ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് മടങ്ങുക

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലേക്ക് മടങ്ങുക

പ്രകൃതിയിലേക്ക് മടങ്ങുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത് പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം അതായത് പ്രകൃതിയെ സംരക്ഷിക്കുക അതിനെ നശിപ്പിക്കാതിരിക്കുക. പ്രകൃതി സംരക്ഷണം എന്നത് മനുഷ്യന് പ്രകൃതിയോടുള്ള ഉത്തരവാദിത്തം മാത്രമല്ല മറിച്ച് മനുഷ്യനോടും സഹജീവികളോടും കൂടിയുള്ള ഉത്തരവാദിത്തമാണ്. മനുഷ്യകുലമില്ലെങ്കിലും ഈ പ്രകൃതിയും ഭൂമിയും നിലനിൽക്കുകയും ചെയ്യും. എന്നാൽ ഭൂമിയില്ലാതെ മനുഷ്യർക്ക് വേറെ ഒരു വാസസ്ഥലമില്ല എന്ന വസ്തുത നാം ഓർക്കണം. പ്രകൃതിയുടെമേൽ കൈവരിച്ച ഓരോ വിജയങ്ങളെയും ഓർത്തു നാം അധികം അഹങ്കരിക്കണ്ടതില്ല. അങ്ങനെയുള്ള ഓരോ വിജയങ്ങൾക്ക്‌ പ്രകൃതി പകരം ചോദിക്കയും ചെയ്യും. അതിന്റെ ഫലങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഒരു മരമെങ്കിലും നമുക്ക് പ്രകൃതിക്ക് വേണ്ടി തിരിച്ചുനൽകാം അതിലൂടെ നാം നമ്മെ തന്നെയാണ് രക്ഷിക്കുന്നത്. നമുക്ക് ഭക്ഷണവും പാർപ്പിടവും തരുന്ന ശുദ്ധ വായുവും ജലവും തരുന്ന പ്രകൃതിയെ സംരക്ഷിക്കാൻ നാം ഉത്സാഹപൂർവ്വം മുന്നിട്ട് ഇറങ്ങിയേ പറ്റു. അൻപതു വർഷം മുമ്പ് നിലനിന്നിരുന്ന ശുദ്ധജല ശ്രോതസ്സുകളിൽ വളരെ കുറച്ചു മാത്രമാണ് ഇന്ന് നിലനിൽക്കുന്നത്. ബാക്കിയുള്ള പുഴകളുടെയും അരുവികളുടെയും തടാകങ്ങളുടെയും ഇന്നത്തെ സ്ഥിതി വളരെ മോശമാണ്. ജലസ്രോതസ്സുകളുടെ മലിനീകരണം മൂലം നാം ഇന്ന് കനത്ത കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങുന്നുവെന്ന് നമുക്കറിയാം. അന്നവും കുടിവെള്ളവും അന്യമാകുന്നു. നമ്മുടെ 44 നദികളും മരിച്ചുകൊണ്ടിരിക്കുന്നു. കുന്നുകളെല്ലാം ഇടിച്ചു നിരത്തി കോൺക്രീറ്റ് സൗധങ്ങൾ പണിയുന്നു. എല്ലാ മുറ്റവും കോൺക്രീറ്റ് ചെയ്യുന്നു. ഇതിലൂടെ നമ്മുടെ ഭൂമിക്ക് ചൂട് കൂടുന്നു. എല്ലാം വിഷമയമായിരിക്കുന്നു. നമുക്ക് നേരിട്ട നഷ്ടങ്ങളിൽ നിന്ന് നാം ഇനി ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു. മുറിച്ചു മാറ്റിയ മരങ്ങൾക്ക് പകരം മരങ്ങൾ നടണം. മലിനീകരിക്കപ്പെട്ട പുഴകളും തടാകങ്ങളും മലിനീകരണവിമുക്തമാക്കണം. അന്യം നിന്ന് പോകാറായ ജീവികളെ കണ്ടെത്തി സംരക്ഷിക്കണം. പൂർണമായും തുടച്ചുമാറ്റപെട്ടുവെന്നു കരുതുന്ന ജീവികളെയും സസ്യങ്ങളെയും നാട്ടിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തി സംരക്ഷിക്കണം. പച്ചപിടിച്ച മഴക്കാടുകളും അനേകം ജലശ്രോതസ്സുകളും അതുപോലെ പ്രകൃതിയുടെ മറ്റ് ഒരുപാട് അനുഗ്രഹങ്ങളും നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ട്. അതിന്റെ പഴയകാലം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിലും ഉള്ളതിനെ നിലനിർത്തികൊണ്ട് നാം നന്നായി വരും തലമുറക്കായി ഈ പ്രകൃതിയെ കാത്തു നിർത്തണം. ഇല്ലെങ്കിൽ ഇനി വരുന്ന വിപത്തുകൾ നമുക്ക് പിടിച്ചുനിൽക്കാൻ പറ്റുന്നതിലും അപ്പുറമായിരിക്കുമെന്ന് ഓർക്കുക.

അഭിനവ്കൃഷ്ണൻ
3B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം