ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/അക്ഷരവൃക്ഷം/പൊരുതാം; ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം; ഒരുമിച്ച്

മാതാ ഭൂമിഃപുത്രോഹം പൃഥിവ്യഃ
(ഭൂമി അമ്മയാണ്, ഞാൻ ഭൂമിയുടെ പുത്രനും)

അഥർവ്വവേദത്തിലെ ഈവരികൾ മാത്രം മതി പ്രകൃതിയെ നമ്മുടെ പൂർവ്വികർ എത്ര ആദരിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ. കഴിഞ്ഞ തലമുറ നമുക്കായ് കാത്ത് വച്ച ശുദ്ധജലവും,ശുദ്ധവായുവും മലിനീകരിക്കപ്പെടാത്ത ഭൂമിയും കാത്ത് സുക്ഷിക്കാൻ നമുക്ക് ആയില്ല എന്ന യാഥാർഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. കച്ചവടക്കണ്ണോടെ പ്രകൃതിയെ സമീപിച്ച മനുഷ്യർ മലകളും പുഴകളും വനങ്ങളും തച്ചുതകർത്ത് പ്രകൃതിയുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കുകയും പ്രകൃതിക്ഷോഭങ്ങൾ ഏറ്റ് വാങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്ലാസ്റ്റിക് പോലുളള ഉൽപ്പന്നങ്ങളുട ഉൽപ്പാദനവും ഉപയോഗവും പ്രകൃതിക്ക് വൻഭീഷണിയായി തീർന്നിട്ടും അതിൽനിന്ന് പാഠമുൾക്കൊളളാൻപറ്റാത്ത മനുഷ്യർ പ്രകൃതിയെ മാലിന്യകൂമ്പാരമാക്കിക്കൊണ്ടിരിക്കുന്നു.

നൂറു ശതമാനം സാക്ഷരത നേടിയവർ എന്നഹങ്കരിക്കുന്ന നമ്മുടെ നാട്ടിൽ മാലിന്യങ്ങളുടെ ദുർഗന്ധം മൂലം മുക്കുപൊത്താതെ കടന്നുപോകാൻ പറ്റാത്ത പൊതുവഴികൾ ഇല്ലാതായിരിക്കുന്നു. സ്വന്തം വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങൾ പോലും യാതൊരു ലജ്ജയുമില്ലാതെ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയുന്ന മനുഷ്യർ അതുവഴി ജലവും വായുവും മലിനമാക്കുകയും മാരകരോഗങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു. ശുചിത്വബോധമുളള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാൻ നമുക്കായില്ലെങ്കിൽ ആരോഗ്യം നഷ്ടപ്പെട്ട കുറെ മനുഷ്യരും രോഗവാഹകരായി മാറിയിരിക്കുന്ന വായുവും ജലവുമൊക്കെയായിരിക്കും വരുംതലമുറക്ക് നാം ഇവിടെ കാത്തുവയ്ക്കുന്നത്.

ലോകത്ത് നടക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നാം വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങിയേ പറ്റു. സ്വിഡനിലെ ഗ്രേറ്റ തുൻബെർഗ് എന്ന വിദ്യാർത്ഥിനിയുടെ ശബ്ദം ലോകത്തെ പിടിച്ചുലച്ചത് ആ വാക്കുകളുടെ ആഴവും കാലഘട്ടത്തിന്റെ ആവശ്യകതയും കൊണ്ടായിരുന്നു. മലിനമാക്കപ്പെട്ട ഭൂമിയിൽ സൃഷ്ടിക്കപ്പെടുന്ന രോഗാണുക്കൾ ലോകത്തെ പിടിച്ചുലച്ചുക്കൊണ്ടിരിക്കുന്നു.

പ്രതിരോധശേഷി നഷ്ടപ്പെട്ട ജനത മരണത്തിലേക്ക് നടന്നു പോകുന്നത് ഭീതിയോടെ നാം നോക്കിക്കാണുന്നു. ഇനിയും നിശബ്ദരായിരിക്കാൻ നമുക്കാവില്ല. പൂർവികർ നമുക്കായികാത്തുവെച്ച ശുദ്ധവായുവും ശുദ്ധജലവും തിരിച്ചുപിടിച്ചെ പറ്റൂ. വൈറസുകളെ പേടിച്ചിരിക്കാൻ നമുക്ക് സമയമില്ല. ഇനി ഒരു വൈറസും ലോകത്തെ കീഴടക്കാൻ അനുവദിക്കാതിരിക്കാൻ പ്രകൃതിക്ക് സംരക്ഷണ കവചമൊരുക്കാനുളള യുദ്ധത്തിൽ നമുക്കും അണിചേരാം നാം വിജയിക്കുകതന്നെ ചെയ്യും തീർച്ച. വസൂരിയേയും പോളിയോയേയും പോലുളള രോഗങ്ങളെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാൻ നമുക്കായിയെങ്കിൽ ഈ കാണുന്ന രോഗാണുക്കളേയും തൂത്തെറിയാൻ നമുക്കാകും. "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന പ്രർത്ഥിക്കുന്നവരാണ് ഭാരതീയർ. അതെ ഈ ലോകത്തെ രക്ഷിക്കാൻ മുന്നിട്ടിറങ്ങേണ്ടവർ നമ്മളാണ്.

പവിത്ര അശോക്
9 ഗവ. വി എച്ച് എസ് എസ് തൃക്കാക്കര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം