ഗവ. വി.എച്ച് എസ്സ് എസ്സ് അഞ്ചൽ ഈസ്റ്റ്/അക്ഷരവൃക്ഷം/തിരിച്ചറിവിന്റെ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവിന്റെ പാഠങ്ങൾ

ങ്‌ഹേ !എന്താ അവിടൊരു വെളിച്ചം?ആയിരം സൗരമണ്ഡലങ്ങൾ ഒന്നിച്ച് ഉദിച്ചതുപോലെ.ഒന്നും കാണാൻ കഴിയുന്നില്ല.വെട്ടത്തിന്റെ തീവ്രത പതിയെ പതിയെ കുറഞ്ഞു വന്നു.അല്ല,ഇവിടെ ആരേയും കാണുന്നില്ലല്ലോ.ഇതേതാ സ്‌ഥലം?അപ്പുവിന് പേടി തോന്നി .എന്തായാലും മുന്നോട്ട് പോവുകതന്നെ.അവിടെ വഴിയരികിൽ ആരോ നിൽക്കുന്നുണ്ടല്ലോ.അവൻ തെല്ല് ഭയത്തോടും ആകാംഷയോടുംകൂടി അയാളുടെ അടുത്തേക്ക് ചെന്നു.ആദ്യകാഴ്ചയിൽ അയാൾ ഒരു പടുവൃദ്ധനാണെന്ന് അവന് തോന്നി.അയാൾ ഉറങ്ങുകയാണെന്ന് അവന് ബോധ്യമായി.അപ്പുവിന് തെല്ലൊരാശ്വാസം തോന്നി.ഒരു മനുഷ്യജീവിയെയെങ്കിലും കാണാനൊത്തല്ലോ.അപ്പൂപ്പാഅവൻ വിളിച്ചു.അയാൾ തന്റെ കനത്തതും തൂങ്ങിയാടുന്നതുമായ കൺപോളകൾ വളരെ പണിപ്പെട്ട് തുറന്നുകൊണ്ട് അയാൾ അവനുനേരെ കരുണാർദ്രമായ ഒരു നോട്ടമയച്ചു.എന്തുകൊണ്ടോ ആ നോട്ടം പരിചിതമായി തോന്നിച്ചു.

പെട്ടന്നവന്റെ ഉള്ളിൽ ഒരപായമണി മുഴങ്ങി.'ഇയാൾ ആരാണ്?'.ഇവിടെ എന്താണ് ചെയ്യുന്നത്?താനെങ്ങനെ ഇവിടെ എത്തിപ്പെട്ടു?.ഒരുപക്ഷേ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ഇയാൾ തന്നെ തട്ടിക്കൊണ്ട് വന്നതായിരിക്കുമോ?.അപ്പു അയാളെ സംശയദൃഷ്ടിയോടെ നോക്കി.അവന്റെ ഉള്ളിലെ സംശയം മനസ്സിലാക്കിയിട്ടെന്നപോലെ 'അപ്പൂപ്പൻ'വീണ്ടും ചിരിച്ചു."നിനക്ക് എന്താ അറിയേണ്ടത് ?,ചോദിച്ചോളൂ".അപ്പു തെല്ല് ഭയത്തോടെ തന്റെ ചോദ്യശരങ്ങളെല്ലാം തൊടുത്തുവിട്ടു.ഒരു ചെറുപുഞ്ചിരിയോടെ അപ്പുപ്പൻ മറുപടി നൽകി."ഇതെന്റെ ലോകമാണ്.ഞാനാണ് നിന്നെ ഇവിടേക്ക് കൊണ്ടുവന്നത്".ഒരു മനുഷ്യന് സ്വന്തമായി ഒരു ലോകമോ!.അപ്പുവിന് വീണ്ടും സംശയമായി."അതിന് ഞാൻ മനുഷ്യനാണെന്നാരാ പറഞ്ഞെ?"."പിന്നെ?"അപ്പുവിന് ശരിക്കും പേടി തോന്നി.മനുഷ്യനല്ലെങ്കിൽ പിന്നെ പ്രേതമായിരിക്കും.സംശയനിവാരണത്തിനായി അവൻ അയാളെ സൂക്ഷിച്ച് നോക്കി.പ്രായമേറിയതെങ്കിലും ഐന്ദ്രികമായ വശീകരണശക്തിയുള്ള കണ്ണുകൾ.നരച്ചനീണ്ട താടിയും മുടിയും.ശിരസ്സ് മുതൽ പാദം വരെ തൊടുന്ന ഒരു വെള്ള വസ്ത്രം.ഇതൊരുപക്ഷെ ഏതെങ്കിലുമൊരു പ്രേതമായിരിക്കും.അമ്മമ്മ പറഞ്ഞുതരാറുള്ള കഥകളിലൊക്കെയുള്ള മാംസാഹാരിയായ ദുഷ്ടപ്രേതം.

"അപ്പൂ "അയാൾ അവനെ കുലുക്കി വിളിച്ചപ്പോഴാണ് അപ്പു ആലോചനയുടെ ലോകത്തുനിന്നും ഇറങ്ങിവന്നത്.നീ വിചാരിക്കുന്നതുപോലെ ഞാൻ പ്രേതമൊന്നുമല്ല.നിങ്ങളൊക്കെ സദാസമയവും നിങ്ങളുടെ ദുഃഖങ്ങളും പരിവേദനങ്ങളുമെല്ലാം പറയുന്ന ഒരാളില്ലെ .അയാളാണ് ഞാൻ.'ഈശ്വരനൊ'! അവന് വിശ്വസിക്കാൻ പ്രയാസം തോന്നി.അത് സത്യമാണെന്ന് പതുക്കെ അവന് തോന്നി.പൈശാചികരൂപത്തിന് പകരം പ്രപഞ്ചസ്രഷ്ടാവായ ഈശ്വരന്റെ രൂപം അവൻ അപ്പുപ്പനിൽ കണ്ടു.ആകാംഷകൊണ്ട് അവൻ ദൈവത്തിന്റെ കാൽതൊട്ട് വന്ദിച്ചു.പക്ഷെ അപ്പോഴും ഒരു ചോദ്യം അവന്റെ മനസ്സിൽ കീറാമുട്ടിയായി നിന്നു.ഈ ദൈവം ഹിന്ദുവാണോ?,ക്രിസ്ത്യാനി ആണോ?,അതോ മുസ്ലീമാണോ?.ഒരുപക്ഷേ ദൈവത്തിന് തന്റെ ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലോ?.എന്നാലും രണ്ടുംകല്പിച്ച് അവൻ ആ ചോദ്യം ദൈവത്തിനോട് ചോദിച്ചു.ഹ.....ഹ.....ഹ...... .ഒരു പൊട്ടിച്ചിരിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.മതമോ? എനിക്കോ?.അപ്പു ഏഴാം താരത്തിലല്ലേ പഠിക്കുന്നത്.സ്കൂളിലൊക്കെ അധ്യാപകർ നിങ്ങളെ പേടിപ്പിക്കാറില്ലേ .ജാതിയും മതവുമെല്ലാം മനുഷ്യനി൪മിതമല്ലേ .ഞാൻ ജാതിയോടോ മതത്തോടോ അല്ല ഒരു മനുഷ്യനെയും സൃഷ്ടിച്ചത്.പ്രപഞ്ചത്തിലെ മറ്റ് ജീവജാലങ്ങളെപ്പോലെയാണ് ഞാൻ മനുഷ്യനേയും സൃഷ്ടിച്ചത്.നിങ്ങൾ അതിന്റെ പേരിൽ ഭൂമിയിൽ സ്വന്തം വർഗ്ഗത്തിൽതന്നെ വേർതിരിവുകൾ സൃഷ്ടിച്ചു .അതിന്റെ പേരിൽ കൊള്ളയും കൊലയും നടത്തി.എന്തിനേറെ എന്നെപ്പോലും നിങ്ങൾ വിഭജിച്ചില്ലേ.എല്ലാവരും പലപേരുകളിൽ വിളിക്കുന്ന ഞാൻ ഒരാളാണ് .അത് മനസ്സിലാക്കാതെ ജാതിയുടെയും മതത്തിന്റെയും പേരിൽ ജീവനെടുക്കുകയല്ലേ നിങ്ങൾ .മോനേ . വളർന്നുവരുന്ന തലമുറയിലെ ഒരു കണ്ണിയാണ് നീ.അതിനാലാണ് നിന്നോട് ഞാനിതെല്ലാം പറയുന്നത്.നിങ്ങളും മുതിർന്നവരുടെ പാത പിന്തുടർന്നാൽ സൃഷ്ടിയുടെ സന്തുലിതാവസ്‌ഥ പാടേതകരും .ഒടുവിൽ ഭൂമിയിൽ ജീവന്റെ കണികപോലും അവശേഷിക്കുകയില്ല എന്നതാണ് സത്യം.

ഇതൊക്കെ ശരിയാണെന്ന് അപ്പുവിനും തോന്നി.എന്നാൽ ഭൂമിയിലെ ഇന്നത്തെ അവസ്ഥ ."അങ്ങ് ഇതൊന്നും കാണുന്നില്ലേ.മാനവരാശിയെ ഇത്രയധികം പീഡിപ്പിക്കുന്ന ;ലക്ഷകണക്കിന് മനുഷ്യജന്മങ്ങളെ കൊന്നൊടുക്കുന്ന കോവിഡ് എന്ന ഈ വൈറസും അവിടുത്തെ സൃഷ്ടിയല്ലേ?.എന്തുകൊണ്ട് ദൈവം ഇതിനെ നിയന്ത്രിക്കുന്നില്ല?.ഇതിന് ഒരവസാനം ഇല്ലേ?."അപ്പു നിന്റെ സ്‌ഥാനത്തുനിന്ന് ചോദിക്കുമ്പോൾ ഈ ചോദ്യങ്ങളെല്ലാം തികച്ചും ന്യായമാണ്.എന്നാൽ പ്രകൃതിയുടെ നിയമമനുസരിച്ച് ഇത് മനുഷ്യന് ലഭിക്കാവുന്ന വളരെ ചെറിയൊരു ശിക്ഷമാത്രമാണ്.എനിക്ക് മനുഷ്യനെപ്പോലെതന്നെയാണ് മറ്റെല്ലാജീവജാലങ്ങളും.ബുദ്ധിവികാസം കൂടുതലുള്ള നിങ്ങൾ ഭജിക്കുന്നു.എന്നിരുന്നാലും സൃഷ്ടിയുടെ അധിപനെന്ന നിലയിൽ ഏതൊരു ജീവിയും എനിക്ക് പ്രാധാന്യമുള്ളവയാണ്.ബുദ്ധിയുള്ളവരെന്ന് സ്വയം അഹങ്കരിച്ച് നടക്കുന്ന മനുഷ്യൻ മറ്റുജീവികൾക്ക് ഏൽപ്പിക്കുന്ന ആഘാതങ്ങൾ അസഹനീയമാണ്.നിങ്ങളുടെ അശാസ്ത്രീയമായ ഇടപെടൽ കാരണം എത്രയോ ജീവിവ൪ഗങ്ങളാണ് ഭൂമുഖത്തു നിന്നുതന്നെ ഇല്ലാതാക്കപ്പെട്ടത് .പ്രകൃതിയിലെ സന്തുലിതാവസ്‌ഥയുടെ താളം തെറ്റി.ഭൂമിയിൽ എല്ലാവർക്കും തുല്യപ്രാധാന്യവും ജീവിക്കാൻ തുല്യ അവകാശവുമാണുള്ളത് .എന്നാൽ നിങ്ങൾ നിങ്ങളുടെ സ്‌ഥാനം മറന്നു. വംശവർദ്ധനവുണ്ടായതോടെ മറ്റ് ജീവികളുടെ ആവാസവ്യവസ്‌ഥയെ നശിപ്പിക്കാൻ തുടങ്ങി.എല്ലാത്തിന്റെയും അധിപരായിരിക്കണമെന്നാഗ്രഹിച്ച് പ്രവർത്തിച്ചു.തെറ്റിൽനിന്നും തെറ്റിലേക്കുള്ള പ്രയാണത്തിൽ ജന്മംനൽകിയ ഭൂമാതാവിനെയും പരിപാലിച്ച പ്രകൃതിയെയും നിങ്ങൾ കൈയടക്കാൻ ശ്രമിച്ചു.മനുഷ്യബുദ്ധിയുടെ കുടിലതയിൽ ഭൂമിയെ മുറിവേൽപ്പിച്ച് ഒരു ചോരക്കളമാക്കി മാറ്റി.എന്തിനേറെ പറയുന്നു അതിന്റെ മൂർദ്ധന്യാവസ്ഥയിൽ മനുഷ്യൻ അന്യോന്യം അക്രമിക്കുവാനും മുറിവേൽപ്പിക്കുവാനുമായി ശ്രമിക്കുന്നു.പാവപ്പെട്ടവരെ ചവിട്ടിയരച്ച് അവർക്ക് ഭക്ഷണം പോലും നൽകാതെ പരസ്പരം കൊല്ലാനും യുദ്ധംചെയ്യാനുമുള്ള ആയുധങ്ങൾ നിർമ്മിക്കുന്നു.ആരെയാണ് നിങ്ങൾ തോൽപ്പിക്കാൻ ശ്രമിക്കുന്നത്?.ബോംബുകളും തോക്കുകളുംകൊണ്ട് ഒരു കൂട്ടർക്ക് സംരക്ഷണം നൽകി മറ്റൊരു കൂട്ടരെ നിങ്ങൾ കൊന്നൊടുക്കുകയല്ലേ .ഒടുവിൽ അഹങ്കാരം മൂത്ത് പ്രകൃതിക്കുമേലും തന്റെ ആധിപത്യം സ്‌ഥാപിക്കാൻ ശ്രമിക്കുകയാണ്.

മനുഷ്യനാൽ തടുക്കാനോ നിയന്ത്രിക്കാനോ കഴിയില്ല പ്രപഞ്ചശക്തിയെ.സ്വാർത്ഥ ലക്ഷ്യത്തോടുകൂടിയുള്ള പ്രയാണത്തിനിടയിൽ പ്രകൃതിയിലെ ജീവജാലങ്ങളെ വിലകുറച്ചുകണ്ട നിങ്ങളുടെ ജീവനെടുക്കാൻ ഇത്തിരിക്കുഞ്ഞൻ വൈറസ്സിനാകുമെന്ന് നിങ്ങളിപ്പോൾ പഠിച്ചു .ഭൂമിയിൽ ഏറ്റവും കൂടുതലുള്ള ജീവിവർഗം മനുഷ്യനാണ്.അതിൽ കുറച്ചുപേർ മരിച്ചപ്പോഴേ നിങ്ങൾ ഇത്രകണ്ട് വിഷമിക്കുകയും ആ വൈറസിനെ ശത്രുവായികാണുകയും ചെയ്യുന്നല്ലോ.ഇതുപോലെ വികസനാവശ്യങ്ങൾക്കും മറ്റുമായി എത്രയോ കോടി ജീവജാലങ്ങളുടെ ആവാസവ്യവസ്‌ഥയാണ് നിങ്ങൾ തകർത്തത്.ഇപ്പോൾ ഭൂമിയെ മുഴുവൻ ദ്രോഹിക്കുന്ന നിങ്ങളെ പ്രകൃതി ശത്രുവായി കാണുകയാണ്. പ്രകൃതിയെ ചൂഷണംചെയ്തും മലിനപ്പെടുത്തിയും ശത്രുവായി കാണാതെ മിത്രമായാണ് കരുതേണ്ടത്.ഈ അവസ്‌ഥയിൽ നിന്നും പഠിക്കേണ്ട പാഠമിതാണ് ;ആരെയും ഉപദ്രവിക്കാതെ പ്രകൃതിയുടെ,പ്രപപഞ്ചത്തിന്റെ,അവനവന്റെ മിത്രമായി മനുഷ്യൻ മാറണം .എന്തിനും ഒരവസാനം തീർച്ചയായും ഉണ്ടാകും.അതുപോലെ ഈ ദുരവസ്‌ഥക്കും ഒരു പര്യവസാനം ഉണ്ടാകും.അധികം വൈകാതെ ഭൂമിയിൽ സമാധാനം തിരികെവരും”.

നമസ്കാരം .നിങ്ങൾ ഇതുവരെ കേട്ടത് പ്രശസ്ത കഥാകൃത്ത് മുരളീധരൻ എഴുതിയ 'തിരിച്ചറിവിന്റെ പാഠങ്ങൾ'എന്ന കഥയാണ്.അടുത്ത.പരിപാടി ഉടൻ ആരംഭിക്കുന്നതാണ്.റേഡിയോയിൽനിന്നും കഥവായിച്ച സ്ത്രീയുടെ ശബ്ദം ഉയർന്നുകേട്ടു."ഉണ്ണീ”.....നീ ആ റേഡിയൊ ഓഫാക്കിയശേഷം ഊണ് കഴിക്കാൻ വന്നേ."അമ്മ അടുക്കളയിൽ നിന്നും വിളിച്ച് പറഞ്ഞു.ദാ ഇപ്പൊ വരാമ്മേ എന്ന് പറഞ്ഞ് കിഴക്കേ പ്ലാവിന്റടുത്തേക്ക് അവനോടി.അതെ ഇപ്പോൾ പുതിയതരം അണ്ണാനും കിളികളുമെല്ലാം ഇവിടെ വരാറുണ്ട്.ഇപ്പോൾ നാലുപാടും ചീറിപ്പായുന്ന വണ്ടിയുടെ ശബ്ദമില്ല.ശരിയാണ് ഇപ്പോഴത്തെ വായു കുറേക്കൂടി ശുദ്ധമാണ്.പ്രകൃതി ഉല്ലാസവതിയാണ്.മറ്റുള്ളവരെയെല്ലാം കൂട്ടിലാക്കിയ മനുഷ്യൻ ഇപ്പോൾ കൂട്ടിലാണല്ലോ എന്ന സന്തോഷമായിരിക്കും.ഇനിയെങ്കിലും ഇതിനെല്ലാം ഒരു മാറ്റമുണ്ടാകണം .അവൻ നിശ്ചയിച്ചു.

ദേവിക.പി.
8 എ ഗവ: എച്ച്.എസ്.എസ്.,അഞ്ചൽ.ഈസ്റ്റ്
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ