ഗവ യു പി എസ് വിതുര/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
പുതിയ അധ്യയന വർഷം തുടങ്ങുന്നതിനു മുൻപായി തന്നെ പിടിഎ ,എസ് എം സി , എസ് ആർ ജി തുടങ്ങിയവ യോഗം ചേർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. ആദ്യഘട്ടമായി ജൂൺ മാസത്തെ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. വെക്കേഷൻ കാലത്തുതന്നെ അധ്യാപകർ കുട്ടികളുടെ ഗൃഹ സന്ദർശനം നടത്തുകയും ഫോൺ വഴിയോ നേരിട്ടോ ബന്ധപ്പെട്ട് കുഞ്ഞുങ്ങളുമായി ഒരു മാനസികമായ അടുപ്പം ഉണ്ടാക്കിയിരുന്നു .
നവാഗതരെ സ്വാഗതം ചെയ്യാനും കുഞ്ഞുങ്ങളെ പുതിയ അധ്യയന വർഷത്തിലേക്ക് നയിക്കാനും പ്രവേശനോത്സവം വളരെ ഭംഗിയായാണ് നടത്തിയത് . സ്കൂളും പരിസരവും കൊടി തോരണങ്ങളും തെങ്ങോലകളും കൊണ്ടുള്ള അലങ്കാരങ്ങളും അക്ഷര കാർഡുകളും കൊണ്ട് മനോഹരമാക്കി . കുട്ടികൾ സ്കൂൾ തുറന്ന ദിവസം പ്രവേശനോത്സവ ബാഡ്ജുകൾ ധരിച്ചാണ് സ്കൂളിലേക്ക് വന്നത് . എൻറെ വിദ്യാലയം എൻറെ അഭിമാനം എന്ന ക്യാപ്ഷനിൽ കുട്ടികളുടെ ഫോട്ടോ പതിച്ച ഡിജിറ്റൽ പോസ്റ്റർ പ്രചരണത്തിനായി ഉപയോഗപ്പെടുത്തി . അവധിക്കാല പ്രവർത്തനമായി കുട്ടികൾക്ക് നൽകിയ ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കിയത് ശേഖരിച്ച് ഡിജിറ്റൽ പ്രിൻറ് ആക്കി പുസ്തകരൂപത്തിൽ പ്രവേശനോത്സവ ദിനത്തിൽ പ്രകാശനം ചെയ്തു .കൂടാതെ ഏഴാം ക്ലാസിലെ കുഞ്ഞുങ്ങൾ പ്രവേശനോത്സവ ഗാനത്തിന് നൃത്തച്ചുവടുകളുമായി എത്തി കൂടുതൽ മിഴിവേകി. ജൂൺ മൂന്ന് മുതൽ 13 വരെ രാവിലെ ഒരു മണിക്കൂർ ബോധവൽക്കരണ ക്ലാസുകൾക്കായി മാറ്റിവെച്ച് കുട്ടികളെ ഓരോ വിഷയങ്ങൾക്കും ഉള്ള പ്രാധാന്യം ബോധ്യപ്പെടുത്തി. മയക്കുമരുന്ന് ,ലഹരിക്കെതിരെ, ട്രാഫിക് നിയമങ്ങൾ ,ആരോഗ്യം ,വ്യായാമം ,പൊതുമുതൽ സംരക്ഷണം ,ഡിജിറ്റൽ അച്ചടക്കം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരായവരെ കൊണ്ട് കുട്ടികൾക്ക് ക്ലാസ് നൽകി ഈ വിഷയങ്ങളുടെ പ്രാധാന്യം ഒന്നുകൂടി ബോധ്യപ്പെടുത്തി .
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിൽ പ്രത്യേക അസംബ്ലി കൂടി. പരിസ്ഥിതിയുടെ പ്രാധാന്യം വിളിച്ചോതുന്ന ഗാനങ്ങൾ പ്രതിജ്ഞ പ്രസംഗം എന്നിവ നടത്തി കൂടാതെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമ്മിച്ച് ക്ലാസിൽ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് അച്ചടക്കം നിർബന്ധമാക്കുന്നതിന് ഏഴാം ക്ലാസിലെ കുട്ടികളെ ഉൾപ്പെടുത്തി സിഡിഎസ് (ചിൽഡ്രൻസ് ഡിസിപ്ലിൻ കമ്മിറ്റി) രൂപീകരിച്ചു .
ക്ലബ് പ്രവർത്തനങ്ങൾ
മലയാളം ഇംഗ്ലീഷ് ഹിന്ദി സയൻസ് സോഷ്യൽ സയൻസ് ഗണിതം വിദ്യാരംഗം ഗാന്ധിദർശൻ ഹെൽത്ത് ഹരിതം ആൻഡ് എനർജി എന്നിവയ്ക്ക് കൺവീനർമാരെ തിരഞ്ഞെടുക്കുകയും തുടർന്ന് കുട്ടികളെ ഉൾപ്പെടുത്തി ക്ലബ്ബ് രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു .
പിന്തുണ പ്രവർത്തനങ്ങൾ
ബോധവൽക്കരണ ക്ലാസിനോടൊപ്പം നടത്തിയ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ നിലനിർണയം നടത്തിയെങ്കിലും അത് എല്ലാ വിഷയങ്ങളിലും പൂർണമായി നടപ്പിലാക്കാൻ സാധിക്കാത്തതിനാൽ പ്രീ ടെസ്റ്റ് നടത്തി പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി . മലയാളം ഇംഗ്ലീഷ് ഗണിതം തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക മോഡ്യൂൾ തയ്യാറാക്കി കുട്ടികൾക്ക് പിന്തുണ പ്രവർത്തനങ്ങൾ നൽകിവരുന്നു .
പ്രതിമാസ ക്വിസ്
കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ആനുകാലിക കാര്യങ്ങളെക്കുറിച്ച് അറിവുണ്ടാക്കുന്നതിനും എല്ലാമാസവും അവസാനത്തെ പ്രവർത്തനത്തിൽ പ്രതിമാസ ക്വിസ് നടത്തി ഒന്നും രണ്ടും സ്ഥാനക്കാരെ കണ്ടെത്തി സമ്മാനം നൽകുന്നു . ശേഷം കുട്ടികളുടെ പഠനത്തെ കുറിച്ച് ചർച്ച ചെയ്യാൻ രക്ഷിതാക്കളുടെ ഒരു യോഗം വിളിച്ചുചേർത്തു.
വിദ്യാരംഗം ,വായന ദിനം
വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായന മാസാചരണം നന്നായി ആഘോഷിച്ചു വായനദിനത്തിൽ പ്രത്യേക അസംബ്ലി കൂടി വായനയുടെ സന്ദേശം പ്രതിജ്ഞ ഗാനം പ്രസംഗം തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു. കൂടാതെ അക്ഷരദീപം തെളിയിച്ച് എച്ച് എം ശ്രീമതി ശോഭന ദേവി ടീച്ചർ വായന മാസാചരണം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു . തുടർന്ന് സ്കൂളിലെ മുഴുവൻ കുഞ്ഞുങ്ങളും അക്ഷരദീപം തെളിയിച്ചു . എല്ലാ ക്ലാസിലും ലൈബ്രറി സജ്ജീകരിച്ചു . സാഹിത്യ ക്വിസ് മത്സരം, പുസ്തകത്തൊട്ടിൽ ,തുറന്ന വായനശാല ,വായന മത്സരം ,സാഹിത്യ നായകന്മാരുടെ ചിത്രപ്രദർശനം ,പി എൻ പണിക്കരുടെ കാർട്ടൂൺ ചിത്രം വര മത്സരം ,ഉപന്യാസരചന മത്സരം എന്നിവയും സംഘടിപ്പിച്ചു . കൂടാതെ പ്രശസ്ത സാഹിത്യകാരനും നിരൂപകനമായ ശ്രീ രാജേഷ് എരുമേലിയോടൊപ്പം കുട്ടികൾക്ക് അഭിമുഖ സംഭാഷണം എന്നിവ നടത്തി . സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീട്ടിൽ ഒരു ലൈബ്രറി സജ്ജീകരിക്കൽ എന്ന പരിപാടി ഭാഗികമായി ചെയ്തു. ഈ പരിപാടി പൂർണമായി ചെയ്തു തീർക്കാനുള്ള ആസൂത്രണങ്ങൾ നടന്നുവരുന്നു സമാപന ദിവസം ബോധി എന്ന പേരിൽ ഒരു ഡിജിറ്റൽ പത്രം പ്രകാശനം ചെയ്തു .
ലൈബ്രറി
ഞങ്ങൾക്ക് 5000ത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയാണ് ഉള്ളത്. കൂടാതെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറികൾ സ്ഥാപിച്ചിട്ടുണ്ട്. പുസ്തകത്തൊട്ടിൽ വേറിട്ട ഒരു പ്രവർത്തനം മാതൃകയാണ്. ഈ വർഷത്തെ ഞങ്ങളുടെ വിദ്യാലയത്തിന്റെ തനത് പ്രവർത്തനമായി ഏറ്റെടുത്തിട്ടുള്ളത് സമ്പൂർണ്ണ ഹോം ലൈബ്രറി എന്ന ആശയമാണ്. ഞങ്ങളുടെ വിദ്യാലയത്തിലെ എല്ലാ കൂട്ടുകാരുടെ വീട്ടിലും വായനയിടം സ്ഥാപിക്കുക എന്നുള്ളതാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പൊതുയിടങ്ങളിലും ഞങ്ങൾ ലൈബ്രറികൾ സ്ഥാപിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. വിതുര കെഎസ്ആർടിസി ഡിപ്പോയിൽ ഞങ്ങൾ സ്ഥാപിച്ച ലൈബ്രറിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
മറ്റു പ്രവർത്തനങ്ങൾ
സ്കൂൾ പാർലമെൻറ് ഇലക്ഷൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് ചെയ്യാനുള്ള നടപടികൾ നടന്നുവരുന്നു . പ്രവൃത്തി പരിചയമേള ശാസ്ത്രോത്സവം എന്നിവയുടെ സ്കൂൾതല മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്നു .
ചാന്ദ്രദിനത്തിൽ പോസ്റ്റർ തയ്യാറാക്കുകയും മോഡൽ പ്രദർശനവും കുട്ടികൾ നിർമ്മിച്ചത് വീഡിയോ പ്രദർശനവും കൂടാതെ ഒരു ഡിജിറ്റൽ പത്രവും പ്രകാശനം ചെയ്തു
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചുള്ള സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് വളരെ മികച്ച രീതിയിൽ പൂർത്തിയാക്കി.
പിന്തുണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനായി കുട്ടികളെ തിരഞ്ഞെടുത്തു പ്രത്യേക പരിശീലനം നൽകാൻ തീരുമാനിച്ചു .തുടർന്ന് കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി പ്രവർത്തനം തുടരാനും തീരുമാനിച്ചു.
ഈ വർഷത്തെ ഈ E - Cube ഹിന്ദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
സ്കൂളിൽ നടന്നുവരുന്ന പ്രതിമാസ ക്വിസ് കുട്ടികൾക്ക് ഓരോ ആഴ്ചയും ചോദ്യങ്ങൾ നൽകിയതിൽ നിന്നും ഉള്ള ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തി കുറച്ചു കൂടി ജനകീയമായ രീതിയിൽ നടത്താമെന്ന് എസ്.ആർ ജി മീറ്റിങ്ങിൽ തീരുമാനിച്ചു. സ്കൂൾ തല ശാസ്ത്രമേള കഴിഞ്ഞത് കഴിഞ്ഞിട്ട് തിരഞ്ഞെടുത്ത കുട്ടികൾക്കുള്ള പരിശീലനം സ്കൂളിൽ ആരംഭിച്ചു കൂടാതെ കായികമേളകൾക്ക് തിരഞ്ഞെടുത്ത കുട്ടികളുടെ പരിശീലനവും ആരംഭിച്ചു.
ഓണാഘോഷം
ഓണാഘോഷ പരിപാടികൾ സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കുന്ന അത്തപ്പൂക്കളത്തോടെ ആരംഭിച്ചു. പൂക്കളം തീർക്കുവാനുള്ള പൂക്കൾ ഞങ്ങൾ കുട്ടികൾ തന്നെയാണ് കൊണ്ടുവരുന്നത്. ശേഷം ഓണക്കളികളും ഓണപ്പാട്ടും ഒക്കെയായി പോയകാല വിശുദ്ധിയുടെ സ്മരണ പുതുക്കി. ഞങ്ങളുടെ രക്ഷിതാക്കളും പിടിഎ എസ് എം സി എം പി ടി അംഗങ്ങളും ഞങ്ങളോടൊപ്പം ചേർന്നു. ഉച്ചയ്ക്ക് അധ
വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു
ക്രിസ്തുമസ്
ഡിസംബർ ആദ്യവാരം തന്നെ ഉണ്ണിയേശുവിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സ്കൂൾ മുറ്റത്തുള്ള ക്രിസ്മസ് ട്രീയുടെ ചുവട്ടിൽ മനോഹരമായ പുൽക്കൂട് നിർമിച്ചു. ജാതിമത ചിന്തയ്ക്ക് അതീതമായ ഒരു നല്ല നാളെയെ വരവേൽക്കാൻ കൂടിയാണ് ഈ ആഘോഷം.