ഗവ. എച്ച് എസ് എസ് തരുവണ/അക്ഷരവൃക്ഷം/പോരാടാം ഒരുമിച്ചു നിന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടാം ഒരുമിച്ചു നിന്ന്

ആ തെരുവിന്റെ ഏറ്റവും അവസാന നിരത്തിലുള്ള വീടിന്റെ പടിക്കൽ ആരെയോ പ്രതീക്ഷിക്കുന്ന രണ്ട് മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു. ആ കുഞ്ഞു മനസ്സ് ആർക്കോ വേണ്ടി പിടയുകയായിരുന്നു.

"അമ്മേ...അമ്മേ.. അച്ഛൻ എന്താ അമ്മേ വരാത്തെ.?" അടുക്കളയിൽ തിരക്കുപിടിച്ച ജോലിയിലായിരുന്ന രേവതി രാഹുലിന്റെ ആ ചോദ്യത്തിന് എന്ത് മറുപടി നൽകണമെന്നറിയാതെ വിഷമിച്ചു. "അച്ഛന് ജോലിക്ക് പോകണ്ടേ, ജോലി സമയം കഴിയുമ്പോൾ അച്ഛനിങ്ങ് വരും ". അവൾ മുഴുവനാക്കുന്നതിന് മുമ്പ് രാഹുൽ ഇടയ്ക്ക് കയറിപ്പറഞ്ഞു " പിന്നേ ബാക്കിയുള്ളവരുടെ അച്ഛന്മാരെല്ലാം വീട്ടിലുണ്ട്.എനിക്ക് മാത്രം എന്റെ അച്ഛനെ കാണാൻ പോലും കിട്ടുന്നില്ല. അതും ഈ അവധിക്കാലത്ത് ". " നിന്റെ അച്ഛനൊരു പോലീസുകാരനല്ലേടാ " അവൾ അവനെ സമാധാനപ്പെടുത്താൻ തുടങ്ങി.അപ്പോൾ അച്ഛന് എന്തോരം ജോലി ഉണ്ടാവും.കൊറോണ പടരാതെ സൂക്ഷിക്കാനല്ലേ നിന്റച്ഛൻ ഇങ്ങനെ ജോലി ചെയ്യുന്നത്. രാഹുൽ തെല്ലൊന്ന് മയപ്പെട്ടു തുടങ്ങിയപ്പോൾ രേവതി അടുക്കളയിലേക്ക് തിരിച്ചു.

എന്റീശ്വരാ കുട്ടേട്ടൻ എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ.? ഇത്തിരി പോലും വിശപ്പ് സഹിക്കാനാവാത്ത മനുഷ്യനാ ഈ വെയിലത്ത് കിടന്ന് കഷ്ടപ്പെടുന്നെ. എന്തിനാ ദൈവമേ വീണ്ടുമൊരു പരീക്ഷണം. രേവതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.

"ഇതിപ്പോ നല്ല രസായി.. ആ കുട്ടിയെ സമാധാനിപ്പിച്ചിട്ട് നീ തുടങ്ങുവാണോ.?" അമ്മയുടെ ചോദ്യത്തിന് മുമ്പിൽ രേവതി പതറി. "ഇല്ലമ്മേ, ഞാൻ വെറുതെ ഓരോന്ന് ആലോചിക്കുകയായിരുന്നു ".

"ങുഹും.. നീ എനിക്കൊരു ചായയെടുത്തേ" അമ്മ വിഷയം മാറ്റിത്തുടങ്ങി. പക്ഷേ, പാൽ... പാലില്ലാതെ അമ്മ.. രേവതി ഒന്നു നിറുത്തി."ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവെച്ചല്ലേ ഒക്കൂ, ഈ സമയത്ത് ". അമ്മ പറഞ്ഞതിന് മറുപടിയായി അവൾ പറഞ്ഞു. "ശരി അമ്മാ"

" അമ്മേ ആ ചെടി ഞാൻ നട്ടുട്ടോ" രാഹുൽ ഉറക്കെ പറഞ്ഞു. ദേ കാലും കൈയും നന്നായി സോപ്പിട്ട് കഴുകീട്ട് അകത്തേക്ക് കയറിയാ മതി. പുറത്തെ ടാപ്പിനടുത്ത് സോപ്പ് ഉണ്ട്.എന്നിട്ട് നീ വേഗം വന്ന് വെള്ളം കുടിച്ചേ.ഈ സമയത്ത് ധാരാളം വെള്ളം കുടിക്കണം"രേവതി പറഞ്ഞു നിറുത്തി. "എനിക്കെങ്ങും വയ്യാ. എന്തിനാ ഇത്രയും വെള്ളം കുടിക്കുന്നത് " രാഹുൽ അവന്റെ നിലപാട് വ്യക്തമാക്കി. "ഡാ ഒരുപാട് വെള്ളം കുടിച്ചാൽ കൊറോണ പെട്ടെന്ന് വരില്ല " രേവതി പറഞ്ഞു. "പിന്നേ... എന്നാപ്പിന്നെ കൊറോണ രോഗികളെയെല്ലാം വെള്ളം കുടിപ്പിച്ചാ പോരെ. ഒന്നു പോ അമ്മേ.. " അവൻ അവന്റെ നിലപാടിൽ തന്നെ തുടർന്നു.

"ഡാ നീ എന്റെ കൈയീന്ന് മേടിക്കും. നീ ആദ്യം പറയുന്നതങ്ങോട്ട് കേൾക്ക് " രേവതി പറഞ്ഞു തുടങ്ങി. "ഈ കൊറോണ ബാധിക്കുന്നത് ശ്വാസകോശത്തെയാണ് " അതു കൊണ്ട്.? രാഹുൽ ഇടയ്ക്കു കയറി പറഞ്ഞു. "ഡാ.. ഞാനൊന്നു പറയട്ടെ.." രേവതി വീണ്ടും പറയാനാരംഭിച്ചു. "വെളളം കുടിക്കുന്നത് കുറഞ്ഞാൽ നമ്മുടെ തൊണ്ട വരണ്ട് തുടങ്ങും. അപ്പോൾ അണുക്കൾ പെട്ടെന്ന് നമ്മുടെ ശ്വാസകോശത്തിൽ കയറും രോഗം വരും. എന്നാൽ തൊണ്ട വരളാതെ സൂക്ഷിച്ചാൽ രോഗാണുക്കൾ ആമാശയത്തിലേക്ക് പ്രവേശിക്കും. അവിടെ വെച്ച് രോഗാണുക്കളെ ആമാശയത്തിലെ സ്രവങ്ങൾ നശിപ്പിച്ചോളും. പിന്നെ ചൂടുവെള്ളം അണുക്കളെ നശിപ്പിക്കും. എന്ന് മാത്രമല്ല പതിനാല് ദിവസം വേണം രോഗം പുറത്ത് വരാൻ. അപ്പോഴേക്ക് രോഗം പടരുകയും ചെയ്തിരിക്കും " രേവതി പറഞ്ഞു നിർത്തി. " അമ്മയ്ക്കെങ്ങനയാ ഇതൊക്കെ അറിയുന്നെ" രാഹുൽ ചോദിച്ചു. ആ മൂന്നാം ക്ലാസുകാരന്റെ മുമ്പിൽ ഏറ്റവും ലളിതമായി കാര്യങ്ങൾ അവതരിപ്പിക്കാനാണ് അവൾ ശ്രമിച്ചത്. "നമുക്ക് ചുറ്റും നടക്കുന്നത് അറിയേണ്ടത് നമ്മുടെ കടമയല്ലേ " - "ശരിയാ" രേവതിയെ രാഹുൽ അനുകൂലിച്ചു.

നമുക്കൊരുമിച്ചു നിന്ന് പോരാടാം ഈ കൊറോണ വൈറസിനെതിരെ.....

ഫാത്തിമ ഹുസ്ന
8D ഗവ എച്ച് എസ് എസ് തരുവണ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ