ഗവ. എൽ പി സ്കൂൾ, മാരാരിക്കുളം/അക്ഷരവൃക്ഷം/പുതിയ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ ശീലങ്ങൾ
         പതിവുപോലെ സൂര്യകിരണങ്ങൾ അവന്റെ കണ്ണുകളിലേക്ക് തുളച്ചു കയറി. സൂര്യകിരണങ്ങളുടെ ശക്തി സഹിക്കാനാവാതെ അവൻ മെല്ലെ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു.കണ്ണുകൾ ഇരുമ്മി അവൻ മെല്ലെ ജനലഴികളിലൂടെ പുറത്തേക്ക് നോക്കി. ഇത്ര മനോഹരമായ പുലരിയെ ആദ്യമായാണ് കാണുന്നതെന്ന് അവന് തോന്നി. സൂര്യകിരണങ്ങളേറ്റ് തിളങ്ങുന്ന തളിരിലകൾ.....ഇളംകാറ്റിന്റെ അലകൾക്കൊത്ത് പാറിപ്പറക്കുന്ന പൂമ്പാറ്റകൾ.... പൂക്കളോട് രഹസ്യം പറയുന്ന വണ്ടുകൾ.....കലപില ശബ്ദമുണ്ടാക്കുന്ന കിളികൾ.....ആഹാ...എത്ര മനോഹരം....
        പെട്ടെന്നാണ് അമ്മയുടെ വിളി. “ അച്ചൂ....ഒന്ന് എണീക്ക് മോനേ..” അച്ചു കിടക്കയിൽ നിന്ന് എഴുന്നേറ്റു. തന്റെ പ്രഭാതകർമങ്ങൾ എല്ലാം നിർവഹിച്ചു. പതിയെ അവൻ പ്രാതൽ കഴിക്കാനായി ഊണുമുറിയിലേക്ക് നീങ്ങി. പതിവുപോലെ അച്ഛൻ ടിവിയിൽ വാർത്ത കാണുകയാണ്. അപ്പോഴാണ് കൌതുകമുണർത്തുന്ന ആ വാക്ക് അവന്റെ ശ്രദ്ധയിൽ പെട്ടത്. “കൊറോണ…” അവൻ ആവേശത്തോടെ അച്ഛനോട് ചോദിച്ചു. “എന്താണ് അച്ഛാ ഈ കൊറോണ?”
          അച്ഛൻ വിശദീകരിച്ചു. “മനുഷ്യന്റെ അത്യാർത്തി കൊണ്ടുണ്ടായ രോഗമാണ് മോനേ കൊറോണ. ഇന്നിത് മനുഷ്യരാശിയെ മുഴുവൻ കൊന്നൊടുക്കുകയാണ്.” “അച്ഛാ… ഇതിൽ നിന്ന് എങ്ങനെയാണ് നമ്മൾ രക്ഷപ്പെടുക?” അവൻ വീണ്ടും ചോദിച്ചു. “വ്യക്തി ശുചിത്വമാണ് മോനേ ആവശ്യം. ശരീരം വൃത്തിയായി സൂക്ഷിക്കുകയും കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയും മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്താൽ ഈ രോഗത്തെ നമുക്ക് അകറ്റി നിർത്താം. നമ്മൾ നമ്മളിലേക്ക് തന്നെ ഒതുങ്ങാൻ പഠിക്കണം.” 
          അച്ഛന്റെ വാക്കുകൾ കേട്ട ഉടനെ അവൻ ഭക്ഷണമേശയിൽ നിന്ന് എഴുന്നേറ്റ് സോപ്പിട്ട് കൈകൾ കഴുകി. ആഹാരം കഴിച്ചതിനു ശേഷം മാസ്ക് ധരിച്ചു കൊണ്ട് വീടും പരിസരവുമൊക്കെ ഡെറ്റോൾ ഉപയോഗിച്ച് വൃത്തിയാക്കാൻ തുടങ്ങി. അവന്റെ പ്രവർത്തികൾ കണ്ട് അച്ഛനും അമ്മയും അത്ഭുതപ്പെട്ടു. അവരും അവനോടൊപ്പം കൂടി. തുടർന്നുള്ള ദിവസങ്ങൾ അവർ കൊറോണക്കെതിരെയുള്ള പോരാട്ടത്തിലായിരുന്നു. അച്ഛൻ അമ്മയോട് പറഞ്ഞു. “പുതിയ തലമുറ ഇതൊരു ശീലമാക്കട്ടെ.”
ആഷിക് കെ.എ.
4 എ ജി.എൽ.പി.എസ്., മാരാരിക്കുളം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ