ഗവ എച്ച് എസ് എസ് , കലവൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
വിദ്യാലയ സ്മരണകൾ
ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാലമേതെന്നു ചോദിച്ചാൽ ഒരു സംശയവുമില്ലാതെ പറയാൻ കഴിയും അത് വിദ്യാഭ്യാസകാലമാണ്.അതിൽ എനിക്ക് ഏറ്റവും സ്മരണീയമായി തോന്നുന്നത് കലവൂർ സ്‍ക്കുളിലെ അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സുവരെയുള്ള പഠനകാലമാണ്. അഞ്ചാം ക്ലാസ്സിൽ പഠിക്കാൻ വരുമ്പോൾ കോടാലിപ്പള്ളിക്കൂടം എന്ന് അന്ന് പരക്കെ അറിയപ്പെട്ടിരുന്ന കെട്ടിടത്തിലായിരുന്നു ഞങ്ങളുടെ ക്ലാസ്സ് മുറി.വിശാലമായി തുറന്ന് കിടക്കുന്ന, ഒരു സ്ക്രീൻ കൊണ്ടുപോലും മറയ്ക്കപ്പെടാത്ത ക്ലാസ്സ് മുറികൾ.പുതിയ കുട്ടികൾ പുതിയ സാഹചര്യം അല്പം ഭയത്തോടെയാണ് ആദ്യ ദിനങ്ങൾ കടന്നുപോയത്.
ഓരോ ദിവസവും സ്‍ക്കുളും കുട്ടികളും അധ്യാപകരുമായി പൊരുത്തപ്പെട്ടു വന്നുകൊണ്ടിരുന്നു.കണക്ക് പഠിപ്പിക്കുന്ന അധ്യാപകനെ എനിക്ക് പേടിയായിരുന്നു. കണക്ക് തെറ്റിയാൽ നല്ല പിച്ചുകിട്ടുന്നതു തന്നെ കാരണം. കണക്കു സാറിന്റെ നുള്ളും പിച്ചും സ്‍നേഹത്തിന്റെ കൂടുതൽകൊണ്ടാണെന്ന് പിന്നീട് കാലം തെളിയിച്ചുതന്നു. തന്റെ മുന്നിലെത്തുന്ന കുട്ടികളെല്ലാം കണക്കിൽ മിടുക്കരാകണമെന്ന സാറിന്റെ നിഷ്കളങ്കവും ആത്മാർത്ഥവുമായ സ്‍നേഹം. കാലത്തിനും മായ്‍ക്കാനവാത്ത വിധം കലവൂർ സ്‍ക്കൂളിലെ അന്നത്തെ എല്ലാ അധ്യാപകരും ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.
ഞാൻ മാത്രമല്ല എനിക്ക് മുമ്പ് എന്റെ മാതാപിതാക്കളും പിന്നീട് എന്റെ മക്കളും പഠിച്ചിറങ്ങിയ സ്‍ക്കൂളാണ് കലവൂർ സ്‍ക്കൂൾ. പരാധീനതകൾ ഒരു പാടുണ്ടായിരുന്ന കലവൂർ സ്‍ക്കൂൾ ഇന്ന് ഭൗതിമായും അക്കാദമീയമായും എത്രയോ വളർന്നിരിക്കുന്നു. ആലപ്പുഴ ജില്ലയിലെ തന്നെ മികച്ച സ്‍ക്കൂളുകളിൽ ഒന്നായി വളരുവാൻ കലവൂർ സ്‍ക്കൂളിന് കഴിഞ്ഞതിൽ ഒരു പൂർവവിദ്യാർത്ഥിയെന്ന നിലയിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. കാലാകാലങ്ങളിൽ സ്‍ക്കൂളിന്റെ സാരഥ്യം ഏറ്റെടുത്ത പ്രഥമാധ്യാപകർ, അധ്യാപകർ, രക്ഷാകർതൃസമിതി അംഗങ്ങൾ എന്നിവരുടെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ തന്നെ അറിയപ്പെടുന്ന സ്‍ക്കൂളായി വളരുവാൻ സാഹചര്യമൊരുക്കി.
സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള പ്രവർത്തനങ്ങൾ പൊതുവിദ്യാലയങ്ങളെ മെച്ചപ്പെടുത്താൻ ഏറെ സഹായകമായിട്ടുണ്ട്.അതുപോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുവിദ്യാലയങ്ങളുടെ വികസനത്തിനായി പദ്ധതി വിഹിതം ചെലവഴിക്കുന്നു എന്ന് ഏറെ സന്തോഷത്തോടെ ഓർമ്മിപ്പിക്കട്ടെ. വരുംകാലങ്ങളിൽ കേരളത്തിന്റെ വിദ്യാഭ്യാസ ചിന്തകളെ തന്നെ സ്വാധീനിക്കുവാനും അതിന് നേതൃത്വം കൊടുക്കുവാനും കലവൂർ സ്‍ക്കൂളിന് കഴിയും എന്ന കാര്യത്തിൽ എനിക്ക് വിശ്വാസമുണ്ട്. കലവൂർ സ്‍ക്കുളിലെ പഠനത്തിൽ ക്ലാസ്സ് ലീഡറായി പ്രവർത്തിക്കുവാൻ എനിക്ക് നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നിലെ സംഘാടകയേയും നേതൃത്വവാസനയേയും ഉണർത്തുവാൻ കലവൂർ സ്‍ക്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം ഞാൻ നന്ദിയോടെ ഓർക്കുന്നു. കാലം എന്നിൽ ഏൽപ്പിച്ച നിയോഗങ്ങൾ ഭംഗിയായി നിർവഹിക്കുവാൻ കലവൂർ സ്‍ക്കുളിലെ പഠനം എന്നെ സഹായിച്ചിട്ടുണ്ട് എന്ന് ഞാൻ സാക്ഷ്യപ്പെടുത്തട്ടെ. എന്റെ വിദ്യാലയം ഏറ്റവും ഉയരട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.