ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/അക്ഷരവൃക്ഷം/കരുണയുടെ വെളിച്ചം.

കരുണയുടെ വെളിച്ചം.

"അമ്മേ ഇത് കണ്ടോ രണ്ടു കുരുവി കുഞ്ഞുങ്ങൾ".
"എന്റെ അഞ്ജു നീ എന്താ ഈ പിച്ചും പേയും പറയണേ. എപ്പോഴും പ്ലാവിനേം കുരുവീനേം കുറിച്ചേള്ളു ചിന്ത പഠിത്തത്തിലൊന്നും ശ്രദ്ധിക്കണ്ട ട്ടോ. വേഗം എണീറ്റേ".
അമ്മയുടെ ശകാരം കേട്ട് അഞ്ജുഞെട്ടിയുണർന്നു. അവൾ നേരെ തന്റെ പ്ലാവ്മുത്തശ്ശിയുടെ അടുത്തേക്ക് ഓടി. പ്ലാവിന്റെ ചില്ലകൾക്കിടയിലൂടെ കുരുവി കൂട്ടിലേക്ക് നോക്കി. ഇല്ല മുട്ടകൾ ഒന്നും വിരിഞ്ഞിട്ടില്ല. അവളുടെ മുഖം വാടി.
"എന്താ കുഞ്ഞേ ഒരു വിഷമം?" "മുത്തശ്ശി,
മുത്തശ്ശി ഞാനിന്ന് ഒരു സ്വപ്നം കണ്ടു. നമ്മുടെ കുരുവിയുടെ മുട്ടകൾ വിരിഞ്ഞ് അതിന്ന് രണ്ടു കുരുവി കുഞ്ഞുങ്ങൾ വരുന്നത്."
"മോള് വിഷമിക്കേണ്ട രണ്ടുദിവസം കഴിയുമ്പോൾ അതിന്ന് കുരുവി കുഞ്ഞുങ്ങൾ വരും."
"ഉറപ്പാണോ".
"ആ ഉറപ്പ്".
"എന്നാൽ ഞാൻ പോട്ടേ സ്കൂളിൽ പോകാനായി".
അവൾ പ്ലാവ് മുത്തശ്ശിയോട് യാത്ര പറഞ്ഞ് വേഗം അകത്തേക്ക് പോയി. വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയ അവൾ അച്ഛനുമമ്മയും എന്തോ കാര്യമായി സംസാരിക്കുന്നത് കണ്ടു. അവൾ അവരുടെ അടുത്തേക്ക് ഓടിച്ചെന്നു.
"എന്തായാലും നമ്മുടെ തറവാട് അവിടെ ഒഴിഞ്ഞുകിടക്കല്ലേ. അത് നമുക്ക് വാടകക്ക് കൊടുത്താലോ?" "ഞാനും അത് ആലോചിച്ചതാ പക്ഷേ അതിൻറെ മുന്നിലുള്ള വലിയ പ്ലാവില്ലേ അത് വീടിന് ഒരു അപകടാ"."അതിനെന്താ ആ മരം അങ്ങ് മുറിച്ചാൽ പോരെ ഇക്കൊല്ലം അതിന്ന് ചക്ക ഒന്നും കിട്ടിയിട്ടില്ല". അവൾക്ക് അവരുടെ സംഭാഷണം മുഴുവനായും മനസ്സിലായില്ലെങ്കിലും തൻറെ പ്ലാവ് മുത്തശ്ശിയെ മുറിക്കുവാൻ ആണ് അവരുടെ തീരുമാനം എന്ന് അവൾക്ക് മനസ്സിലായി.
അവൾ പ്ലാവ് മുത്തശ്ശിയെ കെട്ടിപ്പിടിച്ച് പറഞ്ഞു. "മുത്തശ്ശി മുത്തശ്ശീ നെ വെട്ടിമുറിക്കാൻ പോവാത്രേ. ഞാൻ സമ്മതിക്കില്ല" "ഞങ്ങൾ മരങ്ങൾക്കും ചെടികൾക്കും ഒക്കെ ഇത്ര ആയുസ്സുള്ളൂ. പിന്നെ മോളേ പോലെ മരങ്ങളെം ചെടികളെം ഒക്കെ സ്നേഹിക്കുന്നവര് വളരെ കുറച്ചേളളൂ .അതോണ്ട് മോള് വിഷമിക്കണ്ട ". പ്ലാവ് മുത്തശ്ശി അവളെ സമാധാനിപ്പിച്ചു.
മരം മുറിക്കരുത് എന്ന് അച്ഛനോട് അവൾ ആവുന്നത്ര കെഞ്ചി പറഞ്ഞു. പക്ഷേ അച്ഛൻ അവളുടെ വാക്കുകൾ ചെവിക്കൊണ്ടില്ല. അന്നു രാത്രി അവൾ ഒന്നും കഴിച്ചില്ല. കരഞ്ഞു കരഞ്ഞു എപ്പോഴോ അവൾ ഉറങ്ങി. രാത്രി നേരം ഏറെ കഴിഞ്ഞു.
"എടീ, രേണു, അഞ്ജുന്റെ റൂംമ്ന്ന് എന്താ ഒരു ശബ്ദം?"
"ഞാനും കേട്ടു രവിയേട്ട" അവർ അഞ്ജുവിൻറെ റൂമിലേക്ക് പോയി. അവള് അവ്യക്തമായി എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.
"ഇവളെന്താ ഈ പിച്ചും പേയും പറയണേ"? "അയ്യോ രവിയേട്ടാ ഇവൾക്ക് നന്നായിട്ട് പനിക്കുന്നുണ്ട്" അവർ അവളെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു.
"ഇപ്പോൾ എങ്ങനെയുണ്ട് ഡോക്ടറെ?" "അവൾ ഇതുവരെ കണ്ണു തുറന്നിട്ടില്ല. ഇടയ്ക്കിടയ്ക്ക് പ്ലാവ് മുത്തശ്ശീന്ന്പറയുന്നുണ്ട്. അവളുടെ മനസ്സിന് വിഷമമുണ്ടാക്കുന്ന എന്തെങ്കിലും നടന്നോ?"
അച്ഛൻ നടന്നതെല്ലാം ഡോക്ടറോട് പറഞ്ഞു.
"എന്നാൽ ഇനി ആ പ്ലാവ് മുറിക്കേണ്ട അത് ഈ കുഞ്ഞു മനസ്സിന് താങ്ങാൻ കഴിയണമെന്നില്ല".
കുറച്ചു കഴിഞ്ഞപ്പോൾ അവൾ കണ്ണു തുറന്നു.
"അച്ഛാ എൻറെ പ്ലാവ് മുത്തശ്ശി".
"മോള് വിഷമിക്കേണ്ട മോൾക്ക് ഇഷ്ടമില്യച്ചാ ആ പ്ലാവ് മുറിക്കണില്ല".
"സത്യമാണോ അച്ഛാ?" അവൾ തളർന്ന സ്വരത്തിൽ ചോദിച്ചു
"സത്യം".
"ഇപ്പോൾ എന്റെ പനിയൊക്കെ മാറി നമുക്ക് വേഗം വീട്ടിൽ പോവാം".
വീട്ടിലെത്തിയ ഉടനെ അവൾ പ്ലാവ് മുത്തശ്ശിയെ ചെന്ന് കെട്ടിപ്പിടിച്ചു. അപ്പോഴതാ കുരുവി കൂട്ടിൽ നിന്ന് എന്തോ ശബ്ദം അവൾ ഏന്തിവലിഞ്ഞ് കുരുവി കൂട്ടിലേക്ക് നോക്കി.
"ഹായ്! അച്ഛാ നോക്കു കുരുവി കുഞ്ഞുങ്ങൾ."
അവരുടെ ചുവന്നു തുടുത്ത ചുണ്ടുകൾ കണ്ടു അവൾ ആശ്വാസത്തിന്റെനെടുവീർപ്പിട്ടു.

അനാമിക
8 D ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ