ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പഠനാനുബന്ധ പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ്
വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതികസൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർഥികളെക്കൂടി പങ്കാളികളാക്കേണ്ടതുണ്ടല്ലോ. ഹൈടെക്ക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതിക വിദ്യാധിഷ്ഠിതമാകുന്നതോടെ അധ്യാപൿക്കൊപ്പം വിവരനിർമിതിയിലും നടത്തിപ്പിലും വിദ്യാർഥികളെയും പങ്കാളികളാക്കുക, കുട്ടികളുടെ സാങ്കേതികജ്ഞാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലത്തിൽ പ്രവർത്തിക്കുന്ന ഐ.സി.ടി കൂട്ടായ്മയാണ് ലിറ്റിൽകൈറ്റ്സ്. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായാണ് പൊതുവിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ രൂപീകരിക്കുന്നത് സ്റ്റുഡൻസ് പോലീസ് കേഡറ്റ് മാതൃകയിൽ, ഒരു അധ്യാപകന്റെയും അധ്യാപികയുടെയും മേൽനോട്ടത്തിൽ സ്കൂൾ യുണിറ്റ് പ്രവർത്തിക്കുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും ജനുവരി മാസത്തിൽ ഒരു അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കപ്പെടുന്ന 20 മുതൽ 40 വരെ കുട്ടികളെയാണ് ഒരു യൂണിറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നിർദ്ദേശിക്കപ്പെട്ടവിധം പരീക്ഷ നടത്തി 28 വിദ്യാർഥികളെ ചേർത്ത് ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് അംഗീകാരം നേടിയെടുക്കാനായി (Registration No. LK/2018/18017). ഇതിന്റെ ഭാഗമായി കൈറ്റ് മാസ്റ്റർ എന്നറിയപ്പെടുന്ന അധ്യാപകനും കൈറ്റ്മിസ്ട്രസ് എന്നറിയപ്പെടുന്ന അധ്യാപികക്കും അവധിക്കാലത്ത് പരിശീലനം ലഭിച്ചു. സ്കൂൾ ആരംഭിച്ചതിന് ശേഷം ലിറ്റിൽ കൈറ്റ്സിൽ പങ്കാളികളായ കുട്ടികൾക്ക് ഒരു ദിവസത്തെ വിദഗ്ദപരിശീലനവും നൽകി. മലപ്പുറം സബ്ജില്ലാ മാസ്റ്റർ ട്രൈനർ മുഹമ്മദ് മാഷ് പരിശീനത്തിന് നേതൃത്വം നൽകി. പരിശീലനപരിപാടികൾ എച്ച്.എം. ഗിരിജ ടീച്ചർ നിർവഹിച്ചു. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണിമുതൽ 5 മണിവരെ മാസത്തിൽ 4 മണിക്കൂർ പരിശീലന പരിപാടികൾ നടന്നുവരുന്നു.
ജെ.ആർ.സി
വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. ഈ വർഷം പത്താം തരത്തിൽ പഠിക്കുന്ന 17 ജെ.ആർ.സി. കുട്ടികൾ സി.ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടി.
എസ്.പി.സി.
സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അനുമതി ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് ഈ വർഷം പരിശീലനത്തിനായി തെരഞ്ഞെടുത്തത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.
എസ്.പി.സി.യുടെ കീഴിൽ നടത്തിയ പ്രവർത്തനങ്ങൾ
- പ്രദേശത്തെ പ്രളയബാധിത വീടുകൾ സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേഴ്സിനോടൊപ്പം
പെൺകുട്ടികൾക്ക് വേണ്ടിയുള്ള കളരി പരിശീലനം
ആർ.എം.എസ്.എ യുടെ കീഴിൽ പെൺകുട്ടികൾക്കുള്ള സ്വയരക്ഷ പദ്ധതിയുടെ ഭാഗമായി ഒമ്പതാംക്ലാസിലെ പെൺകുട്ടികൾ കളരി പരിശീലനം നടന്നുവരുന്നു. ഇരുമ്പുഴിഎ.പി.ഐ.എം കളരി സംഘം മൌയ്തീൻ കുട്ടി ഗുരുക്കളുടെ കീഴിലാണ് 50 അംഗ സംഘം പരിശീലനം നേടിയത്. രണ്ട് ബാച്ചുകൾ ഇതിനകം പരിശീലനം നേടി.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവർത്തിക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ
ക്ലബ്ബ് പ്രവർത്തനങ്ങൾ
പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ വിപുലമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലയമായി കൊണ്ടാടാറുണ്ട്.
എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, ഐ.ടി ക്ലബ്ബ് (ലിറ്റിൽ കൈറ്റ്സ്).
എന്നിവയാണ് പ്രധാനപ്പെട്ട ക്ലബ്ബുകൾ.
പഠനശാക്തീകരണ പദ്ധതികൾ
ഒ.ആർ.സി.
സ്മാർട്ട് 40 ത്രിദിന ക്യാമ്പ്
മൂന്ന് ദിവസം നീണ്ടുനിന്ന സ്മാർട്ട് 40 സഹവാസ ക്യാമ്പ് (16-3-2018 മുതൽ 18-3-2018 വരെ) സമാപിച്ചു. സംയോജിത ശിശുവികസന പദ്ധതിയുടെ ആഭിമുഖ്യത്തിൽ ഒ.ആ.സി.യുടെ നിർദ്ദേശമനുസരിച്ച് നടത്തപ്പെട്ട ക്യാമ്പിന് സ്കൂൾ ഒ.ആർ.സി. കോർഡിനേറ്റർ ശ്രീമതി സ്നേഹലത ടീച്ചർ നേതൃത്വം നൽകി. 44 കുട്ടികൾ ആദ്യവസാനം പങ്കെടുത്തു. വിവിധ മേഖലയിൽ വിദഗ്ദരായ വ്യക്തിത്വങ്ങൾ ക്ലാസുകൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. 16 ാം തിയ്യതി വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ക്യാമ്പ് ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ഉമർ അറക്കൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസികവും സാമൂഹികവുമായ വളർചക്ക് സഹായകമായ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുത്തു. അധ്യാപകളും രക്ഷിതാക്കളും ഊഴമനുസരിച്ച് വിദ്യാർഥികളോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെ ക്യാമ്പ് ഹൃദ്യവും പ്രയോജനപ്രദവുമായി കുട്ടികൾ അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിലൊന്നാണ്. ജി.എച്ച്.എസ് ഇരുമ്പുഴി. വളരെ നല്ല നിലയിൽ ഒ.ആർ.സി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിർദ്ദേശിക്കപ്പെട്ട മുഴുവൻ പ്രവാർത്തനങ്ങളും ഈ സ്കൂളിൽ നടന്നു.
സ്മാർട്ട് 40 ദ്വിദിന ക്യാമ്പ്
ഓ.ആർ.സി.ക്ക് കീഴിൽ ഈ വർഷം നടന്ന ശ്രദ്ധേയമായ പരിപാടിയാണ്. ഓ.ആർ.സി. സ്മാർട്ട് ഫോർട്ടി ക്യാമ്പ്. നവംബർ 19, 20 (ശനി, ഞായർ) തിയ്യതികളിലായി സ്കൂൾ ഓഡിറ്റോറിയത്തിലും സ്മാർട്ട് റൂമിലുമായി നടന്നു. 19 തിയ്യതി ശനിയാഴ്ച രാവിലെ 8:30 ന് ആരംഭിച്ച പരിപാടി 20 ാം തിയ്യതി ഞായറാഴ്ച വൈകുന്നേരം നാലര മണിയോടെയാണ് അവസാനിച്ചത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് വികസനകാര്യസമിതി ചെയർമാൻ ഉമർ അറക്കലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. വാർഡ് മെമ്പർ സലീന ബഷീർ, പി.ടി.എ പ്രസിഡണ്ട് ബഷീർ, സമീർ മച്ചിങ്ങൽ, ഷാഹുൽ ഹമീദ് സർ, എന്നിവർ പങ്കെടുത്ത് സംസാരിച്ചു. ഹെഡ്മാസ്റ്റർ കരുണാകരൻ എ.പി. സ്വാഗതവും കോർഡിനേറ്റർ സ്നേഹലത ടീച്ചർ നന്ദിയും പറഞ്ഞു.
ശ്രദ്ധ പദ്ധതി
വിദ്യാഭ്യാസ വകുപ്പ് തന്നെ 2017-18 വർഷം മുതൽ 3ാം തരം മുതൽ 8ാം തരം വരെ കുട്ടികളുടെ പഠനപിന്നാക്കാവസ്ഥ നിൽക്കുന്ന വിദ്യാർഥികൾക്കായി ശ്രദ്ധ എന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നു. ശ്രദ്ധ പദ്ധതി അതിന്റെ പൂർണമായ തികവോടെ സ്കൂളിൽ നടന്നു. ഈ പദ്ധതി വരുന്നതിന് മുമ്പെ അമൃതം എന്ന പേരിട്ട് പിയർഗ്രൂപ്പ് പഠനപദ്ധതി സ്കൂളിൽ കഴിഞ്ഞ വർഷങ്ങളിൽ വിജയകരമായി നടന്നിരുന്നു. കൂടുതൽ കാര്യക്ഷമമായും നടപ്പാക്കിയ പദ്ധതി പിന്നാക്കം നിൽക്കുന്ന കുട്ടികളിൽ പുതിയ ഉണർവിന് കാരണമായതായി വിലയിരുത്തപ്പെട്ടു.
എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി നേടിക്കൊടുക്കാനുള്ള പരസപര പഠനസാഹായ പദ്ധതിയായിരുന്നു അമൃതം പദ്ധതി. ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണിത് നടന്നുവന്നിരുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ എഴുത്തും വായനയും വേണ്ടവിധം വികസിക്കാത്ത കുട്ടികളായിരുന്നു ഇതിന്റെ ഉപഭോക്താക്കൾ. കണക്കിലെ അടിസ്ഥാന ക്രിയകളും പോലും ചെയ്യാൻ കഴിയാതിരിരുന്ന ഇത്തരം കൂട്ടികൾ നിരന്തരമായ മോട്ടിവേഷന്റെ ഫലമായി ഈ അവസരം സ്വയം പ്രയോജനപ്പെടുത്താൻ മുന്നോട്ട് വന്നുവെന്നതായിരുന്നു ഉണ്ടായമാറ്റം.
നവപ്രഭ പദ്ധതി
ഒമ്പതാം ക്ലാസിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ശാക്തികരിക്കുന്നതിനായി ഗവ. തലത്തിൽ തന്നെയുള്ള സംവിധാനമാണ് നവപ്രഭ. കഴിഞ്ഞ വർഷം ഒട്ടേറെ പ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നു. കൂട്ടികളെ കണ്ടെത്താൻ പ്രത്യേക ടെസ്റ്റ് നടത്തി. തെരഞ്ഞെടുത്ത കൂട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പ്രത്യേക പരിശീലനം. സൌജന്യ ടൂർ എന്നിവ നടന്നു. ലഘുഭക്ഷണം സൌജന്യമായി നൽകിയാണ് ഈ ക്ലാസുകൾ നടന്നുവന്നിരുന്നത്. ഈ പദ്ധതിയും തുടർന്നുവരുന്നു.
ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ
സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളെ സ്കൂളിന്റെ സാധാരണ മുഴുവൻ പ്രവർത്തനങ്ങളിലും പങ്കാളികളാക്കുന്നതിന് പുറമെ അവർക്കായി പ്രത്യേക പരിഗണയും നൽകിവരുന്നു. അതിന്റെ ഭാഗമായി അത്തരം കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ചില പരിശീലന പരിപാടികളും സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി.
കുടനിർമാണ പരിശീലനം
2017 ഡിസംബറിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി കുടനിർമാണ പരിശീലനം സ്കൂളിൽ സംഘടിപ്പിച്ചു. പത്ത് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളമാണ് പരിശീലനത്തിൽ പങ്കെടുത്ത് കുട നിർമാണം പഠിച്ചത്. തയ്യാറാക്കിയ കുടകൾ അധ്യാപകർ വിലകൊടുത്ത് വാങ്ങി.
മാഗസിൻ നിർമാണം
ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാവാസനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശലഭവർണങ്ങൾ എന്ന ഒരു മാഗസിൻ പുറത്തിറക്കി. അധ്യാപകന്റെ മേൽനോട്ടത്തിൽ മാഗസിന്റെ പൂർണമായ പ്രവർത്തനങ്ങളും കുട്ടികൾതന്നെയാണ് ചെയ്തത്. അംസംബ്ലിയിൽ അത് പ്രധാനാധ്യാപിക പ്രകാശനം ചെയ്യുകയും പങ്കെടുത്തവർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുകയുമുണ്ടായി.
കായിക മത്സരങ്ങൾ
വികലാംഗ ദിനത്തോടനുബന്ധിച്ച് മലപ്പുറത്ത് വച്ച് നടന്ന കായിക മത്സരത്തിൽ പങ്കെടുത്ത് വിജയികളായ ഭിന്നശേഷി വിദ്യാർഥികൾക്ക് പൊതുവേദിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.
വിനോദയാത്ര
ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരുടെയും സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട മറ്റുകുട്ടികളോടൊപ്പം നിലമ്പൂർ തേക്ക് മ്യൂസിയത്തിലേക്ക് വിനോദയാത്ര നടത്തിയത് കുട്ടികൾക്ക് ഒട്ടേറെ പുതിയ പാഠങ്ങൾ നൽകി. മലപ്പുറത്തെ ഒരു സഹൃദയൻ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും വഴിയിൽ വെച്ച് ഇളനീർ വാങ്ങിനൽകിയത് ഹൃദ്യമായ ഒരു അനുഭവവും സ്കൂളിനോടുള്ള പൊതുസമൂഹത്തിന്റെ ആദരവുമായി പരിഗണിക്കപ്പെട്ടു.
വിജയഭേരി
സ്കൂളിൻ്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ ഉന്നതവിജയം നേടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്ന വിജയഭേരി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിൻ്റെ കീഴിൽ വിവിധ പരിപാടികൾ നടത്തി. സ്കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പായി നടത്തുന്ന ഒരു ദിവസം നീണ്ടുനിൽക്കുന്ന മോട്ടിവേഷൻക്ലാസ്. സ്കൂൾ ആരംഭിച്ചതിന് ശേഷം രക്ഷിതാക്കളുടെ വിപുലമായ മീറ്റിംഗ്, ജൂൺമാസത്തിൽ തന്നെ ആരംഭിക്കുന്ന രാവിലെയും (9-9:45) വൈക്കുന്നേരം സ്കൂൾ വിട്ടതിന് ശേഷവും(4-4:45) പഠനനിലവാരം തിരിച്ചുള്ള പ്രത്യേക കോച്ചിംഗ് ക്ലാസുകൾ, പത്ത് വിദ്യാർഥികളെ തരംതിരിച്ച് അധ്യാപകരെ ഏൽപിച്ചുള്ള നിരീക്ഷണം, ഗൃഹസന്ദർശനങ്ങൾ, പരീക്ഷയോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളിലെ നാട്ടുകാരുടെ സഹായത്തോടെ നടത്തുന്ന പഠനമൂലകൾ, അന്നേ ദിവസങ്ങളിൽ സ്കൂളിൽ വെച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവയാണ് പത്താം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചുള്ള വിജയഭേരി പരിപാടികൾ.
കാരുണ്യസഹായ നിധി
അധ്യാപകരുടെയും വിദ്യാർഥികളുടെയും പിന്തുണയാൽ കഴിഞ്ഞവർഷങ്ങളിൽ ഒരു ലക്ഷത്തോളം രൂപയുടെ സേവനപ്രവർത്തനങ്ങളാണ് ഇതിലൂടെ സ്കൂൾ നടത്തിയത്. പ്രയാസപ്പെടുന്ന കുട്ടികളെ കണ്ടെത്തി വളരെ രഹസ്യമായി സഹായമെത്തിക്കുന്ന സംവിധാനമാണിത്. അകാലത്തിൽ രക്ഷിതാക്കൾ മരണപ്പെട്ട നിർദ്ധനരായ വിദ്യാർഥികൾക്കും ഇതിന്റെ ഫലം ലഭിക്കുകയുണ്ടായി. ഈ വർഷം മുതൽ കൂടുതൽ കാര്യക്ഷമമായി ഈ പ്രവർത്തനം നടത്താനുള്ള മുന്നൊരുക്കങ്ങൾ ചെയ്തുവരുന്നു.
- 2018-19 അധ്യായന വർഷത്തിൽ പ്രളയക്കെടുതികൾ മൂലം പഠനോപകരണങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്കായി ശേഖരിച്ച പഠനോപകരണങ്ങൾ ജില്ലാ കളക്ടറെ ഏൽപിച്ചു.
- പരിസര പ്രദേശത്തുള്ള ഒരു വൃക്കരോഗിയുടെ ചികിത്സക്കായി 18000 രൂപ ശേഖരിച്ചു നൽകി.
സ്കൂളിന്റെ ഹൈടെക് വൽക്കരണം
അക്കാദമിക മികവിലൂടെ വിദ്യാലയ മികവ് എന്ന മുദ്രാവാക്യവുമായി നടപ്പാക്കുന്നവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45000 ക്ലാസുമുറികൾ ഹൈടെക് ആക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന് കേട്ടപ്പോൾ തന്നെ അതിനാവശ്യമായ ഭൌതിക സംവിധാനമൊരുക്കാൻ ആദ്യഘട്ടത്തിൽ തന്നെ മുന്നോട്ട് വന്ന് അത് വിജയകരമായി പൂർത്തീകരിച്ച ജില്ലയിലെ അപൂർവ്വം സ്കൂളുകളിലൊന്നാണ് ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ.
ആവേശകരമായ തുടക്കം
സർക്കാരിന്റെ ഈ പദ്ധതി പ്രഖ്യപിച്ച ഉടനെ വിളിച്ചുചേർക്കപ്പെട്ട രക്ഷിതാക്കളുടെ യോഗത്തിൽ, രക്ഷിതാക്കളൊന്നടങ്കം അതിന് പുർണപിന്തുണ പ്രഖ്യാപിക്കുകയും രക്ഷിതാക്കളിൽനിന്നും പൂർവ്വവിദ്യാർഥികൾ സന്നദ്ധസംഘടനകൾ എന്നിവരിൽ നിന്നും ആവശ്യമായ ഫണ്ട് ശേഖരിക്കാൻ മുന്നോട്ട് പോകുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കകം തന്നെ മുഴുവൻ ക്ലാസുമുറികളും പഴയ വൈദ്യുതി ലൈനുകൾ നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കുകയും ക്ലാസുമുറികൾ പെയിന്റ് ചെയ്യുകയും ആവശ്യമായ ഫാനുകൾ ലൈറ്റുകൾ കർട്ടനുകൾ എന്നിവ സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ ആദ്യഘട്ടത്തിൽ തന്നെ പ്രവർത്തിക്കുന്ന മുഴുവൻ ക്ലാസുമുറികളും ഹൈസ്കൂൾ സജ്ജീകരിച്ചു. അതോടൊപ്പം തന്നെ ഹയർസെക്കണ്ടറി വിഭാഗം മൂന്ന് ബാച്ചിലായി വരുന്ന 6 ക്ലാസുമുറികളും ഹൈടെക്ക് സംവിധാനത്തിനായി തയ്യാറാക്കി.
മുഴുവൻ ക്ലാസുമുറികളും ഹൈടെക് ആക്കി
കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് വരെ ഒരു മാസത്തോളം ഹൈടെക് ക്ലാസുമുറികൾ ഉപയോഗിക്കാൻ ഇതിലൂടെ അവസരം ലഭിച്ചു. ആദ്യഘട്ടത്തിൽ ലഭിച്ച അഞ്ച് പ്രൊജക്ടറുകളും അനുബന്ധ സൌകര്യങ്ങളും നേരത്തെ തന്നെ ഉപയോഗപ്പെടുത്തുകയും. തുടർന്ന് വെക്കേഷൻ കാലയളവിൽ ലഭിച്ച മുഴുവൻ ഉപകരണങ്ങളും ജൂൺ മാസത്തിന് മുമ്പ് തന്നെ ക്ലാസുമുറികളിൽ സജ്ജീകരിക്കുകയും ചെയ്തു. നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. ക്ലാസുമുറികളുടെ ഔദ്യോഗികമായ ഉദ്ഘാടനകർമം പിന്നീട് മലപ്പുറം എം.എൽ.എ. ശ്രീ ഉബൈദുല്ല വിപുലമായ ചടങ്ങിൽ നിർവഹിക്കുകയുണ്ടായി.
മികവുത്സവ കലാജാഥ
പൊതുവിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി കേരള ഗവ. പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ച മികവുത്സവ കലാജാഥ വൈവിധ്യമാർന്ന പരിപാടികളോടെ വിപുലമായി നടത്തി. ആനക്കയത്ത് നിന്ന് തുടങ്ങി വടക്കുംമുറിയിൽ അവസാനിച്ച കലാജാഥ 7 കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പരിപാടികൾ അവതരിപ്പിച്ചു. ഗാനമേള സ്കൂളിന്റെ മികവുകളുടെ ഡോക്യൂമെന്ററി പ്രദർശനം ഓരോ പ്രദേശത്തെയും രാഷ്ട്രീയ സാസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരുടെ പ്രഭാഷണം എന്നിവ ഉണ്ടായിരുന്നു. കലാപരിപാടികൾ പൂർണമായും നിയന്ത്രിച്ചത് വിദ്യാർഥികളായിരുന്നു. കലാജാഥക്ക് ഷരീഫ്, എച്ച്. എം. എൻ ഗിരിജ, സ്റ്റാഫ് സെക്രട്ടറി മുനീർ എന്നിവർ നേതൃത്വം നൽകി അധ്യാപികമാരും അധ്യാപകരും ജാഥയെ അനുഗമിച്ചു. ആനക്കയത്ത് വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് പി.ടി. സൂനീറ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങൾ എം.ടി.എ പ്രസിഡണ്ട് ശബ്ന എന്നിവർ സംബന്ധിച്ചു. പെരിമ്പലത്ത് വെച്ച് ഹംസ മാഷ് സംബന്ധിച്ച് സംസാരിച്ചു. ശേഷം ഇരുമ്പുഴി, കരിഞ്ജീരിപറമ്പ്, വളാപറമ്പ് എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിക്കുകയും വിവിധ സ്ഥലങ്ങളിൽ അതാത് പ്രദേശത്തെ വാഡ് മെമ്പർമാർ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. വളാപറമ്പിൽ വാഡ് മെമ്പറും പി.ടി.എ പ്രസിഡണ്ടുമായ യു. മൂസ സംസാരിച്ചു. വടക്കുമുറിയിൽ വെച്ച് നടന്ന സമാപനത്തിൽ മൊയ്തീൻ മാസ്റ്റർ മുഹമ്മദ് മാസ്റ്റർ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.
അക്കാഡമിക് മാസ്റ്റർ പ്ലാൻ പുറത്തിറക്കി
ഏതൊരു സ്ഥാപനത്തിന്റെയും നിലനിൽപ്പിനും പുരോഗതിക്കും സമഗ്രമായ ഒരു ആസൂത്രണ രേഖ ആവശ്യമുണ്ട്. വ്യക്തമായ ലക്ഷ്യം നിർണയിച്ചുകൊണ്ടുള്ള ആ മാർഗരേഖയാണ് അക്കാഡമിക് മാസ്റ്റർ പ്ലാനിലൂടെ ഉദ്ദേശിക്കുന്നത്. ദീർഘനാളത്തെ കൂടിയാലോചനക്കും ചർചകൾക്കും ശേഷം സ്കൂൾ പുറത്തിറക്കിയ വിഷൻ 100 വിദ്യാഭ്യാസ വികസന രേഖ മികവ് എന്ന പേരിൽ മലപ്പുറം എം. എൽ. എ. ശ്രീ ഉബൈദുല്ല പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വാർഡ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.ടി സുനീറ, പി.ടി.എ. പ്രസിഡണ്ട് യു. മൂസ, പ്രധാനാധ്യാപക ഗിരിജ, പ്രിൻസിപ്പൾ അനിൽ എന്നിവർ സംസാരിച്ചു.
ദിനാചരണങ്ങൾ
സുപ്രധാനമായ ഏതാണ്ടെല്ലാ ദിനാചരണങ്ങളും സ്കൂളിൽ കൊണ്ടാടാറുണ്ട്. ജനുവരി 26 - റിപ്പബ്ലിക് ദിനം, ജനുവരി 30 - രക്തസാക്ഷി ദിനം, ജൂൺ 5 - ലോക പരിസ്ഥിതി ദിനം, ജൂൺ 19 - സംസ്ഥാന വായനദിനം, ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം, ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം, ജൂലൈ 11 - ലോക ജനസംഖ്യാ ദിനം, ആഗസ്റ്റ് 6 - ഹിരോഷിമ ദിനം, ഓഗസ്റ്റ് 15 സ്വതന്ത്ര്യദിനം, സെപ്തംബർ 5 - ദേശീയ അധ്യാപകദിനം, സെപ്തംബർ 21 - ലോക സമാധാന ദിനം, ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം, നവംബർ 1 - കേരളപ്പിറവി ദിനം, ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം... എന്നീദിനങ്ങൾ സ്കൂളിൽ ആചരിക്കുന്നവയിൽ പ്രധാനമാണ്.
ആഘോഷദിനങ്ങൾ
ഒാണം, ഈദ്, ക്രിസ്തുമസ് എന്നീ ആഘോഷങ്ങളും സ്കൂളിൽ ആചരിച്ചുവരുന്നു. ഓണാഘോഷം വിപുലമായ തോതിൽ കൊണ്ടാടുന്നു. വടംവലി, സ്പൂൺറൈസ്, പൊട്ടാറ്റൊഗാതറിംഗ്, പോട്ട് ബ്രെയ്കിംഗ്, സുന്ദരിക്ക് പൊട്ടുവരക്കൽ എന്നിവ മത്സര ഇനങ്ങളിൽ ചിലതാണ്. ഓണപ്പാട്ടുകളും പൂക്കള മത്സരവും നടത്താറുണ്ട്.
|- |}