ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ ഇങ്ങനെ ഒരവധിക്കാലത്ത് - അനുഭവ കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനെ ഒരവധിക്കാലത്ത്

കോവിഡ് കാലം... എല്ലായിടവും അടച്ചു പൂട്ടിയിരിക്കുന്നു. അധ്യയന വർഷം മുഴുവനാക്കാതെ ലോക്ക്ഡൌൺ എന്ന വിലക്കിലൂടെയുള്ള യാത്രയിലാണ് ഞാൻ. കളിച്ചും രസിച്ചും യാത്രകൾ പോയും നടക്കേണ്ട ഈ കാലത്ത് വീട്ടിൽ അടങ്ങിയൊതുങ്ങി യിരിക്കുകയാണ്. സങ്കടവും സന്തോഷവും നിറഞ്ഞ ദിവസങ്ങളാണിപ്പോൾ. ഉമ്മയുടെ വീട്ടിൽ പോകാൻ പറ്റാത്ത വിഷമമുണ്ട്. എന്നാലും നാട്ടിൽ വീണ്ടും സന്തോഷം വരാൻ വേണ്ടിയാണല്ലോ ഈ തടസങ്ങൾ എന്നാലോചിക്കുമ്പോൾ സന്തോഷവുമുണ്ട്.

ഞങ്ങളുടെ ടീച്ചർ എന്നും ഓരോ പ്രവർത്തനങ്ങൾ ചെയ്യാൻ ചെയ്യാൻ മൊബൈലിൽ അയച്ചു തരും. ഏത് പ്രവർത്തനം ചെയ്യാനും ടീച്ചർ നല്ല പ്രോത്സാഹനം തരുന്നുണ്ട്. ചെയ്‌തത്‌ തെറ്റിയിട്ടുണ്ടെങ്കിൽ അത് എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു തരും. എനിക്ക് ഒരുപാട് ഇഷ്ടമാണ് എന്റെ ടീച്ചറെ.

പിന്നെ വീട്ടിലെ അവസ്ഥ പറയണ്ട. ഇത്താത്തയുടേയും ഇക്കാക്കയുടെയും കൂടെ കളിക്കും. കളിക്കാന്ന് പറഞ്ഞാൽ അത് ഒന്നൊന്നര കളിയായിരിക്കും. ചിലപ്പോൾ കളി കാര്യം ആവും. കളിച്ചു കളിച്ച് തല്ല് ആയി മാറും ഒന്ന് കൊടുത്താൽ രണ്ടെണ്ണം തിരിച്ചു കിട്ടും. എന്നാലും അവരുടെ പുറകിൽ തൂങ്ങിയെ പിന്നേം നടക്കൂ. കളിക്കാനും ചിരിക്കാനും വഴക്ക് കൂടാനും ഇപ്പോൾ അവർ മാത്രമല്ലേ ഉള്ളൂ.

ഇപ്പോൾ റംസാൻ ആണ്. വീട്ടിൽ എല്ലാർക്കും നോമ്പ് ഉണ്ടായിരിക്കും. ഞാൻ മാത്രം നോമ്പ് നോൽക്കില്ല. എന്നാലും ഞാൻ കാര്യമായൊന്നും കഴിക്കില്ല. കാരണം നോമ്പ് തുറക്കാൻ കാത്തിരിക്കും. നോമ്പ് തുറയ്ക്ക് വ്യത്യസ്തമാർന്ന പലഹാരങ്ങൾ ഉണ്ടാക്കും. അത് എല്ലാവരുടെയും കൂടെ ഇരുന്നു കഴിക്കാൻ എന്ത് രാസമാണെന്നോ... !

ഇത്താത്ത അടിപൊളി പൊരിക്കടികൾ ഉണ്ടാക്കും. അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വായിൽ വെള്ളം വരും. നോമ്പില്ലാത്തതിനാൽ ഞാനാണ് അതിന്റെയൊക്കെ ടേസ്റ്റ് ടെസ്റ്റ്‌ ചെയ്ത് പറയുന്ന ആൾ. ഉപ്പുണ്ടോ, മധുരം എങ്ങനെ, എരിവ് കൂടുതൽ ആണോ...? എന്നൊക്ക ചോദിച്ചു കൊണ്ടിരിക്കും. ഉമ്മയുടെ സ്വാദൂറുന്ന വിഭവങ്ങൾ ഉണ്ടാകും. ഒരു ദിവസം പത്തിരി ആണെങ്കിൽ പിറ്റേന്ന് ബിരിയാണി. അടുത്ത ദിവസം ചപ്പാത്തി.. നെയ്‌ച്ചോർ... അങ്ങനെ അങ്ങനെ...

രാത്രി ആയാൽ ഇരുപത് റക്കാത്ത് നിസ്കാരം ഉണ്ടാകും. ഞാൻ ആദ്യത്തെ ദിവസങ്ങളിൽ അവരുടെ കൂടെ നിസ്കരിക്കാൻ നിന്നു. പിന്നെ എന്നെക്കൊണ്ട് പറ്റൂലാന്ന് തോന്നി. ഓരോ റക്കാത്ത് കഴിയുമ്പോഴും ഞാൻ കുഴങ്ങി ഇരിക്കും. നോമ്പ് നോറ്റവരേക്കാൾ ക്ഷീണം ആയിരിക്കും എനിക്ക്. അങ്ങനെ അല്ലറ ചില്ലറ പരിപാടികളുമായിട്ട് കുഴപ്പങ്ങളൊന്നുമില്ലാതെ കോവിഡ് അവധിക്കാലവും റംസാൻ വിശേഷങ്ങളും കടന്നു പോകുന്നുണ്ട്

അസ്‌ലഹ . എം . കെ
2A ജി എം എൽ പി സ്കൂൾ പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - ലേഖനം