ജംസ് എച്ച് എസ്സ് പൂങ്കോട്/അക്ഷരവൃക്ഷം/നല്ല നാളേയ്‌ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേയ്‌ക്കായി

കൈകഴുകാനുള്ള ക്യുവിൽ നിൽക്കുകയായിരുന്നു അർണോബ് .ഏകദേശം ഒരു മാസമായി ലോഡ്ജിൽ ഈ ശീലം തുടങ്ങിയിട്ട് .ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം തുടങ്ങിയതാണീ ശീലം .അതിനുമുൻപ്‌ വരെ കൈകഴുകിയിട്ടേ ഭക്ഷണം കഴിക്കാവൂ എന്ന് നിർബന്ധമൊന്നും ഇല്ലായിരുന്നു .പൈപ്പും സോപ്പും ഊണുമുറിയുടെ ഒരു മൂലയ്ക്കുണ്ട് ,വേണമെങ്കിൽ കഴുകാം ഇല്ലെങ്കിൽ വേണ്ട എന്നാൽ കൊറോണ പടർന്നുപിടിക്കാൻ തുടങ്ങിയതോടെ ഈ ശീലം നിർബന്ധമായി. കൈകഴുകി ആഹാരം കഴിച്ചു പതിവുപോലെ എട്ടുമണി വാർത്ത കേൾക്കാൻ പോകുകയായിരുന്നു അർണോബ്. അതിഥി തൊഴിലാളികൾ മാത്രം താമസിക്കുന്ന ആ വലിയ ഊണുമുറിയിൽ നിന്നിറങ്ങി ടി വി കാണുന്ന വലിയ മുറിയിലേക്ക് അർണോബ് നടന്നു .വരാന്തയിലൂടെ നടക്കുമ്പോൾ പലതരം ചിന്തകൾ അവന്റെ മനസിലേക്ക് തിരതല്ലിവന്നു .ഒരാഴ്ചയ്ക്ക് മുൻപുള്ള ഒരു രാത്രി . ആഹാരം കഴിച്ചു കിടന്നപ്പോളാണ് ഫോണിലേക്കു അമ്മയുടെ ഒരു വിളി വന്നത് . തനിക്കൊരു കുഞ്ഞു ജനിച്ചു എന്ന സന്തോഷവാർത്തയായിരുന്നു അത് . ആ വാർത്ത തന്റെ കൂട്ടുകാരോടെല്ലാം പറഞ്ഞു ബാഗും പാക്ക് ചെയ്ത്, ട്രെയിൻ ടിക്കറ്റ് എടുക്കാൻ ഇറങ്ങുമ്പോഴാണ് അറിയുന്നത് ,കൊറോണ വ്യാപനം തടയാനായി ഇന്ത്യ മുഴുവൻ പ്രധാനമന്ത്രി ലോക്‌ഡോൺ പ്രഖ്യാപിച്ചിരിക്കുന്നു .നാട്ടിലേക്കു പോകാൻ കഴിയില്ല . തന്റെ കുഞ്ഞിനെ കാണാനുള്ള ആശാ ,കുടുമ്പത്തെ കാണാനുള്ള ആശാ , നാടിനെ കാണാനുള്ള ആശാ,എല്ലാം ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി . ഇതിനെല്ലാം കാരണമായ കൊറോണയെ നൂറുവട്ടം പഴിച്ചു . വാർത്തകളുടെ ബഹളം ചെവിയിലേക്ക് ഇരമ്പി കയറിയപ്പോൾ ആണ് ടി വി മുറിയെത്തിയത് അർണോബ് അറിഞ്ഞത് .

പതിയെ മുറിയിലേക്ക് കയറി ഒരു കസേരയിൽ അർണോബ് ഇരുന്നു .ലോക്ക് ഡൌൺ തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയതാണീ വാർത്ത കാണൽ ശീലം .അതിനു മുൻപ് വരെ ഈ സമയം സിനിമയായിരുന്നു കാണുന്നത് .തനിക്കു നാട്ടിലേക്കു പോകാൻ പ്രതീക്ഷ തരുന്നതൊന്നും അന്നും വാർത്തയിൽ ഇല്ലെന്നു കണ്ടപ്പോൾ അർണോബ് എഴുന്നേറ്റു മുറിയിലേക്ക് നടന്നു .തന്നെ പോലെ ഒരായിരം പേരാണ് നാട്ടിലേക്കു പോകാൻ കാത്തിരിക്കുന്നതെന്ന് അർണോബിനറിയാം .ഒരു തരം നിർവികാരത തന്റെ മനസ്സിൽ തളംകെട്ടുന്നു എന്ന് അർണോബ് മനസിലാക്കി . മുറിയെത്തിയപ്പോൾ കതക്‌ തള്ളിത്തുറന്ന് അകത്തു കയറി .ഒരു മുറിയിൽ മൂന്നു പേരാണ് കിടക്കുന്നത്. രണ്ടുപേർ വരാനുള്ളതിനാൽ കതക് കുറ്റിയിട്ടില്ല. കട്ടിലിലേക്ക് കിടന്നപ്പോഴാണ് ഭിത്തിയുടെ മുകളിലത്തെ തട്ടിലിരിക്കുന്ന തുണിയുടെ കവർ അർണോബിന്റെ ശ്രദ്ധയിൽ പെട്ടത് . തന്റെ കുഞ്ഞിന് വാങ്ങിയതാണ് വീണ്ടും അവനിൽ പ്രതീക്ഷ ഉയർന്നു .

അവൻ ചിന്തിച്ചു , ഈ ലോക്ക് ഡൌൺ കാലത്തും എല്ലാ സമയത്തും തനിക്ക് കൃത്യമായി ആഹാരം എത്തിച്ചു തരുന്ന സാമൂഹ്യപ്രവർത്തകർ, സ്വന്തം കുടുംബവും ആരോഗ്യവും മറന്നു രാപകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർ ,നിയമപാലകർ ,ഈ പകർച്ചവ്യാധിയെ തടയാൻ രാജ്യം മുഴുവൻ ഒറ്റകെട്ടായി പൊരുതുന്നു.അതിനിടയിൽ തന്റെ ദുഃഖം ഒന്നും അല്ലെന്ന് അർണോബ് തിരിച്ചറിഞ്ഞു .തനിക്ക്‌ ചെയ്യാൻ കഴിയുന്നത് സുരക്ഷിതമായി താമസസ്ഥലത്തു തന്നെ ഇരിക്കുക എന്നതാണ് .എന്റെ നാട് ഈ മഹാ വ്യാധിയിൽ നിന്ന് കരകയറും . എനിക്ക് തിരികെ നാട്ടിൽ പോകാനും കഴിയും. പ്രത്യാശയുടെ കിരണവുമായി അർണോബ് ഉറങ്ങി .

ഗംഗാ ലക്ഷ്മി ആർ .എസ്
9എ ജെംസ് എച് എസ് പൂങ്കോട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ