ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''ജാഗ്രതയോടെ ഒരുമയോടെ'''

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ ഒരുമയോടെ

ആമുഖം

എല്ലാം തന്റെ കാൽക്കീഴിലാണെന്ന് അഹങ്കരിച്ചിരുന്ന മനുഷ്യന് താൻ ഒന്നുമല്ല എന്ന് മനസ്സിലാക്കി തരികയായിരുന്നു കൊറോണ എന്ന ചെറു വൈറസിന്റെ ആഗമനത്തിന്റെ മറ്റൊരു ലക്ഷ്യം. ലോകത്തെ മുഴുവൻ നിശ്ചലമാക്കികൊണ്ട് കഴിഞ്ഞ കുറേ ആഴ്ചകളായി കൊറോണ എന്ന ചെറുവൈറസ് മനുഷ്യനുമേൽ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. ജാതിക്കും മതത്തിനും അതീതമായി വർണ്ണവിവേചനമില്ലാതെ അത് മനുഷ്യജീവിതത്തെ പന്താടുന്നു. സമ്പന്നനെന്നോ ദരിദ്രനെന്നോ ഇല്ലാതെ എല്ലാവരും അവരവരുടെ വീടുകളിൽ ഒതുങ്ങികൂടേണ്ടി വരുന്നു. നമ്മുടെ നാട്ടിൽ കൊറോണ വൈറസ് എന്ന ഭീകരൻ ഉണ്ടാക്കിയ ഭീതിയെക്കുറിച്ചാണ് ഞാൻ ഈ ഉപന്യാസത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.

കൊറോണ പറ്റിച്ച പണി

2020 പുതുവർഷം കണികണ്ടത് കൊറോണ എന്ന ഭീകരനെയാണ്. പക്ഷേ, മനുഷ്യർ അതിനെ നിസാരക്കാരനായി കണ്ടു. പിന്നെ ഫെബ്രുവരി കഴിഞ്ഞപ്പോഴാണ് കൊറോണ തന്റെ ഉഗ്രരൂപമെടുത്ത് താണ്ഡവമാടാൻ തുടങ്ങിയത്. ഈ ഭീകരന് ഒരു പേര് കൂടിയുണ്ട് - കോവിഡ് 19. 2019 നവംബറിലാണ് കൊറോണ ആദ്യമായി ഒരാൾക്ക് സ്ഥിരീകരിച്ചത്. കൊറോണ വൈറസ് ഡിസീസ് (Corona Virus Disease) എന്നതിന്റെ ചുരുക്കപ്പേരാണ് കോവിഡ്. 2019 വർഷമായതുകൊണ്ട് 2019ന്റെ 19 കൂടിചേർന്നാണ് കോവിഡ് 19 (Covid 19) ആയത്. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും കൊറോണയ്ക്ക് മുന്നിൽ മുട്ടുമടക്കിയപ്പോൾ നമ്മുടെ കൊച്ചുകേരളം കൊറോണയെ മെല്ലെ മെല്ലെ അതിജീവിക്കുകയാണ്. ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് കൊറോണ ലോകരാഷ്ട്രങ്ങളുടെ സമ്പദ്ഘടനയുടെ നട്ടെല്ല് തകർത്തിരിക്കുകയാണ്. വികസിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രമെന്ന നിലയിൽ ഇന്ത്യ നേരിടുന്ന പ്രശ്നങ്ങൾ പലവിധത്തിലുള്ളതാണ്. ഇതിൽ സാമൂഹികം, കായികം, ആരോഗ്യം, വാണിജ്യം, വ്യാപാരം തുടങ്ങി പല മേഖലകൾ ഉൾപ്പെടും.

ചൈനയിൽ നിന്നും വരവ്

കൊറോണ എന്ന കോവിഡ് 19ന്റെ ഉൽപ്പത്തി ചൈനയിൽ നിന്നാണ്. നമ്മുടെ ഇന്ത്യയിൽ ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് മൂന്നു കേരളീയർക്കാണ്. ചൈനയിൽ നിന്നാണ് ഉൽപ്പത്തി എങ്കിലും അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിവച്ച് താരതമ്യപ്പെടുത്തിയാൽ ചൈനയിലെ സ്ഥിതി ഇതിലും മെച്ചം. 2019 നവംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ആദ്യമായി ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചൈനയിൽ നിന്ന് ഉൽപ്ത്തിയെടുത്ത കൊറോണയ്ക്ക് ഇതുവരെ മറുമരുന്ന് കണ്ടുപിടിക്കാൻ കഴിയാത്തത് വളരെയധികം നിർഭാഗ്യകരമാണ്.

ജീവനെടുക്കും കൊറോണ

കൊറോണ എന്ന ചെറുവൈറസ് പതിയെ പതിയെ ലോകമെമ്പാടും പടർന്നു. പിന്നെ അത് മനുഷ്യന്റെ ജീവനെടുക്കാൻ തുടങ്ങി. ലോകത്ത് ഒന്നേകാൽ ലക്ഷത്തിലേറെപേരുടെ ജീവനെടുത്തുകൊണ്ട് കൊറോണ അമേരിക്ക അടക്കമുള്ള വൻ വികസിത രാഷ്ട്രങ്ങളേയും വൻ ഭീതിയിലാഴ്ത്തുകയാണ്. അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ഓരോ സെക്കന്റിലും കൊറോണ കാരണം ജീവനുകൾ പൊലിയുകയാണ്. ഒരു കണക്കും കൃത്യമായി പറയുവാൻ കഴിയില്ല. കാരണം ഓരോ സെക്കന്റിലും കണക്കുകൾ മാറി മറിയുകയാണ്. ലക്ഷക്കണക്കിന് ആൾക്കാർക്കാണ് കോവിഡ് രോഗം പിടിപെട്ടത്. ഇന്ത്യയിൽ സ്ഥിതി മെച്ചപ്പെട്ടുവന്നപ്പോൾ ഡൽഹിയിലെ നിസാമുദ്ദിനിൽ നടന്ന മത സമ്മേളനത്തിനു പോയി നമ്മുടെ സഹോദരങ്ങൾ രോഗബാധിതരായി. ഇവരുമായി സമ്പർക്കം പുലർത്തിയവർക്കും രോഗം സ്ഥീകരിക്കുകയുണ്ടായി. ഇന്ത്യയിൽ 11000 ത്തിൽ അധികം പേർ രോഗ ബാധിതരാവുകയും 350 ലേറെ പേർ മരിക്കുകയും ചെയ്തു. കേരളം കൊറോണക്കെതിരെ വിജയത്തിന്റെ വക്കിലാണ് എന്നത് സന്തോഷകരമാണ്. രോഗം പിടിപ്പെട്ടവരിൽ മിക്കവരും രോഗവിമുക്തരായി.

വീണ്ടുമൊരു ദുരന്തം

പണ്ടുകാലം മുതൽക്കെ മുത്തശ്ശിമാർ പകർച്ചവ്യാധികളും, പ്രളയങ്ങളും, ചുഴലിക്കാറ്റുമൊക്കെ ലോകാവസാനത്തിന്റെ മുന്നോടിയാണെന്ന് പറയാറുണ്ട്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇതിന്റെ എല്ലാ സാഹചര്യങ്ങളും കണ്ടു വരുകയാണ്. 2017 ലെ ഓഖി ചുഴലിക്കാറ്റ്, 2018-19 വർഷത്തെ പ്രളയങ്ങൾ ഇതാ ഇപ്പോൾ 2020 ൽ വീണ്ടുമൊരു ദുരന്തം കൊറോണ വൈറസ് ! മുൻപൊരു വന്നിരുന്നു, നിപ്പാ വൈറസ് ! അതിനെ നാം വളരെ പെട്ടെന്ന് അതിജീവിച്ചു. അതുപോലെയല്ല കൊറോണ ! എന്നാലും നിപ്പയെ അതിജീവിച്ചില്ലേ അതുപോലെ കൊറേണയെയും നാം അതിജീവിക്കും.

കൊറോണയെ തളയ്ക്കാൻ ലോക്ഡൗൺ

ലോകത്ത് കൊറോണ അതിവേഗം പടർന്നതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി 'ജനതാ കർഫ്യൂ'വും തുടർന്ന് 21 ദിവസത്തെ ലോക്ഡൗണും പ്രഖ്യാപിച്ചു. റോഡുകളിൽ പോലീസ് നിയന്ത്രണങ്ങൾ നടത്തി. സാമൂഹിക അകലം പാലിക്കണമെന്നും, മാസ്ക് നിർബന്ധമായും ധരിക്കണമെന്നും, പുറത്ത് ആവശ്യമില്ലാതെ ഇറങ്ങിയാൽ 4000 രൂപ പിഴ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കെറോണയ്ക്ക് പ്രധാനമന്ത്രി (को - कोई, रो - रोड पर, ना - ना निकले) എന്ന അർത്ഥം നൽകി നമുക്ക് സന്ദേശം നൽകി. ഐക്യദീപം തെളിയിച്ചുകൊണ്ട് നാം പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങൾ പാലിച്ചു. 21 ദിവസം കഴിഞ്ഞ് ഇതാ 19 ദിവസം കൂടി ലോക്ഡൗൺ തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഒരാഴ്ചയിലെ സ്ഥിതി നോക്കിയായിരിക്കും നിയന്ത്രണങ്ങൾ കുറച്ച് കടകൾ തുറക്കുന്നത്. പിന്നെ 3 മേഖലകളായി സ്ഥലങ്ങൾ തിരിച്ചിട്ടുമുണ്ട്. ചുവപ്പ്, മഞ്ഞ അഥവാ ഓറഞ്ച്, പച്ച എന്നിങ്ങനെയാണ് 3 മേഖലകൾ. പച്ച മേഖലയിലായിരിക്കും ഇളവ് അനുവദിക്കുക. ലോക്ഡൗണിലൂടെ സാമ്പത്തികപരമായും, ആരോഗ്യപരമായും പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ പ്രയ്തനത്തിന് ഫലം കാണുമെന്ന് വിശ്വസിച്ചുകൊണ്ട് വീടുകളിൽ തുടരാം.

കേരള മോഡൽ

ലോകത്ത് കൊറോണ വൻ ഭീതിയുണ്ടാക്കുമ്പോഴും നമ്മുടെ കൊച്ചു കേരളം കൊറോണയ്ക്കെതിരെ പൊരുതുകയാണ്. ഈ അവസ്ഥയിൽ ലോകം തന്നെ നമ്മുടെ കേരളത്തെ മാതൃകയാക്കുകയാണ്. ലോകം കേരളത്തിനെ മോഡലാക്കി കഴിഞ്ഞു. കൊറോണയെ പ്രതിരോധിക്കാൻ പലതരത്തിലുള്ള ന്യൂതനസാങ്കേതിക വിദ്യകൾ കേരളം കണ്ടുപിടിച്ചു. കതകിന്റെ ലോക്ക് തുറക്കുമ്പോൾ സാനിറ്റെസർ വരുന്നതും, ആരോഗ്യപ്രവർത്തകർക്കായി സാനിറ്റൈസ് ബസ്സ് തുടങ്ങിയ വിദ്യകളാണ് ഇവ. ഫോണിൽ കൂടി ബോധവത്കരണം നടത്തുക, ജനങ്ങൾ കൂടുതലെത്തുന്ന പ്രദേശങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുക, ഒരേ സമയത്ത് വ്യക്തിശുചിത്വം പാലിക്കേണ്ടതെങ്ങനെ, മാസ്കുകൾ ധരിക്കേണ്ട രീതി തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ കേരളീയർ നടത്തുന്നുണ്ട്. ഇവ വളരെയധികം ഫലപ്രദവുമായി രോഗികളുടെ എണ്ണം കുറയുകയും, കൊറോണ ഭീതിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ എണ്ണം വൻ രീതിയിൽ കുറഞ്ഞു.ആശങ്ക ഒഴിയാത്ത കാസർകോട് ജില്ലയിലെ രോഗികളുടെ എണ്ണത്തിൽ കുറവു വന്നു. ഇവയെല്ലാം നമുക്ക് ആശ്വാസം പകരുന്നതാണ്. എത്രയും പെട്ടെന്ന് കൊറോണയെ തോൽപ്പിച്ച് നാം വിജയം സ്വന്തമാക്കും.

ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് ലോകത്തിന് മാതൃകയാണ്. കേരളം ഇന്ന് ചിന്തിക്കുന്നത് നാളെ ഭാരതവും ലോകവും നടപ്പിലാക്കുന്നു. ഇവിടെ നമുക്ക് ഒപ്പമല്ല, നമുക്ക് മുന്നിലുണ്ട്. ദൈവത്തിന്റെ സ്വന്തം നാടിന്റെ അമരത്ത് നിന്ന് പങ്കായം തുഴയുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനും മലയാളികളുടെ പോറ്റമ്മയായ ശൈലജ ടീച്ചറും കൊറോണയെന്ന മഹാമാരിയെ അറബിക്കടലിൽ താഴ്ത്തുമെന്നതിൽ സംശയമില്ല.

അതിജീവിക്കും നാം ഒരുമിച്ച്

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ 'ബ്രേക്ക് ദ ചെയിൻ' ക്യാമ്പയിൻ നഗരത്തിൽ ഊർജ്ജിതമായി നടപ്പാക്കുകയാണ്. വ്യക്തിശുചിത്വം പാലിക്കുന്നതോടെ കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ കഴിയുമെന്ന് ജനങ്ങൾ മനസിലാക്കിക്കഴിഞ്ഞു. കൊറോണ വൈറസ് പ്രതിരോധപ്രവർത്തനത്തിനായി നാടും നാട്ടാരും സർക്കാർ സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരും 24 മണിക്കൂറും കൈമെയ് മറന്ന് പ്രവർത്തിക്കുകയാണ്. നമ്മുടെ കേരളം ഇതിനുമുമ്പ് പല പ്രതിസന്ധികളും തരണം ചെയ്ത് സാധാരണ അവസ്ഥയിലേക്ക് വന്നിട്ടുണ്ടെങ്കിലും കൊറോണ എന്ന ഭീകരം ഈ പ്രതിസന്ധികളേക്കാൾ അപകടകാരിയാണ്. പക്ഷേ ഈ മഹാമാരിയെ നാം ഒത്തൊരുമയോടെ അതിജീവിക്കും.

ഒന്നിന്റെ പേരിലും അഹങ്കരിക്കാനുള്ള അർഹത തനിക്കില്ലെന്ന് കാലം ഒരിക്കൽകൂടി തെളിയിച്ചു തന്നിരിക്കുന്നു. ഇത് നമുക്കൊരു പാഠമാണ്. പ്രപഞ്ചത്തിനും പ്രകൃതിക്കും വിധേയപ്പെട്ട് മാത്രമേ നമുക്ക് ജീവിക്കാൻ സാധിക്കൂ. കൊറോണ ഭൂമിയിൽ താണ്ഡവമാടുകായാണ്. എന്നാൽ 'ഓഖി' ചുഴലിക്കാറ്റിനെ അതിജീവച്ച പോലെ, രണ്ടു പ്രളയങ്ങളെ അതിജീവിച്ച പോലെ ഈ കൊറോണ വൈറസിനേയും നാം ഒരുമിച്ച് അതിജീവിക്കും.

ശിവപ്രസാദ് എസ്.
6 C ഗവണ്മെന്റ്. യു. പി. എസ്., വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം