ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/അപ്പുവും കൂട്ടുകാരും.

Schoolwiki സംരംഭത്തിൽ നിന്ന്
അപ്പുവും കൂട്ടുകാരും.

പണ്ടു പണ്ട് ഒരു പുഴയുടെ അക്കരെ ഒരു വലിയ കാടുണ്ടായിരുന്നു. ആ കാട്ടിൽ ധാരാളം മൃഗങ്ങൾ ഉണ്ടായിരുന്നു. അവർ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. ഒരു ദിവസം അപ്പുക്കുരങ്ങന്റെ പിറന്നാൾ വന്നു. കാട്ടിലെ അവന്റെ കൂട്ടുകാരെല്ലാം അവന് പിറന്നാൾ സമ്മാനങ്ങൾ നൽകി. രാമുക്കരടി അവന് കാട്ടുവള്ളികൾ കൊണ്ടുള്ള ഒരു മാലയാണ് നൽകിയത്. അത് അവന് വളരെ ഇഷ്ടമായി. അവൻ ആ മാലയും കഴുത്തിലിട്ട് ഒരു മരത്തിന് മുകളിൽ കയറി ഗമയിൽ ഇരുന്നു. അപ്പോഴാണ് സർക്കസുകാർക്ക് കുരങ്ങുകളെ പിടിച്ച് കൊടുക്കുന്ന ഒരാൾ ആ വഴി വന്നത്. അയാൾ ഉറക്കമരുന്നു കലർത്തിയ ഒരു പഴം അപ്പു ഇരിക്കുന്ന മരത്തിന്റെ അടുത്തേക്കിട്ട് അവിടെ ഒളിച്ചിരുന്നു.. ചുവന്നു തുടുത്ത ആ പഴം കണ്ട അപ്പുക്കുരങ്ങൻ അതെടുത്തു തിന്നാൻ തുടങ്ങിയതും മയങ്ങിപ്പോയി.ആ മനുഷ്യൻ അവനെ എടുത്തു കൊണ്ട് പോയി. രാവിലെ അപ്പുവിന്റെ കൂട്ടുകാർ അവനെ അന്വേഷിക്കാൻ തുടങ്ങി. അപ്പുവിനെ കാണാനില്ല എന്ന വിവരം കാട്ടിലെങ്ങും പാട്ടായി. എല്ലാവരും അപ്പുവിനെ അന്വേഷിച്ച് പരക്കം പാഞ്ഞു.അപ്പോഴാണ് രാമുക്കരടി കൊടുത്ത മാല അവിടെ പൊട്ടികിടക്കുന്നത് നീലി പക്ഷി കണ്ടത്. ആ കാട്ടിലെങ്ങും കണ്ടിട്ടില്ലാത്ത പകുതി തിന്ന ഒരു പഴവും ഒപ്പം ഒരു മനുഷ്യന്റെ കാൽപ്പാടും കണ്ടപ്പോൾ അവർക്ക് കാര്യം മനസ്സിലായി. രാമുക്കരടിയും നീലി പക്ഷിയും ശങ്കുക്കുരങ്ങനും ചിന്നനെലിയും കൂടി അപ്പുവിനെ അന്വേഷിച്ച് നാട്ടിലേക്ക് പോയി.കുട്ടൻ മുതല അവരെ പുഴ കടക്കാൻ സഹായിച്ചു. നാട്ടിലെത്തിയ അവർ തമ്പിയണ്ണാന്റെ സഹായത്തോടെ മൂന്നു നാലു ദിവസം കൊണ്ട് അപ്പുവിനെ സർക്കസ് കൂടാരത്തിൽ കണ്ടെത്തി.കൂടാരത്തിന് സമീപം ഒരു കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന അവർ തക്കം നോക്കി അപ്പുവിനെ രക്ഷിച്ചു. അപ്പുവിനെയും കൊണ്ട് തിരിച്ച് കാട്ടിലെത്തിയ അവരെ കണ്ട്മറ്റ് മൃഗങ്ങൾ സന്തോഷത്തോടെ ആർത്തുവിളിച്ചു. അങ്ങനെ അവർ വീണ്ടും സന്തോഷത്തോടെ കഴിഞ്ഞു.

അനഘ കെ അജേഷ്.
5എ ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ