ഗവ. എൽപിഎസ് ചേനപ്പാടി/അക്ഷരവൃക്ഷം/കിട്ടുവമ്മാവനും കുട്ടനും

Schoolwiki സംരംഭത്തിൽ നിന്ന്
കിട്ടുവമ്മാവനും കുട്ടനും

എടീ കേട്ടോ നമ്മുടെ കിട്ടുവമ്മാവൻ പൊട്ടക്കിണറ്റിൽ വീണു.... ചേട്ടന്റെ ഒച്ച കേട്ടാണ് ഞാൻ കളിച്ചോണ്ടിരുന്നിടത്തൂന്ന് ഓടിവന്നത്‌......." അയ്യോ.... അമ്മാവനെന്തേലും പറ്റിയോ ..." ഞാൻ ചേട്ടനോട് ചോദിച്ചു. എനിക്കറിയില്ല, കൂട്ടുകാർ പറഞ്ഞതേ എനിക്കറിയൂ. നമുക്ക് രണ്ടുപേർക്കും കൂടി പോയിനോക്കാം. ഞാനും ചേട്ടനും കൂടി മേക്കലെ പൊട്ടക്കിണറ്റിനടുത്തേക്കൊരോട്ടമായിരുന്നു പിന്നെ.... പോകുന്ന വഴിക്കു മുഴുവൻ പ്രാർത്ഥനയായിരുന്നു എന്റെ മനസ്സിൽ. എന്റെ അമ്മാവനൊന്നും വരുത്തരുതേ..... ആ കിണറ്റിലൊരാമയുണ്ടെന്നും അതിനെ എനിക്ക് എടുത്ത് തരാമെന്നും പലതവണ പറഞ്ഞിട്ടുണ്ട്. ഇനി അതിനെങ്ങാനും ഇറങ്ങിയതാണോ?മഴപെയ്ത് വെള്ളം കൂടിയത് പാവം ഓർത്തു കാണില്ല....

ഏതായാലും മേക്കലെ പറമ്പെത്തി... ദൈവമേ അവിടെ ആൾക്കൂട്ടമുണ്ടല്ലോ ...... ആൾക്കൂട്ടത്തിനിടയിലൂടെ ഞാൻ കിട്ടുവമ്മാവനെ കണ്ടു.... ചൊറിഞ്ഞു ദേഹം മുഴുവൻ തടിച്ചു വീർത്തു വികൃതമായി.... പാവം വിറയ്ക്കുന്നുണ്ടായിരുന്നു. നാട്ടുകാരോട് കിട്ടുവമ്മാവൻ പറയുന്നതു കേട്ടു.... "എന്റെ കൂടപ്പിറപ്പുകളേ നിങ്ങക്കറിയോ ,ഈ നാട്ടാരുടെ മുഴുവൻ ചവറ്റുകൊട്ടയാ ഈ കിണറ്..... ഈ കിട്ടാക്കനിയായ ജലം മലിനമാക്കുന്ന നമ്മളെയൊന്നും ഒരു കൊറോണയ്ക്കും നന്നാക്കാൻ പറ്റില്ലെടോ...."

അമ്മാവനേതായാലും രക്ഷപെട്ടു.... ഞാൻ തന്ത്രപൂർവ്വം ആമയിലേക്കു വന്നു." അമ്മാവാ നമ്മുടെ ആമ ക്കു വല്ലതും പറ്റിക്കാണുമോ?" ..."ഇല്ല കുട്ടാ ,ഓരോ ജീവിക്കും പ്രതിരോധശേഷിയിൽ വ്യത്യാസമുണ്ട്.... ആമയ്ക്ക് ഈ മാലിന്യമൊന്നും വല്ല്യ പ്രശ്നമില്ല..... നീയെന്തിനാ ഇവിടെ കറങ്ങി നടക്കുന്നത് ? വ്യക്തി ശുചിത്വം പാലിച്ച് ആൾക്കൂട്ടത്തിൽ നിന്നും വിട്ടു നിൽക്കാനല്ലേ ആരോഗ്യ പ്രവർത്തകർ നമ്മെ ഓർമ്മിപ്പിച്ചോണ്ടിരിക്കുന്നത്.... കൊറോണക്കാലത്ത് വീട്ടിൽ പോയി അമ്മയെ സഹായിക്കെടാ ചെക്കാ...."

ഇതു നല്ല കൂത്ത്..... അമ്മാവൻ കിണറ്റിൽ വീണതറിഞ്ഞ് വിഷമിച്ചു വന്ന അമ്മാവൻ നമ്മളെ വിരട്ടി ഓടിക്കുന്നു...... അല്ല അമ്മാവൻ പറഞ്ഞതല്ലേ ശരി..... വീട്ടിലിരിക്കുന്നതു തന്നെയാ ബുദ്ധി...... വീട്ടിലേക്കോടുന്ന വഴിയേ അമ്മാവനും വീട്ടിലിരിക്കുന്നത് തന്നെയാണേ നല്ലത് .... എന്ന് വിളിച്ച് കൂവാൻ ഞാൻ മറന്നില്ല....

ആർച്ച അനിൽ
3 ബി ഗവ. എൽപിഎസ് ചേനപ്പാടി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ