ഗവ.എൽ.പി.എസ് നെടുമൺകാവ് ഈസ്റ്റ്/അക്ഷരവൃക്ഷം/നിത്യയുടെ ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
നിത്യയുടെ ഡയറിക്കുറിപ്പ്

അമ്മയോടൊപ്പം കാവിൽ തൊഴാൻപോയതാണ് നിത്യ . കാവിലെത്താൻ പറമ്പുകടന്ന് മുളയും സർപ്പഗന്ധിയും ഇരുവശവും നീളെ നിരക്കുന്ന ഇടവഴിയിലൂടെ നടക്കണം . അപ്പോൾ എത്തിച്ചേരുക പാടത്തേക്കാണ് .പാടംകയറി ചെല്ലുന്നത് കാവിലേക്കാണ്. കാവ് പോലെ അവിടേക്കുള്ള വഴിയും വിജനമായിരുന്നു . വല്ലപ്പോഴുമാണ് അമ്മയും വീട്ടിലുള്ള മറ്റുള്ളവരും അവിടെ പോകുന്നത് .കാവ് നിറയെ വന്മരങ്ങളും ഈഴവള്ളികളും പടർപ്പുകളും ഉണ്ട്. വഴി മൂടി അവ അങ്ങനെ നിൽക്കുകയാണ് .സൂക്ഷിച്ചു നടക്കണമെന്ന് 'അമ്മ ഇടയ്ക്കിടെ നിത്യയെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു . കാവിൽ കയറി തൊഴുതു . പുറത്തിറങ്ങി ചെരിപ്പു ധരിച്ചു അവൾ അവിടമാകെ നോക്കി . നോക്കെത്താ ദൂരം ആ പ്രദേശം അങ്ങനെ കാടുമൂടി കിടക്കുകയാണ് . എന്തൊരു തണുപ്പാണ് . നല്ല കുളിർമ .മനസ്സിനും ശരീരത്തിനും നല്ല ഉത്സാഹം .കാവിറങ്ങി പാടത്തേക്ക് കയറുമ്പോൾ ഒരു ചെറിയ തോടുണ്ട് . മലയിൽ നിന്നും വരുന്നത് . പാടത്തെ ജോലിക്കാർ മുഖവും കൈയുമൊക്കെ കഴുകുന്നത് നിത്യ ഇതിനു മുൻപും കണ്ടിട്ടുണ്ട് . തോടിന് കുറുകെ അടയ്ക്കാ മരത്തിന്റെ തടികൾ കൂട്ടിക്കെട്ടിയ പാലമുണ്ട് . പാലം കയറി ഇക്കരെ ഇറങ്ങിയാൽ അകലെ കുന്നു കാണാം . കുന്നിൽ പതിവില്ലാത്ത ചില കാഴ്ചകൾ അവ്യക്തമായി കാണാമായിരുന്നു .വലിയ കെട്ടിടങ്ങൾ പണിയാനുള്ള മുന്നൊരുക്കങ്ങൾ ആണെന്ന് തോന്നുന്നു . മണ്ണുമാന്തികൾ മൂന്നെണ്ണം നിരന്ന് കിടപ്പുണ്ട് . അമ്മയോട് തിരക്കിയപ്പോൾ കാര്യം മനസ്സിലായി കുന്നിലെ പാറപൊട്ടിക്കാൻ പോകുന്നു . ജോലിക്കാർക്കും മറ്റും താമസിക്കാൻ കെട്ടിടങ്ങളും മറ്റ് ഓഫീസികളും ഒക്കെ പണിയാൻ പോകുന്നു .അപ്പോൾ കുന്നിടിക്കാൻ പോകുന്നുവെന്ന് തീർച്ച .എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ അകലെ കുന്നു കാണാറുള്ളതാണ്.അതിൽ മഞ്ഞുമൂടിക്കിടക്കും . ആ കാഴ്ചയൊക്കെ നഷ്ടപ്പെടാൻ പോകുന്നു . കുന്നിടിച്ചാൽ തോട് വറ്റും . അവിടെയുള്ള കിണറുകൾ വറ്റും .വയലുകളിൽ വെള്ളമില്ലാതെ കൃഷിനശിക്കും . ഓർക്കാൻ കൂടി വയ്യ . 'അമ്മ പറയുന്നതൊന്നും ആ സമയം നിത്യകേട്ടില്ല ."മനുഷ്യർക്കൊക്കെ കാശ് മതിയല്ലോ " 'അമ്മ പറഞ്ഞു നിർത്തി . കുന്നിൽ ജീവിക്കുന്ന പക്ഷികളും മൃഗങ്ങളും ഒക്കെ ചത്തുപോകും അല്ലെ അമ്മേ ? 'അവൾ ചോദിച്ചു . അവറ്റകൾ മാത്രമല്ല നമ്മളും ... അവർ ഇടവഴിയും പിന്നിട്ട് വീട്ടിലേക്ക് നടന്ന് കയറി .പോയ ഉത്സാഹം ഒന്നും വന്നപ്പോഴില്ലല്ലോ അച്ഛൻ ചോദിച്ചു അവൾ അതിനു മറുപടി പറഞ്ഞില്ല . മുറിയിൽ ചെന്ന് കുറെ ആലോചിച്ചു മേശപ്പുറത്തിരുന്ന ഡയറിയിലേക്ക് അവളുടെ കൈകൾ നീണ്ടു ...

ബിറ്റി ബിനോയ്
5 A ഗവ . എൽ .പി എസ് നെടുമൺകാവ് ഈസ്റ്റ്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 11/ 2020 >> രചനാവിഭാഗം - കഥ