ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/കോവിഡ്-19: വേണ്ടത് ഭയമല്ല, ജാഗ്രതയാണ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19: വേണ്ടത് ഭയമല്ല, ജാഗ്രതയാണ്

ഇന്ത്യയെ മാത്രമല്ല ലോക രാഷ്ട്രങ്ങളെയെല്ലാം ഒന്നടങ്കം വിറപ്പിച്ച മഹാവ്യാധി ആണ് കൊറോണ അഥവാ കോവിഡ്-19. പുതിയ കൊറോണ വൈറസ് ചൈനയിലെ ക്യൂബ പ്രവിശ്യ തലസ്ഥാനമായ വുഹാനിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആയിരക്കണക്കിന് ജനങ്ങളുടെ മരണത്തിന് കാരണമായ വൈറസ് ചൈനയിൽ നിന്ന് പിന്മാറിത്തുടങ്ങിയപ്പോഴേയ്ക്കും കോവിഡിന്റെ പുതിയ ആഗോള ആസ്ഥാനമായി യൂറോപ്പ്. മാറി വളരെ വേഗത്തിലുള്ള വൈറസ് വ്യാപനവും കൃത്യമായ മരുന്നിന്റെ ലഭ്യതയില്ലായ്മയും മറ്റു വ്യാധികളിൽ നിന്നും കോറോണയെ തികച്ചും വ്യത്യസ്തമാക്കുന്നു. സാമൂഹിക അകലത്തിലൂടെ മാത്രമാണ് ആരോഗ്യരക്ഷ സാധ്യമാകുക എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്. വൈറസ് വ്യാപനത്തെക്കുറിച് ശരിയായ ധാരണയില്ലാത്തതും വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാത്തതുമാണ് കൊറോണ വൈറസിനെ കൂടുതൽ അപകടകാരിയാക്കുന്നത്. എന്താണ് കൊറോണ വൈറസ്? എങ്ങനെയാണ് ഇത് മറ്റുള്ളവരിലേക്ക് പകരുന്നത്? നമുക്ക് നോക്കാം.

മനുഷ്യർ, മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയ സസ്തിനികളിൽ രോഗകാരിയാകുന്ന ഒരു കൂട്ടം RNA വൈറസുകളാണ് കൊറോണ എന്നറിയപ്പെടുന്നത്. ഗോളാകൃതിയിലുള്ള കൊറോണ വൈറസിൽ നിന്നും ഉയർന്ന് നിൽക്കുന്ന പ്രോട്ടീനുകൾ കാരണമാണ് 'കിരീടം' എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് ഇവയ്ക്ക് ലഭിക്കാൻ കാരണം. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന സൂണോസിസ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഇവ സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വാസന തകരാറും വരെ മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാതശിശുക്കളിലും ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്ക് ഇവ കാരണമാകുന്നു.

മുഖ്യമായും ശ്വാസനാളിയിലാണ് കൊറോണ വൈറസ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയും ഒക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ SARS ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണം വരെ സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം സംഭവിച്ച നോവൽ കൊറോണ എന്ന വൈറസ് ആണ്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അപകടരഹിതമാണെന്ന് പറയാൻ വയ്യ. 60 വയസ്സിന് മുകളിലുള്ളവരിലും കുഞ്ഞുങ്ങളിലും ഗർഭിണികളിലും രോഗം മൂർച്ഛിക്കുകയും ന്യുമോണിയ, ബ്രോൻകൈറ്റിസ് പോലുള്ള ശ്വാസകോശരോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം വരെ സംഭവിക്കുകയും ചെയ്യാം. കൊറോണാ വൈറസിനെ പ്രതിരോധിക്കുന്ന വാക്‌സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നടക്കുന്നത്.

കൊറോണ വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം സാമൂഹിക അകലം പാലിക്കൽ തന്നെയാണ്. കൈകൾ ഇടയ്ക്കിടെ കഴുകുകയും മറ്റു വസ്തുക്കൾ തൊട്ടതിന് ശേഷവും പുറത്ത് പോയിട്ട് വരുന്ന അവസരങ്ങളിലും, കൈകാലുകളും മുഖവും വൃത്തിയാക്കുകയും മറ്റുള്ളവരുമായി ഇടപഴകുന്ന അവസരങ്ങളിൽ മാസ്ക് ധരിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് കൊറോണ വൈറസിനെ ഫലപ്രദമായ രീതിയിൽ പ്രതിരോധിക്കാം.

കേന്ദ്രസർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്നത് ഇത്ര മാത്രമാണ്. സർക്കാർ നിർദേശങ്ങൾ പാലിച്ച് കഴിവതും വീടുകളിൽ തന്നെ താമസിക്കുക. നമ്മുടെ സുരക്ഷയ്ക്കായി രാപ്പകലില്ലാതെ പ്രയത്നിക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും കാവൽ സൈന്യത്തിനും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം. ദുരന്തങ്ങളെല്ലാം ഒഴിയുമ്പോൾ ഉദിക്കുന്ന പുതിയൊരു ലോകത്തിനായി നമുക്ക് ഒന്നിച്ച് നിൽക്കാം. അതെ, വേണ്ടത് ഭയമല്ല ജാഗ്രതയും മുൻകരുതലുമാണ്.

നീതു എസ് ആർ
7 A ജയമാത യു പി എസ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം