ഗവ എച്ച് എസ്സ് എസ്സ് പറവൂർ/അക്ഷരവൃക്ഷം/ലക്ഷ്യത്തിലേക്കുള്ള ദൂരം

Schoolwiki സംരംഭത്തിൽ നിന്ന്

TODAY Messages you send to this chat and calls are secured with end-to-end encryption. Click for more info. Forwarded

ലക്ഷ്യത്തിലേക്കുള്ള ദൂരം
                  അവന്റെ മനസ്സിൽ ഒരു ആശയം പൊട്ടിമുളച്ചു. ഒരു പുതിയ കഥ.... സ്കൂൾ ജീവിതത്തിന്റെ വിരസതയുടെയും വാർഷിക പരീക്ഷയുടെ തലവേദനയുടെയും ചങ്ങല പൊട്ടിച്ച് അവൻ മോചനം നേടി. മനസ്സിൽ നിന്നും മാഞ്ഞു പോകുംമുൻപ് അവന് എങ്ങനെയെങ്കിലും ആ കഥ കടലാസിലേക്ക് പകർത്തണം. 
              അവൻ തന്റെ നോട്ടുപുസ്തകത്തിനു മുന്നിൽ പേനയുമായി ഇരുന്നു. പെട്ടെന്ന് ഒരു മൂത്രശങ്ക..... "ഒന്നു മൂത്രമൊഴിച്ചു വന്നാൽ കഥയൊന്നും മാഞ്ഞു പോവില്ല. "    ശങ്ക തീർത്തു തിരികെ വന്നു. "മൂത്രമൊഴിച്ചതല്ലേ,   ഒന്നു വെള്ളം കുടിച്ചേക്കാം." കുടിക്കാനായി എഴുന്നേറ്റു. 
             "ഇങ്ങനെ തേരാപ്പാര നടപ്പും തീറ്റിയും ആണല്ലോ,  വല്ല പണിയും ചെയ്യടാ".  ഒരു കലാകാരനെപ്പറ്റി  എന്തറിഞ്ഞു?  സ്വന്തം കലാവാസന എല്ലാവരെയും കാണിക്കേണ്ട ആവശ്യമുണ്ടോ?  ങാ..  പോട്ടെ.. അമ്മയല്ലേ.  
          തിരിച്ചു പോയി. വീണ്ടും പകർത്താനായി ഇരുന്നു. ഭാഗ്യം പോയിട്ടില്ല. എല്ലാം മനസ്സിൽ തന്നെ ഭദ്രമായുണ്ട്. കയ്യിലെ ഞൊട്ടയൊടിച്ച് ഒന്ന് നടുനിവർത്തി. വിരൽത്തുമ്പ് പേനയിലേക്ക് നീണ്ടു. "ആ... നിൽക്ക്.. നിൽക്ക്... "മനസ്സിൽ നിന്നൊരു ശബ്ദം. "അവിടെ ആ ഫോൺ ഇരിപ്പുണ്ട്. നീ അതെടുത്തൊന്ന് നോക്കിയിട്ട് രണ്ടു മെസ്സേജും ലൈക്കും ഒക്കെ കൊടുത്തിട്ട്  കഥ എഴുതിയാൽ മതി. "    മനസ്സിനെ പിണക്കിയില്ല. ഫോൺ എടുത്ത് മെസ്സേജ് അയച്ച് ലൈക്കും കൊടുത്ത് നോക്കിക്കൊണ്ടിരുന്നു. "ഏതുസമയവും ഇതിലാണല്ലോ. വല്ലോം വായിച്ചു കൂടെ? "  ഫോൺ തൊട്ടാലുടൻ അമ്മ ഇതെങ്ങനെ കൃത്യസമയത്ത് കാണുന്നു?  ഇനി വല്ല 'ഇലൂമിനാറ്റി'യും ആയിരിക്കുമോ? ആ ഫോൺ ഓഫാക്കി വെച്ചു. 
             പേനയെടുത്തു. ഇനി ലക്ഷ്യം ഇത് എഴുതുക എന്നുള്ളതാണ്. പിൻമാറുന്ന പ്രശ്നമില്ല. ആദ്യം തലക്കെട്ട് എഴുതാം. പക്ഷേ യോജിച്ചത് ഒന്നും കിട്ടുന്നില്ല. എന്നാൽ കഥ എഴുതിയിട്ട് ഹെഡിങ് എഴുതാം.. എഴുതിത്തുടങ്ങി... മനസ്സിൽ നിന്ന് കുറേശ്ശെ ചോർന്ന് കഥ പേപ്പറിലേക്ക് ആഴ്ന്നിറങ്ങി. സുന്ദരമായ ഒരു ചിത്രത്തിന്റെ തുടക്കം.. ഉടനെ ടി.വിയുടെ ശബ്ദം. അത് ചോർച്ചയെ തടസ്സപ്പെടുത്തുന്നു.             "ടി.വി ഓഫ് ആക്കടേയ്.... എന്തൊരു ശല്യം ഇത്?  
    
"പോടാ അവിടുന്ന്. അവിടെ അടങ്ങിയിരുന്ന്  ഫോണിൽ കളിക്ക്‌..  ടി.വി. ഓഫാക്കാൻ നടക്കുന്നു, "    

ഫോണിൽ കളിയോ? ഒരു കഥാകാരനെപ്പറ്റി എന്തു വിചാരിച്ചു? പേപ്പറും പേനയും കണ്ണിൽ പെടാത്ത വിഡ്ഢിയോ? സഹോദരനാണത്രേ... ഒടുക്കം വാതിൽ വലിച്ചടച്ച് ആ ദേഷ്യം തീർത്തു.

     വഴക്കിടാൻ സമയമില്ല.ഉറങ്ങുന്നതിനുമുൻപ്  കഥ പൂർത്തീകരിക്കണം. അടുക്കളയിൽ നിന്ന് ബീഫിന്റെ മണം....സമയം ഒൻപതു മണി... "മോനെ,  വാടാ.... ചോറു കഴിക്കാം"   
 ഒൻപതുമണിക്കു തന്നെ ചോറ് കഴിക്കേണ്ട ആവശ്യമുണ്ടോ? വൈകി കഴിച്ചാൽ എന്താ കുഴപ്പം?  പക്ഷേ ബീഫ് ആണ്. വൈകി ചെന്നാൽ കുറച്ചു മാത്രമേ കിട്ടുകയുള്ളെങ്കിലോ?  കഥ പിന്നെയാവാം.. എഴുന്നേറ്റു. പാതി വരച്ച ഭംഗിയുള്ള ചിത്രം പുസ്തകത്തിൽ.... ലക്ഷ്യത്തിലേക്കുള്ള ദൂരം കൂടുതലാണ്. ഇന്ദ്രിയങ്ങളുടെയത്രയും ദൂരം...
  
വിനീത്.പി. ദാസ്
8A ഗവൺമെന്റ്. എച്ച്. എസ്. എസ്.പറവൂർ , ആലപ്പുഴ.
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ