ഈക്കാലവും കടന്നുപോകിലിനിയും നാം-
ഈതെരുവിലൊന്നിലനാഥരായ് മാറണം.
തെരുവുകളൊക്കെയനാഥമാക്കിയിന്നീ-
തെരുവിന്റെ മക്കളെയേറ്റെടുക്കുന്നോർ,
കരുതലിൻകരംനീട്ടുമിനിയെത്രകാലം,
കരുതുവിൻ മഹാമാരിനീങ്ങിയെന്നാൽ.
ഒട്ടിയവയറുമായ് കഴിഞ്ഞുപോയാക്കാലം
കട്ടിയാണല്ലോ മറന്നീടുവാനിന്നും.
ക്വാറികളൊക്കെയും മൂകമായിന്നാട്ടിൽ,
ക്വാറന്റൈൻ ഞങ്ങൾക്കിന്നാനന്ദമായ്.
ഓർമ്മയിലില്ലായൊരോണവും ഞങ്ങൾക്ക്,
ഓാർമ്മയിലുള്ളതീ തീരാത്ത പട്ടിണി.
ഈലോകസുഖമിനിയെന്നാണെന്നറിയില്ല,
ഈലോകർനമ്മെയെന്നിനിയോർത്തിടും?
ഈക്കാലവും കടന്നുപോകിലിനിയും നാം-
ഈതെരുവിലൊന്നിലനാഥരായ് മാറണം.
ആരുടെയൊക്കെയോയാരോഗ്യംകാക്കുന്നോർ
ആരുമില്ലാത്തോന്റെ ജീവനെക്കാണില്ലേ?
മാറ്റം നമുക്കിന്നനിവാര്യമാകുമ്പോൾ,
മാറുമീനാടിന്റെ വികലമാംചിന്തകൾ.
മാറുന്നനാളെയേക്കാത്തിരിക്കുന്നിവർ-
മാനവരാശിയെ കൊന്നൊടുക്കുന്നോരീ,
മഹാമാരിയേക്കാളിവരിന്നുംഭയക്കുന്നു-
മാറാത്തവിശപ്പിൻനിലക്കാത്തരോദനം.
ഈക്കാലവും കടന്നുപോകിലിനിയും നാം-
ഈതെരുവിലൊന്നിലനാഥരായ് മാറണം.