ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നമ്മുടെ സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
  പരിസ്ഥിതി സംരക്ഷണം നമ്മുടെ സംരക്ഷണം   


            "വായുവും വെള്ളവും വനവും വന്യജീവികളും സംരക്ഷിക്കാനുള്ള പദ്ധതി ഏതുമാകട്ടെ,  സത്യത്തിൽ അവ മനുഷ്യനെ സംരക്ഷിക്കാൻ ഉള്ളതാണ്" എന്ന സ്റ്റുവാർഡ് യുഡാലിന്റ  വാക്കുകൾ അനുസ്മരിച്ചുകൊണ്ട് തുടങ്ങട്ടെ. 
            ഒരു 50 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഉണ്ടായിരുന്ന ശുദ്ധജലസ്രോതസ്സുകളിൽ  എത്ര ശതമാനം ഇന്ന് നിലവിലുണ്ട്? ബാക്കി നിൽക്കുന്ന തടാകങ്ങളുടെയും അരുവികളുടെയും പുഴകളുടെയും റോഡുകളുടെയും കുളങ്ങളുടെയും ഇന്നത്തെ സ്ഥിതി എന്താണ്? കൃത്യമായ കണക്കുകൾ ആരുടെ കയ്യിലും കാണില്ല. നമ്മുടെ ഭരണകർത്താക്കൾക്കും നേതാക്കൾക്കും ഒന്നും അത്തരം കാര്യങ്ങളിൽ അല്ലല്ലോ ശ്രദ്ധ. നേരിട്ട നഷ്ടങ്ങളിൽ ഒന്നും ഇനിയും നാം പാഠം ഉൾക്കൊണ്ടിട്ടില്ല. മറ്റു രാഷ്ട്രങ്ങളും മനുഷ്യരും പ്രകൃതിയെ കാത്തു നിർത്തുന്നതും വന്നുപോയ നഷ്ടങ്ങളെ നികത്തുന്നതും എങ്ങനെയെന്ന് കണ്ടു പഠിക്കാൻ എങ്കിലും നാം തയ്യാറായേ പറ്റൂ. മുറിച്ചു മാറ്റിയ മരങ്ങൾക്ക് പകരം വച്ചുപിടിപ്പിക്കാൻ നമുക്ക് കഴിയണം. മലിനീകരിക്കപ്പെട്ട പുഴകളെയും തടാകങ്ങളേയും നമുക്ക് നിർമലിനീകരിക്കാനും  കഴിയണം. അന്യംനിന്നു പോകാറായ ജീവികളെ വംശവർദ്ധനവ് ഉണ്ടാക്കി നമുക്ക് സംരക്ഷിക്കണം. പൂർണമായും തുടച്ചു മാറ്റപ്പെട്ടു എന്ന് നാം കരുതുന്ന ജീവികളെയും സസ്യങ്ങളെയും നാട്ടിൽ എവിടെയെങ്കിലും കണ്ടെത്താനാവുമോ എന്ന് പരമാവധി ശ്രമിക്കണം. പ്രകൃതിയിൽ ഉള്ള വിവിധ ജീവജാലങ്ങളെ സ്നേഹിക്കുന്നവർ ഇന്നും നമ്മുടെ കൂട്ടത്തിലുണ്ട്. അവരുടെ അഭിരുചിക്കനുസരിച്ച് വെവ്വേറെ  കൂട്ടായ്മകളും സംഘടനകളും ഉണ്ടാകണം. ജല ജീവജാലങ്ങളെ സ്നേഹിക്കുന്നവർ,  പക്ഷികളെ സ്നേഹിക്കുന്നവർ, ഉരഗ ജീവികളെ  ഇഷ്ടപ്പെടുന്നവർ,  മഴക്കാടുകളും വന ദൃശ്യങ്ങളും ഇഷ്ടപ്പെടുന്നവർ,  ഔഷധസസ്യങ്ങളെ നിലനിർത്തി കാണാൻ ആഗ്രഹിക്കുന്നവർ,  എന്നു വേണ്ട എല്ലാ വിഭാഗം ആളുകളും വ്യത്യസ്തമായ സംഘടന ഉണ്ടാക്കി അത്തരം കൂട്ടായ്മകളെ ഏകീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഇനിയും നമ്മൾ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നമുക്ക് നഷ്ടപ്പെടാനും വരുംതലമുറയ്ക്ക് മാറ്റി വയ്ക്കാനും നമ്മുടെ കയ്യിൽ ഒന്നും കാണില്ല സുഹൃത്തുക്കളെ, 
               പ്രകൃതി സംരക്ഷണം വികസന വിരുദ്ധമാണെന്ന് വിശ്വസിക്കുന്നവരുണ്ട് നമ്മുടെ കൂട്ടത്തിൽ. അവർ നമ്മുടെ ഇടയിലെ   വിവരദോഷികൾ ആണെന്നു പറയാതെ വയ്യ. നമുക്ക് വായുവും വെള്ളവും ഭക്ഷണവും പാർപ്പിടവും തരുന്നത് പ്രകൃതിയാണ്. അതിനെ നശിപ്പിക്കുന്നതിലൂടെ  നാം സത്യത്തിൽ നശിപ്പിക്കുന്നത് നമ്മളെ തന്നെയാണ്. ഈ കൊച്ചു ജീവികളെ കൊണ്ടും കാട്ടിലെ പുല്ലും ഇലയെയും കൊണ്ടും നമുക്ക് എന്തു ഗുണം എന്ന് ചിന്തിക്കുന്ന വിവരദോഷികൾ,  അവരറിയുന്നില്ല നമ്മളുടെ ഒരുപാട് പ്രശ്നങ്ങൾക്കും അസുഖങ്ങൾക്കും പരിഹാരം അവയിൽ പലതിലും ഉണ്ട് എന്ന്. ശരിയായ ഉപയോഗം കണ്ടെത്തുന്നതിനു മുൻപേ നാം നശിപ്പിച്ചു കളഞ്ഞില്ലേ അവയിൽ പലതിനെയും എന്നോർത്ത് വിലപിക്കുകയല്ലാതെ എന്ത് ചെയ്യാൻ കഴിയും. ഈ ഭൂമുഖത്ത് അധിവസിക്കുന്ന ജീവികളിൽ ഏറ്റവും ബുദ്ധിയും ചിന്താശക്തിയും കൂടുതൽ ഉള്ളവരാണ് എന്ന് അഹങ്കരിക്കുന്ന നമുക്ക് നമ്മുടെ അധിവാസ സ്ഥലത്തെ സംരക്ഷിക്കുന്നതിൽ നിന്നും മാറി നിൽക്കാൻ കഴിയുമോ. അതിനുള്ള ധാർമികമായ ഉത്തരവാദിത്വം നമുക്കില്ലേ. 
                   നമ്മൾ ഒന്നായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു. നാം ജീവിക്കുന്ന ഈ ഭൂമി മെച്ചപ്പെട്ടതാവാൻ നമുക്കെല്ലാവർക്കും ആഗ്രഹമുണ്ട്. പച്ചപിടിച്ച മഴക്കാടുകളും അനേകം ജലസ്രോതസ്സുകളും അതുപോലെ പ്രകൃതിയുടെ മറ്റൊരുപാട് അനുഗ്രഹങ്ങളും ഈ കൊച്ചു കേരളത്തിനുണ്ട്. അതിന്റെ പഴയകാലം വീണ്ടെടുക്കാൻ ആയില്ലെങ്കിലും ഉള്ളത് നിലനിർത്താൻ എങ്കിലും നമുക്ക് കഴിയട്ടെ. അതിനു കഴിയണം,  അതിനു വേണ്ടി പ്രവർത്തിക്കണം,  ഒരുമയോടുകൂടി. ഈ പ്രകൃതി മെച്ചപ്പെടാൻ എല്ലാരും ഒരുമയോടുകൂടി പ്രവർത്തിക്കേണ്ടതുണ്ട്. നമുക്കതിന് കഴിയുകതന്നെ വേണം. 
മാളവിക മധു
10 C ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം