ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി-----------------------------.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി      

ഈ ലോക്‌ഡോൺ കാലത്തു 'പരിസ്ഥിതി' എന്ന വിഷയത്തെ പറ്റി എഴുതാം എന്ന് വിചാരിച്ചപ്പോൾ എപ്പോഴും കേൾക്കുന്ന ഒരു വാക്കാണ് ഓർമ്മയിൽ വന്നത് 'പാരിസ്ഥിതികാഘാതം' എന്നത്. അപ്പോൾ വിചാരിച്ചു അതിലേക്ക് ഒന്ന് ഇറങ്ങി ചെല്ലാമെന്ന്. അപ്പോഴാണ് മനസ്സിലായത് ഇപ്പോഴത്തെ കുട്ടികളായ ഞങ്ങൾ കാണുന്നത് അല്ല കേരളത്തിലെ പരിസ്ഥിതി എന്ന് പറയുന്നത്. കണ്ണെത്താദൂരത്തോളം പടർന്നുകിടക്കുന്ന വയലേലകളും, കുന്നും, മലകളും, ചെറിയ ചെറിയ അരുവികളും ഒക്കെ നിറഞ്ഞതായിരുന്നു നമ്മുടെ കേരളം. ഞാൻ അത് ഒന്ന് ഭാവനയിൽ കാണാൻ നോക്കി എത്ര ശ്രമിച്ചിട്ടും കുറെ റോഡുകളും കെട്ടിടങ്ങളും മലിനമായ കിടക്കുന്ന തോടുകളും മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളൂ. അപ്പോൾ ഞാൻ വിചാരിച്ചു അച്ഛൻറെയും അമ്മയുടെയും കുട്ടിക്കാലത്ത് കേരളത്തിലെ പരിസ്ഥിതി എന്തായിരുന്നു എന്ന് ചോദിക്കാം എന്ന്. അവർ പറയുന്നത് കേട്ടപ്പോൾ എനിക്ക് വല്ലാതെ കൊതി തോന്നി. ആ കാലത്തിനെ കുറിച്ച് അവർ പറഞ്ഞു തന്നതിനു ശേഷം എന്റെ ഭാവനയിൽ ഞാൻ കണ്ടു ആ കാലം.

മനുഷ്യൻ പരിസ്ഥിതിയോട് എത്ര വലിയ തെറ്റാണ് ചെയ്തതും, ചെയ്തുകൊണ്ടിരിക്കുന്ന-തും അതിന്റെ ഉത്തമ ഉദാഹരണം നമ്മുടെ കൺമുന്നിൽ തന്നെയുണ്ട്,' ഇന്ത്യയുടെ സ്വിറ്റ്സർലൻഡ്' എന്ന പേര് കൊടുത്ത ബ്രിട്ടീഷുകാർ കൃഷിഭൂമിയും വേനൽക്കാല കേന്ദ്രങ്ങളും ഒക്കെയായി കാലങ്ങളുടെ മൂന്നാറിനെ ഉപയോഗിച്ചിട്ടും അവിടുത്തെ പരിസ്ഥിതിക്ക് യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല. എന്നാൽ സ്വാതന്ത്ര്യം കിട്ടി അരനൂറ്റാണ്ട് തികയും മുൻപേ നമ്മൾ ആ കേടു തീർത്തു ഇന്ന് ആ പഴയ മൂന്നാർ കാണാനേ കിട്ടില്ല. തേയിലത്തോട്ടങ്ങളും അപൂർവയിനം സസ്യജന്തുജാലങ്ങൾ ക്കും കേൾവികേട്ട ആ തണുപ്പിന്റെ സ്വന്തം നാട് ചുട്ടു കൊള്ളാൻ തുടങ്ങിയിരിക്കുന്നു. വൻതോതിലുള്ള ഭൂമി കയ്യേറ്റങ്ങളും, കാടുകളിൽ ഉള്ള നിർമാണപ്രവർത്തനങ്ങളും ആണ് അതിനു കാരണമായത്.

സൂര്യനിൽ നിന്നാണ് ഭൂമിക്ക് ചൂടും വെളിച്ചവും കിട്ടുന്നത് എന്ന് അറിയാമല്ലോ. ആവശ്യത്തിലധികമുള്ള ചൂട് ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നും ബഹിരാകാശത്തേക്ക് പോവുകയാണ് ചെയ്യുക. എന്നാൽ ഈ ചൂട് പുറത്തുപോകാതെ അന്തരീക്ഷത്തിൽ തങ്ങി നിന്നാൽ അന്തരീക്ഷതാപനില ക്രമാതീതമായി ഉയരും. ഇതിനെ ആഗോളതാപനം എന്ന് വിളിക്കുന്നു. 'മനുഷ്യരാശി ഭൂമിയോടും പ്രകൃതിയോടും കാണിച്ചു കൂട്ടിയ സകല കൊള്ളരുതായ്മകളുടെ-യും ആകെത്തുകയാണ് ആഗോളതാപനം'. അന്തരീക്ഷത്തിലെ ചൂട് കൂടുന്നത് കൊണ്ട് ഉണ്ടാകുന്ന പ്രശ്നമാണ് കാലാവസ്ഥാമാറ്റം.

ആഗോളതാപനം ഇതുപോലെ തുടർന്നാൽ ഈ നൂറ്റാണ്ട് അവസാനമാകുമ്പോഴേ-ക്കും 20 മുതൽ 30 ശതമാനം വരെ ജീവജാലങ്ങൾ ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകും. ആഗോളതാപനത്തിന് ഫലമായി 1970 മുതൽ ഓരോ വർഷവും ഏകദേശം ഒന്നരലക്ഷം പേർ കൂടുതൽ മരിക്കുന്നുണ്ട് അത്രേ! 2030 ആകുമ്പോഴേക്കും ഇത് ഇരട്ടിയാകും.

2018 ലെയും 2019 ലെയും പ്രളയം മനുഷ്യൻ പരിസ്ഥിതിക്ക് ഏൽപ്പിച്ച ആഘാതം കാരണമാണ്. വെള്ളത്തിന് ഒഴുകിപ്പോകാൻ സാവകാശം കിട്ടാത്ത രീതിയിൽ തുടർച്ചയായി മഴപെയ്യുമ്പോൾ ആണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്. പട്ടണങ്ങളിലും മറ്റും വെള്ളം ഒഴുകിപ്പോകാനുള്ള വഴികൾ അടയുക കൂടി ചെയ്യുമ്പോൾ വെള്ളപ്പൊക്കത്തിന് രൂക്ഷത വർദ്ധിക്കുന്നു. ജീവജാലങ്ങൾക്ക് ഭീഷണി ഉയർത്തുകയും മണ്ണും വെള്ളവും മലിനമാക്കുകയും ചെയ്യുന്ന ഒരു മഴ ഉണ്ട് അതാണ് ആസിഡ് മഴ അഥവാ അമ്ലമഴ.

" നിശബ്ദവസന്തം അഥവാ സൈലന്റ് സ്പ്രിങ് " ലോകത്ത് പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിന് വിപ്ലവകരമായ പങ്കുവഹിച്ച ഒരു പുസ്തകത്തിൻറെ പേരാണിത്." പരിസ്ഥിതി സ്നേഹികളുടെ ബൈബിൾ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പുസ്തകം രചിച്ചത് ആകട്ടെ "റേച്ചൽ കാർസൺ" എന്ന സമുദ്ര ജീവശാസ്ത്രജ്ഞയും. ഡി.ഡി.റ്റി അടക്കമുള്ള കീടനാശിനികൾ ഉപയോഗിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞു.

2003ലെ ടൈം മാഗസിൻ "എൻവിയോൺമെൻറ് ഹീറോ"ആയി തിരഞ്ഞെടുത്ത ഇന്ത്യക്കാരി ആയ പരിസ്ഥിതി പ്രവർത്തക ആണ് " വന്ദനാശിവ". ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങൾക്കെതിരെ ആദ്യമായി ശബ്ദമുയർത്തിയ പരിസ്ഥിതി വാദികളിൽ ഒരാളാണ് വന്ദന. മേധാ പട്കർ, സുന്ദർലാൽ ബഹുഗുണ, സുഭാഷ് പലേക്കർ, ചണ്ഡി പ്രസാദ് ഭട്ട്, എന്നിങ്ങനെ കുറെ പരിസ്ഥിതിപ്രവർത്തകർ നമ്മുടെ ഇന്ത്യയിലും ഉണ്ട്. " കല്ലേൻ പൊക്കുടൻ" കണ്ടൽക്കാടുകൾക്കായി ജീവിച്ച കണ്ണൂർ കാരനായ പരിസ്ഥിതി പ്രവർത്തകനാണ്. വെറും രണ്ടാം ക്ലാസ് വരെ പഠിച്ച പൊക്കുടൻ എഴുതിയ പുസ്തകങ്ങളും പരിസ്ഥിതി പ്രവർത്തനങ്ങളും ഒക്കെ കണ്ടാൽ നമ്മളാരും പരിസ്ഥിതിക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് മനസ്സിലാകും. ഇനിയെങ്കിലും പരിസ്ഥിതിക്ക് കോട്ടം തട്ടാതെ നമ്മളോരോരുത്തരും ജീവിച്ചാൽ നിറഞ്ഞ പച്ചപ്പും തെളിഞ്ഞ ജലാശയം നല്ല ശുദ്ധവായുവും ഒക്കെ നമ്മൾക്ക് കിട്ടും.

അക്ഷര നായർ എ എൽ
7B എച്ച്.എസ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം