ഗവ.എൽ.പി.ബി.എസ് പെരുംകടവിള/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി
ലോകമിന്ന‍് പരിഹരിക്കാനാവാത്ത വിധമുള്ള ഒരു വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ ഒരു വൈറസ് മനുഷ്യന്റെ പ്രതിരോധശേഷിയെ നശിപ്പിച്ചുകൊണ്ട് മനുഷ്യസമൂഹത്തിനാകെ വെല്ലുവിളി സൃഷ്‍ടിച്ചിരിക്കയാണ്. ഈ മാരകമായ വൈറസിന് കൊറോണ എന്നു പേര് നൽകിയിരിക്കുകയാണ്. കൊറോണമൂലമുണ്ടാകുന്ന രോഗത്തിന് ലോകാരോഗ്യസംഘടന കോവിഡ് - 19എന്ന പേരും നൽകിയിരിക്കുന്നു. ചൈനയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിൽ ഒന്നായ വുഹാനിലാണ് കൊറോണയുടെ സാന്നിദ്ധ്യം ആദ്യമായി തിരിച്ചറിഞ്ഞത്. വൈറസിന്റെ സ്വഭാവവും രീതികളും തിരിച്ചറിയും മുമ്പ് അത് സഞ്ചാരികളായ മനുഷ്യരിലൂടെ ലോകമെങ്ങും പടർന്നു പിടിച്ചു. ഇന്ന് ലോകത്തിലെ ഏകദേശം 180 രാജ്യങ്ങളിൽ ഇതിന്റെ സാന്നിദ്ധ്യം ഉറപ്പിലായിട്ടുണ്ട്. യൂറോപ്പിലാണ് കോവിഡ് - 19 കൂടുതൽ ദുരന്തം സൃഷ്‍ടിച്ചിരിക്കുന്നത്. വികസിതരാജ്യങ്ങളായ ഇറ്റലി , സ്‍പെയിൻ , അമേരിക്ക ചൈന എന്നീ രാജ്യങ്ങൾ മരണനിരക്ക് പിടിച്ചുനിർത്താനായി പരിശ‍്രമിച്ചുകൊണ്ടിരിക്കുന്നു. ഫലപ്രദമായ മരുന്നുകളൊന്നും തന്നെ ഇതുവരെ കണ്ടുപിടിക്കാനാവാത്തത് കൊറോണ വൈറസ് ബാധയുടെ ഭീതി വർദ്ധിപ്പിക്കുന്നു. ലോകത്താകമാനം ഇന്ന് ഒരുലക്ഷത്തിനാൽപതിനായിരം പേർക്ക് ഈ രോഗംകൊണ്ട് മരണം സംഭവിച്ചിരിക്കുകയാണ്. ഇന്ത്യയിലുംകോവിഡ് - 19 രോഗം ഭീകരനൃത്തമാടുകയാണ്. നമ്മുടെ രാജ്യത്തും മരണം 400പിന്നിട്ടിരിക്കുകയാണ്. പ്രതിരോധത്തിനായി ഔഷധങ്ങൾ കണ്ടുപിടിക്കാനാവാത്തതിനാൽ കൊറോണയിൽനിന്നും അകന്നു നിൽക്കലാണ് ഫലപ്രദമായ ചികിത്സാരീതി. രോഗം ബാധിച്ചവരിൽനിന്നും സാമൂഹികമായ അകലം പാലിക്കുക. ഒരു ജീവിയുടെ ശരീരത്തിൽ പ്രവേശിച്ചാൽ മാത്രം കരുത്ത് പ്രാപിക്കുന്ന വൈറസുകൾ ബാഹ്യപ്രതലങ്ങളിൽ ദുർബലരും വേഗം നശിച്ചുപോകുന്നവയുമാണ്. വൈറസുകൾ നമ്മുടെ ശരീരത്തിൽ കടക്കാതെ സൂക്ഷിക്കുക എന്നത് മാത്രമാണ് ശരിയായ പ്രതിരോധം. അതിനായി സാമൂഹിക സമ്പർക്കങ്ങൾ ഒഴിവാക്കേണ്ടിയിരിക്കുന്നു. ലോകത്തെ പല രാജ്യങ്ങളും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മുൻകരുതൽ എടുത്തിരിക്കുകയാണ്. ഇന്ത്യയിലും മെയ് 3 വരെ ലോക്ക്ഡൗൺ ആണ്. വീട്ടിൽ തന്നെയിരുന്ന് രോഗത്തെ പ്രതിരോധിക്കാം. അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങേണ്ടി വന്നാൽ നിർബന്ധമായും മാസ്‍ക്ക് ധരിക്കണം. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുക. സോപ്പുകൊണ്ട് ഇടയ്‍ക്കിടെ കൈ കഴുകുക. ശ്വസനകണങ്ങളിലൂടെയാണ് കോവിഡ് - 19 രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. രോഗി ചുമയ്‍ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറന്തള്ളുന്ന കണങ്ങളിലൂടെയാണ് രോഗം പകരുന്നത്. വൈറസ് ഉള്ളിൽ പ്രവേശിച്ചതിനുശേഷം രോഗലക്ഷണം പ്രകടമാകാൻ രണ്ടു മുതൽ പതിന്നാലു ദിവസം വരെ എടുക്കാം. രോഗബാധ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവരോട് പതിന്നാലു ദിവസത്തേക്ക് വീടിനുള്ളിൽത്തന്നെ ഒറ്റപ്പെട്ടുകഴിയാൻ നിർദ്ദേശിക്കുന്നു. കോവിഡ് പ്രതിരോധത്തിൽ കേരളം സ്വീകരിച്ചിരിക്കുന്ന നടപടികൾ പ്രശംസനീയമാണ്. സർക്കാരിന്റെ നയസമീപനങ്ങൾക്കൊപ്പം നമ്മുടെ ആരോഗ്യപ്രവർത്തകരും പോലീസും ചേർന്നു പ്രവർത്തിച്ച് രോഗത്തെ ചെറുക്കാൻ സാധിച്ചിട്ടുണ്ട്. പല ദുരന്തങ്ങളെയും മലയാളികൾ കൈകൾ ചേർത്തുപിടിച്ച് നേരിട്ടിട്ടുണ്ട്. കൊറോണ ഒരു വലിയ ദുരന്തമാണ്. ഇവിടെ ചേർന്നുനിൽക്കാതെ നമുക്ക് പ്രതിരോധിക്കാം , വീട്ടിലിരിക്കാം, സുരക്ഷിതരാകാം.
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം