ഗവ. എൽ പി എസ് വെള്ളാണിക്കൽ/അക്ഷരവൃക്ഷം/എൻ്റെ നാടിനെ ഭയപ്പെടുത്തിയ മാർച്ച് 31

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ നാടിനെ ഭയപ്പെടുത്തിയ മാർച്ച് 31
         കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുന്ന വാർത്തകളാണ് എവിടെയും. പത്രത്തിലും ടെലിവിഷനിലും കോവിഡ് നിറഞ്ഞു നിൽക്കുന്നു. രോഗത്തിൻ്റെ ഭീകരതയെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ തങ്ങിനിൽക്കുകയാണ് ഈ വർഷത്തെ ലോക വിഡ്ഢി ദിനത്തിൻ്റെ തലേദിവസം. കഴിഞ്ഞ വർഷമൊക്കെ തമാശയും കുസൃതികളുമായി കടന്നുപോയ ദിനമായിരുന്നു അത്. എന്നാൽ ഇന്ന് അങ്ങനെയായിരുന്നില്ല സ്ഥിതി. 
മാർച്ച് 31നാണ് നമ്മുടെ നാടിനടുത്ത് ഒരാൾ കോറോണ ബാധിച്ച് മരണപ്പെട്ടത്. പോത്തൻകോട് മഞ്ഞമലയിലുള്ള അബ്ദുൾ അസീസ് എന്നയാളാണ് മരിച്ചത്. ഞങ്ങളുടെ നാട്ടിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രമേയുള്ളു മഞ്ഞമലയിലേക്ക്. കൊറോണ നമ്മുടെ കെെയെത്തും ദൂരത്ത് എത്തിയിരിക്കുന്നുവെന്ന വാർത്ത നാടിനെ മുഴുവൻ ഭയത്തിലാഴ്ത്തി.
ഞങ്ങളുടെ നാട്ടുകാർ അസുഖം വന്നാൽ പോകുന്നത് വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്. എന്നാൽ മരിച്ച വ്യക്തി രോഗം ബാധിച്ച ശേഷം ആ ആശുപത്രിയിൽ വന്നിരുന്നുവെന്നായിരുന്നു വാർത്തകൾ വന്നത്. വേങ്ങോടും വെള്ളാണിക്കലും തമ്മിൽ ഒരു കിലോമീറ്റർ ദൂരമേയുള്ളു. വെള്ളാണിക്കലുള്ള ജനങ്ങൾ എന്ത് ആവശ്യത്തിനും ആശ്രയിക്കുന്നത് വേങ്ങോടാണ്. ചന്ത, പാൽ സൊസെെറ്റി, ആശുപത്രി അങ്ങനെ എല്ലാം അവിടെയുണ്ട്. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു വാർത്ത അറിഞ്ഞതുമുതൽ എല്ലാവരും വലിയ ഭയത്തിലായിരുന്നു.
പോത്തൻകോട് പഞ്ചായത്തും മാണിക്കൽ പഞ്ചായത്തും നെല്ലനാട്, മംഗലപുരം, വെമ്പായം പഞ്ചായത്തുകളും അടച്ചുപുട്ടിയിടാനായിരുന്നു തീരുമാനം. എന്തായാലും അതു നന്നായി. രോഗം പടരാതെ തടയാൻ കഴിഞ്ഞു. മരിച്ചയാളുമായി ബന്ധപ്പെട്ടവരെ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തിരുന്നു. എന്തായാലും ഇന്നു ഞങ്ങൾ ആശ്വസിക്കുന്നു. മറ്റാർക്കും പടരാതെ കൊറോണയെ പിടിച്ചു കെട്ടാൻ ഞങ്ങൾക്കായി.
എന്തായാലും ഒന്നുറപ്പാണ്, നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും.
ശിവാനി എസ്
4 A , ജി.എൽ.പി.എസ് വെളളാണിക്കൽ
കണിയാപുര൦ ഉപജില്ല
തിരുവനന്തപുര൦
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം