ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/മുതുനെല്ലിക്ക
മുതുനെല്ലിക്ക
നിലത്ത് വീണ അരിമണികൾ ഒന്നുപോലും നഷ്ടമാക്കാതെ പെറുക്കിയെടുക്കുമ്പോൾ അച്ഛനെയോർത്തു. പണ്ട് ഞാൻ ഇങ്ങനെയായിരുന്നല്ലോ. പെൻഷൻ പൈസയ്ക്ക് ഒന്നാം തീയതി ,സാധനം വാങ്ങി വരുന്ന അച്ഛൻ്റെ മുഖത്തിൻ്റെ വീർപ്പ് അറിയാവുന്നത് കൊണ്ട് തന്നെ നോക്കിയിരിക്കും. ഒന്നാമത്തെ വിളിക്ക് തന്നെ ഓടിയെത്തണം. കായൽ തീരത്തു നിന്നോടി കയറ്റവും പടികളും താണ്ടി ഓട്ടോറിക്ഷാ നിർത്തിയതിനരുകിലെത്തുമ്പോൾ വിയർത്ത് കുളിച്ചിരിക്കും. ഒരു മാസത്തേയ്ക്കുള്ള സാധനങ്ങൾ .അറ്റാക്ക് വന്ന അച്ഛനേം മുട്ടിന് തേയ്മാനമുള്ള അമ്മയേയും കഷ്ടപ്പെടുത്താതെ ഞാനൊരു കൊച്ചു'ബാഹുബലി'യായി ദ്രുതഗതിയിൽ സാധനങ്ങൾ താഴെയെത്തിക്കും.ചെറിയ കെട്ടുകളുമായി അച്ഛനുമമ്മയും എത്തുന്നതിനിടയിൽ പലഹാരപ്പൊതി ഞാൻ കണ്ടെത്തിക്കഴിഞ്ഞിരിക്കും. പിന്നെയാണാ കർമ്മം.എൻ്റമ്മോ ,ഓർക്കുമ്പോഴേ പേടിയാ. ഉപ്പ് തൊട്ട് കർപ്പൂരം വരെ പൊട്ടിച്ചിട്ട് അലമാരയിൽ നിറയ്ക്കലും എൻ്റെ ജോലി.അച്ഛൻ്റെ കാർക്കശ്യ നോട്ടം കൂടിയാകുമ്പോൾ കൈവിറയ്ക്കും.നിലത്ത് വീഴുന്നതെല്ലാം നുള്ളിയെടുത്ത് തിരികെ യി ടീച്ചിട്ടേ അച്ഛനെഴുന്നേൽക്കൂ. തുള്ളി കളയാതെ വെളിച്ചെണ്ണ ഒഴിച്ചു വയ്ക്കൽ ഒരു കടമ്പ തന്നെയായിരുന്നേ............ പിന്നെ കാലത്തിൻ്റെ കുത്തൊഴുക്കിൽ വേഷപ്പകർച്ചകൾ മാറിയപ്പോൾ എന്ത് വീണാലും വേറെ വാങ്ങാമെന്ന നിസാരത ജീവിതം സ്വീകരിച്ചപ്പോ അച്ഛൻ്റെ ശീലങ്ങൾ, ശീലക്കേടുകളായ് അന്യമായി...... ലോക് ഡൗൺ ദിനങ്ങൾ പെയ്തു തുടങ്ങിയപ്പോഴേ പഴയ സൂക്ഷ്മത താനേ കടന്നെത്തി.പെയ്തൊഴിഞ്ഞ ഓർമ്മകളും ..'....... അരിക്കലത്തിൽ നിന്നും ചിന്നി വീഴുന്ന അരി മണികൾ പെറുക്കിയെടുക്കുമ്പോൾ മകളുടെ ചോദ്യം....." അമ്മയ്ക്കിതെന്തു പറ്റി?" കൊറോണയെക്കുറിച്ചും ഭക്ഷണമില്ലായ്മയെക്കുറിച്ചുമൊക്കെ വിശദീകരണം തുടങ്ങിയപ്പോ അവൾ പതിയെ മുറിയ്ക്കുള്ളിലേയ്ക്ക് വലിഞ്ഞു.......... അടുപ്പത്തിടുന്ന അരിയുടെ അളവ് നോക്കി... നിലത്ത് വീഴുന്ന പയർ മണികൾ നോക്കി.... കർക്കശക്കാരനാകുന്ന അച്ഛൻ്റെ സ്നേഹത്തിൻ്റെ കരുതൽ ആ 31 ദിവസവും മുട്ടില്ലാതെ ഞങ്ങളെ പോറ്റാനായിരുന്നെന്ന് തിരിച്ചറിയാൻ എനിക്കീ കൊറോണ വേണ്ടി വന്നു. ഒപ്പം എല്ലാ ഒന്നാം തീയതിയും ജയിൽപ്പുള്ളികളെപ്പോലെ ഓരോ ലൈഫ് ബോയ്സോപ്പും 501 ബാറിൻ്റെ ഒന്നര കൂട്ടോം 4 തോർത്തും തന്ന് ഞങ്ങളെ പിരിച്ച് വിട്ടതും പ്രത്യേകം പ്രത്യേകം മുടി ചീകണചീപ്പ് തന്നതും വൃത്തിയുടെ കൊറോണപ്പാഠങ്ങളായിരുന്നല്ലോ. അതിനെയൊക്കെ 'സ്വാർത്ഥത 'പഠിപ്പിക്കലായി ഞാൻ കണ്ടത് എൻ്റെ മാത്രം തെറ്റായിരുന്നുവല്ലോ. അതേ ....മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും ;പിന്നെ മധുരിക്കുo ....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ