ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
18011 EN6.jpg
18011 EN7.jpg

എന്റെ ദേശം - നാട്ടു സ്‍മൃതി

റനാടൻ മാമലകളുടെ മടിത്തട്ടിൽ ഗ്രാമീണ സൗഭാഗ്യത്തിൽ ചാലിച്ചെടുത്ത വിളയിൽ എന്ന എന്റെ ദേശം.ചീക്കോട് പഞ്ചായത്തിലെ മുതുവല്ലൂർ വില്ലേജിലുള്ള ഈ ദേശത്തിന്റെ കഥാരചനയ്ക്കയി കാലം കൈയിലേന്തിയ കനകത്തൂലിക നിർബാധം ചലിച്ചുകൊണ്ടിരിക്കുന്നു.

 ഉതിരാണിമലയുടെ ഉച്ചിയിലുള്ള കരിമ്പാറക്കൂട്ടങ്ങളിൽ നിന്നും താഴോട്ടു നോക്കിയാൽ പടർന്നു കിടക്കുന്ന ഗ്രാമത്തിന്റെ രേഖാചിത്രം തെളിഞ്ഞു കാണാം.അനന്തമായ അകാശത്തിനു കീഴിൽ രക്ഷാകവചം പോലെ ഇടതൂർന്നു നിൽക്കുന്നതെങ്ങിൻ തോപ്പുകൾ.ഗ്രാമാതിർത്തിയും കഴിഞ്ഞ് വിദൂരതയിലേക്ക് ഒഴുകുന്ന നെൽപ്പാടങ്ങൾ. താഴ് വരയിൽ സഹസ്രാബ്ദങ്ങൾ പഴക്കം ചെന്ന ദേവി ക്ഷേത്രം. ക്ഷേത്രവളപ്പിലെ കൂറ്റൻ ആൽമരങ്ങൾ. വിശാലമായ പറമ്പിന്റെ ഒരറ്റത്ത് തലയുയർത്തി നിൽക്കുന്ന പുരാതി മായ മുസ്ലീം പള്ളി. അന്തരീക്ഷത്തിൽ വിലയം കൊള്ളുന്ന ബാങ്ക് വിളികൾ.
വിശാലമായ മണൽത്തിട്ടയെ വകഞ്ഞു മാറ്റി സധൈര്യം മുന്നോട്ടു കുതിക്കുന്ന ഒരു പുഴയുടെ അഭാവം ഞങ്ങളെ ദു:ഖിപ്പിച്ചിരുന്നു.എന്നാൽ കൈതപ്പൂ മണമുള്ള കൈത്തോടുകളെ സ്നേഹപൂർവം ഏറ്റുവാങ്ങിയ 'വാച്ചാലും ', മുണ്ടൂഴിയും ഈ അഭാവം ഒരു പരിധി വരെ നികത്തി .

ഉദ്ഭവത്തിന് അല്പം രഹസ്യമുണ്ടെന്ന മട്ടിൽ ഒഴുകിയെത്തുന്ന മുണ്ടൂഴി, അകലെ ചാലിയാറിൽ ചേരുന്നതിനു മുമ്പ് പല പേരുകളിലും അറിയപ്പെടുന്നു.പുതിയ രൂപഭാവങ്ങളോടെ വർഷന്തോറും പ്രത്യക്ഷപ്പെടുന്ന കൊച്ചു കൊച്ചുമണൽത്തിട്ടകൾ വാച്ചാലിന്റെ സവിശേഷതയാണ്.കടുങ്ങല്ലൂരിൽ വെള്ളക്കാർ പണിത മനോഹരമായ ഉരുക്കു പാലം മുണ്ടൂഴിതോടിനു കുറുകെയാണ്. കൊണ്ടോട്ടി അരീക്കോട് റൂട്ടിലെ ഗതാഗതത്തിന്റെ ഭാവി ഈ പാലത്തെ ആശ്രയിച്ചാണ്.

വിളയിൽ ദേശത്തിന്റെ പുരാവൃത്തത്തിന് നിഗൂഢതകളെ കാമിച്ച വാച്ചാലുമായി ഗാഢബന്ധമുണ്ട്. പാറക്കെട്ടുകളിൽ തീർത്ത ഒരു കൽമണ്ഡപം വാച്ചാലിന്റെ ഗർഭഗൃഹത്തിൽ വിശ്രമിക്കുന്നതായി പഴമക്കാർ വിശ്വസിക്കുന്നു. ഒരിക്കൽ വാച്ചാന്റെ ആഴം അളക്കാർ ഒരാൾ തുനിഞ്ഞത്രേ! നൂലിന്റെ അറ്റത്ത് വെള്ളാരംകല്ല് കെട്ടി ആഴത്തിലേക്ക് എറിഞ്ഞ ആളിന് നിരാശ.നിലം തൊടാൻ പറ്റാതെ വെള്ളാരം കല്ല് ജലോപരിതലത്തിൽ ഓളങ്ങൾ നെയ്തു കൊണ്ടിരുന്നു. രാമേട്ടന്റെ പീടികയിലെ ഉണ്ട നൂലുകൾ തീർന്നത് മാത്രം മിച്ചം! ഇന്ന് രാമേട്ടനില്ല. പീടികയിലെ ചുക്കുകാപ്പിയും പളുങ്കു ഭരണിയിലെ അരി നുറുക്കുകളുമില്ല. എന്തിനേറെ ആ പീടിക പോലും അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു.
ജല സേവനത്തിനായി, ഈ നൂറ്റാണ്ടിന്റെ അരംഭത്തിൽ പണിത ഒരു ചിറയും ഇവിടെയുണ്ട്. തോടിന്റെ മധ്യത്തിലുള്ള കരുത്തനായ കൽത്തൂണിന് ഇരുവശത്തേക്കും പാത്തികൾ അടുക്കി ചിറകെട്ടുന്നു.ചിറ താങ്ങുന്ന പ്രവൃത്തി അനായാസം ചെയ്തു തീർക്കുവാൻ ദേശവാസികൾ കർമനിരതരാവുന്നു.സംഭരണിയിൽ നിന്ന് കനാലിലൂടെ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നു. പ്രകൃതിയെ നോവിക്കാതെ പണി പൂർത്തിയാക്കുന്ന ഈ അണക്കെട്ട് മാതൃകാപരമായിരുന്നു.
നാലു വർഷത്തിലൊരിക്കൽ വാച്ചാലിന്റെ കരയിൽ നടക്കുന്ന 'ആട്ട് 'ഉത്സവം പ്രചുരപ്രചാരം നേടിയിട്ടുണ്ട്. ജീർണിച്ച ഒരു സാമൂഹ്യ വ്യവസ്ഥിതിയിലെ ദുരന്ത നായികയായ മണ്ണാത്തി ( അലക്കുകാരി ) ഉണ്ണൂലിയുടെ സ്മരണ ഈ ഉത്സവത്തിലൂടെ നിലനിൽക്കുന്നു.

ചിറ നിർമ്മാണത്തിന് ഭീഷണിയായി, കൽത്തൂൺ ഉറയ്ക്കാതെ വന്നപ്പോഴാണ് മനുഷ്യ രക്തം നൽകി അടിത്തറയിടാൻ നാടുവാഴി ഉത്തരവിടുന്നത്. അലക്കി കൊണ്ടിരുന്ന ഉണ്ണൂലിയുടെ മുമ്പിലേയ്ക്ക് മേൽ മുണ്ട് എറിഞ്ഞു കൊടുത്തപ്പോഴാണ് തമ്പ്രാന് ഉൾവിളി ഉണ്ടായ ത്. അലക്കി കൊണ്ടിരുന്ന ഉണ്ണൂലിയെ കണ്ടതിലെ അശുദ്ധി തീർക്കാൻ ഏഴുതവണയെങ്കിലും വെള്ളത്തിൽ മുങ്ങുന്നതിനായി ഉണ്ണൂലി അരയോളം വെള്ളത്തിലിറങ്ങി. തക്കം പാർത്തിരുന്ന ശിങ്കിടികൾ ഉണ്ണൂലിയുടെ ചുടുരക്തം കൊണ്ട് തൂൺ ഉറപ്പിച്ചു പോലും. ദാഹം തീർക്കാൻ കരിക്കിൻ വെള്ളം പകർന്ന ചേന്നന്റെ കുടുംബം തളിർത്തും തമ്പ്രാന്റെ കുലം കരിഞ്ഞും പോയി. ഉത്സവ ദിനങ്ങളിൽ നൂറുക്കണത്തിന് കരുക്കുകൾ വഴിപാടായി അർപ്പിക്കപ്പെടുന്നു. കണക്കന്റേയും പറയന്റേയും നേതൃത്വത്തിൽ ആട്ട് ക്രമം തെറ്റിയാണെങ്കിലും ആഘോഷിക്കപ്പെടുന്നു. ഒരു കാലത്ത് നിലനിന്നിരുന്ന ജാതി ചിന്തയുടെ ഉച്ചനീചത്വങ്ങളിലേക്ക് കണ്ണു തുറക്കുന്ന ഈ ആചാരം ദേശക്കാരെ നിരന്തരം വേട്ടയാടുന്നു.

ഉത്സവങ്ങളുടെ ചെണ്ടമേളത്തോടെയാണ് കുംഭമാസംദേശത്ത് എത്തുന്നത്.അമ്പാളിലും പെരുമ്പുലാക്കൽ തറവാട്ടിലും കുലദൈവങ്ങൾക്കുള്ള പൂജയും കൊടുതികളും നടക്കുന്നു. കാരണവന്മാരും കോമരങ്ങളും നേതൃത്വം നല്കുന്ന ഇത്തരം ചടങ്ങിന് കോഴിച്ചോരയുടെ ചൂരും.

കരിപ്പന്തങ്ങളുടെ ചുടും.കുറുമ്പകളുടെ കുറുമ്പും വാദ്യങ്ങളുടെ വീറും ഉണ്ടായിരിക്കും. ദേശത്തിന്റെ ക്ലാസ്സിക്ക് കലയായ പരിചമുട്ട് കളിയും അരങ്ങേറും. തിരുവരങ്ങത്ത് കളിവിളക്കിന് ചുറ്റും ദൃശ്യകലയുന്ന പാദ ചലനങ്ങളും അകമ്പടിയായി വായ്ത്താരികളും ഏറ്റുപിടിക്കാൻ ആളില്ലാത്തതിനാൽ ഈ കലയും അന്യമാവുന്നു. അമ്പാളിലെ താലപ്പൊലിക്ക് മുന്നോടിയായി പൂതത്തിന്റെ പുറപ്പാടുണ്ട്. പൂതത്തെ വരവേൽക്കാൻ നാക്കിലകളിൽ നെല്ലോ, അരിയോ നിറഞ്ഞ് നിൽക്കും.ഓരോ ഭവനങ്ങളിലും ആടിയിറങ്ങുന്ന പൂതത്തിന്റെ അംഗചലനങ്ങളിൽ നർമരസം മാത്രം.

ധനുമാസത്തിലെ ആതിര നിലാവിൽ കുളിച്ചു നിൽക്കുന്ന ഗ്രാമം. ഏഴര വെളുപ്പിന് തിരുവാതിരപ്പാട്ടും കുമ്മിയടിയുമായി ഉറക്കമുണരുന്ന വാച്ചാൽ. തിരുവാതിര കുളിക്കാൻ പോകുന്ന അമ്മമാരുടെ മുന്നിൽ ഓലച്ചൂട്ടും പിടിച്ച് വികൃതി കാണിച്ചു നടന്നതലമുറയിലെ അവസാന കണ്ണി ഞങ്ങളുടേതാണ്.
ഓണക്കാലത്ത് ഉതിരാണിക്കുന്ന് പൂത്തുലയും. തെച്ചിയും കണ്ണാന്തളിപ്പൂവും കാക്കാ പൂവും എങ്ങും വിടർന്നു നിൽക്കും.പൂവിളികൾ ഉയരുന്ന കുന്നിൻ ചെരിവുകളിൽ പോക്കുവെയിൽ തളർന്നു കിടക്കും.പുന:സമാഗമത്തിന്റെ വേളയായി ബക്രീദും മറ്റും ഉല്ലാസപൂർവം ആഘോഷിക്കുന്നു.
അതിനിഗൂഢമായ ഭൂതകാലത്തിന്റെ നിറം പിടിപ്പിച്ച വിവരണങ്ങളില്ല ഇവയൊന്നും. കാൽ നൂറ്റാണ്ടിനിടയിൽ അവിശ്വസനീയമായ പല മാറ്റങ്ങളും ഉണ്ടായി. ഗ്രാമീണ പാതകളിലൂടെ ഇടതടവില്ലാതെ വാഹനങ്ങളോടുന്നു.നിമിഷ നേരം കൊണ്ട് അരീക്കോട്ടും കൊണ്ടോട്ടിയിലുമെത്താം. മരക്കാടൻ കുന്നിലെ കഠിനമായ കയറ്റവും കേറി തലച്ചുമടായി റേഷനരി എത്തിച്ച ദേശത്ത് ലോഡ് കണക്കിന് നിത്യോപയോഗ സാധനങ്ങൾ വാഹനങ്ങളിൽ എത്തിച്ചേരുന്നു. രാമാഷും കുട്ടിക്കൃഷ്ണൻ മാഷും ഹരിശീ കുറിച്ച സ്കൂളിനു പുറകെ നേഴ്സറികളും പ്രൈമറി വിദ്യാലയങ്ങളും ഹൈസ്കൂളുകളും വന്നു. വൈദ്യുതിയും ടെലിഫോണും ടെലിവിഷനും സാധാരണ ജീവിതവുമായി ഇഴുകി ചേർന്നു. ഓലമേഞ്ഞ വീടുകൾ കാൺമാനേയില്ല. കോൺക്രീറ്റ് സൗധങ്ങൾ പെരുകി വരുന്നു.

തൊഴിൽ തേടി അന്യനാടുകളിൽ അഭയം തേടിയവർ ധാരാളം. ഗൾഫ് മലയാളിയുടെ ലേബൽ അണിഞ്ഞവർ.മദ്രാസ്, ബാംഗ്ലൂർ, ബോംബെ, ഗാന്ധി നഗർ എന്നീ വൻ നഗരങ്ങളിൽ സ്ഥിരതാമസമാക്കിയവർ. നിലവിലുള്ള സൗകര്യങ്ങളുടെ പരിമിതികളിൽ കൂടുവിട്ട് കൂടുമാറിയവർ.

നാടിന്റെ സാംസ്കാരിക ചരിത്രവും പെരുമയുള്ളതു തന്നെ. മാപ്പിളപ്പാട്ടിലൂടെ പ്രശസ്തയായ വിളയിൽ വത്സല (ഇന്ന് -ഫസീല മുഹമ്മദലി ), നോവലിസ്റ്റ് വി.അച്യുതൻ, കവി, പി.കേശവൻ നമ്പൂതിരി, ഇഖ്ബാൽ കവിതകളെ താലോലിക്കുന്ന കെ.ടി.അബൂബക്കർ, പത്രപ്രവർത്തകരായ പത്മനാഭൻ നമ്പൂതിരി, രാജു, നൂറുക്കണക്കിന് കവിതകൾ രചിച്ച് വെളിച്ചം കാണിക്കുന്നതിൽ അന്തർമുഖത്വം പാലിക്കുന്ന സാവിത്രി അന്തർജനം, ശില്പി ഗുപ്തൻ നമ്പൂതിരി.... പ്രതീക്ഷകളുടെ പട്ടിക നീളുന്നു.

പ്രശസ്തരായ പല വ്യക്തികളുടെയും സാന്നിധ്യം ദേശത്തെ അനുഗ്രഹീതമാക്കയിട്ടുണ്ട്. ഒളിവുകാലത്ത് ഇ.എം.എസ്സും രാഷ്ട്രീയ വേദിയിൽ സി.എച്ച്.മുഹമ്മദ് കോയയും ആധ്യാത്മിക രംഗത്ത് സ്വാമി ജ്ഞാന നിഷ്ഠാ നന്ദ സരസ്വതിയും ഞങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ പത്രങ്ങളെല്ലാം ഗ്രാമത്തിലെത്തുന്നു. വായന കേവലം പത്രങ്ങളിലും ആനുകാലികങ്ങളിലും ഒതുങ്ങുന്നു. വായനശാലകളും ഗ്രന്ഥാലയങ്ങളും പൊടിപററി കിടക്കുന്നു.വല്ലപ്പോഴും സജീവമാകുന്നത് കായികരംഗം മാത്രം.അനുദിനം അനുഭവപ്പെടുന്ന മാറ്റങ്ങളുടെ നടുവിൽ ഗ്രാമസഭകളിലൂടെയും അയൽക്കൂട്ടങ്ങളിലൂടെയും അധ്യാത്മിക സത് സംഗങ്ങളിലൂടെയും വികസിതമായി വരുന്ന ഒരു പുതിയ കൂട്ടായ്മ ..... കാലം കൈയിലേന്തിയ തൂലിക നിരന്തരം ചലിക്കുന്നു. കഥകളും കഥാപാത്രങ്ങളും മാറുന്നുവെന്നു മാത്രം.

വേണു വിളയിൽ,അധ്യാപകൻ, ബാലസാഹിത്യകാരൻ, എഴുത്തുകാരൻ, പ്രഭാഷകൻ