ഗവ. വി എച്ച് എസ് എസ് കൈതാരം/അക്ഷരവൃക്ഷം/ജാഗരണമന്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗരണമന്ത്രം

കുളിർമ‍ഞ്ഞുപെയ്യും ഡിസംബറി-
ന്നാർദ്രമാമേതോ പുലരിയിൽ
കോളമൊന്നിലൊതുങ്ങിയ വാർത്തയിൽ
നിസ്സംഗയായിരുന്നൂ ഞാൻ.
മാസത്തിന്നിതളൊന്നടർന്നപ്പോഴേക്കും
എൻനാടും ഭീതിഗ്രസ്തമാകവേ,
ആശങ്കതന്നാവരണത്താൽ മൂടവേ,
ഭരണകൂടത്തിന്നക്ഷീണയത്നത്താൽ
മനമൊന്നുണർന്നതും
വീണ്ടും പതിവുവട്ടങ്ങളിലേക്ക്
രസക്കാഴ്ചകളിലേക്ക് ഊയലാടവേ.....
വിദേശരാജ്യങ്ങളിൽ
കണക്കുകൾ കുതിയ്ക്കവേ.....
ഇല്ല, ഇതെന്നെ ബാധിക്കുന്നേയില്ലെന്ന
മൂടുപടത്തിൽ ഞാൻ സുരക്ഷിത.
ചിത്രങ്ങളെല്ലാം മായ്ക്കപ്പെട്ടപ്പോൾ
പുതിയചിത്രങ്ങൾക്ക് നിറം ഇരുളിമ മാത്രം.
ഒറ്റപ്പെടലിന്റെയും അതിജീവനത്തിന്റെയും
അലയൊലികൾ...
മരിച്ചവരുടെ കൂടാരങ്ങൾ
കെട്ടുകഥയോ?!അഭ്രപാളികളിലെ മിഥ്യക്കാഴ്ചയോ?!
കെട്ടുകാഴ്ചകളല്ലെന്ന നഗ്നസത്യത്തിൻ പതർച്ചയിൽ
കണ്ടു ഞാൻ ,
മരണം പോലും നിർവികാരമാകുന്നത്...
അന്ത്യചുംബനങ്ങളില്ലാതെ,
ആർത്തലയ്ക്കലുകളില്ലാതെ,
വിലാപയാത്രകളില്ലാതെ,
ഉദകക്രിയകളില്ലാതെ,
യന്ത്രക്കൈകൾ കോരിയെടുത്ത ആഴങ്ങളിലേയ്ക്ക്
ഒന്നിച്ചടക്കപ്പെടുന്ന പേടകങ്ങൾ...
ഭീതി...സർവ്വം ഭീതിമയം....
വാതിലുകളെല്ലാമടയ്ക്കപ്പെടുമ്പോൾ,
അതിർത്തി മണ്ണിട്ടു മൂടുമ്പോൾ,
ആളും ആരവങ്ങളുമൊഴിയുമ്പോൾ
എത്തിനോക്കാനാകാതെ ചാനൽക്കാഴ്ചകൾ...
ഭീതിയല്ല;ജാഗ്രതയാണുവേണ്ടതെന്ന
ആശ്വാസവചനം.
ചങ്ങലക്കണ്ണികൾ മുറിയ്ക്കപ്പെടുന്നു.
മണിക്കൂറിന്റെ മരണക്കണക്കുകൾ,
നിഴൽയുദ്ധങ്ങൾ,
നവമാദ്ധ്യമ ചർച്ചകൾ,
ഒറ്റമൂലിപ്രയോഗങ്ങൾ,
മദ്യമരുന്നുകുറിപ്പടികൾ,
സാമ്പത്തികത്തകർച്ച,
ലംഘനം;ശിക്ഷാമുറകൾ,
ഭക്തനുമുന്നിൽ കൊട്ടിയടയ്ക്കപ്പെടും
ദേവാലയകവാടങ്ങൾ.
ഉയിർത്തെഴുന്നേല്പും പൊൻകണിയും
കാലൊച്ച കേൾപ്പിക്കാതെ കടന്നുപോയപ്പോൾ,
പൂരനാളുകൾ ചരിത്രം തിരുത്തിയപ്പോൾ
യുദ്ധം...സർവ്വം യുദ്ധമയം.
ഈ സമയവും കടന്നുപോകു-
മതിജീവിക്കും നാമീവിപത്തിനെ
മനം പാകപ്പെടുത്തവേ..
പങ്കാളിയായി ഞാൻ
കൃതജ്ഞത തൻ മണിമുഴക്കാൻ,
ഐക്യദീപപ്രഭചൊരിയാൻ...
വാതിൽപ്പുറക്കാഴ്ചകളിൽ
ഗംഗയാറൊഴുകുന്നു,നന്മതൻ തെളിനീരായ്.
വിശുദ്ധിതൻ സന്ദേശമായ്
കാളിയവിഷമകന്ന് കാളിന്ദിയും.
തലസ്ഥാന നഗരി കണ്ടൂ
കൺനിറയെ നീലാകാശം.
വാതിലിന്നിപ്പുറം ഞാനും കാണ്മൂ
തിരിച്ചറിവിൻ കാഴ്ചകൾ.
ഇനിയും തിരിച്ചറിയാൻ വൈകിയിട്ടില്ലെന്ന
തിരിച്ചറിവിൻ പാഠങ്ങൾ...
തിരിച്ചറിവുകളൊന്നും തിരിച്ചറിവുകളാകാത്തതിൻ
തിരിച്ചടികൾ...
നവലോകപ്പുലരിയ്ക്കായ് ഒന്നിച്ചുരുവിടാം നമുക്കീ
തിരിച്ചറിവിൻ ജാഗരണമന്ത്രം.

മീന എം ആർ
എച്ച്.എസ്.ടി ജി വി എച്ച് എസ് എസ് കൈതാരം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത