ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ കൊവിഡും ചില കാണാ ചരടുകളും

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡും ചില കാണാ ചരടുകളും

കൊറോണ അഥവാ കോവിഡ് 19 .പത്രക്കെട്ടുകളിൽ ഈ പേരില്ലാത്ത ഒരു പേജു പോലുമുണ്ടാവില്ല .ലോക ജനതയെ മുഴുവൻ ഭീതിയിലാഴ്ത്തികൊണ്ട് കാട്ടുതീ പോലെ അമേരിക്കയിലും ചൈനയിലും ഇറ്റലിയിലും പടർന്നു പിടിച്ച വൈറസ് ബാധയാണ്. പതിവുപോലെ നമ്മൾ മലയാളികൾ ഇവിടെയും ഒറ്റക്കെട്ടായി പടപൊരുതുകയാണ് .പ്രശ്നങ്ങളിൽ മാതൃകാപരമായി ഐക്യത്തോടെ നേരിടാൻ നമ്മൾ ഒട്ടും പിറകിലല്ല. നിപ്പയെയും പ്രളയത്തെയും അതിജയിച്ച നമ്മൾ തീർച്ചയായും ഈ മഹാമാരിയെയും അടിയറവു പറയിക്കും.

    പ്രകൃതിയെ സ്നേഹിച്ച മനുഷ്യനും തിരിച്ചു സ്നേഹിച്ച പ്രകൃതിയും ആയിരുന്നു കുറച്ചു മുമ്പ് .എന്നാൽ അടിക്കടി നമുക്ക് കിട്ടുന്ന എട്ടിൻ്റെ പണികൾ എന്തോ പറയാൻ ശ്രമിക്കുന്നില്ലേ എന്നൊരു തോന്നൽ. ഭൂമിയിൽ രക്തം ചിന്തുകയും പ്രകൃതിയെ താറുമാറാക്കുകയും ചെയ്യുമ്പോൾ മൗനിയായി ഒരു പാട് സഹിച്ച ഭൂമി ചെറുതായി പരീക്ഷിച്ചതാണ് കഴിഞ്ഞ 2 പ്രളയങ്ങൾ. അപ്പോൾ ജാതി- മത - വർഗ - ചിന്തകൾക്കതീതമായി എല്ലാം മറന്ന് കൈ പിടിച്ച് കരകയറിയവരാണ് നാം .എന്നാൽ വെള്ളമിറങ്ങിയപ്പോൾ വീണ്ടും പഴയപടി .പ്രകൃതിയെ വിഡ്ഢിയാക്കുകയാണോ? കുടിനീരിനെ ഊറ്റിവലിച്ച് കുപ്പിയിലാക്കിയില്ലേ .... വയലുകൾ മണ്ണിട്ട് മൂടിയില്ലേ .. മാമലകൾ നിലംപരിശാക്കിയില്ലേ ... പ്രകൃതി അമ്മയാണു പോലും ,വേദനിക്കുന്ന മാതൃഹൃദയത്തെ മറന്നതാണോ ? അതോ കണ്ടില്ലെന്ന് നടിച്ചതോ ...
            സഹ്യനും അറബിക്കടലും ആവോളം വിരുന്നൂട്ടി ആവശ്യാനുസരണം ജീവിതം നമ്പർ വൺ ആക്കിയിട്ടും ആർത്തി മൂത്ത്  പിന്നെയും പിന്നെയും മോഷ്ടിച്ചെടുത്തില്ലേ .. ഈ ഭൂമി മുൻഗാമികളിൽ നിന്നും കിട്ടിയ പിതൃസ്വത്തല്ല. വരും തലമുറയോട് കടം വാങ്ങിയതാണ് .ഇന്ന് പശ്ചിമ ഘട്ടവും അറബിക്കടലും എന്തിന് ലോകം മുഴുവൻ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് മറ്റൊരു ജന്തുവും ഉത്തരവാദിയല്ല. അങ്ങിങ്ങായി മുഴങ്ങുന്ന ഗ്രെറ്റയുടെയോ കസ്തൂരി രംഗൻ്റെയോ മേധാ പട്കറിൻ്റെയൊ ശബ്ദങ്ങൾ കൊണ്ട് മാത്രം ഈ ഭൂമി ശോഭിക്കില്ല .ഒരിക്കലും!
      എന്നാൽ മനുഷ്യൻ്റെ ആവശ്യങ്ങൾ പരിപൂർണമായി മാറ്റി നിർത്താനാവില്ല .മനുഷ്യവകാശങ്ങൾക്കു വേണ്ടി പ്രകൃതിയിൽ നടത്തുന്ന പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തണം .ഉപയോഗിക്കപ്പെടുന്ന വനസമ്പത്തും മറ്റും പുന: സ്ഥാപിക്കാനും ശ്രമിക്കണം. ഭൂമി ഒരു വില്പനച്ചരക്കായി മാത്രം കാണുന്നവരുണ്ട് .അവരൊരിക്കലും ഈ ജീവ ഗ്രഹത്തിൻ്റെ നിലനില്പിനെക്കുറിച്ചോ ജൈവവൈവിധ്യത്തെക്കുറിച്ചോ ആലോചിക്കില്ല .നമുക്കറിയാം ,കൊറോണ പടർന്നു പിടിച്ച ചൈനയിലെ വുഹാൻ മാർക്കറ്റിനെക്കുറിച്ച് .വന്യ ജീവികളെ ,പാമ്പിനെ ,വവ്വാലിനെ എന്തിന് വംശനാശ ഭീഷണി നേരിടുന്ന ഒട്ടനവധി ജന്തുജാലങ്ങളെ വേട്ടയാടി ഭക്ഷ്യയോഗ്യമാക്കാനും കൈമാറ്റം ചെയ്യാനും ലൈസൻസ് ഉള്ള മാർക്കറ്റാണ് .ഇനി ചിന്തിക്കു.ഈ കൊറോണയും പ്രകൃതിയുടെ പ്രതികാരമല്ലേ... ഭൂമിക്കിണങ്ങുന്ന ഭൂമിയെ സ്നേഹിക്കുന്ന മാനവ സമൂഹമായി മാറാൻ ഒന്നു ശ്രമിച്ചാൽ നമുക്കു പറ്റും .അങ്ങനെ ഈ ഭൂമിയെ ഹരിതാഭമാക്കാം ,നമ്മുടെ സ്വപ്നങ്ങളെയും ...



ഹുദ ഹനാൻ
I X B ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം