ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/ഒരു മുത്തശ്ശിക്കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മുത്തശ്ശിക്കഥ

പണ്ട് പണ്ട് ഒരു കാട്ടിലെ ഒരു കൂട്ടിൽ ഒരു കുഞ്ഞിക്കിളി താമസിച്ചിരുന്നു. എന്നും അതു തന്റെ കൂട്ടിൽ നിന്നും പുറത്തു പോയി പറന്നു നടക്കാൻ കൊതിച്ചു.. എന്നാൽ അമ്മക്കിളിയും അച്ഛൻ കിളിയും അതിനു സമ്മതിച്ചില്ല. കുഞ്ഞിക്കിളി മനസ്സിൽ പറഞ്ഞു : "തന്റെ കൂടിന്റ ചുമരുകൾ എത്ര ചെറുതാണ്. ഒരു വലിയ കൂട് തേടിപ്പിടിക്കാൻ അച്ഛനും അമ്മയും സമ്മതിക്കാത്തത് എന്താ..?? അവർക്ക് ഞാൻ ഉയരത്തിൽ പോകുന്നത് ഇഷ്ടമായിരിക്കില്ല. " രാവിലെ എഴുന്നേറ്റാൽ കുഞ്ഞിക്കിളി മുകളിലേക്ക് നോക്കും. അടുത്തുള്ള ഒരു വലിയ മരത്തിൽ ഒരു വലിയ കൂടുണ്ട്. സൂര്യന്റെ കിരണങ്ങൾ ഉദിച്ചുയർന്നു ഉച്ചയാകുമ്പോൾ ആ കൂട്ടിലാണെത്തുക. അത് കണ്ട് കുഞ്ഞിക്കിളിക്ക് കൊതിയാവും. താൻ ആഗ്രഹിച്ച കൂടാണ് അത് എന്ന് ആ കുഞ്ഞിക്കിളിക്ക് തോന്നി. അങ്ങനെയിരിക്കെ ഒരു വലിയ പക്ഷി ആ കൂട്ടിൽ താമസമാക്കി. അത് എന്നും രാവിലെ തീറ്റ തേടി പുറത്തേക്ക് പോവുന്നതും തിരിച്ചു കൂട്ടിലെത്തുന്നതും കുഞ്ഞിക്കിളി നോക്കി നിന്നു. ആ വലിയ കിളി തിരിച്ചു വരുന്നത് കണ്ട കുഞ്ഞിക്കിളി ഉറക്കെ ചോദിച്ചു. " ഏയ്‌ വലിയ പക്ഷി... നീ എന്നെയും കൂടി അവിടേക്ക് കൊണ്ടു പോവുമോ..?? " "ഹാ.. !പോന്നോളൂ.. " വലിയ പക്ഷി പറഞ്ഞു. അങ്ങനെ കുഞ്ഞിക്കിളി പറന്നു പറന്നു ആ വലിയ മരത്തിന്റെ മുകളിലുള്ള കൂട്ടിലെത്തി. മുകളിൽ നിന്നും താഴോട്ടു നോക്കിയപ്പോൾ കുഞ്ഞിക്കിളിക്ക് അഭിമാനം തോന്നി. മറ്റാർക്കും എത്താൻ കഴിയാത്ത അത്രയും ഉയരത്തിൽ താൻ എത്തിയതായി അതിനു തോന്നി. എന്നാൽ ഉച്ചയായപ്പോഴേക്കും വെയിലിന്റെ ചൂട് കുഞ്ഞിക്കിളിക് സഹിക്കാൻ കഴിഞ്ഞില്ല. "ഹോ.. ! എന്തു ചൂടാണിവിടെ..?? ഇതിലും സുഖം എന്റെ ആ ചെറിയ കൂട്ടിൽ തന്നെയായിരുന്നു. അങ്ങോട്ടേക്ക് തിരിച്ചു പോകാൻ കഴിഞ്ഞെങ്കിൽ... !!" എന്നാൽ ചുമരുകൾക്ക് ഉയരം കൂടുതൽ ആയതിനാൽ കിളിക്ക് അതിൽ നിന്നും പറന്നുയരാൻ കഴിഞ്ഞില്ല. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞെങ്കിലും ആ കിളി ഇന്നും കൂട്ടിൽ തനിച്ചാണ്.. കഥ പറഞ്ഞു കഴിഞ്ഞ മുത്തശ്ശി തന്റെ കണ്ണിൽ നിന്നും ഇറ്റു വീണ കണ്ണീർ ചുറ്റിലുമുള്ള കുട്ടികൾ കാണാതെ തുടച്ചു കളഞ്ഞു..

നാജിയ
8-B ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ