ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/അക്ഷരവൃക്ഷം/ഒര‍ു പെര‍ുമഴക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒര‍ു പെര‍ുമഴക്കാലം

“അമ്മേ , വിശക്കുന്നു. ങ്ങും...” അനി മോൾ മാക്സി തുമ്പ് പിടിച്ചു വലിച്ചു. അത്രയും നേരം തണുത്ത മിഴികളാൽ ഇമവെട്ടാതെ ആർന്നിറങ്ങുന്ന മഴയിലേക്ക് നോക്കി നിന്ന ലത ഞെട്ടിയുണർന്നു. മോള് രാവിലെയൊന്നും കഴിച്ചിട്ടില്ല. താൻ കഴിഞ്ഞ രാത്രിയും പട്ടിണിയായിരുന്നു. കനിവോടെ ലത മോളുടെ മുടിയഴകളിലൂടെ കയ്യോടിച്ചു. ചീകയിട്ട് രണ്ടു ദിവസമായിരുന്ന മുടിയിഴകൾ എണ്ണമയമില്ലാതെ പാറി പറന്നു.

“സുരഭേച്ചീ , ഭക്ഷണമെത്തിയോ ?” “ഒന്നും എത്തീട്ടില്ല. ദേ കൊച്ച് കരഞ്ഞൊറങ്ങി.” ദയനീയ ഭാവത്തോടെ സുരഭി പറഞ്ഞു. അവര് വന്നിട്ട് രണ്ടു ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. പേരമക്കളുമായ് തിന്നാനും ഉറങ്ങാനും കഴിയാതെ കഷ്ടപ്പെടുകയാണ് ഭാവം.

ലത ഓർത്തു. കഴിഞ്ഞ ഒരാഴ്ചയായി താനീ ക്യാമ്പിലാണ് . ജീവിക്കാനാവശ്യമായ വെള്ളവും ഭക്ഷണവും ഈ ദുരിതാശ്വാസക്യാമ്പിലും കിട്ടുന്നുണ്ട്.ബഹളമയമായ ചുറ്റുപാടിലും പക്ഷേ, മനസ്സ് ശാന്തമാണ്. അനന്തമായ ശൂന്യതയിലൂടെ സഞ്ചരിക്കുകയാണ്.

അവൾ ചുറ്റും കണ്ണോടിച്ചു. യുദ്ധഭൂമിയിൽ മാതാപിതാക്കളേയും സഹോദരങ്ങളെയും മക്കളെയും നഷ്ടപ്പെട്ട ബന്ധുമിത്രാദിക്കു തുല്യം. ഇതും ഒരു യുദ്ധഭൂമി തന്നെയാണല്ലോ. തങ്ങൾക്കുമീതെ, മിസൈൽ ബോംബുകളും പീരങ്കികളും കണക്കെ മഴ കഴിഞ്ഞ 3 മാസമായി കനത്ത യുദ്ധത്തിലാണ് . അത് തങ്ങളുടെ പുരയിടങ്ങൾ പിടിച്ചെടുത്തു. ജീവിത സമ്പാദ്യങ്ങൾ കൈക്കലാക്കി. ദിനരാത്രങ്ങൾ ഇടപഴകിയിരുന്ന വീട്ടുസാമാനങ്ങൾ കൊണ്ടുപോയി. സ്വന്തമായി ഉടുതുണി മാത്രമായിരിക്കുന്ന സമ്പാദ്യം.

“ബാഗ്, അമ്മാ എന്റെ ബാഗ് , ദാ പോണു”അനി മോളുടെ ചുടുകണ്ണീര് കൈതണ്ടയിൽ ഇറ്റി വീണു. പുതുവർഷത്തിൽ എൽ.കെ.ജി യിലേക്ക് വാങ്ങിച്ച അവളുടെ സ്കൂൾ ബാഗ് വെള്ളത്തിലൂടെ ഒലിച്ചുപോകുന്നു. ബലപിടിത്തത്തിലൂടെ ബാഗ് കൈക്കലാക്കിയ വികൃതി കുട്ടിയെ പോലെ, ക്രൂരഭാവത്തോടെ വെള്ളം ചിരിച്ചൊഴുകി.

“അയ്യോ…..ഏട്ടാ” ഉച്ചത്തിൽ ഒരു ദയനീയ നിലവിളി അവിടമാകെ മുഴുകി. അത് ലതയുടെ ചെവിയിൽ പ്രകമ്പനം കൊള്ളിച്ചു. വലിയൊരു കൂട്ടം അവിടെ രൂപം കൊണ്ടു. ലതയുടെ കണ്ടുകൾ അവിടമാകെ തിരഞ്ഞു. അവളുടെ മനസ്സ് വിറ കൊണ്ടു. ഓർമകളിലേക്ക് അവൾ ഇടറിവീണു.

കഴിഞ്ഞ വ്യാഴാഴ്ച്ച.

രാത്രി ഭക്ഷത്തിനു ശേഷം അനിമോളുടെ പാട്ട് കേൾക്കുകയായിരുന്നു താനും സതീഷേട്ടനും. പെട്ടെന്നാണ് ഒരു ഭൂമി കുലുക്കം കണക്കെ ഒരു പൊട്ടിത്തെറി കാതടപ്പിച്ചത്. പ്രതീക്ഷിച്ചതായിരുന്നു പക്ഷെ , ആ നിമിഷം തിരിച്ചറിയാനാകുന്നതിനുമുമ്പ് വീട്ടിൽ നിന്ന് പുറത്തിറങ്ങ വള്ളത്തിൽ കയറിയിരുന്നു. കൈ പിടിച്ച് തോണിയിൽ കയറ്റിയ ശേഷം സതീഷേട്ടൻ തിരിഞ്ഞു. എങ്ങോട്ടാണെന്ന് ചോദിക്കുമ്പോഴേക്കും ഇപ്പം വരാമെന്നു പറഞ്ഞ് പോയിക്കഴിഞ്ഞിരുന്നു.

നിഷാദിക്കാന്റെ വീട് പൊളിഞ്ഞു വീണു. സമീപത്തെ ആൽ വീണ് തന്റെ വീടും തകർന്നു. അവടിത്തെ ഇളയ മോള് ദിയക്കു വേണ്ടി തിരയാനാണ് സതീഷേട്ടൻ പോയ്ത. അപ്പോഴേക്കും വേറൊരു മരം കൂടി വീണ് അവിടമാകെ മൂടിയിരുന്നു. തങ്ങളുടെ കളിച്ചിരികൾ നിറഞ്ഞിരുന്ന വീട് ഇന്ന് ദുരിതപ്രളയത്തിന്റെ അവശേഷിപ്പുകളാണ്. അനിമോള് അച്ഛനെ അന്വേഷിക്കാറില്ല. കാരണം അവളിപ്പോഴും യാഥാർത്ഥ്യം ഉൾക്കൊണ്ടിട്ടില്ല. പിറ്റേ ദിവസം ദിയയുടെ മൃതദേഹം കൊണ്ടു വെച്ചു ഒപ്പം ……

അന്ന് അവിടമാകെ ലതയുടെ ശബ്ദം നിറഞ്ഞു നിന്നിരുന്നു. ഒപ്പം നിലവിളികൾ ഹരം കൊള്ളിച്ചിരുന്ന ആർത്തിരമ്പുന്ന മഴയുടെയും.

ഹാശിമിയ്യ വി
10 സി ജി.എച്ച്.എസ്.എസ്.കടുങ്ങപുരം
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ