Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി
പരിസ്ഥിതി നമ്മുടെ അമ്മയാണ്. ആ അമ്മ മക്കളായ മനുഷ്യർക്കു വേണ്ടി ഒരുപാട് വസ്തുക്കൾ ഒരുക്കി വയ്ക്കുന്നു. എന്നാൽ അമ്മയായ പരിസ്ഥിതിയെ നാം എല്ലാവരും പല വിധത്തിലും ചൂഷണം ചെയ്തു വരുന്നു.
നമ്മുടെ ഓരോരുത്തരുടേയും വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി നാം പ്രകൃതിയെ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു. മരങ്ങൾ വെട്ടിനശിപ്പിച്ച് നാം പരിസ്ഥിതിയുടെ പച്ചപ്പ് നഷ്ടപ്പെടുത്തുകയും ഒപ്പം തന്നെ മണ്ണൊലിപ്പ് തടയാനും, തണലാവാനുമൊക്കെയുള്ള മരങ്ങളെ നശിപ്പിച്ചു കൊണ്ട് നമുക്കും പരിസ്ഥിതിക്കും ഒരുപോലെ നാം ദോഷമുണ്ടാക്കുന്നു. വെള്ളത്തിനായി മനുഷ്യർ ഇന്ന് നെട്ടോട്ടമോടുകയാണ്. അതിനു കാരണവും നാം തന്നെയാണെന്ന് നാം ഒരിക്കൽപ്പോലും ഓർക്കുന്നില്ല. ജലസംഭരണികളായ മരങ്ങളെ നശിപ്പിക്കുമ്പോൾ ഇത്തരത്തിൽ അത് നമ്മെ ബാധിക്കുമെന്ന് ഓർക്കുന്നില്ല.
ചെറുതോടുകളും പുഴകളുമെല്ലാം ഇന്ന് വെള്ളത്താലല്ല നിറയുന്നത്,പകരം പ്ലാസ്റ്റിക്കുകളും മറ്റുമായ മാലിന്യങ്ങൾ കൊണ്ടാണ്. മനുഷ്യന്റെ ഇത്തരത്തിലുള്ള ദുഷ്‍പ്രവർത്തികൾ പല ജീവികൾക്കും വെല്ലുവിളിയാകുന്നു. കുന്നുകളിടിച്ചും വയലുകൾ നികത്തിയും മനഷ്യൻ അനുഭവിക്കുന്ന സുഖം അധികകാലം നീണ്ടുനിൽക്കുകയില്ലെന്നതിന് ഒരു പാട് ഉദാഹരണങ്ങൾ നമുക്ക് കാണിച്ചു തരുന്നു.
മനുഷ്യന്റെ ദുഷ്‍കരമായ ഇത്തരം പ്രവൃത്തികൾ മനുഷ്യനേയും പ്രകൃതിയേയും ജീവജാലങ്ങളേയും ഭീതിയിലേക്ക് നയിക്കുന്നു. നാം ഓരോരുത്തർക്കും പരിസ്ഥിതിയെ സംരക്ഷിക്കാൻ കഴിയും. ഒരുപാട് വഴികൾ നമുക്ക് മുന്നിലുണ്ട്. മരങ്ങൾ നട്ടുപിടിപ്പിച്ചും മണ്ണൊലിപ്പ് തടഞ്ഞും തടയണകൾ നിർമിച്ചും വയലുകൾ നികത്താതെ കുന്നുകൾ ഇടിക്കാതെ പ്രകൃതിയെ സംരക്ഷിക്കുകയും പരിസ്ഥിതിയുടെ ഭംഗി നിലനിർത്തുകയും ചെയ്യാം.
പരിസ്ഥിതിസംരക്ഷണം വഴി നമുക്ക് ഒരുപാട് ഗുണങ്ങൾ ലഭിക്കുന്നു. ശുദ്ധമായ വായു, ശ്വസിക്കാനായി പ്രകൃതി നമുക്ക് നൽകുന്നു. ഒപ്പം തന്നെ കുടിക്കാൻ ശുദ്ധമായ വെള്ളവും നമുക്ക് തരുന്നു. നമുക്ക് ജീവിക്കാനാവശ്യമായ എല്ലാം പരിസ്ഥിതി നമുക്കായി നൽകുന്നു. എന്നാൽ നാം ഓരോരുത്തരും അതെല്ലാം ഏറ്റുവാങ്ങുന്നതോടൊപ്പം പരിസ്ഥിതിയെ ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നു. വരും തലമുറയ്ക്ക് നല്ലൊരു പരിസ്ഥിതിയെ നൽകാനായി നമുക്ക് ഓരോരുത്തർക്കും സാധിക്കും. പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമായി "ജൂൺ 5” നാം ലോകപരിസ്ഥിതിദിനമായി ആചരിച്ചു വരുന്നു. ഈ ദിനത്തിൽ വിദ്യാലയങ്ങളിലും പൊതു സ്ഥലങ്ങളിലും വൃക്ഷത്തൈകൾ വിതരണം ചെയ്തുവരുന്നു. വൃക്ഷങ്ങൾ നട്ടുവളർത്തുകയും അവയെ പരിപാലിക്കുകയും ചെയ്യാൻ ഓരോരുത്തർക്കും ഇതിലൂടെ അവസരം ഒരുക്കുകയും വിദ്യാർഥികളെ പരിസ്ഥിതിസംരക്ഷണത്തിന്റെ ഒരു ഭാഗമാക്കുകയും ചെയ്യുന്നു.
പരിസ്ഥിതിസംരക്ഷണം എന്ന വിഷയം ഒരുപാട് കാലികപ്രസക്തി അർഹിക്കുന്ന ഒന്നാണ്. പരിസ്ഥിതിസംരക്ഷണം മിക്ക ആളുകൾക്കും ഇന്ന് താൽപര്യമില്ലാത്ത ഒരു വിഷയമാണ്. എന്നിരുന്നാലും പരിസ്ഥിതിസംരക്ഷണം നമ്മുടെ ജീവന്റെ നിലനിൽപ്പിന് പ്രധാനമാണ്. നാം ഓരോരുത്തരും അതിന്റെ ഭാഗമാവുകയും പരിസ്ഥിതിയുടെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|