റെഡ്ക്രോസ്സ് പ്രവർത്തനം വ്യാപകമായതോടെ മുതിർന്നവരെ അനുകരിച്ച് കുട്ടികളും പ്രവർത്തിച്ചു തുടങ്ങി. മാതൃസംഘടനയെപ്പോലെ ജൂനിയർ റെഡ്ക്രോസ്സും മത-വർഗ്ഗ- വർണ്ണ -ദേശ ഭേദങ്ങൾക്കെല്ലാം അതീതമായി പ്രവർത്തിക്കുന്ന ഒരു സാർവ്വദേശീയ ജീവകാരുണ്യ പ്രസ്ഥാനമാണ് .ജൂനിയർ റെഡ്ക്രോസ്സിന്റെ ആദർശവാക്യം (Motto) സേവനം എന്നതാണ്. മാതൃസംഘടനയോട് വിശ്വാസം പുലർത്തി സ്കൂൾ പശ്ചാത്തലത്തിലാണ് ജെ ആർ സി യുടെ പ്രവർത്തനം . ഒരു പ്രതിജ്ഞയോടുകൂടി കുട്ടികൾ ജെ ആർ സി യിൽ അംഗമാകുന്നു .” ഞാൻ എന്റെയും മറ്റുള്ളവരുടെയും ആരോഗ്യം സംരക്ഷിക്കാമെന്നും രോഗികളെയും അവശരേയും പ്രത്യേകിച്ച് കുട്ടികളെ സഹായിക്കാമെന്നും ലോകത്താകമാനമുള്ള കുട്ടികളെ എന്റെ ആത്മസുഹൃത്തുക്കളായി കണക്കാക്കാമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്തുു കൊള്ളുന്നു .”

ഓരോ മനുഷ്യനിലും അടങ്ങിയിരിക്കുന്ന സമ്പൂർണ്ണതയുടെ സാക്ഷാത്കാരമാണ് വിദ്യാഭ്യാസം.( Education is the manifestation of the perfection already in man) പഠിതാക്കളിൽ അന്തർലീനമായിരിക്കുന്ന സമ്പൂർണ്ണതകൾ സദ്‍‍‍‍ഗുണങ്ങൾ സാക്ഷാത്കരിക്കുന്നതിന് ജെ. ആർ‍‍‍‍ .സി. ഒരു ഉത്തമ വഴികാട്ടിയാണ്.

കേരളത്തിൽ 1318 യൂണിറ്റുകളിലായി അരലക്ഷത്തിലധികം ജെ. ആർ .സി. കേഡറ്റുകളുണ്ട്. പ്രതിഫലം ആഗ്രഹിക്കാതെ മാനവരാശിയുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന ഒരു കൂട്ടം അധ്യാപകരാണ് ജെ .ആർ.സി. കൗൺസിലർമാർ . പൊതുജനാരോഗ്യവും ആരോഗ്യപരിപാലനവും, പ്രഥമശുശ്രൂഷ, ട്രാഫിക് അടയാളങ്ങളും നിയമങ്ങളും, അഗ്നിശമന പ്രവർത്തനങ്ങൾ ,ലഹരി വിരുദ്ധ ബോധവല്ക്കരണം, പ്രകൃതിക്ഷോഭം ഉണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവയിൽ പ്രത്യേക പരിശീലനം ജെ. ആർ.സി.കൗൺസിലർമാർക്കും കേഡറ്റുകൾക്കും നൽകി വരുന്നു. സ്കൂളിലെ പ്രഥമ അധ്യാപകൻ പ്രസിഡൻറും, ജെ.ആർ.സി.കൗൺസിലർ ,കേഡറ്റുകൾ എന്നിവരും ഉൾപ്പെടുന്നതാണ് യൂണിറ്റ്. ഡി.എ. ഇ. ഒ. ചെയർമാൻ ആയി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയും ഡി.ഡി.ഇ ചെയർമാനായി റവന്യൂ ജില്ലാ കമ്മിറ്റികളും പ്രവർത്തിക്കുന്നു .സംസ്ഥാന തലത്തിൽ വിദ്യാഭ്യാസമന്ത്രി ,ജെ .ആർ. സി. യുടെ മുഖ്യരക്ഷാധികാരി യാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ രക്ഷാധികാരിയും, വിദ്യാഭ്യാസ ജില്ലാതലം മുതൽ സംസ്ഥാനതലം വരെയുള്ള കമ്മിറ്റികൾക്ക് പ്രസിഡൻറ്, വൈസ്പ്രസിഡൻറുമാർ ,സെക്രട്ടറി, ജോയിൻറ് സെക്രട്ടറിമാർ, ട്രഷറർ എന്നിവരെ ജനാധിപത്യരീതിയിൽ അധ്യാപകരിൽ നിന്നും തെരഞ്ഞെടുക്കുന്നു.

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച് അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളും ആരോഗ്യരക്ഷാപ്രവർത്തനങ്ങളും സേവന പ്രവർത്തനങ്ങളും നടത്താവുന്നതാണ്. നിർദ്ധനരായ കുട്ടികൾക്ക് വേണ്ടി ബക്ക് ബാങ്കുകൾ നടത്തുക. പ്രഥമശുശ്രൂഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, വളക്കുഴികൾ, ഗ്രാമീണനിരത്തുകൾ, കുഴികക്കൂസുകൾഎന്നിവയുടെ നിർമാണത്തിൽ ഗ്രാമീണരെ സഹായിക്കുക. ആശുപത്രികൾ,അഗതിമന്ദിരങ്ങൾ, ദുർഗുണപരിഹാരപാഠശാലകൾ, വികലാംഗർക്കുള്ള വിദ്യാലയങ്ങൾ ,എന്നിവ സന്ദർശിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക, വസ്ത്രങ്ങളും, പണവും, ഔഷധങ്ങളും സംഭരിച്ച് വിതരണം ചെയ്യുക, ഉച്ചപ്പട്ടിണി ക്കാരായ സഹപാഠികൾക്ക് ഉച്ചഭക്ഷണം നൽകുക ,സർവരാജ്യ സാഹോദര്യം വളർത്തുന്നതിനുതകുന്ന ആൽബങ്ങൾ ഉണ്ടാക്കി മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കുക. വിദ്യാലയങ്ങളിൽ എത്തുന്ന ആരോഗ്യ രക്ഷാപ്രവർത്തകരെ കൃത്യനിർവഹണത്തിൽ സഹായിക്കുക , മാർക്കറ്റുകൾ ,പൊതുനിരത്തുകൾ എന്നിവ ശുചിയാക്കുക, അഗ്നിശമന പ്രവർത്തനങ്ങൾ ,ഗതാഗതനിയന്ത്രണം എന്നിവയിൽ പരിശീലനം നൽകുക, ലഹരിവിരുദ്ധറാലികൾ ,ക്യാമ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, പഠനയാത്രകൾ എന്നീ പ്രവർത്തനങ്ങൾ,ജെ. ആർ.സി.കേഡറ്റുകൾക്കായി ദേശീയോദ്‍ഗ്രഥന ക്യാമ്പുകൾ സംഘടിപ്പിക്കുക .യോഗ, ഡ്രിൽ എന്നിവയിൽ പരിശീലനം നൽകുക എന്നിവയാണ് പ്രധാന പ്രവർത്തനങ്ങൾ.