ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/കോവിഡ് ഒരു ഓർമ്മപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് ഒരു ഓർമ്മപ്പെടുത്തൽ

"വെളിച്ചം ദുഃഖമാണുണ്ണീ" തമസ്സല്ലോ സുഖപ്രദം" എന്ന അക്കിത്തത്തിന്റെ വരികൾ ഏറെ അർത്ഥവത്താണ്.വിജ്‍‍‍‍ഞാനത്തിന്റെ വെളിച്ചത്തേക്കാൾ അജ്ഞതയുടെ അന്ധകാരമാണ് അഭികാമ്യം.ശാസ്ത്രത്തിന്റെ വളർച്ചതന്നെ മാനവരാശിയുടെ നാശത്തിന് കാരണമായി ഭവിയ്ക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്.സകല സസ്യജന്തുജാലങ്ങളെയും കൊന്നൊടുക്കിക്കൊണ്ട് മനുഷ്യൻ ഈ ഭൂമുഖത്ത് തന്റെ ആധിപത്യം ഉറപ്പിച്ചു.എന്നാൽ പ്രകൃതി സംരക്ഷണത്തിൽ മനുഷ്യൻ വരുത്തിയ കാതലായ വീഴ്ചയുടെ ഫലം ഇന്ന് നാം അനുഭവിയ്ക്കുന്നു.നഗ്നനേത്രങ്ങൾ കൊണ്ടുപോലും കാണാൻ സാധിയ്ക്കാത്ത ഒരു സൂഷ്മാണുവിനു മുന്നിൽ വൻകിടലോക രാഷ്ട്രങ്ങൾപോലും കൂപ്പുകുത്തുന്ന കാഴ്ച അമ്പരപ്പോടെ നോക്കി നിൽക്കാനേ നമുക്ക് സാധിയ്ക്കുന്നുള്ളൂ.രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയാണ് കോവിഡ് 19.

ഓരോദശാബ്ദത്തിലുംനമ്മുടെലോകംഒരുദുരന്തത്തിന്സാക്ഷ്യംവഹിയ്ക്കുന്നു.സിക,എബോള,സാർസ്,നിപ്പ,ഒടുവിൽ കോവിഡ് 19 തുടങ്ങിയ പലതരം വൈറസുകൾ രൂപപ്പെടുന്നത് അതി വേഗത്തിലാണ്.ഇരട്ടി വേഗത്തിൽ അവ സംക്രമിയ്ക്കുകയും ചെയ്യുന്നു. മനുഷ്യൻ പ്രകൃതിയിൽ ഏൽപ്പിയ്ക്കുന്ന ആഘാതങ്ങൾ ഇവ രൂപപ്പെടുന്ന തോത് ക്രമാതീതമായി വർദ്ധിപ്പിയ്ക്കുന്നു.കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ജനപ്പെരുപ്പവും രോഗാണുക്കൾ അതിവേഗത്തിൽ പരിണമിയ്ക്കാൻ കാരണമാകുന്നു.പ്രതിവർഷം 17 മില്യൻ ജനങ്ങൾ ഇത്തരം രോഗങ്ങൾ വന്ന് മരണപ്പെടുന്നു എന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടിട്ടുള്ള കണക്കുകൾ.20 വർഷത്തിനിടെ 30പുതിയ വൈറസുകൾ ഉടലെടുത്തു.പണ്ട് ദീർഘ ഇടവേളകളിൽമാത്രമായിരുന്നു പ്ലേഗ് പോളിയോ തുടങ്ങിയ രോഗങ്ങൾ രൂപപ്പെട്ടിരുന്നത്.വൈറസ് രൂപീകരണത്തിന്റെ തോത് ക്രമാതീതമായി വ‍ർദ്ധിയ്ക്കുന്നത് തിരിച്ചറിയാൻ നാം ഏറെ വൈകി എന്നതിന്റെ സൂചനയാണിത്.

“ഒരു നല്ല മനുഷ്യൻ എല്ലാ ജീവജാലങ്ങളുടേയും സുഹൃത്തായിരിയിരിയ്ക്കും”എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ നാം ഇപ്പോൾ സ്മരിയ്ക്കേണ്ടതുണ്ട്.ഇപ്പോൾ ഉണ്ടാകുന്ന 60% രോഗങ്ങളും ജന്തുജന്യ രോഗങ്ങളാണ്. എബോള,നിപ്പ,ആന്ത്രാക്സ്,എലിപ്പനി,പക്ഷിപ്പനി എന്നിവ ഇതിനുദാഹരണങ്ങളാണ്. നിപ്പ വൈറസ് വാഹകർ വവ്വാലുകളാണ് എന്നാൽ ഇത്രയും അപകടകാരിയായ വൈറസിനെ പ്രതിരോധിയ്ക്കാനുള്ള ശേഷി അവയ്ക്കുണ്ട്.മൃഗങ്ങളുടേയും പക്ഷികളുടേയും തനത് ആവാസ വ്യവസ്ഥയെ തകർക്കുമ്പോൾ സ്വാഭാവികമായും മനുഷ്യന്റെ വാസസ്ഥലങ്ങളിലേയ്ക്ക് ചേക്കേറും.ഇവയെ ഭക്ഷണമാക്കുന്നതും വൈറസ് പടരാൻ കാരണമാകുന്നു.ജൈവ വൈവിധ്യത്തെ സംരക്ഷിച്ച് മറ്റൊരുജീവിയുടേയും ആവാസ വ്യവസ്ഥയിലും കൈകടത്തരുത്.ഇല്ലെങ്കിൽ ഇത് ഇനിയും ആവർത്തിയ്ക്കും.

ഇരിയ്ക്കുന്ന കൊമ്പ് മുറിയ്ക്കുന്ന വിഡ്ഢിയുടെ കഥ നമുക്കറിയാം.നമ്മുടെ നിലനിൽപ്പിന് ആധാരം ഭൂമിയാണ്.അതിനെ ദ്രോഹിച്ചാൽ സുനിച്ഛിതമായും ഭൂമി തന്നെ സമൂലനാശം വരുത്തും.65 മില്യൻ വർഷങ്ങൾക്കുമുൻപ് ഈ ഭൂമിയിൽ ജീവിച്ചിരുന്ന ദിനോസറുകളുടെ തിരോധാനം ഇന്നും ഒരുമരീചികയാണ്.ഉൽക്കയുടെ പതനം എന്നൊരു അഭ്യൂഹത്തിലാണ് ശാസ്ത്രലോകം.എന്നാൽ കാലാവസ്ഥാവ്യതിയാനവും പകർച്ചവ്യാധികളുമാണ് ഈ അപ്രത്യക്ഷമാകലിന് പിന്നിൽ എന്ന് മറ്റൊരു സിദ്ധാന്തം.ഈ ഭൂമിയിലെ ഒരു ജീവിയെ പ്രകൃതി തന്നെ വേരോടെ പിഴുതെറിഞ്ഞെങ്കിൽ മറ്റനേകം ജീവജാലങ്ങളുടെ നാശത്തിന് കാരണമായ മനുഷ്യനെ പ്രകൃതി വെറുതെവിടുമോ?

യു എന്നിന്റെ 75 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണി എന്നാണ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് കോവിഡിനെ വിശേഷിപ്പിച്ചത്.രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ഇനിയൊരു യുദ്ധം ഉണ്ടാകാതിരിയ്ക്കാനാണ് യു എൻ രൂപം കൊണ്ടത്.എന്നാൽ അന്ന് മനുഷ്യൻ യുദ്ധപ്രഖ്യാപനം നടത്തിയത് പ്രകൃതിയോടാണ്.അന്ന് അതിന് തടയിടാൻ നമുക്ക് സാധിച്ചിരുന്നെങ്കിൽ ഇന്ന് യുദ്ധത്തേക്കാൾഭീകരമായ ഈ അന്തരീക്ഷം സൃഷ്ടിയ്ക്കപ്പെടില്ലായിരുന്നു.സാമ്പത്തികമില്ലാത്ത ചെറുരാജ്യങ്ങളെയായിരിയ്ക്കും വൈറസ് തകർത്തെറിയുക എന്ന തെറ്റായ ധാരണയ്ക് വിരാമമിട്ടുകൊണ്ടാണ് ഒന്നാംകിട ലോകരാഷ്ട്രങ്ങൾ വൈറസിന്റെ പിടിയിലായത്.

മനുഷ്യർ ഒരുമിച്ചു നിന്നാൽ ഈ ലോകത്ത് ഒരു ശക്തിയ്ക്കും തന്നെ തോൽപ്പിയ്ക്കാനാവില്ല എന്ന മനുഷ്യന്റെ അഹങ്കാരം ഇനിയും അസ്തമിച്ചിട്ടില്ല.”ഓർക്കുക ജീവികളായ സർവ്വ ജീവികളും ഭൂമിയുടെ അവകാശികൾ” ബഷീറിന്റെ വാക്കുകൾ സത്യമാണ്.ഒരമ്മയുടെ സ്നേഹത്തിന്റെ അവകാശം എല്ലാ മക്കൾക്കും തുല്യമാണ്.അപ്രകാരം ഈ ഭൂമി മാതാവിന്റെ സ്നേഹവും വാത്സല്യവും സർവ്വ ചരാചരങ്ങൾക്കും സ്വന്തം. മനുഷ്യൻ വേറെ പ്രകൃതി വേറെ എന്ന ചിന്താഗതി വെടിയണം. വിശപ്പിന് ആഹാരം എന്ന പ്രകൃതി പാഠം ഉൾക്കൊള്ളണം.സിംഹവും കടുവയും പോലും വിശന്നാൽ മാത്രമേ മറ്റൊന്നിനെ ആഹാരമാക്കൂ.അഹന്തയും ആർഭാടവും അത്യാഗ്രഹവും ഒടുങ്ങണം.നമ്മുടെ പൂർവ്വികർ തിരിച്ചറിഞ്ഞ ഈ പ്രകൃതി നിയമങ്ങളെ ഇനിയെങ്കിലും സ്വയത്തമാക്കാൻ നമുക്ക് കഴിയണം.

ഈ വർഷത്തെ ലോക ഭൗമ ജല വന്യജീവി ദിനങ്ങൾ ഏറെ നിശബ്ദമായി കടന്നുപോയി.ദശാബ്ദങ്ങളിൽ ഒരിയ്ക്കലും ഇത്രയും തെളിഞ്ഞ ജലം ജല സ്രോതസ്സുകളിൽ ഒഴുകിയിട്ടില്ല.റോഡിൽ വിഷം തുപ്പുന്ന വാഹനങ്ങളില്ലാതായതോടെ കിളികളും പക്ഷികളും മൃഗങ്ങളും യഥേഷ്ടം മനുഷ്യന്റെ സാമ്രാജ്യത്തിലുടെ സഞ്ചരിച്ചു. വായുമലിനീകരണം കൂടിയ സ്ഥലങ്ങളിൽ മരണ നിരക്ക് കൂടുതലായിരിയ്ക്കും എന്നാണ് പഠനങ്ങൾ പറയുന്നത്.മരണ സംഖ്യ ഏറിയ പ്രദേശങ്ങൾ പരിശോധിയ്ക്കുമ്പോൾ നമുക്ക് ഈ വസ്തുത മനസ്സിലാകും.ഈ ലോക്ക് ഡൗൺ കാലം ഇന്ത്യയിലെ 93 നഗരങ്ങളിൽ വായുമലിനീകരണം കുറയ്ക്കാൻ സഹായകമായി.ഡൽഹിയിലെ അന്തരീക്ഷത്തിൽ മലിനീകരണം 30%കുറഞ്ഞുവെന്ന് കേന്ദ്ര സർക്കാർ സ്ഥാപനമായ സഫർ നടത്തിയ പഠനങ്ങൾ പറയുന്നു.ചൈനയിലെ അന്തരീക്ഷം ശുദ്ധമായെന്ന് നാസയുടെ ബഹിരാകാശ ദൃശ്യങ്ങൾ കാണിയ്ക്കുന്നു.മലീമസമായിരുന്ന ഭൂമിയെ ശുദ്ധീകരിയ്ക്കാൻ പ്രകൃതി തന്നെ കണ്ടെത്തിയ മാർഗ്ഗമായിരിയ്ക്കാം ഇത്.പ്രകൃതി എല്ലാം കണ്ണിനുനേരെ കാട്ടിത്തന്നിട്ടും കാണാതെ പോകരുത് ഈ കാലത്തിന്റെ പാഠങ്ങൾ.

ഏതൊരു ദുരന്തത്തേയും അതിജീവിച്ചതുപോലെ നാം ഈ കോവിഡിനേയും അതിജീവിയ്ക്കും.2018 ൽ തലയുയർത്തിയ നിപ്പയുടെ പ്രഭവ കേന്ദ്രം കേരളമായിരുന്നു.എന്നാൽ തൊട്ടടുത്ത ജില്ലയിലേയ്ക്ക് പോലും സംക്രമിയ്ക്കാതെ വേണ്ട വിധത്തിൽ നിർമ്മാർജ്ജനം ചെയ്യാൻ കഴി‍ഞ്ഞുഎന്നത് എടുത്തു പറയേണ്ടതാണ്.നിപ്പയേക്കാൾ മരണസാധ്യത വളരെ കുറവുള്ള കോവിഡിനെ തുരത്താൻ നമുക്ക് സാധിയ്ക്കും.

ആകാശവും കീഴടക്കി ബഹിരാകാശത്തും കാലുറപ്പിച്ച മനുഷ്യന് ഇന്നവർ വിക്ഷേപിച്ച ഉപഗ്രഹങ്ങൾ രാജ്യങ്ങളിലെ കൂട്ടക്കുഴിമാടങ്ങളുടെ ചിത്രങ്ങൾ പകർത്താനായി മാത്രമാണ് ചലിയ്ക്കുന്നത്. ശാസ്ത്രം എത്ര പുരോഗതി നേടിയാലും നാം മനസ്സിലാക്കേണ്ട ഒരു അടിസ്ഥാന തത്ത്വമുണ്ട്- “ലോകമേ തറവാട് തനിയ്ക്കീ ച്ചെടികളും പുൽകളും പുഴുക്കളും കൂടിത്തൻ കുടുംബക്കാർ”- എന്ന കവിവാക്യം നാമോരോരുത്തരും മനപാഠമാക്കണം .വാസയോഗ്യമായ അന്യഗ്രഹങ്ങൾ തേടിപ്പോകാതെ നാം നമ്മുടെ ഈ സ്വർഗ്ഗത്തെ രക്ഷിയ്ക്കണം.നഗരവത്കരണത്തിലൂടെ നരകമായിത്തീർന്ന ഈ സ്വർഗ്ഗത്തെ നമുക്ക് തിരിച്ചുപിടിയ്ക്കണം. നാം ചെയ്ത തെറ്റിന്റെ ഫലം ഇന്ന് അനേകായിരം ജീവികൾ അനുഭവിയ്ക്കുന്നു.കോവിഡിന്റെ രൂപത്തിൽ നാമും.ഇനി നാം ഉയർത്തെഴുനേൽക്കേണ്ടത് ജാതി മത വർഗ്ഗ ഭേദമന്യേ ഒന്നായി നിന്നുകൊണ്ട് ഈ ജനനിയേയും സർവ്വചരാചരങ്ങളേയും നെഞ്ചോട് ചേർക്കാനാവട്ടെ.ഇനി അതിജീവനം വേണ്ടത് മനുഷ്യന് കോവിഡിൽ നിന്നും പ്രകൃതിയ്ക്ക് മനുഷ്യന്റെ നശീകരണ പ്രവർത്തനത്തിൽ നിന്നുമാണ്.ആ അതിജീവനം പ്രകൃതിയെ ചേർത്ത്പിടിച്ചാകണം. നമ്മൾ അതിജീവിയ്ക്കും

ഗംഗ അശോക്
9G ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - ലേഖനം