ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓർമ്മക്കുറിപ്പുകൾ

എട്ടാംക്ലാസ്സിലാണ് ഞാൻ കുടശ്ശനാട് ശങ്കരവിലാസം ഹൈസ്കൂളിൽ ചേർന്നത്. ഒന്നാംക്ലാസ് മുതൽ പത്താംക്ലാസ് വരെ ധാരാളം കുട്ടികൾ പഠിക്കുന്ന സ്കൂൾ. മൂന്ന് ഭാഗത്തായാണ് സ്കൂൾ കെട്ടിടം ഉണ്ടായിരുന്നത്. ജോൺ സാറായിരുന്നു അന്നത്തെ പ്രധാനാദ്ധ്യാപകൻ. കൂടാതെ ചന്ദ്രശേഖര കുറുപ്പ് സർ, സദാനന്ദൻ സർ, ബഷീർ സർ, ജഗദമ്മ സർ എന്നിവരൊക്കെയായിരുന്നു മറ്റ് അദ്ധ്യാപകർ. എല്ലാവരും നല്ല സ്നേഹമുള്ളവരായിരുന്നു. എങ്കിലും പഠിച്ചില്ലെങ്കിലും കുസൃതികാട്ടിയാലും ചൂരൽ പ്രയേഗമുണ്ടായിരുന്നു. ആൺകുട്ടികളും പെൺകുട്ടികളുമുള്ള ക്ലാസ്സായിരുന്നു. എല്ലാവരും ഒരുമിച്ച് നടന്നായിരുന്നു സ്കൂളിലേക്കുപോകുന്നതും വരുന്നതും. രാജു, അബ്ദുൾ സലാം, ഗോപാലകൃഷ്ണ കുറുപ്പ്, വിശ്വനാഥൻ, മുരളി, ജയലക്ഷ്മി, മോളി എന്നിവരായിരുന്നു ഏറ്റവും അടുത്ത കൂട്ടുകാർ. ഞങ്ങളെല്ലാം കളിയും ചിരിയുമായി രസകരമായാണ് ആ കാലം കഴിഞ്ഞിരുന്നത്. മറ്റൊരു രസകരമായ ഓർമ്മ സ്കൂൾ പരിസരത്ത് രണ്ട് ഉമ്മമാർ വരുമായിരുന്നു. അവരുടെ കൈയ്യിൽ ഞങ്ങൾക്കുവേണ്ടുന്ന കപ്പലണ്ടിമിഠായി, ചോക്ക്മിഠായി, പൊരിയുണ്ട മുതലായ സാധനങ്ങൾ ഉണ്ടാകും. ഒരു പൈസമുതൽ ഇവ ലഭിക്കും. പൈസയില്ലെങ്കിൽ കശുവണ്ടി കൊടുത്താലും മതി. 1980ൽ ഞാൻ സ്കൂൾ വിട്ട് പോന്നു. ഇപ്പോൾ എന്റെ രണ്ട് ചെറുമക്കൾ ഇവിടെ പഠിക്കുന്നുണ്ട്. അവരിൽനിന്നും സ്കൂളിന്റെ മാറ്റങ്ങൾ ഞാൻ അറിയാറുണ്ട്. എങ്കിലും ഓർമ്മയിൽ എന്റെ സ്കൂൾ പച്ചപിടിച്ചു നിൽക്കുന്നു.





രാജേന്ദ്ര ബാബു ടി. എസ്

റിട്ട. സൂപ്രണ്ട്

ഗവ. ഐ. ടി. ഐ മാവേലിക്കര