ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ബിച്ചുവിന്റെ തണ്ണീർക്കുടം

Schoolwiki സംരംഭത്തിൽ നിന്ന്
ബിച്ചുവിന്റെ തണ്ണീർക്കുടം

രാവിലെ കാക്കകളുടെ അലറിവിളി കേട്ടാണ് ബിച്ചു ഉറക്കമുണർന്നത്. അവൻ നേരേ മുറ്റത്തേക്കിറങ്ങി. പ്ലാവിൻ ചുവട്ടിൽ ഒരു കാക്ക വീണ് കിടക്കുന്നു. കുറേ കാക്കകൾ മരക്കൊമ്പിലിരുന്നും ചുറ്റും പാറിനടന്നും അലറിക്കരയുന്നു.ബിച്ചു നിലത്ത് കിടക്കുന്ന കാക്കയുടെ അടുത്ത് ചെന്നു നോക്കി. അനക്കമില്ല. പാവം കാക്ക ....ബിച്ചുവിന് സങ്കടം തോന്നി.

ബിച്ചുവിൻ്റെ അഛൻ ജീവനില്ലാത്ത കാക്കയെ കുഴിച്ചുമൂടി. മോനേ.. സങ്കടപ്പെടേണ്ട.. ഈ വേനലിൽ വെള്ളം കിട്ടാതെ പക്ഷികൾ വല്ലാതെ വിഷമികുന്നുണ്ട്... ഒരു പാട് കിളികൾക്ക് അവരുടെ ജീവൻ പോലും നഷ്ടപ്പെടുന്നു... നമുക്കൊരു തണ്ണീർ കുടമുണ്ടാക്കി വെക്കാം ..അതാവുമ്പം കിളികളൊക്കെ വന്ന് യഥേഷ്ടം വെള്ളം കുടിച്ച് പോകും... അഛൻ അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

ബിച്ചു അഛനോടൊപ്പം ചേർന്ന് ഒരു മൺകുടം എടുത്ത് മുറ്റത്തെ മാവിൻ കൊമ്പിൽ കെട്ടിവെച്ചു.ബിച്ചു അതിൽ വെള്ളം നിറച്ചു. അവൻ വീടിൻ്റെ വരാന്തയിൽ കാത്തിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു മൈന ചിറകടിച്ച് വന്ന് കുടത്തിൻ്റെ വക്കിലിരുന്നു. തല വെട്ടിച്ച് തിരിഞ്ഞും മറിഞ്ഞും ഒന്ന് നോക്കിയിട്ട് തണ്ണീർ കുടത്തിൽ അതിൻ്റെ മഞ്ഞചുണ്ട് താഴ്ത്തി വെള്ളം മോന്തിക്കുടിച്ചു.ബിച്ചു നോക്കിയിരിക്കെ ഒന്നു രണ്ട് മൈനകൾ കൂടി പറന്ന് വന്ന് വെള്ളം കുടിച്ച് പോയി. പൊടുന്നനേ എങ്ങോ നിന്നൊക്കെ കാക്കകളും വർണചിറകുള്ള പൊൻമാനും തലയിൽ പൂവുള്ള മരംകൊത്തിയും അടയ്ക്കാ കുരുവികളുമെല്ലാം പാറിയെത്തി മരക്കൊമ്പുകളിലിരുന്നു. അവർ കലപില കൂട്ടിയും ചിറകടിച്ചും ബിച്ചുവിൻ്റെ തണ്ണീർ കുടത്തിന് ചുറ്റും നൃത്തം വെച്ചു. ഇടയ്ക്കിടക്ക് കുടത്തിൽ തല താഴ്ത്തി മതിയാവോളം വെള്ളം മോന്തിക്കുടിച്ചു.അതിരില്ലാത്ത സന്തോഷം കൊണ്ട് അവർ ബിച്ചുവിനെ നോക്കി തലകുലുക്കി ചിരിച്ചു.ഇതൊക്കെ കണ്ട് ബിച്ചുവിൻ്റെ മനം കുളിർത്തു.

ഇൻഫാസ്
6 E ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ