ജി.എം.എൽ.പി.എ.സ്. എലത്തൂർ/അക്ഷരവൃക്ഷം/മനുഷ്യരും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരും പ്രകൃതിയും

കൊറോണ അഥവാ കോവിഡ് 19 എന്ന പകർച്ചരോഗം മൂലം ലോകത്തിൽ ആയിരക്കണക്കിന് പേരാണ് മരിച്ചുകൊണ്ടിരിക്കുന്നത് . ഇന്ന് നമ്മുടെ നാട്ടിലും ഇതുമൂലം ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും മാസ്കുകൾ ധരിച്ചുമാണ് ഈ രോഗം പകരുന്നത് തടയാനാവുക എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇത്തരത്തിലുള്ള പകർച്ച രോഗത്തെ നാട്ടിൽ പടരുന്നത് തടയാൻ വ‍ൃത്തിയും ശുചിത്തവും പ്രധാനമാണെന്നാണ് മനസ്സിലാവുന്നത്. വൃത്തിയില്ലാത്ത ശരീരത്തിലേക്ക് രോഗം പടർത്തുന്ന രോഗാണുക്കൾ എളുപ്പത്തിൽ വരും. അതുകൊണ്ട് നമ്മൾ ഓരോരുതതരും വൃത്തിയുളളവരായി ജീവിക്കണം. എന്നാൽ നമുക്ക് മാത്രമല്ല നമ്മുടെ വീട്ടിലും നാട്ടിലും ശുചിത്തമുണ്ടെങ്കിലേ രോഗങ്ങളടക്കമുള്ള പ്രശ്നങ്ങളെ ഇല്ലതാക്കാൻ കഴിയൂ. ഈച്ച, കൊതുക് തുടങ്ങിയ ജീവികളൊക്കെയാണ് പകർച്ച രോഗങ്ങളുണ്ടാക്കുന്നത് എന്ന് നമ്മൾ പരിസരപഠനത്തിൽ പഠിച്ചിട്ടുണ്ട്. ഈ ജീവികൾക്ക് മുട്ടയിട്ട് വളരുന്ന തരത്തിൽ നമ്മുടെ പരിസരങ്ങളി‍ൽ ചപ്പുചവറുകളോ മാലിന്യങ്ങളോ കൂട്ടിയിടരുത്. എന്നാൽ നമ്മുടെ നാട്ടിൽ ആളുകൾ ഇക്കാര്യം ശ്രദ്ധിക്കാറില്ല. വഴിയരികിലും ആളൊഴിഞ്ഞ പറമ്പിലും മാർക്കറ്റിലുമൊക്കെ പകർച്ച രോഗങ്ങളുണ്ടാക്കുന്ന ജീവികൾക്ക് വളരാവുന്ന തരത്തിൽ മാലിന്യങ്ങൾ കുന്നുകൂടികിടക്കുന്നത് നമ്മൾ കാണാറുണ്ട്. പുഴയിലും മറ്റും മാലിന്യങ്ങൾ തള്ളുന്ന വാർത്ത പല ദിവസങ്ങളിലും പത്രങ്ങളിൽ വായിക്കാറുണ്ട് . നാട് വൃത്തികേടായാൽ നമുക്ക് വലിയരോഗങ്ങളും മറ്റും ഉണ്ടാകുമെന്ന് ആളുകൾ മനസ്സിലാക്കുന്നില്ല. നമ്മുടെ വീട് പോലെയാണ് നാടുമെന്ന് നമ്മൾ അറിയണം. നല്ല ആരോഗ്യത്തോടെ ജീവിക്കാൻ നമുക്ക് ശുദ്ധമായ ജലവും ഭക്ഷണവും വായുവും ഭൂമിയുമൊക്കെ വേണം. ശുദ്ധമായ വായു ലഭിക്കാതെ ഡൽഹിയിൽ ആളുകൾ പ്രയസപ്പെട്ട കാര്യം നമ്മൾ ചാനലിൽ കണ്ടിരുന്നു. അതേപോലെ ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ബ്രസീലിലെ ആമസോൺ കാടുകളിൽ കാട്ടുതീയുണ്ടായ വാർത്തയും നമ്മൾക്കറിയാം. ഇതിനൊക്കെ കാരണം മനുഷ്യരുടെ പ്രവർത്തികൾ തന്നെയാണ് . ആ കാട്ടുതീയിൽ പെട്ട് വെന്ത് മരിച്ച മൃഗങ്ങളുടെയും പക്ഷികളുടെയും ചിത്രങ്ങൾ വേദനിപ്പിക്കുന്നതായിരുന്നു. നമ്മൾ ജീവിക്കുന്ന പ്രകൃതിയിൽ മനുഷ്യരെ കൂടാതെ മറ്റ് കുറെ ജീവികൾ ഉണ്ട്. പക്ഷികളും മൃഗങ്ങളുമൊക്കെ നമ്മളെപോലെ ഭൂമിയിൽ ജീവിക്കേണ്ടതാണ് . പരിസരശുചിത്തവും പ്രകൃതിയെ സംരക്ഷിക്കുന്ന കര്യങ്ങളുമൊക്കെ നമ്മളിൽ നിന്ന് തുടങ്ങണം. ഒരു വീട്ടിലെ എല്ലാവരും ഈ കാര്യം ശ്രദ്ധിച്ചാൽ ആ വീട് നന്നാവും ഇങ്ങനെ എല്ലാ വീട്ടിലെ ആളുകളും ഇത് മനസ്സിലാക്കിയാൽ ആ നാട് നന്നാവും. നാട് നന്നായാൽ ലോകവും പ്രകൃതിയും നന്നാവും. അതോടെ എല്ലാ ജീവികൾക്കും സന്തോഷമുണ്ടാവും. അതുകൊണ്ട് തന്നെ പരിസരശുചിത്തത്തിൻെറ കാര്യത്തിലും പ്രകൃതി സംരക്ഷണത്തിൻെറ കാര്യത്തിലും വിദ്യാർത്ഥികളായ നമ്മൾ ഒന്നാമതായിരിക്കണം. മുതിർന്ന ആളുകൾക്ക് പോലും മാതൃകയാവാൻ നമുക്കോരോരുതതർക്കും കഴിയണം

വഹജി അഫൈഖ് പി
4 A ജി.എം.എൽ.പി.എ.സ്. എലത്തൂർ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം