ഗവ. എച്ച്.എസ്. ഇരുളത്ത്/അക്ഷരവൃക്ഷം/കൊറോണ ഭൂതവും ശുചിക്കുട്ടനും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണഭൂതവും ശുചിക്കുട്ടനും

ഒരിടത്ത് ഒരിടത്ത് ഒരു രാജ്യത്ത് അതിസുന്ദരനായ ഒരു ഭൂതം പിറന്നു. കൊറോണഭൂതം എന്നാണ് നാട്ടുകാർ അവന് പേരിട്ടത്. ആരുകണ്ടാലും കൊതിക്കുന്ന ആ അഴകിയ രാവണനെ എല്ലാവർക്കും പേടിയായിരുന്നു. കൊറോണഭൂതം വന്ന് പിടിക്കുന്നവർ ആദ്യമാദ്യം തുമ്മാനും ചീറ്റാനും തുടങ്ങും. പിന്നെ അവർക്ക് ശ്വാസം മുട്ടും ചുമയും ഉണ്ടാകും . ഒടുവിൽ കടുത്ത പനിയും വിറയലുമായി കിടപ്പിലാകും. അത്രയുമായാൽ കൊറോണഭൂതത്തിന് വലിയ സന്തോഷമാകും . അവൻ നമ്മളെ പിടിച്ച് മാന്തി കൊന്ന് ചോര കുടിക്കും . ഇതായിരുന്നു അവന്റെ സ്വഭാവം. ഒരിക്കൽ കൊറോണ ഭൂതത്തിന് ലോകം ചുറ്റണമെന്നും കുറേപ്പേരെ പിടിക്കണമെന്നും വലിയ കൊതിതോന്നി. അവൻ പാട്ടും പാടി നാടുകൾ തോറും അലയാൻ തുടങ്ങി.

"ഞാനൊരു ഭൂതം കൊറോണ ഭുതം
നാടുകൾ ചുറ്റും പുതു ഭൂതം
വായോ.. വായോ മാളോരേ"

കൊറോണഭൂതത്തിന്റെ പാട്ടും ചിരിയും കേട്ട് പലരും അവന്റെ വലയിൽ വീണ് കഴിഞ്ഞു. സത്യം പറഞ്ഞാൽ ലോകം മുഴുവൻ രോഗം വിതറാൻ ഇറങ്ങിയ ഒരു ഭയങ്കരനായിരുന്നു അവൻ. അവന്റെ പടയോട്ടം തുടങ്ങിയതോടെ അനേകം പേർ രോഗം വന്ന് കിടപ്പിലായി. ആയിരങ്ങൾ മരിച്ചു. ആളുകളെല്ലാം പേടിച്ച് നിലവിളിയായി. അതുകേട്ട് നാട്ടിലെ പള്ളിക്കൂടങ്ങളായ പള്ളിക്കൂടങ്ങളെല്ലാം അടച്ചു, സർക്കാർ ഓഫീസുകൾക്കും താഴിട്ടു. പള്ളികളും അമ്പലങ്ങളും അടച്ചു. എന്തിനു പറയുന്നു നാട്ടിലൂടെ ഓടുന്ന കാറുകളും, ബസുകളും , തീവണ്ടികളും എല്ലാം ഓട്ടം നിർത്തി. ഇതെല്ലാം കണ്ടതോടെ കൊറോണ ഭൂതത്തിന് സന്തോഷമായി . ചുറ്റിത്തിരിഞ്ഞ് അവൻ ശുചീന്ദ്രത്തെ ശുചിക്കുട്ടന്റെ വീട്ടുമുറ്റത്തെത്തി. എപ്പോഴും കുളിച്ച് വൃത്തിയായി നടക്കുന്ന ശുചിക്കുട്ടനേയും കുടുംബത്തേയും ഒന്നു കുടുക്കിലാക്കണമെന്നായിരുന്നു അവന്റെ മോഹം. അപ്പോഴാണ് മുഖത്തൊരു മാസ്ക് വച്ച് ശുചിക്കുട്ടൻ വീട്ടിലേക്ക് കയറി പോകുന്നത് കൊറോണഭൂതം കണ്ടത്. അവൻ ഉച്ചത്തിൽ പാടാൻ തൂടങ്ങി.

"ഭൂതം ഭൂതം കൊറോണ ഭുതം
നാടുകൾ ചുറ്റും പുതു ഭൂതം
എന്നോടൊത്തു കളിച്ചു രസിക്കാൻ
വായോ പൊന്നു ശുചിക്കുട്ടാ"

കൊറോണഭൂതത്തിന്റെ പാട്ടു കേട്ട് ശുചിക്കുട്ടൻ ചിരിച്ചു. നാട്ടിലെങ്ങും കൊറോണഭൂതം കറങ്ങി നടക്കുന്നുണ്ടെന്ന് അച്ഛനവനെ പറഞ്ഞ് മനസ്സിലാക്കിയിരുന്നു. ഭൂതത്തെ നാണം കെടുത്തി വിടണമെന്ന് അവൻ കരുതി. വീടിന്റെ ഇറയത്ത് കൈ കഴുകാനുള്ള വെള്ളവും സോപ്പും കരുതി വച്ചിരുന്നു. വീട്ടിലുള്ള എല്ലാവരും കൈകാലുകൾ സോപ്പിട്ടു കഴുകിയാണ് അകത്ത് പ്രവേശിച്ചിരുന്നത്. കൊറോണഭൂതം നോക്കി നിൽക്കെ ശുചിക്കുട്ടൻ സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കൈകാലുകൾ കഴുകിത്തുടച്ചു. ഇതു കണ്ട് കൊറോണ ഭൂതം നാണിച്ചു പോയി. ഇവിടെ നിന്നാൽ രക്ഷയില്ല എന്നു മനസ്സിലാക്കിയ ഭൂതം അപ്പോൾ തന്നെ അവിടെനിന്നു സ്ഥലം വിട്ടു. അവന്റെ തല താഴ്ത്തിയുള്ള പോക്കുകണ്ട് ശുചിക്കുട്ടൻ കൈ കൊട്ടി ചിരിച്ചു.

അതുൽ ടി എ
4 B ജി എച്ച്എസ് ഇരുളത്ത്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 24/ 03/ 2024 >> രചനാവിഭാഗം - കഥ