ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ചരിത്രം

കോഴിക്കോട് ജില്ലയിലെ ചോറോട് പഞ്ചായത്തിലെ എട്ടാം വാർഡിലാണ് ചോറോട് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1960 സെപ്റ്റംബർ 20ന് വി കൃഷ്ണ കുറുപ്പ് പ്രസിഡന്റ്‌ ആയി രൂപീകരിച്ച കമ്മിറ്റിയുടെ പ്രവർത്തനത്തോടെയാണ് സ്കൂളിന്റെ ആരംഭം. 1974ജൂലൈ 19ന് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1974 സെപ്റ്റംബർ 3നാണു സ്കൂൾ ആരംഭിച്ചത്. ഹൈസ്കൂളിനാവശ്യമായ സ്ഥലം നൽകിയത്, കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്‌ കൂടിയായ മഠത്തിൽ പി കെ അമ്മത് ഹാജിയാണ്. കുരിക്കിലാട് യു പി സ്കൂൾ മാനേജർ താഴെ പുതിയോട്ടിൽ രൈരു കുറുപ്പ് മാസ്റ്റർ വാടകയില്ലാതെ വിട്ടുതന്ന ഷെഡ്‌ഡിലാണ് ആദ്യമായി ക്ലാസ്സ്‌ തുടങ്ങിയത്. പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന സ്കൂളിൽ ആദ്യവർഷം 27 കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്.

1974 സെപ്റ്റംബർ 16ന് ഡി പി ഐ ആർ രാമചന്ദ്രൻ നായർ സ്കൂളിന്റെ പ്രവർത്തനം ഔപചാരികമായി ഉദ്ഘാടനം  ചെയ്തു. ഈ സ്കൂൾ സ്ഥാപിക്കുന്നതിനും അതിന്റെ സർവ്വതോൻമുഖമായ വളർച്ചയ്ക്കും നേതൃത്വം നൽകിയത് വി പി ഗോപാലൻ മാസ്റ്റർ, പി കേളു കുറുപ്പ്, പുതുക്കുടി ചാത്തു ഗുമസ്തൻ, കപ്പച്ചേരി ബാലകൃഷ്ണ കുറുപ്പ്, കെ കെ കണ്ണൻ മാസ്റ്റർ, പുള്ളോട് നാരായണൻ നമ്പ്യാർ, തച്ചർ കണ്ടി കുഞ്ഞിരാമ കുറുപ്പ്, പി പി കുഞ്ഞികൃഷ്ണ കുറുപ്പ്, ടി. ബാലകൃഷ്ണൻ, പരന്തിലാട്ട് രാമകുറുപ്പ് എന്നിവരാണ്. ഹൈസ്കൂൾ ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത് 1983സെപ്റ്റംബർ 3നാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ പരേതനായ ശ്രീ ടി എം ജേക്കബ് ആണ് കെട്ടിടോദ്ഘാടനം നടത്തിയത്. ഈ സ്ഥാപനം ഹയർ സെക്കന്ററി സ്കൂൾ ആയി മാറിയത് 2000-2001 അധ്യയന വർഷത്തിലാണ്. കുരിക്കിലാട്, വൈക്കിലശ്ശേരി, മാങ്ങോട്ടുപാറ, ചോറോട്, ഓർക്കാട്ടേരി, മുയിപ്ര, കുറഞ്ഞാലിയോട്, മയ്യന്നൂർ, വില്ല്യാപ്പിള്ളി, കാർത്തികപ്പള്ളി, കൂട്ടങ്ങാരം, മുതലായ സ്ഥലങ്ങളിലെ വിദ്യാർഥികളാണ് പ്രധാനമായും ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്നത്.

ഒരു കുട്ടിയുടെ എല്ലാതലത്തിലും ഉള്ള കഴിവുകൾ കണ്ടെത്തുവാനും വളർത്താനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുമ്പോഴാണ് ഒരു വിദ്യാലയം മെച്ചപ്പെട്ട വിദ്യാലയമായി മാറുന്നത്. പുതിയ പാഠ്യപദ്ധതി അനുസരിച്ച് പഠനം കാര്യക്ഷമവും അർത്ഥപൂർണവും ആക്കുന്നതിനു വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഒരുക്കിയാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയം ആയത്.

ജി എച്ച് എസ് എസ് ചോറോട്