ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ഇങ്ങനെയും ചിലർ

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനെയും ചിലർ

ചില ജീവിതങ്ങൾ അങ്ങനെയാണ്. എത്ര മഹാമാരി വന്നാലും സ്വന്തം ജീവിതത്തെ മറന്ന് കടമ ചെയ്യാൻ ഒരുങ്ങി നിൽക്കുന്നവർ.അതേ, ഡോക്ടർമാരും, നഴ്സുമാരും... ചിലപ്പോൾ വൈറസ് ഇവരെ തോല്പിച്ചേക്കാം.പക്ഷേ, അത് ഉയർത്തുന്ന ഭയം ഇവരെ തെല്ലും ആശങ്കപ്പെടുത്താറില്ല. നിപ പോലുള്ള രോഗങ്ങളെ ഇല്ലായ്മ ചെയ്തതിലും ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്.
ലോകം ഇതു വരെ കാണാത്ത സമാനതകളില്ലാത്ത ഒരു ദുരന്തമുഖത്തെയാണ് നേരിടുന്നത്. പ്ലേഗ്, കോളറ, വസൂരി തുടങ്ങിയ മഹാവ്യാധികൾ പല കാലങ്ങളിൽ ലോകത്തെ പിടിച്ചുകുലുക്കിയെങ്കിലും ഇത്രയും ശക്തമായ പരീക്ഷണം നാളിതുവരെ നാം അനുഭവിച്ചിട്ടില്ല .ചൈനയിലെ വുഹാൻ മാർക്കറ്റിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ഈ മഹാമാരി ലോകത്തിൻെറ മുഴുവൻ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കാലമേറെയായില്ല. പാവപ്പെട്ടവനെന്നോ, പണക്കാരനെന്നോ, വലിയവനെന്നോ, ചെറിയവനെന്നോ നോക്കാതെ പിടിപെടുന്ന ഈ മാരക വൈറസ് ലോകമാകെ അക്ഷരാർത്ഥത്തിൽ മരണം വിതയ്ക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തികളായ അമേരിക്ക, ബ്രിട്ടൻ പോലുള്ള രാജ്യങ്ങൾ മരണഭീതിയിൽ കഴിയുന്ന ദയനീയരംഗം നാം മാധ്യമങ്ങളിലൂടെ കണ്ടു കഴിഞ്ഞു.ചൈന, ഫ്രാൻസ് ,ഇറ്റലി പോലുള്ള രാജ്യങ്ങളിൽ ഈ വൈറസ് ധാരാളം പെരുകി ജനങ്ങൾ മരിക്കുമ്പോഴും നാം സുരക്ഷിതരാണെന്ന് നമ്മെ തോന്നിപ്പിക്കുന്നത് ഇവരാണ് ... നമ്മുടെ ആരോഗ്യ പ്രവർത്തകർ. ആരോഗ്യ വകുപ്പ് മന്ത്രിയായ കെ.കെ.ശൈലജ ടീച്ചർ മുതൽ ഇങ്ങേയറ്റത്തുള്ള ശുചീകരണ ജോലിക്കാർ വരെയുള്ളവർ ഒറ്റക്കെട്ടായി ഒരേ മനസ്സോടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിന്റെ ഗുണഫലമാണ് നാമിപ്പോൾ അനുഭവിക്കുന്ന ഈ സുരക്ഷിതത്വം.അമേരിക്ക പോലുള്ള അതിസമ്പന്ന രാജ്യങ്ങളിൽ പോലും കൊറോണ വൈറസ് ബാധയ്ക്കുള്ള ചികിത്സ ചെലവേറിയതാകുമ്പോൾ ഇന്ത്യയിൽ സർക്കാർ ചെലവിൽ സൗജന്യചികിത്സാ സംവിധാനങ്ങളൊരുക്കുന്നു. കോവിഡ് ബാധിതരായ വിദേശ ടൂറിസ്റ്റുകൾ നമ്മൾ നൽകിയ ലോകോത്തര നിലവാരത്തിലുള്ള ചികിത്സയിൽ രോഗശാന്തി നേടി നിറഞ്ഞ സംതൃപ്തിയോടെ നമ്മുടെ ആരോഗ്യ പ്രവർത്തകർക്ക്, ഭരണകൂടത്തിന് നന്ദി പറഞ്ഞ് മടങ്ങുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ വക നൽകുന്ന കാര്യമാണ്.
സമ്പൂർണ ലോക്ക് ഡൗൺപ്രഖ്യാപനത്തിലൂടെ സാമൂഹിക അകലം പാലിക്കണമെന്ന കർശന നിർദ്ദേശം ഇന്ത്യാ ഗവൺമെന്റ് നൽകിയതു വഴി സമ്പർക്കം വഴി കൊ റോണ വൈറസ് പകരാനുള്ള സാധ്യതകൾ പരമാവധി നാം തല്ലിക്കെടുത്തി. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിൽ കഴിയുന്ന നമ്മൾ നമുക്ക് വേണ്ടി പൊരുതുന്ന ആരോഗ്യ പ്രവർത്തകരെ ഓർക്കുന്നത് നന്നായിരിക്കും. ഇവർക്കും വീടും കുടുംബവും മക്കളുമൊക്കെ ഉണ്ട്... ഈസ്റ്ററും വിഷുവുമൊക്കെ ഉണ്ട്. ആരോഗ്യ പ്രവർത്തകരായ അച്ഛനമ്മമാരെ കാത്ത് മുത്തച്ഛനോടും മുത്തശ്ശിയോടും കൂടെ താമസിക്കുന്ന കുഞ്ഞുങ്ങള പറ്റിയുള്ള വാർത്ത ഇന്നലത്തെ പത്രത്തിൽ നമ്മൾ വായിച്ചു... ഇവരല്ലേ ശരിക്കും ദൈവത്തിന്റെ മാലാഖമാർ? നന്മയുടെ കാവലാളുകൾ ...' അവനവനാത്മസുഖത്തിനാചരിക്കുന്നവ- യപരന്നു സുഖത്തിനായ് വരേണ'മെന്ന ഗുരുവചനം ജീവിത വ്രതമാക്കിയവർ ...?
കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള എല്ലാ ആരോഗ്യ പ്രവർത്തകരുടെയും ജീവിതാവസ്ഥകൾ ഈ കാലത്ത് ഇങ്ങനെ തന്നെയാണ്.ഇവരുടെ സേവനങ്ങൾക്കു മുന്നിൽ, ത്യാഗ മനോഭാവത്തിനു മുന്നിൽ ആദരവോടെ ശിരസു നമിക്കുമ്പോഴും നാം നമ്മുടെ കടമകൾ മറന്നു കൂടാ. വ്യക്തി ശുചിത്വം പാലിച്ച്‌, ആൾക്കൂട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി, കൊറോണചങ്ങലയുടെ കണ്ണികളറുത്ത് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താം.ലോക ചരിത്ര പുസ്തകത്തിൽ ഏറ്റവും ഇരുണ്ട അധ്യായമായി വായിക്കപ്പെടുന്ന ഈ കൊറോണക്കാലത്ത് അതിജീവനത്തിന്റെ പ്രകാശം പരത്താം. ഈ കാലവും കടന്നു പോകും....


നവ്യ എസ്
7 F ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം