ഗവ യു പി എസ് പെരിങ്ങമ്മല/അക്ഷരവൃക്ഷം/'''ആരോഗ്യവും വ്യക്തിശുചിത്വവും'''

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യവും വ്യക്തിശുചിത്വവും

ശരിയായ ആരോഗ്യം നിലനിർത്തുന്നതിൽ വ്യക്തിശുചിത്വം പ്രധാനമാണ്. പല പകർച്ചവ്യാധികളും അനിയന്ത്രിതമായി പടർന്നുപിടിക്കുന്നത്തിനു പ്രധാന കാരണം ശുചിത്വക്കുറവാണ്. വ്യക്തിശുചിത്വത്തിന്റെ പ്രാധാന്യവും ആവശ്യകതയും ചെറുപ്പത്തിലേ തന്നെ മനസിലാക്കേണ്ട ഒന്നാണ്. കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ വ്യക്തിശുചിത്വം എത്രത്തോളം പ്രധാനമാണെന്ന് നമുക്ക് അറിയാം. സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതും സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ഉപയോഗിക്കുന്നതും എല്ലാം ശുചിത്വത്തിന്റെ ഭാഗം തന്നെയാണ്. രോഗം ബാധിച്ചവരെ അകറ്റി നിർത്താതെ സുരക്ഷിത അകലത്തിൽ ഇരുന്നു ശുശ്രുഷിക്കുന്നത് വ്യക്തിശുചിത്വത്തിലുപരി സാമൂഹിക സുരക്ഷിതത്വത്തിനും വേണ്ടിയാണ്. വ്യക്തി ശുചിത്വത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് താഴെ പറയുന്നത്:

• കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക.കൈയുടെ മുകളിലും വിരലിന്റെ ഇടയിലും എല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റ്‌ നേരത്തേക്കെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി. ഇതുവഴി കൊറോണ, എച്ച് ഐ വി, ഹെർപ്പിസ്, ഇൻഫ്ലുൻസ മുതലായവ പരത്തുന്ന നിരവധി വൈറസുകളെയും ചില ബാക്റ്റീരിയകളേയും ഒക്കെ എളുപ്പത്തിൽ കഴുകിക്കളയാം.

• ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാലകൊണ്ടോ മാസ്ക് കൊണ്ടോ മറയ്ക്കുക. ഇത് രോഗo മറ്റുള്ളവരിലേയ്ക് പകരുന്നത് തടയും

• വായ, മൂക്ക്, കണ്ണ്, എന്നിവിടങ്ങളിൽ ഇടയ്ക്കിടയ്ക്ക് തൊടാതിരിക്കുക.

• പൊതുസ്ഥലലങ്ങളിൽ തുപ്പുകയോ മലമൂത്ര വിസർജനം ചെയ്യുകയോ ചെയ്യാതിരിക്കുക.

• പകർച്ചവ്യാധി ഉണ്ടെങ്കിൽ പൊതുസ്ഥലങ്ങളിൽ പോകാതിരിക്കുക.

• പകർച്ചവ്യാധി ഉള്ളവരിൽനിന്നും കുറഞ്ഞത് ഒരു മീറ്റർ അകാലമെങ്കിലും പാലിക്കുക. അവരുടെ സ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതെ നോക്കുക. അങ്ങനെയുള്ളവരുടെ സമ്പർക്കം ഉണ്ടായാൽ കുളിച്ചതിനു ശേഷം മാത്രം വീട്ടിൽ കയറുക. അത് രോഗവ്യാപനം തടയും.

• ഉയർന്ന നിലവാരമുള്ള മാസ്ക്ക് (N 95) ഉപയോഗിക്കുന്നതും, ഹസ്തദാനം ഒഴിവാക്കുന്നതും, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റെസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതും കൊറോണ പോലെയുള്ള രോഗാണുബാധകൾ ചെറുക്കും

• മറ്റുള്ളവർ ഉപയോഗിക്കുന്ന തോർത്ത്‌, ചീപ്പ്, ഷേവിങ് സെറ്റ് , ബ്ലേഡ് എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. രക്തം പുരണ്ട ഷേവിങ് സെറ്റ്, ബ്ലേഡ് എന്നിവ വഴി എച്ച് ഐ വി തുടങ്ങിയ അണുബാധകൾ പകരാൻ സാധ്യതയുണ്ട്.

• വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം

• അസുഖങ്ങൾക്ക് സ്വയം ചികിത്സ ചെയ്യരുത്. അസുഖമോ അസ്വസ്ഥതയോ തോന്നിയാൽ ഉടൻ ആശുപത്രിയിൽ പോകുക

ശുചിത്വം പാലിക്കുക എന്നത്‌ വ്യക്തിപരമായ ഒരു കാര്യമാണെന്നും മറ്റുള്ളവർ അതിൽ കൈകടത്തേണ്ടതില്ലെന്നും ചിലർ കരുതുന്നു. എന്നാൽ അത് തികച്ചും തെറ്റിധാരണയാണ്. വ്യക്തിശുചിത്വം എന്നത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി കൂടി ചെയ്യുന്ന കാര്യമാണ്. അതിനാൽ അതിൽ വിട്ടുവീഴ്ച പാടില്ല. കൊറോണ പോലുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്ന തടയാൻ ശുചിത്വത്തിലൂടെ നമുക്ക് കഴിയും.

അമൃത എസ്സ് ബി
7 എ ഗവ: യു പി എസ്സ്‌ പെരിങ്ങമ്മല
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം