ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/പഴമയുടെ ഓർമയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പഴമയുടെ ഓർമയിൽ

എനിക്ക് എന്റെ അമ്മുമ്മ ധാരാളം കഥകൾ പറഞ്ഞുതരുമായിരുന്നു. ഞാൻ വളരെ ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ അങ്ങനെയാണ്. അമ്മുമ്മ പറഞ്ഞ ഒരു കഥ ഞാനിന്നും ഓർക്കുന്നു. വസൂരി വന്ന് ഭേദമാകാത്ത കാലത്ത് ഒരാൾക്ക് രോഗം ഭേദമായ കഥ. വസൂരി രോഗത്തിന് പ്രതിവിധി ഒന്നും കണ്ടെത്തിയിട്ടില്ല. അമ്മുമ്മയുടെ കുടുംബത്തിൽ ഒരാൾക്ക് വസൂരി വന്നു. ഉടൻ തന്നെ ആ ആളിനെ മറ്റാരുമില്ലാത്ത ഒരു വീട്ടിൽ മാറ്റി താമസിപ്പിച്ചു. പാവം അവിടെ ഒറ്റയ്ക്കായി. കുടുംബത്തിലുള്ള ഒരാൾ പോയി അകലെഭക്ഷണം കൊണ്ടുവച്ച് മടങ്ങും. അതിനുശേഷം രോഗി ആ ഭക്ഷണം കഴിക്കും. കുറെ ദിവസം കഴിഞ്ഞാൽ മരണം സംഭവിക്കും, അതുറപ്പാണ്. ഏതാണ്ട് സമയമടുക്കാറായി. ഭക്ഷണം കൊണ്ട് ചെന്ന ആൾ അകലെ നിന്ന് ചോദിച്ചു,"വേലായുധാ...നിനക്ക് എന്തെങ്കിലും കഴിക്കാനാഗ്രഹമുണ്ടോ" ? "ആഗ്രഹിച്ചിട്ടെന്തു കാര്യം,എന്നും തരുന്ന കഞ്ഞിയ്ക്ക് പോലും ഉപ്പില്ല. പിന്നെ...ആ വേണ്ട." "നിന്റെ തല മൂടിയ തുണി മാറ്റണ്ട. പറ... എന്തെങ്കിലും കഴിക്കാൻ ...."പറഞ്ഞു നിർത്തും മുമ്പ് വേലായുധൻ പറഞ്ഞു."എനിക്ക്, നല്ല കുരുമുളക് ചേർത്ത് തേങ്ങ വറുത്തരച്ച മീൻ കറിയും ചോറും വേണം.” വേലായുധന്റെ ആഗ്രഹം അയ്യാൾ വീട്ടിൽ അറിയിച്ചു. ഒടുവിൽ കുടുംബക്കാർ തീരുമാനമെടുത്തു. നാളെ ആഹാരം അതാകട്ടെ, മരണം സംഭവിക്കുന്നതിന് മുമ്പ് അതെങ്കിലും കൊടുക്കാം. പറഞ്ഞതുപോലെ ആഹാരം എത്തിച്ചു.മടങ്ങുമ്പോൾ മനസിൽ പറഞ്ഞു കൊടുക്കാമോ എന്തോ! പിറ്റേ ദിവസം അവിടെ ചെന്ന് നോക്കാനായി വീട്ടിൽ നിന്ന് എത്തിയ ആൾ കണ്ട കാഴ്ച അയാളെ അത്ദുതപ്പെടുത്തി. രോഗി പൂർണ ആരോഗ്യവാനെപ്പോലെയിരിക്കുന്നു. "അസുഖം നല്ല കുറവുണ്ട്, ഞാനും വരട്ടേ?” വേലായുധൻ ആഗ്രഹം അറിയിച്ചു. ഞാൻ ഇടയ്ക്ക് കയറി അമ്മുമ്മയോട് ചോദിച്ചു. "അതെങ്ങനെ അമ്മുമ്മേ?” അപ്പോൾ അമ്മുമ്മ പറഞ്ഞു. "ആ രോഗം ഭേദമാക്കാനുള്ള കഴിവ് കുരുമുളകിനു കാണും." "അപ്പോൾ കുരുമുളക് മരുന്നാണോ?”അമ്മുമ്മ വീണ്ടും കഥ തുടർന്നു. ഇത്തരത്തിൽ ഔഷധ ഗുണമുള്ള ധാരാളം സാധനങ്ങൾ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ അതുനമ്മൾ അറിയുന്നില്ലെന്ന് മാത്രം. ഇനി ബാക്കി നാളെ. അമ്മുമ്മ പറഞ്ഞു നിർത്തി.


സാന്ദ്ര ബി
4 A ഗവ.എൽ പി എസ്‌ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ