ഗവ. എച്ച് എസ് ഓടപ്പളളം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സബ്‍ജക്റ്റ് റൂമുകൾ (സവിശേഷ ക്ലാസ്സ്മുറികൾ)

ആമുഖം

വിദ്യാഭ്യാസരംഗത്ത് രാജ്യത്തിനു തന്നെ മാതൃകയാവുന്ന പഠനരീതിയും പിന്തുണാസംവിധാനങ്ങളുമാണ് നമ്മുടെ സംസ്ഥാനത്തിന്റേത്. സാമൂഹ്യജ്ഞാന നിർമിതിക്ക് ഏറ്റവും അനു‍യോജ്യമായ ആധുനിക ക്ലാസ്സ്മുറി ക്രമീകരണങ്ങൾ നടത്തുക, വിവിധ വിഷയങ്ങൾ അവയുടെ പഠനസമീപനങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വിധം വിദ്യാർത്ഥി കേന്ദ്രീകൃതമായും ഗവേഷണാത്മകമായും പഠിക്കുന്നതിന് ക്ലാസ്സ്മുറികൾ ക്രമീകരിക്കുക തുടങ്ങിയവയാണ് ഓടപ്പള്ളം ഗവ. ഹൈസ്കൂളിലൊരുക്കിയ Subject Rooms ലക്ഷ്യമിട്ടത്. യൂറോപ്പ്യൻ രാജ്യങ്ങളിൽ പിന്തുടർന്നു വരുന്ന മാതൃകയിലാണ് ഈ വിഷയക്ലാസ്സ്മുറികൾ തയ്യാറാക്കിയത്. മലയാളം, ഇംഗ്ലീഷ്, സാമൂഹ്യശാസ്ത്രം, സയൻസ്, ഹിന്ദി-പ്രവൃത്തിപരിചയം-കല എന്നീ വിഷയങ്ങൾക്കായാണ് യു.പി. വിഭാഗത്തിൽ Subject Rooms തയ്യാറാക്കിയത്.

പശ്ചാത്തലം

ഓടപ്പള്ളം ഗവ.ഹൈസ്കൂളിൽ ആധുനിക സാങ്കേതികവിദ്യയുടെ ഇംഗ്ലീഷ് ഭാഷാപഠനം നടത്തുന്നതിന് 2019ൽ ഇംഗ്ലീഷ് ലാബ് ആരംഭിച്ചിരുന്നു. കുട്ടികളുടെ ഇംഗ്ലീഷ് ക്ലാസ്സുകൾ ലാബിൽ വച്ചാണ് മുഖ്യമായും കൈകാര്യം ചെയ്തിരുന്നത്. ഇരുപതോളം വിദേശരാജ്യങ്ങളിലെ കുട്ടികളും അധ്യാപകരുമായി സംവദിച്ച് ഇംഗ്ലീഷ് പഠിക്കാൻ ലാബ് പ്രവർത്തനങ്ങൾ വഴി സാധിക്കുന്നുണ്ട്. ഹോളണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ക്ലാസ്സ്മുറികൾ പരിചയപ്പെടാനും ഇത്തരം സംവാദങ്ങൾ വഴിയൊരുക്കി. യൂറോപ്പ്യൻ രാജ്യങ്ങളുടെ മാതൃകയിലുള്ള സബ്‍ജക്റ്റ് റൂമുകൾക്ക് വിവിധ വിഷയങ്ങളുടെ പഠനം രസകരമാക്കാനും ഗവേഷണാത്മകമാക്കാനും കഴിയുമെന്നുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഓടപ്പള്ളം ഗവ.ഹൈസ്കൂളിൽ ഇത്തരം വിഷയക്ലാസ്സ്മുറികൾ തയ്യാറാക്കിയത്. സ്കൂളിൽ രണ്ടു വർഷം മുമ്പ് തയ്യാറാക്കിയ ‘ഇംഗ്ലീഷ് ലാബ്' എന്ന ഇംഗ്ലീഷ് ക്ലാസ്സ്മുറിയുടെ വിജയവും ഇത്തരമൊരു പ്രൊജക്ടിന് സ്കൂൾ കൂട്ടായ്മയ്ക്ക് പ്രചോദനമേകി.

ആസൂത്രണം

2021-22 വർഷത്തേക്കുള്ള അക്കാദമിക മാസ്റ്റർ പ്ലാൻ പദ്ധതികളുടെ ആസൂത്രണയോഗത്തിലാണ് ‘സബ്‍ജക്റ്റ് മുറികൾ’ എന്ന പദ്ധതി നടപ്പിലാക്കാൻ നിർദേശം ഉയർന്നത്. യു.പി. വിഭാഗത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. പദ്ധതിക്ക് വയനാട് ഡയറ്റ്, സമഗ്രശിക്ഷാ കേരള എന്നിവയുടെ അക്കാദമിക പിന്തുണയും നൽകുമെന്ന് അറിയിച്ചു. ഹോളണ്ടിലെ അധ്യാപകനായ നീക്ക് ഷെഫറുടെ സഹായത്തോടെ അദ്ദേഹത്തിന്റെ സ്കൂളിലേക്ക് ഓടപ്പള്ളം സ്കൂളിലെ അധ്യാപകർ ‘വെർച്വൽ ടൂർ' നടത്തുകയും സബ്‍ജക്റ്റ് മുറികളെപ്പറ്റി കൂടുതൽ മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് പി.ടി.എ. യോഗത്തിൽ ഈ ക്ലാസ്സ്മുറികൾക്കാവശ്യമായ ഫർണിച്ചറിന് സുൽത്താൻ ബത്തേരി നഗരസഭയെ സമീപിക്കാൻ തീരുമാനിച്ചു.

ഓരോ വിഷയക്ലാസ്സ് മുറികളും തയ്യാറാക്കുന്നതിന് സ്കൂളിലെ എൽ.പി, യു.പി, ഹൈസ്കൂൾ അധ്യാപകരെ വിവിധ ഗ്രൂപ്പുകളാക്കി തിരിച്ചു. ഈ ഗ്രൂപ്പുകൾ ക്ലാസ്സ്മുറികളിലേക്കാവശ്യമായ സംവിധാനങ്ങളെപ്പറ്റി ചർച്ച ചെയ്യുകയും പി.ടി.എ - സ്റ്റാഫ് സംയുക്ത യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.

നിർവഹണം

സുൽത്താൻ ബത്തേരി നഗരസഭ ടി.എസ്.പി. ഫണ്ടിലുൾപ്പെടുത്തി ഈ സവിശേഷ ക്ലാസ്സ്മുറികൾക്കാവശ്യമായ 7.5 ലക്ഷം രൂപ അനുവദിച്ചു. കോവിഡ് കാലത്ത് അകലം പാലിച്ചിരിക്കാൻ സൗകര്യമൊരുക്കുന്ന ഫർണിച്ചറാണ് പ്രൊജക്ടിലുള്ളത് എന്നതും ഫണ്ട് അനുവദിക്കുന്നതിന് കൂടുതൽ സഹായകമായി. ഓരോ കുട്ടിക്കും പ്രത്യേകം കസേരകൾ, രണ്ടു കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിധത്തിലുള്ള ടേബിളുകൾ എന്നിവ നഗരസഭ നൽകി. യു.പി. വിഭാഗത്തിലെ ആറ് ക്ലാസ്സ്മുറികൾക്കാവശ്യമായ ഫർണിച്ചറാണ് നഗരസഭ നൽകിയത്.

സബ്‍ജക്റ്റ് മുറികൾ ആയി ക്ലാസ്സ്മുറികളെ മാറ്റുന്നതിന് അധ്യാപകരുടെ ഓരോ വിഷയഗ്രൂപ്പും ആസൂത്രണം ചെയ്ത സൗകര്യങ്ങൾ ഒരുക്കുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. ഇതിനായി അധ്യാപകർ ചേർന്ന് 1.5 ലക്ഷം രൂപ നൽകി. പി.ടി.എ. അംഗങ്ങളും സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് അംഗങ്ങളും ക്ലാസ്സ്മുറികളൊരുക്കുന്നതിന് ഒരു മാസത്തോളം സൗജന്യസേവനവും നൽകി. 2022 നവംബർ 4ന് സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ശ്രീ.ടി.കെ.രമേശ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കോവിഡ് നിയന്ത്രണങ്ങളും സാഹചര്യങ്ങൾക്കും അനുസൃതമായി സബ്‍ജക്റ്റ് മുറികളിൽ അധ്യയനം നടന്നു വരുന്നു.

സബ്‍ജക്റ്റ് റൂമുകൾ- സവിശേഷതകൾ

1. ടൈപ്പുകൾ

6 വിഷയാധിഷ്ഠിത റൂമുകളാണ് സ്കൂളിൽ ക്രമീകരിച്ചത്.

എ. സയൻസ് മുറി

സയൻസ് ലാബിനോട് ചേർന്നാണ് സയൻസ്റൂം ക്രമീകരിച്ചത്. കുട്ടികൾക്ക് പരീക്ഷണ – നിരീക്ഷണങ്ങളിലേർപ്പെടുന്നതിനുള്ള സൗകര്യങ്ങൾ റൂമിലുണ്ട്. സയൻസ് മോഡലുകൾ, ചാർട്ടുകൾ, ഉപകരണങ്ങൾ, വിവിധ ശാസ്ത്രജ്ഞരുടെ ചിത്രങ്ങൾ, സംഭാവനകൾ തുടങ്ങിയവ സയൻസ് റൂമിലുണ്ട്. കൂടാതെ സയൻസ് സംബന്ധിച്ച പുസ്തകങ്ങളും റൂമിൽ ക്രമീകരിച്ചിട്ടുണ്ട്.

ബി. ഇംഗ്ലീഷ് മുറി

ഇംഗ്ലീഷ് റൂമാണ് (ഇംഗ്ലീഷ് ലാബ്) സ്കൂളിൽ ആദ്യമായൊരുക്കിയ സബ്ജക്ട് റൂം. കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇംഗ്ലീഷ് പഠിക്കുന്നതിനുള്ള ഇന്ററാക്ടീവ് സോഫ്റ്റ് വെയറുകളും കമ്പ്യൂട്ടറുകളും ഇംഗ്ലീഷ് റൂമിലുണ്ട്. വിദേശരാജ്യങ്ങളിലെ കൂട്ടുകാരുടെ കത്തുകൾ, ചിത്രങ്ങൾ, ഇംഗ്ലീഷ് പുസ്തകങ്ങൾ എന്നിവയും ഇംഗ്ലീഷ് റൂമിലുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള അതിഥികളുമായി സംവദിക്കാനുള്ള സൗകര്യങ്ങളും ലാബിലുണ്ട്. കോവിഡ് കാലത്ത് ഓൺലൈനായി ഇത്തരം നിരവധി ക്ലാസ്സുകൾ നടന്നിരുന്നു. വിദേശത്തു നിന്നുളള അധ്യാപകരുടെ അതിഥിക്ലാസ്സുകൾ സ്കൂളിലെ കുട്ടികൾക്ക് നൽകുകയും നിരവധി ഓൺലൈൻക്ലാസ്സുകൾ മറ്റു രാജ്യങ്ങളിലെ കുട്ടികൾക്കൊപ്പം നടക്കുകയും ചെയ്തു. ഇംഗ്ലീഷ് ഭാഷാ പഠനം കൂടുതൽ ആസ്വാദ്യകരമാക്കാനും കൂടുതൽ സ്വാഭാവികമായും രസകരമായും നടത്തുന്നതിനും ഇംഗ്ലീഷ് ലാബിലെ ഇത്തരം പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ട്. നിലവിൽ ഇരുപതോളം വിദേശരാജ്യങ്ങളിൽ നിന്നുള്ള അധ്യാപകരും കുട്ടികളും ഓടപ്പള്ളത്തെ കുട്ടികളുമായി സംവദിച്ചു വരുന്നുണ്ട്.

സി. ഗണിത മുറി

ഗണിത പഠനം രസകരമാക്കാനുള്ള അന്തരീക്ഷമാണ് ഗണിത മുറിയിൽ ഒരുക്കിയിരിക്കുന്നത്. ഗണിത പഠനം ആസ്വാദ്യകരമാക്കാനുതകുന്ന മോഡലുകൾ, ഉപകരണങ്ങൾ എന്നിവ മാത്സ് റൂമിലുണ്ട്. കൂടാതെ പസിലുകൾ, ഗണിത പ്രശ്നോത്തരികൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ഒരുക്കിയിട്ടുണ്ട്.

ഡി. മലയാളം മുറി

സ്കൂൾ ലൈബ്രറിയോടനുബന്ധിച്ചാണ് മലയാളം ക്ലാസ്സ്മുറി ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്ക് ഭാഷാ പഠനം ആസ്വദിക്കാൻ ഓഡിയോ- വിഷ്വൽ സംവിധാനങ്ങൾ, പുസ്തകങ്ങൾ എന്നിവ ഭാഷാ ക്ലാസ്സ്മുറിയിലുണ്ട്. കൂടാതെ മലയാള സാഹിത്യത്തിലെ പ്രമുഖരുടെ ചിത്രങ്ങൾ, സംഭാവനകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

ഇ. സോഷ്യൽ സയൻസ് മുറി

സോഷ്യൽ സയൻസ് റൂമിൽ സാമൂഹ്യശാസ്ത്രപഠനം ആഴത്തിലുള്ളതും ഗവേഷണാത്മകവുമാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗ്ലോബുകൾ, ഭൂപടങ്ങൾ, റഫറൻസ് പുസ്തകങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.

എഫ്. ഹിന്ദി-വർക്ക് എക്സ്പീരിയൻസ്-ആർട്ട് മുറി

ഹിന്ദി, വർക്ക് എഡ്യുക്കേഷൻ, ആർട്ട് എഡ്യുക്കേഷൻ എന്നിവയ്ക്ക് പൊതുവായി ഒരു ക്ലാസ്സ് മുറിയാണ് ക്രമീകരിച്ചത്. പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങളുടെ പ്രദർശനത്തിനും നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്നതിനും ‘വർക്ക് എക്സ്പീരിയൻസ് വാൾl’ഉം കലാ പഠനത്തിലെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ 'ആർട്ട് വാൾ’ ഉം ഒരുക്കിയിട്ടുണ്ട്. പ്രവൃത്തി പരിചയ പഠനത്തിനായി തയ്യൽ മെഷീനുകളും ഒരുക്കിയിട്ടുണ്ട്.

സ്കൂൾ മാക്കറ്റ് സ്റ്റോർ

പ്രവൃത്തി പരിചയ പഠനത്തിന്റെ ഭാഗമായാണ് സ്കൂൾ മാർക്കറ്റ് സ്റ്റോർ തയ്യാറാക്കിയത്. സ്കൂളിലെ കുട്ടികൾ തയ്യാറാക്കുന്ന പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങൾ സ്കൂൾ കൂട്ടായ്മ വഴി തന്നെ വിപണനം നടത്തുന്നതിനായി സ്കൂൾ മാർക്കറ്റ് സ്റ്റോർ വഴിയൊരുക്കുന്നു. നിലവിൽ സോപ്പ്, സോപ്പ് പൊടി, ക്ലീനിങ് ലോഷനുകൾ, പേപ്പർ പേനകൾ, മാസ്കുകൾ തുടങ്ങി കുട്ടികൾ നിർമിക്കുന്ന വിവിധ ഉൽപ്പന്നങ്ങളും കുട്ടികൾക്കാവശ്യമായ മറ്റ് പൊതു ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. സംരംഭകരാകാൻ കുട്ടികൾക്ക് പരിശീലനം നൽകുന്ന സ്കൂൾമാർക്കറ്റിന് കുടുംബശ്രീയുടെ പിന്തുണയുമുണ്ട്. കുട്ടികൾ തന്നെയാണ് ഒഴിവ് സമയങ്ങളിൽ  മാർക്കറ്റ് നടത്തുന്നത്. മാർക്കറ്റിൽ നിന്നുള്ള ലാഭം കുട്ടികളുടെ സ്റ്റുഡന്റ് സേവിങ്സ് ബാങ്കിലേക്കാണ് നിക്ഷേപിക്കുന്നത്. വിവിധ വിഷയങ്ങളുടെ പഠനവുമായി ബന്ധിപ്പിച്ചാണ് മാർക്കറ്റിന്റെ ഓരോ പ്രവർത്തനവും നടക്കുന്നത്.

2. ഹോം റൂമുകൾ

ഓരോ സബ്ജക്ട് റൂമും ഓരോ ക്ലാസ്സുകളുടെ ഹോം റൂമുകളായാണ് ഒരുക്കിയിരിക്കുന്നത്. ഓരോ ക്ലാസ്സിലെയും കുട്ടികൾ സ്കൂളിലെത്തിയാൽ തങ്ങളുടെ ബാഗുകൾ, വസ്തുക്കൾ തുടങ്ങിയവ സൂക്ഷിക്കുന്നതും അറ്റന്റൻസ് രേഖപ്പെടുത്തുന്നതും തങ്ങളുടെ ഹോം റൂമുകളിലാണ്. വിവിധ വിഷയങ്ങളുടെ പിരീഡുകളിൽ അതത് സബ്ജക്ട് റൂമുകളിലേക്ക് ഹോം റൂമിൽ നിന്നും പുസ്തകങ്ങൾ എടുത്ത ശേഷം കുട്ടികൾ നീങ്ങുന്നു. ഓരോ സബ്ജക്ട് റൂമിനു പുറത്തും ഏതു ക്ലാസ്സിന്റെ ഹോം റൂമാണ് എന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളുടെ ബാഗുകൾ സൂക്ഷിക്കാൻ ഓരോ ക്ലാസ്സ്റൂമിലും സൗകര്യമുണ്ട്. കൂടാതെ കുട്ടികളുടെ വർക്കുകൾ പ്രദർശിപ്പിക്കാൻ ബുള്ളറ്റിൻ ബോർഡുകളും എല്ലാ ക്ലാസ്സുകളിലും ഒരുക്കിയിട്ടുണ്ട്.

3. മുറികൾ മാറൽ

ഓരോ വിഷയവും അതത് വിഷയത്തിനായി ക്രമീകരിച്ച ക്ലാസ്സ്മുറികളിലിരുന്ന് പഠിക്കുന്ന രീതിയിലാണ് സബ്‍ജക്റ്റ് റൂമുകൾ ക്രമീകരിച്ചത്. ഓരോ വിഷയവും അതത് വിഷയത്തിന്റെ അന്തരീക്ഷത്തിൽ പഠിക്കുന്നതിനും ആഴത്തിൽ പഠിക്കുന്നതിനും ഈ ക്ലാസ്സ്മുറികൾ സൗകര്യമൊരുക്കുന്നു. പഠനം കൂടുതൽ രസകരമാക്കാൻ ഈ ക്ലാസ്സ്മുറികളിലെ പഠനത്തിന് സാധിക്കും.

ഓരോ വിഷയത്തിന്റെയും പിരീഡിൽ കുട്ടികൾ അതത് വിഷയത്തിന്റെ റൂമിലെത്തുന്നു. ഓരോ രണ്ട് പിരീഡിലേക്കുമുള്ള പുസ്തകങ്ങൾ ഹോം റൂമിൽ നിന്നും കയ്യിലെടുത്ത് വിഷയറൂമുകളിലേക്ക് കുട്ടികൾക്ക് നീങ്ങാം.

ഓരോ റൂമുകളിലേക്കും കുട്ടികൾ മാറാനെടുക്കുന്ന സമയം അധ്യാപകർ ഒരു ക്ലാസ്സിനു ശേഷം സ്റ്റാഫ് റൂമിലെത്തിയ ശേഷം അടുത്ത ക്ലാസ്സിലെത്തുന്ന സമയത്തിനേക്കാൾ കുറവായിരിക്കും എന്നത് സമയം ലാഭിക്കാനും സഹായിക്കുന്നു.

മാത്രവുമല്ല കുട്ടികൾ ഓരോ ക്ലാസ്സും മാറുന്നതിനെടുക്കുന്ന ചലനാത്മകമായ ഇടവേളകൾ കൂടുതൽ ശ്രദ്ധയോടെ ക്ലാസ്സിലിരിക്കുന്നതിനും അവരെ സഹായിക്കും.

4. അഡാപ്റ്റബിൾ ഫർണിച്ചർ

സബ്ജക്ട് ക്ലാസ്സ്മുറികളിലൊരുക്കിയിരിക്കുന്ന ഫർണിച്ചർ സാമൂഹ്യജ്ഞാന നിർമിതിയിലധിഷ്ഠിതമായ വിവിധ പഠനപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ വിധം വ്യത്യസ്ത രീതിയിൽ ക്രമീകരിക്കാവുന്നതാണ്. ഗ്രൂപ്പ് ചർച്ചകൾ, സെമിനാറുകൾ, ക്ലാസ്സ്റൂം ഗെയിമുകൾ തുടങ്ങിയ ആധുനിക പഠനരീതികൾക്ക് അനുയോജ്യമാകും വിധം ടേബിളുകൾ, ചെയറുകൾ എന്നിവ ക്രമീകരിക്കാനാകും.

ഉദാഹരണത്തിന് സയൻസ് റൂമിൽ എക്സ്പെരിമെന്റ് ടേബിളുകളായും സാമൂഹ്യശാസ്ത്ര ക്ലാസ്സ്മുറിയിൽ സംവാദത്തിനുള്ള ടേബിൾ റോകളായും മലയാളം ക്ലാസ്സ്മുറിയിൽ റീഡിങ് ടേബിളുകളായുമൊക്കെ ഫർണിച്ചർ അധ്യാപകർക്ക് രൂപമാറ്റം വരുത്താനാകും.

ഏതു രൂപത്തിലും ക്രമീകരിക്കാവുന്ന (അഡാപ്റ്റബിൾ ) ഫർണിച്ചർ

നേട്ടങ്ങൾ

1. പഠനാന്തരീക്ഷം

ഓരോ വിഷയത്തിന്റെയും പഠനം അതത് വിഷയത്തിന്റെ അന്തരീക്ഷത്തിലാക്കാൻ വിഷയ ക്ലാസ്സ് മുറികൾ വഴിയൊരുക്കുന്നു.

2. പഠനപുരോഗതി

ഏറ്റവും ആദ്യം സ്കൂളിലാരംഭിച്ച വിഷയക്ലാസ്സ്മുറിയായ English Lab കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പഠനപുരോഗതിയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മറ്റു ക്ലാസ്സ്മുറികളുടെ സ്വാധീനം അളക്കുന്നതിനുള്ള കാലയളവ് കോവിഡ് മൂലം ലഭിച്ചിട്ടില്ല. എന്നിരുന്നാലും പഠനനേട്ടങ്ങൾ കൈവരിക്കുന്നത് വേഗത്തിലാക്കാൻ സബ്ജക്ട് റൂമുകൾക്ക് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

3. ശ്രദ്ധ, പഠനതാൽപ്പര്യം

ഓരോ ക്ലാസ്സും അതത് വിഷയ അന്തരീക്ഷത്തിൽ പഠിക്കുന്നത് കുട്ടികളുടെ ശ്രദ്ധ വർദ്ധിപ്പിക്കുന്നു. കൂടാതെ ഓരോ ക്ലാസ്സും മാറുന്നതിനെടുക്കുന്ന ചലനാത്മകമായ ലഘു ഇടവേളകൾ കുട്ടികളെ കൂടുതൽ ഊർജസ്വലരും ക്ലാസ്സിൽ കൂടുതൽ ശ്രദ്ധയുള്ളവരും പഠനതാൽപ്പര്യമുള്ളവരുമാക്കി മാറ്റുന്നു.

4. പഠനോപകരണങ്ങൾ

ഓരോ വിഷയത്തിന്റെയും ക്ലാസ്സിൽ ആവശ്യമായ പഠനോപകരണങ്ങൾ അതത് ക്ലാസ്സിൽ തന്നെ ലഭിക്കുന്നു. മാത്രവുമല്ല, കുട്ടികളുടെയും അധ്യാപകരുടെയും ക്ലാസ്സ്മുറി ഉൽപ്പന്നങ്ങൾ കൂടി വരുന്നതിനനുസരിച്ച് അതത് വിഷയ ക്ലാസ്സ്മുറികൾ കൂടുതൽ പഠനസാമഗ്രികൾ കൊണ്ട് സമ്പന്നമാകുന്നു.

5. ഗവേഷണ പ്രവർത്തനങ്ങൾ

ഓരോ വിഷയത്തിലുമുള്ള ആഴത്തിലുള്ള ഗവേഷണത്തിന് ഈ ക്ലാസ്സ്മുറികൾക്ക് വഴിയൊരുക്കാനാകും. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ഗവേഷണങ്ങൾക്കും ആഴത്തിലുള്ള വിഷയ പഠനത്തിനും ക്ലാസ്സ്മുറികളിലെ സാമഗ്രികൾ ഉപയോഗപ്പെടുത്താൻ സാധിക്കും.

6. പൊതുവായ ഉപയോഗങ്ങൾ

യു.പി. വിഭാഗത്തിലെ കുട്ടികൾക്കാണ് നിലവിൽ സ്കൂളിൽ ഈ വിഷയക്ലാസ്സ്മുറികൾ ഒരുക്കിയിരിക്കുന്നതെങ്കിലും എൽ.പി, ഹൈസ്കൂൾ ക്ലാസ്സിലെ കുട്ടികൾക്കും ഓരോ വിഷയത്തിന്റെ പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒഴിവു സമയങ്ങളിൽ ഈ വിഷയ ക്ലാസ്സ് മുറികൾ ഉപയോഗപ്പെടുത്താനാകും.

7. കോവിഡ് കാലത്ത്

ഓരോ കുട്ടിക്കും പ്രത്യേക ഇരിപ്പിടങ്ങളായതിനാൽ കോവിഡ് കാലത്തിനനുയോജ്യമായ വിധം ശാരീരിക അകലം പാലിച്ച് ക്ലാസ്സ് മുറികളിലിരിക്കാൻ ഈ ക്ലാസ്സ് ക്രമീകരണത്തിലൂടെ കഴിയും. പകർച്ച വ്യാധികളുടെ കാലങ്ങളിൽ ഹോം റൂമുകളിൽ മാത്രം ക്ലാസ്സ് നടത്തുകയും ക്ലാസ്സുകൾ മാറുന്ന പ്രക്രിയ നിർത്തി വയ്ക്കുകയും ചെയ്യാം.

8. സമൂഹത്തിന്റെ പ്രതികരണം - തെളിവുകൾ

  • അഡ്മിഷൻ വർദ്ധനവ്

സ്കൂളിലാരംഭിച്ച വിഷയ ക്ലാസ്സ്മുറികൾ അഡ്മിഷനിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിരവധി അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നടക്കമുള്ള കുട്ടികൾ വനാതിർത്തിയിൽ തികച്ചും ഗ്രാമപ്രദേശത്തുള്ള ഓടപ്പള്ളം ഗവ.ഹൈസ്കൂളിൽ അഡ്മിഷൻ എടുക്കുകയുണ്ടായി.

വർഷം ആകെ കുട്ടികളുട എണ്ണം ഒന്നാം ക്ലാസിൽ ചേർന്ന കുട്ടുകളുടെ എണ്ണം
2019-20 335 40
2020-21 354 26
2021-22 471 48

9. വിഷയ സമീപനങ്ങൾ

ഓരോ വിഷയവും അതത് വിഷയത്തിന്റെ പഠനസമീപനങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച് പഠിക്കാൻ ഈ ക്ലാസ്സ്മുറികളിൽ കഴിയും. ഉദാഹരണത്തിന് സയൻസ് റൂമിൽ പരീക്ഷണ – നിരീക്ഷണങ്ങളിലൂടെയും മലയാളം ക്ലാസ്സിൽ പുസ്തക റഫറൻസ്- വായന എന്നിവയിലൂടെയും വർക്ക് എഡ്യുക്കേഷൻ ക്ലാസ്സ് മുറിയിൽ ആവശ്യമായ സാധന സാമഗ്രികളുടെ സഹായത്തോടെ നിർമാണ പ്രവർത്തനങ്ങളിലേർപ്പെടാനുമെല്ലാം വളരെ എളുപ്പത്തിൽ കഴിയുന്നു.

വെല്ലുുവിളികൾ

  • ഓരോ വിഷയ ക്ലാസ്സ്മുറികളിലും പരമാവധി എണ്ണം കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകൾ ഒരുക്കേണ്ടതുണ്ട്.
  • മഹാമാരിയുടെ കാലത്ത് ഓരോ ക്ലാസ്സും അതത് ഹോം റൂമുകളിൽ തന്നെ രോഗവ്യാപനസാധ്യതക്കനുസരിച്ച് തുടരേണ്ടി വരും

തുടർച്ച, വികസന സാധ്യതകൾ

  • ഓരോ വിഷയത്തിന്റെയും ക്ലാസ്സ് മുറികൾ അതത് വിഷയവുമായി ബന്ധപ്പെട്ട കൂടുതൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കി വികസിപ്പിക്കാനാകും
  • ആധുനിക മാതൃകയിലുള്ള കെട്ടിടങ്ങളിൽ, കൂടുതൽ വെളിച്ചവും വലിപ്പവുമുള്ള ക്ലാസ്സ്മുറികളിൽ വളരെ നന്നായി വിഷയ ക്ലാസ്സ് മുറികൾ ക്രമീകരിക്കാൻ കഴിയും.
  • ഓരോ സബ്ജക്ട് ക്ലാസ്സിലും യൂറോപ്പ്യൻ രാജ്യങ്ങളിലുള്ള മാതൃകയിൽ പോർട്ട് ഫോളിയോ റാക്കുകൾ ക്രമീകരിക്കാനാകും.