ഗവ. ജെ ബി എസ് കുന്നുകര/അക്ഷരവൃക്ഷം/നികത്താനാത്ത വിടവ്

Schoolwiki സംരംഭത്തിൽ നിന്ന്
നികത്താനാത്ത വിടവ്

മോളേ എഴുന്നേൽക്കൂ.. അനിയനേയും വിളിച്ചുണർത്തി പ്രഭാത കർമ്മങ്ങളൊക്കെ ചെയ്ത് വന്ന് പത്രം വായിക്കൂ. ഉണർന്നെണീറ്റപ്പോഴാണ് നേരം ശെരിക്കും വെളുത്തുവെന്നത് ഞാൻ അറിഞ്ഞത്. ഓടിച്ചെന്ന് ഉമ്മിയോട് ചോദിച്ചു. ഇന്ന് സ്കൂളിലും മദ്രസയിലും പോകണ്ടേ.തെല്ലീർഷ്യയോടെ ഉമ്മയുടെ മറുപടി. ടീച്ചർ ഇന്നലെ മോളോട് പറഞ്ഞതല്ലേ. നാളെ മുതൽ സ്കൂളിൽ വരണ്ടാന്നും വീടിന് പുറത്തിറങ്ങി നടക്കരുതെന്നും.അപ്പോഴാണ് തലേദിവസത്തെ സ്കൂളിലെ കാര്യങ്ങൾ ഓരോന്നായി എനിക്കോർമയിൽ വന്നത്.രസകരമായ സബീന ടീച്ചറുടെ മലയാളം ക്ളാസ് കഴിഞ്ഞു. പെട്ടെന്നാണ് ഞങ്ങളുടെ ക്ളാസ് ടീച്ചർ റെജി ടീച്ചർ ഓടിയെത്തിയത്. കണക്ക് പഠിക്കാനാവും ഇത്ര ധൃതിപിടിച്ച് ടീച്ചർ വരുന്നതെന്നാണ് ഞങ്ങൾ വിചാരിച്ചത്. എന്നാൽ ടീച്ചർ പറഞ്ഞ് തുടങ്ങി. എല്ലാവരും പുസ്തകങ്ങൾ മടക്കി ബാഗിൽ വെച്ച ശേഷം ഞാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കണം. സന്തോഷത്തോടെ ഞങ്ങൾ പുസ്തകമെല്ലാം എടുത്ത് വെച്ച് ടീച്ചറുടെ വാക്കുകൾക്കായ് കാതോർത്തു. എല്ലാവരും ശ്രദ്ധിക്കുന്നുണ്ടെന്നുറപ്പ് വരുത്തി ടീച്ചർ പറഞ്ഞുതുടങ്ങി. നാളെ മുതൽ കുറച്ച് ദിവസത്തേക്ക് നിങ്ങളാരും സ്കൂളിൽ വരണ്ട. വീട്ടിനകത്ത് തന്നെ ഇരിക്കണം. മുൻ ബെഞ്ചിലെ ഒരു പെൺകുട്ടി ചാടിയെഴുന്നേറ്റ് ടീച്ചറോട് തിരക്കി. എന്താ ടീച്ചറേ കാര്യം. അത് നാട്ടിലുടനീളം കൊറോണ എന്ന് പേരുള്ള ഒരു രോഗം പടർന്ന് പിടിച്ചിരിക്കുന്നു. ആയതിനാൽ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ രോഗം പകരാതിരിക്കാൻ നാമെല്ലാവരും ശ്രദ്ധിക്കണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. മാസ്ക് ധരിക്കാനും സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ ശുദ്ധിയാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

അല്പം നിർത്തി ടീച്ചർ വീണ്ടും പറഞ്ഞ് തുടങ്ങി. ഇനിയുള്ള ദിവസങ്ങളിൽ വീടിനകത്തിരുന്ന് കുഞ്ഞു കുഞ്ഞു കളികളിലേർപ്പെടാം. ചിത്രങ്ങൾ വരച്ച് നിറങ്ങൾ പകരാം. പുസ്തകങ്ങൾ വായിക്കാം. കൊച്ചുകൊച്ചു കഥകളും കവിതകളും എഴുതാം. അങ്ങനെ എന്തെല്ലാമാണോ പഠനകാലത്ത് നാം മാറ്റി വെച്ചത്. അവയെല്ലാം ഓരോന്നോരോന്നായി ചെയ്തു തീർക്കണം.അത്രയും നേരത്തെ ചെറിയ വിഷമം അങ്ങനെ സന്തോഷത്തിന് വഴിമാറി. ഇനിമുതൽ കളിക്കാൻ കുറെ സമയമുണ്ടല്ലോ, ഭാഗ്യം. ഞങ്ങളോരോരുത്തരും ചിന്തിച്ചു. ഉടൻ തന്നെ ഞങ്ങളുടെ ഹെഡ്മിസ്ട്രസ് സുരജ ടീച്ചറുടെ അറിയിപ്പ് മൈക്കിലൂടെ മുഴങ്ങി.നാളെ മുതൽ വിദ്യാലയത്തിന് അവധിയാണ്. എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ അടങ്ങിയിരിക്കാൻ ശ്രദ്ധിക്കണം. ക്ളാസ് ടീച്ചർ പറഞ്ഞ എല്ലാ കാര്യങ്ങളും അനുസരിക്കണം. പിന്നീടാണ് എല്ലാവരുടെയും മുഖത്ത് ചെറുതല്ലാത്ത ഭീതി പടർന്നത്. ഭൂമി വിണ്ടുകീറുന്നത് പോലെ. ഇനി ഞങ്ങൾക്ക് ഈ സ്കൂളിൽ ഒരുമിച്ച് കൂടാൻ കഴിയില്ലേ. പ്രളയം ഞങ്ങളെയന്നൊരിക്കൽ വേർപെടുത്തിയപോലെ ഇന്നിതാ കൊറോണ. ഞങ്ങളുടെ ടൂർ പ്രോഗ്രാമും, സെന്റോഫുമെല്ലാം നടക്കാതെ പോയല്ലോ എന്നോർത്തപ്പോൾ കൂടുതൽ സങ്കടം തോന്നി. എന്നാൽ തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന ആനിവേഴ്സറിയുടെ ഓർമ്മകൾ അല്പം ആശ്വാസം നൽകി. കൂടെ പഠിച്ച കൂട്ടുകാരോടും പഠിപ്പിച്ച അധ്യാപകരോടും എച്ച് എമ്മിനോടും ഭക്ഷണം വെച്ച് വിളംബിത്തന്നിരുന്ന ചേച്ചിയോടുമൊന്നും ശെരിക്കുമൊന്ന് യാത്ര പോലും പറയാനാകാതെ മനസ്സില്ലാമനസ്സോടെ ഞാനും സ്കൂളിൽ നിന്ന് അനിയനും കൂടി വീട്ടിലേക്ക് പോന്നു. ലോക്ഡൗൺ, കൊറോണ എന്നീ വാക്കുകൾ അപ്പോഴും മനസ്സിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.

തഹാനിയ നാസർ
4 എ ഗവ.ജെ ബി എസ് കുന്നുകര
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം