ഗവ.ഗേൾസ് എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കൊവിഡിനെ ചെറുക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൊവിഡിനെ ചെറുക്കാം

കൊവിഡ് 19- ലോകത്ത് ഇന്ന് ഏവരും ഭയത്തോടെ ഉച്ചരിക്കുന്ന നാമം. 2019 അവസാനം ചൈനയിൽ ജൻമമെടുത്ത, കണ്ണുകൊണ്ട് കാണാൻ പറ്റാത്ത കൊറോണ രോഗാണു ഇന്ന് ലോകം മുഴുവൻ കീഴടക്കിയിരിക്കുന്നു. ലക്ഷങ്ങൾ രോഗബാധിതരായിരിക്കുന്നു. മരണത്തിന് കീഴടങ്ങിയവർ ഒന്നര ലക്ഷത്തിലധികമായി . പണത്തിനോ പ്രതാപത്തിനോ ജാതിക്കോ മതത്തിനോ ഒന്നിനും തന്നെ കൊറോണയെ കീഴ്പ്പെടുത്താനാവുന്നില്ല. എന്നാൽ എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ പരിശ്രമിച്ചാൽ കൊറോണയെന്ന വൻ ഭീകരനെയും കീഴ്പ്പെടുത്താനാവും എന്നു തെളിയിച്ച നാടായി നമ്മുടെ കേരളം മാറിയിരിക്കുന്നു.
കൊറോണ വൈറസിന് മനുഷ്യൻ എന്ന ഒരു ജീവിയെ മാത്രമേ നോട്ടമുള്ളൂ. അവൻ പാവപ്പെട്ടവനോ പണക്കാരനോ ഇന്ന ജാതിക്കാരനോ മതക്കാരനോ രാഷ്ട്രീയക്കാരനോ എന്ന വേർതിരിവൊന്നും കൊറോണയ്ക്കില്ല. ദുര മൂത്ത മനുഷ്യൻ പ്രകൃതിക്കു മേൽ ആധിപത്യം നേടുകയും പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കും മേൽ സർവ്വനാശം വിതയ്ക്കുകയും ചെയ്യുന്നതു കൊണ്ടായിരിക്കാം, പ്രകൃതിയുടെ ഒരു തിരിച്ചടി എന്ന പോലെ ഇത്തരം മഹാമാരികൾ മനുഷ്യരാശിക്കു മേൽ വന്നു പതിക്കുന്നത്.
കൊറോണയ്ക്കെതിരെ വാക്സിനോ മരുന്നോ ഒന്നും തന്നെ ഇതുവരെയും കണ്ടുപിടിക്കാനാവാത്ത സ്ഥിതിക്ക് ഇതിനെ പ്രതിരോധിക്കാൻ ഇന്ന് ഒരൊറ്റ മാർഗ്ഗം മാത്രമാണ് അവലംബിച്ചു കൊണ്ടിരിക്കുന്നത്. അതായത് വ്യക്തി ശുചിത്വം തന്നെ. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകൽ തന്നെ പ്രധാനം. വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും നല്ലതു തന്നെ. പുറത്തിറങ്ങാൻ അനുമതി ഇല്ലാതെ വീട്ടിനുള്ളിൽ തന്നെ കഴിയേണ്ടി വരുന്ന ഇക്കാലത്ത് എല്ലാവരും നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ശുചിത്വമാണ് രോഗങ്ങളെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം.
ശരീരത്തിന് രോഗം ബാധിച്ചാൽ അത് നമ്മുടെ മനസ്സിനെ തളർത്തും. രോഗാവസ്ഥയെക്കുറിച്ചോർത്ത് ചിന്തിച്ച് ഭയപ്പെടുകയല്ല, ആവശ്യമായ മുൻകരുതലുകളെടുത്ത് രോഗം വരാതിരിക്കാൻ ജാഗ്രതയോടെ ഇരിക്കുകയാണ് വേണ്ടത്. അതോടൊപ്പം രോഗപ്രതിരോധശേഷി വളർത്തുന്ന വിധത്തിലുള്ള ആഹാരം കഴിച്ച് നാം നമ്മുടെ ആരോഗ്യം കാത്തു സൂക്ഷിക്കുകയും വേണം.

റസ്മിന
9 C ഗവ: ഗേൾസ് ഹയർ സെക്കൻററി സ്കൂൾ, തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം