ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/ജൂനിയർ റെഡ് ക്രോസ്-18

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. ഈ വർഷം പത്താം തരത്തിൽ പഠിക്കുന്ന 17 ജെ.ആർ.സി. കുട്ടികൾ സി.ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടി.

പ്രവർത്തനങ്ങൾ 2017-18

വെള്ളിയാഴ്ച തോറും സ്കൂളിൽ ആചരിച്ചുവരുന്ന ഡ്രൈഡെ വിജയിപ്പിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നു. സ്കൂളിൽ നടന്നുവന്ന വിവിധ മീറ്റിംഗുകളിലും യോഗങ്ങളിലും ആവശ്യമായ സഹായമെത്തിക്കുന്നതും ജെ.ആർ.സി. അംഗങ്ങളുടെ നേതൃത്വത്തിലാണ്.

ഒരു ചോദ്യം ഒരു ഉത്തരം

സ്കൂളിലെ ജെ.ആർ.സി. യൂണിറ്റ് സ്വതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ ബോധവൽക്കരണ യാത്രയാണ് ഒരു ചോദ്യം ഒരു സമ്മാനം. സ്വതന്ത്ര്യചരിത്രവുമായി ബന്ധപ്പെട്ട ലളിതമായ ചോദ്യങ്ങൾ നൽകി ഉത്തരം പറയുന്നവർക്ക് മിഠായികളും ബോധവൽക്കരണ നോട്ടീസും നൽകി. കടകളിലും വീടുകളിലും സ്നേഹോഷ്മളമായ സ്വീകരണമാണ് യാത്രാ സംഘത്തിന് ലഭിച്ചത്. നാട്ടിൽ വർഗീയതയും അസമാധാനവും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഇന്ത്യയുടെ അടിസ്ഥാനങ്ങളായ മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കുക എന്നതായിരുന്നു ബോധവൽക്കരണ യാത്രയുടെ ലക്ഷ്യം.

ജെ.ആർ.സി അംഗങ്ങൾ നൽകിയ മധുര പലഹാരവും സന്ദേശ ലഘുലേഖയും ജനങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. എം. അബ്ദുൽ മുനീർ, ടി.അബ്ദുൽ റഷീദ്, കെ.പി മുഹമ്മദ് സാലിം ,കെ.മധുസൂദനൻ ,കെ.അബ്ദുൽ ജലീൽ, സി.കെ അബ്ദുൽ ലത്തീഫ് ഹബീബ് വരിക്കോടൻ, പി.കെ സി ജി എന്നിവർ നേതൃത്വം നൽകി.

പകർച്ചവ്യാധിക്കെതിരെ ബോധവൽക്കരണം

മഴക്കാലത്തോടനുബന്ധിച്ച് പടർന്ന് പിടിക്കാറുള്ള വിവിധ രോഗങ്ങൾക്കെതിരെ മുൻകരുതലെടുക്കാനും വൃത്തിയും വെടിപ്പുള്ള ചുറ്റുപാടുകൾ സൃഷ്ടിക്കാനും പ്രേരിപ്പിച്ചുകൊണ്ട് ജെ.ആർ.സി. അംഗങ്ങൾ പ്രദേശത്തെ വീടുകൾ തോറും കയറി ഇറങ്ങി നടത്തിയ ബോധവൽക്കരണം നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി.