ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്‌ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപം കൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 27ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കം കുറിച്ചത്‌. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.

ലക്ഷ്യങ്ങൾ

  • പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.
  • എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.
  • വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.
  • സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.
  • സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.

സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ദിനം

ആഗസ്റ്റ് രണ്ടിനാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ദിനമായി ആചരിക്കുന്നത്.

നേതൃത്വം നൽകിയ പരിപാടികൾ

ഹരിപ്പാട് ജനമൈത്രി പോലീസും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും സംയുക്തമായി ഗതാഗത ബോധവത്കരണ പരിപാടി ‘ശുഭയാത്ര; സുരക്ഷിത യാത്ര’ ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നഗരം ചുറ്റി ബോധവൽക്കരണ റാലിയും സ്കൂൾ ഓഡിറ്റോറിയത്തിൽ ആലപ്പുഴ ജില്ലാ പോലീസ് നാടകസംഘം അവതരിപ്പിച്ച നാടകവും നടന്നു. മുനിസിപ്പൽ വാർഡ് കൌൺസിലർ ശ്രീമതി ശോഭാ വിശ്വനാഥിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ഹരിപ്പാട് ജനമൈത്രി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. മനോജ് ടി. ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ. അനന്തബാബു കെ. ബി. സ്വാഗതവും സ്കൂൾ എസ് എം സി / പി ടി എ ചെയർമാൻ ശ്രീ. സതീഷ് ആറ്റുപുറം ആശംസാ പ്രസംഗവും നടത്തി. സ്കൂൾ അദ്ധ്യാപികയും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ ശ്രീമതി. ബീനാ ഡാനിയേൽ കൃതജ്ഞത പറഞ്ഞു. അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറും സ്കൂൾ അദ്ധ്യാപികയുമായ ശ്രീമതി ആശ എസ്. ഏകോപനം നടത്തി.

ചിത്രങ്ങൾ

ചുമതല

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി സ്കൂൾ അദ്ധ്യാപിക ശ്രീമതി. ബീനാ ഡാനിയേൽ പ്രവർത്തിയ്ക്കുന്നു. സ്കൂൾ അദ്ധ്യാപികയായ ശ്രീമതി ആശ എസ്. ആണ് അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ.