ഗവ. എച്ച് എസ് തോൽപ്പെട്ടി/ ചുവടുകൾ-ഗോത്രസൗഹൃദവിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

'ചുവടുകൾ' ഗോത്രസൗഹൃദ വിദ്യാലയം -സമഗ്ര വിദ്യാഭ്യാസ പദ്ധതി 2022-24

വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലാണ് തോൽപ്പെട്ടി ഗവ:ഹൈസ്കൂൾ. 46% ഗോത്രവിഭാഗം കുട്ടികളുണ്ടീ വിദ്യാലയത്തിൽ. വെള്ളറ,ചേകാടി,മധ്യപാഡി, ഗാജഘടി,നെടുന്തന തുടങ്ങി പത്തിലധികം കോളനികളിൽ നിന്നു വരുന്നവർ. നാം കരുതുന്നതിലും ഭീതിതമായി ഏകാന്തതയും മൗനവും ഉള്ളിൽ പേറുന്നവരാണിവരിൽ മിക്ക കുട്ടികളും. കാലാകാലങ്ങളായി നമ്മുടെ പാഠപുസ്തകങ്ങൾ, ക്ലാസ് മുറികൾ, ബോധനരീതികൾ, പ്രതിഭാപോഷണ പരിപാടികൾ.. ഒന്നിന്നാലും അഭിസംബോധന ചെയ്യപ്പെടാത്തവരിവർ. കൂടുതൽ ഉച്ചത്തിൽ സംസാരിക്കുന്നവരുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നത് മാത്രം കണ്ടുകണ്ട് സദാ മൗനികളായിപ്പോയവവർ. നിറം, ഭാഷ, ആചാരങ്ങൾ, ജീവിതവഴികൾ, വിഭവപരിമിതികൾ... അങ്ങനെ പല കാരണങ്ങളാൽ ഓരങ്ങളിലായിപ്പോയവർ. ചില കുട്ടികൾ കൂലിവേലക്കു പോകുന്നുണ്ട്. സ്കൂളിലേക്കു തിരിച്ചുവരാനാവാത്ത വഴികളിൽ തങ്ങിനിൽക്കുന്നുണ്ട്. കൊടിയ ദാരിദ്ര്യമുള്ളവരുണ്ട്. വീണ്ടും വീണ്ടും വിശപ്പു വിളിക്കുന്നവരുണ്ട്. പഠിക്കാൻ പറ്റാത്തത്ര സ്വാസ്ഥ്യം കെട്ട രാത്രികളുള്ളവരുണ്ട്.

ഈ കുട്ടികളെക്കൂടി എങ്ങനെ ചേർത്തുനിർത്തും ഒരു വിദ്യാലയം? ഈ ആലോചനയിൽ നിന്നാണ് തോൽപ്പെട്ടി ഗവ:ഹൈസ്കൂൾ 'ഗോത്ര സൗഹൃദവിദ്യാലയം' എന്ന വലിയ സ്വപ്നത്തിലേക്കുള്ള 'ചുവടുകൾ' വച്ചുതുടങ്ങുന്നത്. സ്കൂൾ സിപ്പാർട്ടിങ് ഗ്രൂപ്പ്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ്, സമഗ്രശിക്ഷ, എസ്.ടി ഡിപ്പാർട്ടുമെൻറ്, വനം വകുപ്പ്,പ്രാഥമികാരോഗ്യകേന്ദ്രം, ജനമൈത്രി എക്സൈസ്, ജനമൈത്രി പോലീസ്, എൻ.ആർ.എൽ.എം, പ്രൊമോട്ടർമാർ, സമീപസ്ഥ വിദ്യാലയങ്ങൾ എല്ലാവരും കൈകോർക്കുന്നുവെന്നതാണ് 'ചുവടുകൾ' ഗോത്രസൗഹൃദവിദ്യാലയം പദ്ധതിയുടെ കരുത്ത്.

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് പല തവണയുള്ള ചർച്ചയും ആസൂത്രണവും, ഡയറ്റിന്റെ വിദ്യാലയ സന്ദർശനങ്ങളും അക്കാദമിക പിന്തുണയും, ഗോത്രസൗഹൃദ വിദ്യാലയം സെമിനാർ, കരട് പദ്ധതി അവതരണവും ചർച്ചയും തുടങ്ങി പലഘട്ടങ്ങളിലൂടെയാണ് 'ചുവടുകൾ' പദ്ധതി രൂപപ്പെട്ടത്. ചർച്ചകൾക്കും അഭിപ്രായങ്ങൾക്കും മെച്ചപ്പെടുത്തലിനുമുള്ള ജനാധിപത്യജാലകങ്ങൾ തുറന്നിട്ടത് 'ചുവടുകൾ' കൂടുതൽ കരുത്തുറ്റതാക്കാൻ സഹായിച്ചിട്ടുണ്ട്.

മൂന്നു വർഷംകൊണ്ട് പൂർത്തിയാവുന്ന പദ്ധതിയിൽ ഗോത്രവിദ്യാർത്ഥിപങ്കാളിത്തമുള്ള 21 പ്രവർത്തനങ്ങൾ. അവധിക്കാലത്ത് കോളനികളിൽ സർവെനടത്തി മുഴുവൻ ഗോത്രവിഭാഗം കുട്ടികളുടെയും സ്കൂൾ പ്രവേശനം സാധ്യമാക്കി സാമൂഹ്യപങ്കാളിത്തത്തോടെ അവരെ വരവേല്ക്കുന്നതിൽനിന്നു തുടങ്ങി, ഒരക്കാദമികവർഷത്തെ മുഴുവൻ പ്രതിഭകൾക്കും മികവുകൾക്കും ആദരവുനൽകുന്ന വിജയോത്സവത്തിൽ അവസാനിക്കുന്ന 21 പരിപാടികൾ. മിക്കതും ഓരോ വർഷവും ആവർത്തിക്കേണ്ടവ. വലിയ അക്കാദമികവും വിഭവപരവുമായ പിന്തുണകൾ വേണ്ടവ.

ചുവടുകൾ കരട് പദ്ധതി അവതരണവും ചർച്ചയും നടന്ന സഫലം ശില്പശാലയിൽ വച്ചുതന്നെ 21 പരിപാടികൾക്കും പ്രോഗ്രാം ഡയരക്ടർമാരെയും പ്രോഗ്രാം കൺവീനർമാരെയും പ്രഖ്യാപിച്ചു കഴിഞ്ഞു. എം.പി, എം.എൽ.എമാർ, ജില്ല/ബ്ലോക്ക്/ഗ്രാമ പഞ്ചായത്തു പ്രസിഡണ്ടുമാർ, ഡിഡിഇ, ഡിഇഒ, ഡയറ്റ് പ്രിൻസിപ്പാൾ, ഡി.പി.സി തുടങ്ങിയവർ രക്ഷാധികാരികൾ. ചെയർമാൻ, ജനറൽ കൺവീനർ, അക്കാദമിക് കോർഡിനേറ്റർ എന്നിവർ നേതൃത്വം നൽകുന്നതാണ് പ്രോജക്ട് ഗവേണിങ് ബോഡി.

ഗോത്രസൗഹൃദവിദ്യാലയം എന്ന കാഴ്ചപ്പാടിലൂന്നി മൂന്നുവർഷക്കാലത്തെ സമഗ്രമായ പ്രവർത്തനപദ്ധതികളുമായി ഒരു വിദ്യാലയം 'ചുവടുകൾ' വെക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമായിരിക്കും. ജനപ്രതിനിധികളും വിവിധ ഡിപാർട്ട്മെൻറ് പ്രതിനിധികളും നിർലോഭമായ ആവേശവും പിന്തുണയുമാണ് 'ചുവടുകൾ'ക്കായി നൽകുന്നത്. ചില വഴികൾ നടന്നുനടന്നു രൂപപ്പെടേണ്ടവയാണ്. തീർച്ചയായും പ്രാദേശികവും പ്രായോഗികവുമായി രൂപപ്പെട്ടുവരുന്ന വഴികൾ സ്വീകരിക്കാനുള്ള സന്നദ്ധത ഓരോ ചുവടുവെയ്പിലും വിദ്യാലയം ഉറപ്പുവരുത്തുന്നതാണ്.

വിശദാംശങ്ങൾ-പ്രോജക്റ്റ് രേഖ