ജി.എച്ച്.എസ്. തലച്ചിറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പൽ സമൃദ്ധവും ഐശ്വര്യ പൂർണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളിൽ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അവയിൽ ചിലതിന്റെ അവശിഷ്ടം ഇപ്പോഴും വെട്ടിക്കവലയുടെ പരിസരങ്ങളിൽ കാണാം. അവയിലൊന്ന് ഇപ്പോഴത്തെ കഴുവിടാൻകുന്നിന് സമീപത്തായിരുന്നു. അവിടെ വച്ചായിരുന്നുവത്രെ കൊട്ടാരക്കര രാജാവിന്റെ ശിക്ഷാവിധികൾ നടപ്പാക്കിയിരുന്നത്. ഒരുമിച്ചുള്ള ശൈവ-വൈഷ്ണവ പ്രതിഷ്ഠ വെട്ടിക്കവല ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ഈ ക്ഷേത്രത്തിലെ വാതുക്കൽ ഞാലിക്കുഞ്ഞിന്റെ പ്രതിഷ്ഠയും ആരാധനയും ഇപ്പോഴുമുള്ളത് പുരാതനകാലം മുതലേ ജാതീയമായ ഉച്ചനീചത്വങ്ങൾ ഇവിടെ നിലനിന്നിരുന്നില്ല എന്നതിന്റെ തെളിവാണ്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ പോലെ മഹാക്ഷേത്രങ്ങളുടെ പട്ടികയിൽ വരേണ്ട ക്ഷേത്രമായിരുന്നു വെട്ടിക്കവല മഹാദേവർ ക്ഷേത്രവും. വെട്ടിക്കവല മഹാദേവർ ക്ഷേത്രത്തിലെ കഴുവിടാൻ കോവിലും പുരാതന കഴുവിടാൻ കൊട്ടാരവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങൾ അനവധിയാണ്. കഴുവിടാൻ കൊട്ടാരത്തിന്റെ ഭരണാധികാരികൾ ഉണ്ണിത്താൻമാരായിരുന്നു. ഇളയിടത്ത് രാജസദസ്സിലെ ആസ്ഥാന കലാകാരന്മാരിൽ പലരും വെട്ടിക്കവലയുടെ സന്തതികളായിരുന്നു. വെട്ടിക്കവലയുടെ പല വീരസന്തതികളേയും കൊട്ടാരക്കര രാജാവിന്റെ പടനായകന്മാരായി നിയമിച്ചിരുന്നുവെന്നാണ് കേട്ടുകേൾവി. രാമനാട്ടത്തിന്റെ ഉപജ്ഞാതാവായ കൊട്ടാരക്കര തമ്പുരാന്റെ കലാസംഘത്തിലെ ഗായകരുടേയും മേളക്കാരുടേയും കൂട്ടത്തിൽ ഈ നാട്ടുകാർ പ്രമുഖസ്ഥാനം അലങ്കരിച്ചിരുന്നുവെന്ന് ഗണിക്കപ്പെടുന്നു. ഇളയിടത്ത് സ്വരൂപത്തിനെ വേണാട്ടിൽ ലയിപ്പിച്ച മാർത്താണ്ഡ വർമ്മ മഹാരാജാവിന്റെ കാലം മുതൽ വെട്ടിക്കവല ശ്രദ്ധിക്കപ്പെട്ടിരുന്നതായി സൂചനകളുണ്ട്. എന്തായാലും ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്താണ് ആധുനിക വെട്ടിക്കവലയുടെ പിറവി. ഇന്ന് കാണുന്ന വെട്ടിക്കവല മഹാദേവർ ക്ഷേത്രസമുച്ചയം പുതുക്കി പണികഴിപ്പിച്ചത് ശ്രീമൂലത്തിന്റെ കാലത്താണ്. കൂടാതെ വെട്ടിക്കവലയിലെ പുരാതന മിഡിൽസ്ക്കൂൾ , വെട്ടിക്കവലക്കൊട്ടാരം, ഭജനമഠം തുടങ്ങിയ സ്ഥാപനങ്ങളും ശങ്കരൻതമ്പിയുടെ ഉത്സാഹവും പ്രേരണയും നിമിത്തമായി ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ്. ചരിത്ര പ്രാധാന്യം ഏറെയുള്ള വെട്ടിക്കവലയുടെ ദേശീയോത്സവമായിരുന്നു പുരാതനകാലം മുതലേ വൃശ്ചികത്തിലെ അഷ്ടമിമഹോത്സവം. പ്രാചീന വടക്കുംകൂറിലെ വൈക്കത്തഷ്ടമിയോളം പെരുമയുണ്ടായിരുന്നു വെട്ടിക്കവല അഷ്ടമിമഹോൽസവത്തിനും. എന്തുകൊണ്ടോ പിൽക്കാലത്ത് വെട്ടിക്കവല അഷ്ടമിക്ക് പ്രതാപം മങ്ങി. സദാനന്ദപുരത്ത് സ്ഥിതിചെയ്യുന്ന അവധൂതാശ്രമം മറ്റൊരു ബൃഹത്തായ സാംസ്കാരിക കേന്ദ്രമാണ്. ആത്മീയതയോടൊപ്പം ദശ്ശാബ്ദങ്ങളായി ആയൂർവേദത്തിലും വിദ്യാഭ്യാസത്തിലും കൃഷിയിലും മഠാധിപതികൾ സമഗ്രമായ ശ്രദ്ധ പതിപ്പിച്ചിരുന്നു. തിരുവിതാംകൂർ ഭാഗത്തുള്ള അതി പുരാതന മുസ്ളീംപള്ളികളിലൊന്നാണ് തലച്ചിറ വലിയപള്ളി. അഗ്നിസാക്ഷി എന്ന സാഹിത്യകൃതിയുടെ കർത്താവായ ലളിതാംബിക അന്തർജനം ഈ പഞ്ചായത്തിൽ കോട്ടവട്ടത്ത് തെങ്കുന്നത്തു മഠത്തിലാണ് ജനിച്ചുവളർന്നത്. കവിയും കലാകരനും വാഗ്മിയുമായ വെട്ടിക്കവലനാരായണദാസ് കേരളക്കരയിലെ അറിയപ്പെടുന്ന സാഹിത്യകാരനായിരുന്നു. കഥകളിയും ഓട്ടൻതുള്ളലും കബടിയും ഭരതകളിയും വേലകളിയും കാക്കാരിശ്ശിനാടകവും പരിശ്ശമുട്ടുകളിയും കുത്തിയോട്ടവും ഈ പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിൽ ഉത്സവകാലങ്ങളിൽ അരങ്ങേറുക പതിവായിരുന്നു. അവയെല്ലാം പഠിപ്പിക്കുന്ന കളരികളും ഇവിടെയുണ്ടായിരുന്നു. നാഗസ്വരക്കച്ചേരിയുമായി ബന്ധപ്പെട്ട കലാശാലകളും ക്ഷേത്രപരിസരങ്ങളിൽ പ്രവർത്തിച്ചിരുന്നു. അനുഷ്ഠാനകലകളുടെ വളർച്ച ഈ പഞ്ചായത്തിന്റെ മറ്റൊരു സവിശേഷതയായിരുന്നു. കോട്ടവട്ടം സി.കൃഷ്ണൻപോറ്റി, വെട്ടിക്കവല പി.കെ.ഗോവിന്ദപിള്ള, വെട്ടിക്കവല നാരായണനുണ്ണി, തലച്ചിറ ആർ.ഈശ്വരൻ, വെട്ടിക്കവല എ.കെ.നാരായണൻവൈദ്യർ, തുടങ്ങിയവർ അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനികളാണ്. 1947-നു മുൻപുതന്ന തിരുവിതാംകൂർ നിയമസഭയിൽ ഒരു വെട്ടിക്കവലക്കാരൻ ഉണ്ടായിരുന്നു. അന്നത്തെക്കാലത്ത് 25 രൂപ കരംതീരുവ ഉള്ളവർക്കുമാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളു. അപ്രകാരമുള്ള 41 പേരുടെ വോട്ടുനേടിയാണ് നാട്ടുകാർക്ക് പ്രിയങ്കരനായിരുന്ന സി.കൃഷ്ണൻപോറ്റി എം.എൽ.സി. ആയത്. കോട്ടവട്ടം മഠത്തിൽ ലളിതാംബിക അന്തർജനത്തിന്റെ സഹോദരനായിരുന്ന ഇദ്ദേഹം അൻപതുകളിലും അറുപതുകളിലും കേരളരാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്നു. വെട്ടിക്കവല ഗോവിന്ദൻവൈദ്യർ, ശങ്കരൻവൈദ്യൻ, സദാനന്ദപുരം രാഘവൻപിളളവൈദ്യൻ, മരങ്ങാട് ഗോവിന്ദൻ നായർ വൈദ്യർ, ചക്കുവരയ്ക്കൽ ശ്രീധരൻവൈദ്യർ, തലച്ചിറ ആർ.രാമചന്ദ്രൻ ഉണ്ണിത്താൻ വൈദ്യർ തുടങ്ങിയവർ വെട്ടക്കവലയിലെ മൺമറഞ്ഞ ഭിഷഗ്വര ശ്രേഷ്ഠൻമാരാണ്. ഒരു നൂറ്റണ്ടിനു മുൻപുതന്നെ വെട്ടിക്കവല പഞ്ചായത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നു. വെട്ടിക്കവല, സദാനന്ദപുരം, ചക്കുവരയ്ക്കൽ എന്നിവിടങ്ങളിലാണ് പ്രാചീന വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നത്. 1940-കളിൽതന്നെ, തലച്ചിറ, കോക്കാട്, കോട്ടവട്ടം പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. മറ്റു സ്കൂളുകൾ 1947-നു ശേഷമാണ് നിലവിൽ വന്നത്. കോളേജ് വിദ്യാഭ്യാസത്തിനായി തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നീ സ്ഥലങ്ങളിൽ പോകുകയേ മാർഗ്ഗമുണ്ടായിരുന്നുള്ളു. കഴിഞ്ഞ തലമുറകളിലെ നിലത്തെഴുത്താശാന്മാരുടെ സേവനം സ്മരണീയമാണ്. ഓലയും നാരായവുമുപയോഗിച്ചായിരുന്നു എഴുത്ത്. അന്ന് ഒന്നിലും രണ്ടിലും ചേരാമായിരുന്നു. അധ്യാപകരുടെ അന്നത്തെ വേഷം മുണ്ടും തോർത്തുമായിരുന്നു. 1097-നു ശേഷമാണ് ഷർട്ട് ഉപയോഗിച്ചുതുടങ്ങിയത്. തലയിൽ കുടുമി ഉണ്ടായിരുന്നു. ഹിന്ദുക്കൾക്ക് കാതിൽ കടുക്കൻ നിർബന്ധമായിരുന്നു. സ്ത്രീകളുടെ വേഷം റൌക്കയും മുണ്ടുമായിരുന്നു പണക്കാരായ ക്രിസ്ത്യാനിസ്ത്രീകൾക്ക് നേറ്റിച്ചട്ടയും മുണ്ടും കാണാമായിരുന്നു. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പ്രാരംഭദിശയിൽത്തന്നെ വെട്ടിക്കവല പഞ്ചായത്തിലും വായനശാലകളും, ഗ്രന്ഥശാലകളും ഉയർന്നുവന്നുതുടങ്ങിയിരുന്നു. വെട്ടിക്കവല, സദാന്ദപുരം, കോട്ടവട്ടം, ചക്കുവരയ്ക്കൽ, കോക്കാട് എന്നിവിടങ്ങളിലെ ഗ്രന്ഥശാലകൾ അരനൂറ്റാണ്ടിലധികം പഴക്കമുള്ളവയാണ്. മതപരമോ വർഗ്ഗീയമോ ആയ അലോസരങ്ങൾ ഈ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഒരു കാലത്തും കാണാൻ കഴിയുന്നതല്ല. പരസ്പര സൌഹാർദ്ദത്തിലും സഹകരണത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ജീവിതശൈലിയാണ് പണ്ടുമുതലേ ഇവിടുത്തെ ജനങ്ങൾ തുടർന്നുവരുന്നത്. കൃഷിയിൽനിന്ന് ഇന്ന് കിട്ടുന്നതുപോലെയുള്ള വിളവ് പഴയകാലത്ത് കിട്ടിയിരുന്നില്ല. രണ്ടാം ലോകമഹായുദ്ധകാലത്ത് ഗോതമ്പ്, ചോളം, ബജറ തുടങ്ങിയ ധാന്യങ്ങളായിരുന്നു ജനങ്ങൾക്ക് ആഹാരത്തിനായി ലഭിച്ചിരുന്നത്. സമ്പന്നകുടുംബങ്ങളിൽ രാവിലെ കരുപ്പട്ടിക്കാപ്പിയും കഞ്ഞിയും കറിയും കാണുമായിരുന്നു. 1110-ലാണ് കാപ്പി, തേയില ഇവയുടെ പ്രചരിച്ചുതുടങ്ങിയത്. അക്കാലത്ത് പാത്രങ്ങളിലായിരുന്നില്ല തൊഴിലാളികൾക്ക് ആഹാരം കൊടുത്തിരുന്നത്. 1940-കൾക്കു മുമ്പുതന്നെ എം.സി.റോഡ് നിലവിൽ വന്നിരുന്നു. വാർഡുകളെ തമ്മിൽബന്ധിപ്പിക്കുന്ന റോഡുകളൊന്നും ഇല്ലായിരുന്നു. ചെങ്ങമനാട്ടുനിന്നും കൊല്ലത്തേക്കും സദാനന്ദപുരത്തുനിന്നും ഏതാനും സ്ഥലത്തേക്കും ബസുണ്ടായിരുന്നു. സമ്പന്നകുടുംബങ്ങളിൽ വില്ലുവണ്ടി ഉണ്ടായിരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം