ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം : കയ്പ്പും മധുരവും .

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം : കയ്പ്പും മധുരവും .

സൈനികർ നമ്മെ സംരക്ഷിക്കാൻ അതിർത്തിയിൽ കാവലു നിൽക്കുന്നത് പോലെ രോഗങ്ങളെ ചെറുത്തു നിർത്താൻ നാമൊരുക്കുന്ന മുന്നൊരുക്കമാണ് പ്രതിരോധം. രോഗപ്രതിരോധം മാത്രമാണ് രോഗങ്ങളെ തടഞ്ഞു നിർത്താനുള്ള പ്രധാന മാർഗം. രോഗം വന്നു ചികില്സിക്കുന്നതിനേക്കാൾ നല്ലത് പ്രതിരോധം എന്നു നാം ഏറെ കേട്ടിട്ടുണ്ടെങ്കിലും അതു ചെയ്യുന്ന കാര്യത്തിൽ നമ്മിൽ പിഴവുകൾ സംഭവിക്കാറുണ്ട്.നിത്യജീവിതത്തിൽ നമുക്കറിയാവുന്നതും അറിയാത്തതുമായ എത്ര രോഗങ്ങളെകുറിച്ചാണ് ദിനംതോറും നാം കേൾക്കുന്നത്. അതിനെക്കുറിച്ചു സഹതപിക്കുക്കയും ചെയ്യും. എന്നാൽ അതിനുവേണ്ടി നമുക്കെന്തു ചെയ്യാനാകും എന്നു ചിന്തിക്കേണ്ടതുണ്ട്.രോഗ പ്രതിരോധമാണ് അതിനുള്ള പരിഹാരം. രോഗപ്രധിരോധത്തിനു ശുചിത്വം തന്നെയാണ് പ്രധാനം. നാം മലയാളികൾ വ്യക്തി ശുചിത്വത്തിൽ മുന്നിലാണെങ്കിലും സാമൂഹ്യ ശുചിത്വത്തിൽ ഏറെ പിന്നിലാണ്. ഏതു മാലിന്യമായാലും അത് തന്റെ വളപ്പിൽ നിന്നകറ്റി മറ്റുള്ളവന്റെ തൊടിയിൽ കളഞ്ഞാൽ ആത്മസംതൃപ്തി കിട്ടുന്ന മനോഭാവം മാറ്റേണ്ടതുണ്ട്. ഈ മനോഭാവമാണ് നമ്മെ പല രോഗങ്ങളിലേക്കും നയിക്കുന്നത്. മലയാളികളിൽ ഭൂ രിഭാഗവും വ്യക്തി ശുചിത്വം ശ്രദ്ധിക്കുന്നുണ്ട്. ഇതിന്റെ അടയാളമാണ് മഹാമാരിയായ കൊറോണ ബാധിതർ ഏറെയാണെങ്കിലും മരണസംഘ്യ കുറഞ്ഞത്. ഇത് നാം എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ വ്യക്തിശുചിത്വത്തിൽ തീരുന്നില്ല. സാമൂഹിക ശുചിത്വം പ്രധാനമാണ്. ഗ്രാമങ്ങളെക്കാൾ അധികം മാലിന്യങ്ങൾ ഉത്ഭവിക്കുന്നതും കെട്ടികിടക്കുന്നതും നഗരങ്ങളിലാണ്. നഗരങ്ങൾ ഇന്ന് മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ മനുഷ്യ വർഗത്തെ ഇല്ലാതാക്കാൻ കഴിയുന്ന മാരകരോഗങ്ങൾ പിറവിയെടുക്കുന്നു. പല രോഗങ്ങളെയും നാം നിസ്സാരമായി കാണാറുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ അത് കാട്ടു തീപോലെ, മഞ്ഞുരുകുന്നപോലെ അത് ലോകം മുഴുവൻ വ്യാപിച്ചു ലോകാവസാനത്തിന് വരെ കാരണമാകാം. രോഗങ്ങൾക്കൊക്കെ ഒരു പ്രധാന കാരണം നമ്മുടെ ജീവിതശൈലി കൂടിയാണ്.രുചിയുള്ള ഭക്ഷണം നാം എന്തു വിലകൊടുത്തും വാങ്ങി കഴിക്കുന്നു, അത് തന്റെ തന്നെ ഘാതകനാണെന്ന സത്യം അറിഞ്ഞു കൊണ്ടു തന്നെ.രുചിയുള്ള ഭക്ഷണം മാത്രം വാങ്ങി കഴിക്കുന്ന യുവ തലമുറ ആരോഗ്യമുള്ള ഭക്ഷണ രീതി കൂടി പിന്തുടരേണ്ടതുണ്ട്, അതിനു നമുക്ക് നമ്മുടെ പൂർവികരെ മാതൃകയാക്കാം. നാമിന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് Covid-19.ലോകമാകെ വ്യാപിച്ചു കിടക്കുന്ന മഹാമാരി. കൊറോണ വൈറസ് കാരണമായ ഈ രോഗത്തിനും പ്രതിരോധം തന്നെയാണ് വേണ്ടത്. വ്യക്തി ശുചിത്വവും സാമൂഹ്യ ശുചിത്വവുമാണ് പ്രധാന പ്രതിരോധ മാർഗം. രോഗികളിൽ നിന്നും അകന്നു മാറുമ്പോഴേ പിന്നീട് അവരുമായി നമുക്ക് അടുക്കാൻ കഴിയൂ എന്നകാര്യം നാം ഓർക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ നാം എന്നും ഒരു സൈനികനെപ്പോലെ ജീവിക്കേണ്ടതുണ്ട്. അങ്ങനെ നമ്മുടെ ജീവിതത്തിൽ കൈപ്പാകുന്ന രോഗങ്ങളെ മധുര പ്രതി രോധത്തിലൂടെ ചെറുക്കാം.

സ്നേഹ എ
10 C ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം