ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നൂറ്റാണ്ട് പഴക്കമുള്ള ഈ സ്കൂളിന്റെ പൂർണമായ ചരിത്രം രേഖപ്പെടുത്തുക പ്രയാസമാണ്. എന്നിരുന്നാലും വാരണപ്പള്ളിൽ കുടുംബാം ഗങ്ങൾ അന്നത്തെ സാമൂഹിക വ്യവസ്ഥ അനുസരിച്ച് താഴ്ന്ന ജാതിക്കാർക്കായി പള്ളിക്കുടങ്ങൾ ഇല്ലാത്തതിനാൽ സ്വന്തം സ്ഥലത്ത് പടുത്തുയർത്തിയ കുടിപ്പള്ളിക്കുടമാണ് ഈ സ്കൂൾ ആയി പരിണമിച്ചത്.1895 ൽ ശങ്കര സുബ്ബയ്യൻ ദിവാന്റെ കാലത്ത് അവർണർക്ക് അവരാവശ്യപ്പെട്ടാൽ പ്രത്യേക പള്ളിക്കുടങ്ങൾ അനുവദിച്ചു കൊടുക്കാമെന്നുള്ള തീരുമാനം അനുസരിച്ച് വാരണപ്പള്ളി കുടുംബാം ഗത്തിന് ലഭിച്ച ഈ സ്കൂളാണ് ഇന്നത്തെ ഗവ. യു. പി. എസ്. പുതുപ്പള്ളി നോർത്ത്.

പുതുപ്പള്ളിയിൽ നടന്നിട്ടുള്ള ഒട്ടുമിക്ക സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ഈ സ്കൂൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പുതുപ്പള്ളിയിലെ സഹോദര സംഘത്തിന്റെ നേതൃത്വത്തിൽ ഒരു മിശ്രഭോജനം സംഘടിപ്പിക്കുകയുണ്ടായി. അത് നടന്നത് ഇന്നത്തെ ഈ സ്കൂളിൽ വച്ചായിരുന്നു. പുതുപ്പള്ളി രാഘവനും മിശ്രഭോജനത്തിൽ പങ്കെടുത്തിരുന്നു. സാമൂഹിക സാംസ്‌കാരിക പുരോഗതിക്കുവേണ്ടി അഹോരാത്രം പ്രയത്നിച്ച പല വ്യക്തികളും ഈ സ്കൂളിൽ പൂർവ്വാദ്ധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രശസ്തരായ പലരും ഈ സ്കൂളിൽ നിന്ന് വിദ്യ അഭ്യസിച്ചിട്ടുള്ളവരാണ്. ശ്രീ. കുഞ്ഞൻ വെളുമ്പൻ (സാമൂഹ്യപരിഷ്കർത്താവ് ), Dr. ഹെൻറി ( ശിശുരോഗ വിദഗ്ധൻ ), അഡ്വ. A.K പ്രശാന്തൻ, മലയാള ഭാഷയിൽ ഡോക്ടറേറ്റ് ലഭിച്ച Dr. ശിശുപാലൻ അഡ്വ. ധനപാലൻ, നാടക രചയിതാവും നടനുമായി പ്രശസ്തനായ ശ്രീ. എം. ആനന്ദൻ, 'നിയമസഭയിലെ എക്കാലത്തെയും പ്രഗത്ഭനായ ധനമന്ത്രി' എന്ന് വിശേഷിപ്പിക്കപ്പെട്ട ശ്രീ. M. K ഹേമചന്ദ്രൻ, അഡ്വ. ഉദയകുമാർ ഉൾപ്പെടെയുള്ള പല പ്രഗത്ഭരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികളായിരുന്നു എന്ന യാഥാർഥ്യം അഭിമാ നപൂർവ്വം രേഖപ്പെടുത്തുന്നു. തുടക്കത്തിൽ നാലാം ക്ലാസ്സ്‌ വരെ മാത്രമുണ്ടായിരുന്ന ഈ സ്കൂൾ കുട്ടികളുടെ ബാഹുല്യം നിമിത്തം ഷിഫ്റ്റ്‌ സമ്പ്രദായത്തിലാണ് പ്രവർത്തിച്ചിരുന്നത്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടപ്പോൾ അഞ്ചാം ക്ലാസ്സ്‌ ആരംഭിക്കുകയും തുടർന്ന് ആറ്, ഏഴ് ക്ലാസുകളോടെ ഒരു യു. പി. സ്കൂളായി പരിണ മിക്കുകയും ചെയ്തു. സമീപകാലം വരെ കുട്ടികളുടെ ബാഹുല്യം കൊണ്ട് ഷിഫ്റ്റ് സമ്പ്രദായം ഇവിടെ നില നിന്നിരുന്നു. ദേവികുളങ്ങര പഞ്ചായത്തിലെ ഏക ഗവ. ഹയർ സെക്കന്ററി സ്കൂളായി മാറേണ്ടിയിരുന്ന ഈ സ്കൂൾ സ്ഥല പരിമിതി മൂലമാണ് ഇപ്പോഴും യു. പി. സ്കൂളായി പ്രവർത്തനം തുടരുന്നത്. ദേവികുളങ്ങര പഞ്ചായത്ത്‌ നിവാസികളുടെ ഒരു തീരാവേദനയായി ഈ പ്രശ്നം ഇന്നും നിലനിൽക്കുന്നു.