ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/നായക്കുഞ്ഞിയുടെ ലോക് ഡൗൺ കഥ'
നായക്കുഞ്ഞിയുടെ ലോക് ഡൗൺ കഥ'
ഭക്ഷണം തേടി ചന്തയിൽ പോയതാണ് നായക്കുഞ്ഞി .ഇറച്ചിക്കടയോ, ഭക്ഷണശാലകളോ, മീൻ കച്ചവടമോ അവിടെങ്ങും കാണാനില്ല. അങ്ങ് ദൂരെ കവലയിൽ യാത്ര ചെയ്യുന്നവരെ തടയാനായി കാവൽ നിൽക്കുന്ന രണ്ട് പോലീസുകാർ മാത്രം. വേറേ ഒരൊറ്റ മനുഷ്യനോ , വണ്ടികളോ, വഴിയാത്രക്കാരോ അവിടുണ്ടായിരുന്നില്ല. വിശപ്പ് കാരണം നായക്കുഞ്ഞി ഉറക്കെ മോങ്ങി. അവൾ അടുത്തുള്ള വീടുകളുടെ അടുത്തേക്ക് പോയി. അവിടെയും ഗേറ്റെല്ലാം അടച്ച് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നു. അവൾക്ക് വിശപ്പും, സങ്കടവും സഹിക്കവയ്യാതായി. അവൾ ഒന്നുകൂടി കരഞ്ഞു. മതിൽക്കെട്ടിനു പുറകിൽ നിന്നുമാരോ എറിഞ്ഞ കല്ല് അവളുടെ ദേഹത്ത് ഭാഗ്യത്തിന് കൊണ്ടില്ല. അവൾ റോഡിലൂടെ ഓടിയോടി പാലത്തിന്റെ അടിയിൽ കിടന്നുറങ്ങുകയായിരുന്ന അമ്മയുടെ അടുത്തെത്തി.അവിടെയാണല്ലോ അവരുടെ സ്ഥിരം സങ്കേതം. 'അമ്മേ എനിക്കു വിശക്കുന്നു. ചന്തയിൽ നിന്നും ഒന്നും കിട്ടിയില്ല.' നായക്കുഞ്ഞി പറഞ്ഞു. അപ്പോൾ അമ്മനായ പറഞ്ഞു, 'ഞാൻ അപ്പഴേ പറഞ്ഞതല്ലേ ലോക് ഡൗൺ ആണ്, കടകളിന്നും ഉണ്ടാവില്ലാന്ന്. വെറുതേ എന്തിനാണ് പോയത്.' നായക്കുഞ്ഞി വിശപ്പ് സഹിക്കാനാവാതെ കരഞ്ഞു തുടങ്ങി. അമ്മനായയ്ക്ക് അത് സഹിച്ചില്ല. 'കുഞ്ഞിന്റെ വിശപ്പിന് ഒരു പരിഹാരം എന്തുണ്ട് ?' അമ്മ നായ ആലോചിച്ചു. പെട്ടെന്നാണ് റോഡിലൂടെ പോയ പോലീസ് ജീപ്പിന്റെ അനൗൺസ്‌മെന്റ് അവർ കേട്ടത്. 'നാട്ടുകാരേ..., നിർധനർക്കും, ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്കും, കിടപ്പ് രോഗികൾക്കും, അതിഥി തൊഴിലാളികൾക്കും കമ്മ്യൂണിറ്റി കിച്ചനിൽ ഉണ്ടാക്കുന്ന ഭക്ഷണം ലഭിക്കുന്നതാണ്.' 'നമുക്കും കിട്ടുമോ കമ്മ്യൂണിറ്റി കിച്ചനിൽ നിന്ന് ഭക്ഷണം ?' നായക്കുഞ്ഞി അമ്മയോട് ചോദിച്ചു. അമ്മ നായയ്ക്കും അതിനൊന്ന് ശ്രമിച്ച് നോക്കാമെന്ന് തോന്നി. 'വാ നമുക്കൊന്ന് പോയി നോക്കാം.' അമ്മ കുഞ്ഞിനായയോട് പറഞ്ഞു. അവർ പാലത്തിനടിയിൽ നിന്നും ഓടി റോഡിന്റെ മുകളിലെത്തി. അതിനിടയ്ക്ക് ഒരാംബുലൻസ് പാഞ്ഞു പോയി. വേറെ ആൾക്കാരോ, വണ്ടികളോ, റോഡിലപ്പോഴും ഉണ്ടായിരുന്നില്ല. എവിടെയാ അമ്മേ ഈ കമ്മ്യൂണിറ്റി കിച്ചൻ ? നടക്കുന്നതിനിടയ്ക്ക് കുഞ്ഞി സംശയം ചോദിച്ചു. 'ഇവിടെ അടുത്തൊരു സ്‌കൂളിലുണ്ടെന്നാണ് പറഞ്ഞു കേട്ടത്. കേരളമെമ്പാടും ഭക്ഷണം കിട്ടാത്തവരെ സഹായിക്കാൻ ഇങ്ങനത്തെ കമ്മ്യൂണിറ്റി കിച്ചനുകൾ ഒത്തിരിയുണ്ടത്രേ.' അമ്മ നായ പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചണിലേക്ക് നടക്കുന്ന വഴിക്ക് നായക്കുഞ്ഞി പിന്നേം ഒരു സംശയം ചോദിച്ചു. 'അമ്മേ ഈ ആൾക്കാർ ഒന്നും പുറത്തിറങ്ങാത്തതെന്താ. പണ്ടൊക്കെ റോഡിലും കവലയിലും കടകളിലുമെല്ലാം മനുഷ്യരുടെ ബഹളമായിരുന്നല്ലോ. അന്ന് നമ്മൾ അവർക്ക് ശല്യമാണെന്ന് പറഞ്ഞ് നമ്മളെ പിടിച്ചോണ്ട് പോകാനായിട്ട് പട്ടിപിടിത്തക്കാരേ ഏൽപ്പിച്ച ആൾക്കാരല്ലേ മനുഷ്യർ. എന്നിട്ടിപ്പോ അവരെല്ലാമെവിടെ ? എല്ലാവരെയും ആരേലും പിടിച്ചോണ്ടു പോയോ ?' അമ്മപ്പട്ടി ചിരിച്ചു. എന്നിട്ട് പറഞ്ഞുകൊടുത്തു, 'മോളെ, മനുഷ്യനിപ്പോൾ കൊറോണയെന്നൊരു ആളെക്കൊല്ലി വൈറസ് ജീവിയെ പേടിച്ച് പുറത്തിറങ്ങാതിരിക്കുകയാ. അങ്ങനെ പുറത്തിറങ്ങാതിരിക്കാനും ജീവൻ രക്ഷിക്കാനുമായിട്ടാണ് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.' അപ്പോൾ നായക്കുഞ്ഞി ചോദിച്ചു, 'ഈ കൊറോണ വൈറസ് എന്താ, ആനയേക്കാളും വലുതാണോ. മനുഷ്യൻ ഇത്രയും പേടിക്കാൻ ? ആനയെ വരെ അനുസരിപ്പിക്കുന്നവരല്ല്യോ മനുഷ്യര് ?' അപ്പോൾ അമ്മ നായപറഞ്ഞു, 'ആനയുടെ അത്രേം വലിപ്പം പോയിട്ട് ഉറുമ്പിന്റെ അത്ര പോലും ഇല്ല അവൻമാർ. സത്യം പറഞ്ഞാൽ കണ്ണിൽ പോലും പെടാത്ത കൊച്ച് ഭീകരൻമാരാണവർ. പക്ഷേ ഒരു പാട് മനുഷ്യരെ ഇതിനകം അവർ കൊന്ന് തീർത്ത് കഴിഞ്ഞു.' 'അയ്യോ..., അപ്പോൾ കൊറോണ വൈറസ് എല്ലാവരെയും കൊല്ലുമോ ?' നായ കുഞ്ഞി ചോദിച്ചു. 'ഇല്ല, അവനെ അടുപ്പിക്കാതിരുന്നാൽ ആർക്കും ഒന്നും സംഭവിക്കില്ല. അതുകൊണ്ടാണ് എല്ലാവരും കൈയും, മുഖവും, സോപ്പിട്ട് കഴുകുന്നത്. പിന്നെ, ആളുകൾ തമ്മിലുള്ള സമ്പർക്കത്തിലൂടെ പകരാതിരിക്കാനാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതും, എല്ലാവരും പുറത്തിറങ്ങാതെ വീട്ടിൽ കഴിയുന്നതും.' ഇതിനിടയ്ക്ക് റോഡിലൂടെ ഒരാംബുലൻസും,പോലീസ് ജീപ്പും അമ്മ നായയെയും, നായ കുഞ്ഞിയെയും കടന്നു പോയി. അങ്ങനെ അവർ നടന്ന് നടന്ന് കമ്മ്യൂണിറ്റി കിച്ചനിലെത്തി. അതൊരു വിദ്യാലയമായിരുന്നു. വിദ്യാലയങ്ങളാണ് മിക്ക സ്ഥലങ്ങളിലും കമ്യൂണിറ്റികിച്ചനായി മാറിയിരിക്കുന്നത്. അവിടെയെല്ലാവരും മാസ്‌കും, ഗ്ലൗസും ധരിച്ചിട്ടുണ്ട്.ചിലർ പാചകം ചെയ്യുന്ന തിരക്കിലാണ്. ചിലർ പാചകം ചെയ്ത ഭക്ഷണം പൊതിയിലാക്കുന്ന തിരക്കിലാണ്. ചിലർ ഭക്ഷണപ്പൊതികൾ വാഹനങ്ങളിൽ അടുക്കി വയ്ക്കുന്നു. നോക്കി നിന്ന അമ്മ നായയ്ക്കും കുഞ്ഞിയ്ക്കും ഒരു പൊതി കിട്ടി. നാട് മൊത്തവും അടഞ്ഞ് കിടയ്ക്കുകയാണെങ്കിലും സേവനത്തിലേർപ്പെട്ടിരിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലെ മനുഷ്യർ അവിടെ ഒരുത്സവം പോലെ ആക്കിയിട്ടുണ്ട്. അമ്മയും കുഞ്ഞിയും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ വേറെയും ചില നായകൾ അവിടെയെത്തി. അവരും ഭക്ഷണത്തിൽ പങ്കു ചേർന്നു. 'ഞാനും, മോളും എന്തെങ്കിലും കഴിച്ചിട്ട് കുറച്ച് ദിവസങ്ങളായി.' അമ്മ നായ വന്ന നായകളോട് പറഞ്ഞു.' 'അതെന്ത് പറ്റി ?' വന്ന നായകൾ ചോദിച്ചു. 'ഞങ്ങൾ താമസിക്കുന്ന പാലത്തിനടുത്ത് കടകളോ ഭക്ഷണശാലകളോ ഇല്ലെന്നേ.' 'ഞങ്ങൾക്ക് പക്ഷേ കുശാലായിരുന്നു. പോലീസുകാരും കുറച്ച് നാട്ടുകാരും, തെരുവ് നായകൾക്കും കിളികൾക്കും മറ്റും ഭക്ഷണം കൊടുക്കുന്നുണ്ട്.' വന്ന നായകൾ പറഞ്ഞു. 'അല്ലാ പോലീസുകാർ ഇത്രേം നല്ലവരായിരുന്നോ ?' കുഞ്ഞിനായ ചോദിച്ചു. 'പോലീസുകാർ അല്ലെങ്കിലും നാടിന്റെ നൻമക്കു വേണ്ടിയല്ലേ പ്രവർത്തിക്കുന്നത്. അതിനു വേണ്ടി തന്നെയല്ലേ അവർ വഴക്ക് പറയുന്നതും, വടിയെടുക്കുന്നതും, പിടിച്ചോണ്ട് പോകുന്നതുമൊക്കെ. പക്ഷേ, ഇതുപോലത്തെ സാഹചര്യങ്ങളിൽ മാത്രമേ നമ്മൾ അവരുടെ നൻമ തിരിച്ചറിയുന്നുള്ളൂ എന്നു മാത്രം' വന്ന നായകൾ പറഞ്ഞു. 'നമ്മൾ മൃഗങ്ങൾക്കെങ്ങാനും കൊറോണ പിടിക്കുമോ ?' നായക്കുഞ്ഞി പേടിച്ചുചോദിച്ചു. അപ്പോൾ വന്നതിലൊരു നായ പറഞ്ഞു: 'ഇതുവരെ അങ്ങനത്തെ വാർത്തകളൊന്നും കേട്ടില്ല. എന്നാലും കൂട്ടം കൂടി നടക്കുന്നതും കടിപിടി കൂടുന്നതും ഒക്കെ നമുക്കും നിർത്താം.' അത് കേട്ടപ്പോൾ കുഞ്ഞിക്ക് ആശ്വാസമായി. 'നാളെ മുതൽ നിങ്ങളും, ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാൻ പോന്നോളു.' വന്ന നായകൾ ഭക്ഷണം കിട്ടുന്ന സ്ഥലം പറഞ്ഞ് കൊടുത്തു. അമ്മനായയും നായക്കുഞ്ഞിയും സമ്മതിച്ചു. ഭക്ഷണം കഴിച്ച് വയറ് നിറഞ്ഞ സന്തോഷത്തിൽ അവർ പാലത്തിനടിയിലെ അവരുടെ സങ്കേതത്തിലേക്ക് പോയി.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ